
ഫത്തോഡ:കേരളത്തിൽ വോട്ടുത്സവത്തിന്റെ കലാശക്കൊട്ടും പാർട്ടികൾ ചേരിതിരിഞ്ഞുള്ള പോർവിളികളും മത്സരിച്ചുള്ള പത്രസമ്മേളനങ്ങളുമൊക്കെ കണ്ട് ഗോവൻ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനായെത്തിയപ്പോഴാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്നു തോന്നിപ്പോയത്. മേയ് ഏഴിന് മൂന്നാംഘട്ട തിരഞ്ഞെടുപ്പിന് സാക്ഷിയാവേണ്ടതാണ് ഗോവയെങ്കിലും അതിന്റെ ഒരു ആവേശവുമില്ല.
സ്ഥാനാർഥികൾ വീടുകൾ കയറിയിറങ്ങി വോട്ടുതേടുന്നില്ല, ചുമരെഴുത്തുകളില്ല, പോസ്റ്ററുകളില്ല. ജാഥകളെന്ന കേട്ടുകേൾവിപോലുമില്ല. പേരിലെ അക്ഷരങ്ങളുടെ എണ്ണംതന്നെയാണ് ഗോവയിലെ ലോക്‌സഭാ മണ്ഡലങ്ങളുടെയും എണ്ണം. രണ്ട് -നോർത്ത് ഗോവയും സൗത്ത് ഗോവയും. നോർത്ത് ഗോവ ബി.ജെ.പി.ക്കൊപ്പം നിൽക്കുമ്പോൾ സൗത്ത് ഗോവ കോൺഗ്രസിന് ‘കൈ’കൊടുക്കും. വർഷങ്ങളായി ഇതാണ് പതിവ്. എന്നാൽ, ഇത്തവണ സ്ഥാനാർഥിനിർണയത്തിലെ ചില പാളിച്ചകളും ‘ഇന്ത്യ’യുടെ വരവും ഇരുമണ്ഡലങ്ങളിലെയും വിജയത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
നോർത്ത് ഗോവയിൽ സിറ്റിങ് എം.പി.യും കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രിയുമായ ശ്രീപദ് നായക്‌നെയാണ് ബി.ജെ.പി. ഇറക്കിയിരിക്കുന്നത്. കോൺഗ്രസാകട്ടെ ഒട്ടേറെ ചർച്ചകൾക്കൊടുവിൽ മുൻകേന്ദ്രമന്ത്രിയായ രമാകാന്ത് ഖലാപിനെ സ്ഥാനാർഥിയാക്കി. ജാതീയത വോട്ടായിമാറുന്ന ഗോവ രാഷ്ട്രീയത്തിൽ ഇരുവരുടെയും മത്സരം ഇത്തവണ കടുക്കും. രണ്ടുപേരും ഭണ്ഡാരി ജാതിക്കാരായതുകൊണ്ട് ജാതിവോട്ട് ആരുടെ പെട്ടിയിലാവും എന്ന് കണ്ടറിയണം. അത് വിജയത്തിന്റെ ചാലകമാകും.
സൗത്ത് ഗോവയിൽ സ്ഥിതി നേരേമറിച്ചാണ്. രണ്ടു സ്ഥാനാർഥികളും പുതുമുഖങ്ങൾ. ബി.ജെ.പി.യുടെ സ്ഥാനാർഥി അതിസമ്പന്നനും െഖനി ഉടമയും കോടികളുടെ ആസ്തിയുള്ള െഡംപോ ഗ്രൂപ്പ് ഉടമയുമായ ശ്രീനിവാസ െഡംപോയുടെ ഭാര്യ പല്ലവി െഡംപോയെ. രാഷ്ട്രീയ മുൻപരിചയവുമില്ലാത്ത പല്ലവിയെ എം.പി. സ്ഥാനാർഥിയാക്കിയതിനുപിന്നിലെ ലക്ഷ്യം നിലാവുപോലെ വ്യക്തം. അതേസമയം, കോൺഗ്രസ് നിർത്തിയിരിക്കുന്നത് നാവികസേനയിൽനിന്ന് വിരമിച്ച് പൊതുപ്രവർത്തനരംഗത്ത് സജീവമായ ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസിനെ. സിറ്റിങ് എം.പി.യും ജനപ്രിയനുമായ ഫ്രാൻസിസ്‌കോ സർദിനയെ നിഷ്കരുണം വെട്ടിയാണ് ക്യാപ്റ്റനെ സ്ഥാനാർഥിയാക്കിയത്. എം.പി.കുപ്പായം തയ്പിച്ച് സ്ഥാനാർഥിയാവാൻ കാത്തിരുന്ന സർദിനയെ അവസാനനിമിഷം ഒഴിവാക്കിയത് പ്രവർത്തകർക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. അത് വോട്ടിനെ ബാധിക്കുമെന്നും കരുതപ്പെടുന്നു.
എന്നാൽ, ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമാണ് സൗത്ത് ഗോവ. മതവികാരം വിരിയാറ്റോക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. നിയമസഭാതിരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിൽ 28 ഇടങ്ങളിൽ താമരവിരിഞ്ഞു. മറ്റ് കൂട്ടുകക്ഷികൾ അഞ്ചുസീറ്റുകൂടി സ്വന്തമാക്കിയതോടെ 33 സീറ്റുമായി പ്രമോദ് സാവന്ത് മന്ത്രിസഭയുണ്ടാക്കി. കോൺഗ്രസിനാവട്ടെ വെറും മൂന്നുസീറ്റ്. കോൺഗ്രസിനെ സപ്പോർട്ട് ചെയ്ത ആം ആദ്മി പാർട്ടിക്ക് രണ്ടുസീറ്റും. ഗോവ ഫോർവേഡ് പാർട്ടി, റെവലൂഷണറി ഗോവൻസ് പാർട്ടി എന്നിവർ ഓരോസീറ്റും നേടി. എന്നാൽ, ലോക്‌സഭാ പോരാട്ടം വരുമ്പോൾ കളിമാറും. ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ‘ഇന്ത്യ’ എന്ന പ്രതീക്ഷയും വിജയത്തെ സ്വാധീനിക്കും. പ്രാദേശിക പാർട്ടികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവയ്ക്കും വിജയത്തെ സ്വാധീനിക്കാനുള്ള കെല്പുണ്ട്.
വോട്ട് ‘വാഷിങ് മെഷീൻ’ പൊളിറ്റിക്‌സിന് -ശശി തരൂർ
ഫത്തോഡ: ജനാധിപത്യത്തെ സംരക്ഷിക്കാനും അഴിമതിരഹിത ഭരണത്തിനുമായി ഇത്തവണത്തെ വോട്ട് ‘വാഷിങ് മെഷീൻ പൊളിറ്റിക്സി’നു നൽകണമെന്ന് എം.പി. ശശി തരൂർ. സൗത്ത് ഗോവ സ്ഥാനാർഥി ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടുദിവസം ഗോവയിൽ എത്തിയതായിരുന്നു തരൂർ. എല്ലാം ഒന്ന് വൃത്തിയാവാനുണ്ട്. പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച കോൺഗ്രസ് വികസനോന്മുഖമായ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഈ സർക്കാർ അതല്ല ചെയ്യുന്നത്. ജനാധിപത്യത്തെ തകർത്തുകൊണ്ടിരിക്കുകയാണ് സർക്കാർ -തരൂർ പറഞ്ഞു.
Content Highlights: goa election-bjp-congress
Published: 05 May 2024, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented