ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങി. ഈസ്റ്റ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായി വന്‍ റോഡ് ഷോ നടത്തിയാണ് സുനിത, കെജ്‌രിവാളിന്റെ അഭാവം നികത്താനിറങ്ങിയിട്ടുള്ളത്.

To advertise here,

ഒരു വാഹനത്തിന്റെ സണ്‍റൂഫിലൂടെ നിന്നുകൊണ്ട് സുനിത കെജ്‌രിവാള്‍ ഈസ്റ്റ് ഡല്‍ഹിയിലെ കോണ്ട്ലി ഏരിയയിലെ വോട്ടര്‍മാരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു.

മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയച്ചിരുന്നു.

കെജ്‌രിവാളിനെ സിംഹമെന്ന് വിശേഷിപ്പിച്ച സുനിത അദ്ദേഹത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും റോഡ് ഷോയില്‍ പറഞ്ഞു. സ്‌കൂളുകള്‍ പണിതതിനും സൗജന്യ വൈദ്യുതി നല്‍കിയതിനും മൊഹല്ല ക്ലിനിക്കുകള്‍ തുറന്നതിനുമാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയതെന്നും അവര്‍ പറഞ്ഞു.

ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കാനും എഎപിക്ക് വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.