ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ഓരോ തിരഞ്ഞെടുപ്പിലും കുറയുമ്പോഴും പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ കുടുംബം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മകന്‍ വീരേന്ദ്ര റാവത്തിനെ ഹരിദ്വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഹരീഷ് റാവത്തിന്റെ കുടുംബത്തില്‍നിന്ന് തിരഞ്ഞെടുപ്പ് ഗോദയില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന നാലാമനായി വീരേന്ദ്ര.
2004-ലും 2014-ലും റാവത്തിന്റെ ഭാര്യ രേണുക റാവത്ത് അല്‍മോറയിലും ഹരിദ്വാറിലും മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഏഴുതവണ ഹരീഷ് റാവത്ത് മത്സരിക്കുകയും, മൂന്ന് തവണ വിജയിക്കുകയും ചെയ്ത സീറ്റാണ് അല്‍മോറ. ഇതില്‍ രണ്ടുതവണ പരാജയപ്പെടുത്തിയത് മുരളീമനോഹര്‍ ജോഷിയെ. അതേസമയം, 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിദ്വാര്‍ റൂറല്‍ മണ്ഡലത്തില്‍ മത്സരിച്ച മകള്‍ അനുപമ, ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ. സ്വാമി യതീഷ്‌വരണാനന്ദിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.
2014-ല്‍ വിജയ് ബഹുഗുണയുടെ രാജിക്കുപിന്നാലെ മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത്, 2016-ല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് വരെ തുടര്‍ന്നു. പിന്നീട് രാഷ്ട്രപതി ഭരണം നീക്കയതിനുശേഷം അദ്ദേഹം മുഖ്യമന്ത്രിയായി തിരിച്ചെത്തി. എന്നാല്‍, 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയോട് പരാജയപ്പെട്ടു. ഹരിദ്വാറിലും കിച്ചയിലും അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. പിന്നീട് 2019-ല്‍ നൈനിറ്റാള്‍- ഉദ്ധംസിങ് നഗറില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാല്‍കൗനില്‍നിന്ന് മത്സരിച്ചെങ്കിലും വീണ്ടും തോറ്റു.
പരിചയക്കുറവുള്ള വീരേന്ദ്രയെ ഹരിദ്വാറില്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന. 2009-ല്‍ വിജയിച്ച സീറ്റില്‍ ഹരീഷ് റാവത്ത് തന്നെ മത്സരിക്കണമെന്നായിരുന്നു ഇവരുടെ താത്പര്യം. എന്‍.എസ്.യു. വഴി രാഷ്ട്രീയത്തിലെത്തിയ വീരേന്ദ്ര, ഡല്‍ഹിയിലെ ദയാല്‍ സിങ് ഡിഗ്രി കോളേജ് പ്രസിഡന്റായിരുന്നു. ഡല്‍ഹി എന്‍.എസ്.യു. ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ച വീരേന്ദ്ര, പിന്നീട് യൂത്ത് കോണ്‍ഗ്രസിലും, കോണ്‍ഗ്രസ് സേവാദളിലും പ്രവര്‍ത്തിച്ചു. നിലവില്‍ ഉത്തരാഖണ്ഡ് പി.സി.സി. വൈസ് പ്രസിഡന്റാണ്.
റാവത്തിന്റെ ഇളയമകന്‍ അനന്ദ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ്. നിലവിലെ പി.സി.സി. പ്രസിഡന്റ് കരണ്‍ മാഹര, റാവത്തിന്റെ അളിയനാണ്.
Content Highlights: In Uttarakhand, Rawat’s son Virendra will be in the fray from Haridwar
Published: 26 Mar 2024, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented