
രാംനഗര്‍ (ഉത്തരാഖണ്ഡ്): സ്വന്തമെന്ന് എടുത്തുപറയാന്‍ വികസന നേട്ടങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പി. ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലിരുന്നിട്ട് ബി.ജെ.പി. രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ഇനിയും എത്രകാലം നിങ്ങള്‍ കോണ്‍ഗ്രസിനെ കുറ്റം പറയും? വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പിയാണ് കഴിഞ്ഞ 10 കൊല്ലമായി കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്, അല്ലാതെ കോണ്‍ഗ്രസല്ല. എന്നിട്ടിപ്പോള്‍ അവര്‍ പറയുന്നത് അവര്‍ക്ക് 400 സീറ്റിന്റെ ഭൂരിപക്ഷം വേണമെന്നാണ്. 75 വര്‍ഷങ്ങളായി രാജ്യത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ബി.ജെ.പി. പറയുന്നത്. കഴിഞ്ഞ 10 കൊല്ലമായി അവര്‍ എന്തൊക്കെ വികസപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് ഒന്ന് പറഞ്ഞുതരാമോ, പ്രിയങ്ക ചോദിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് രാജ്യത്ത് ഐ.ഐ.ടി., ഐ.ഐ.എം., എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. 1950-കളില്‍ നെഹ്‌റു മുന്‍കൈയെടുത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, ബഹിരാകാശ പഠനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ പിന്തുണ ചെറുതല്ല. അതിനെ പിന്‍പറ്റിയാണ് ചന്ദ്രയാന്‍ ദൗത്യത്തിലടക്കം നാം വിജയിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ 10 കൊല്ലമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി. നാടിന്റെ ഭാവിക്കുവേണ്ടി എന്തൊക്കെ സദ്പ്രവര്‍ത്തികളാണ് ചെയ്യുന്നത്? അധികാരത്തിലെത്തിയാല്‍ ഉടന്‍ ഗ്യാസ് സിലിണ്ടറിന്റെ വില കുറയ്ക്കുമെന്ന് പറഞ്ഞതല്ലേ, എന്നിട്ട് എത്രയോ വര്‍ഷങ്ങളായി നിങ്ങള്‍ 1200 രൂപയ്ക്കുതന്നെയല്ലേ ഗ്യാസ് സിലിണ്ടര്‍ വാങ്ങുന്നത്. ആരായിരുന്നു ഇക്കാലയളവില്‍ ഇന്ത്യ ഭരിച്ചിരുന്നത്? കോണ്‍ഗ്രസാണോ, അല്ലല്ലോ, ബി.ജെ.പിയല്ലേ, മോദിയല്ലേ? - പ്രിയങ്ക ചോദിച്ചു.
പ്രധാനമന്ത്രി മോദി വാക്കാല്‍ പറയുന്നതല്ല, മറിച്ച് നമ്മുടെ മുന്നിലുള്ള പണപ്പെരുപ്പവും അഴിമതിയും ഉത്തരക്കടലാസ് ചോര്‍ച്ചയുമൊക്കെയാണ് യാഥാര്‍ത്ഥ്യങ്ങള്‍. അത് ഇനിയെങ്കിലും ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വാക്കില്‍ മാത്രമാണ് ഉത്തരാഖണ്ഡ് പ്രധാനമന്ത്രിക്ക് പ്രിയപ്പെട്ട ദേവഭൂമി, പ്രവര്‍ത്തിയില്‍ അങ്ങനെയല്ല. കഴിഞ്ഞ വര്‍ഷം ഈ ദേവഭൂമിയില്‍ ഒരു പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ പുനഃരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുന്ന ഫണ്ട് പോലും പ്രധാനമന്ത്രി അനുവദിച്ചിരുന്നില്ലെന്ന് ഓര്‍ക്കണം - പ്രിയങ്ക പറഞ്ഞു.
Content Highlights: bjp lacks developments to show thats why they are focusing on blaming congress says priyanka gandhi
Published: 13 Apr 2024, 07:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented