കല്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടിൽ രണ്ടിടത്തുനിന്നായി ഭക്ഷ്യകിറ്റുകള്‍ പിടിച്ചെടുത്തതിനെച്ചൊല്ലി പാര്‍ട്ടികള്‍ തമ്മില്‍ വാക്‌പോര്. കലാശക്കൊട്ട് അവസാനിച്ച ബുധനാഴ്ച രാത്രി സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് രണ്ടായിരത്തോളം ഭക്ഷ്യകിറ്റുകള്‍ പിടിച്ചെടുത്തിന് പിന്നാലെ, വ്യാഴാഴ്ച വൈകീട്ട് ആര്‍.എസ്.എസ്- ബി.ജെ.പി. ബന്ധമുള്ളയാളുടെ വീട്ടില്‍നിന്ന് 167 കിറ്റുകളും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ബി.ജെ.പി. ഇറക്കിയതാണ് കിറ്റുകളെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും ആരോപിക്കുന്നത്.

To advertise here,

ചരക്കുവാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ഭക്ഷ്യസാധനങ്ങളുടെ കിറ്റുകളാണ് ബുധനാഴ്ച പോലീസ് പിടികൂടി ഫ്‌ളൈയിങ് സ്‌ക്വാഡിന് കൈമാറിയത്. ബത്തേരിയിലെ ഒരു കടയില്‍നിന്ന് കിറ്റുമായി പോകുന്നതിനിടെ ബത്തേരിയിലെ മൊത്തവിതരണസ്ഥാപനത്തിന് മുന്നില്‍വെച്ചാണ് വാഹനം പോലീസ് പിടികൂടിയത്. വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം പരിശോധിച്ചത്. ചുള്ളിയോട് ഭാഗത്തേക്കാണ് കിറ്റുകള്‍ കൊണ്ടുപോകുന്നതെന്നാണ് ലഭിച്ച വിവരം. ഒരാള്‍ കിറ്റ് ബുക്കുചെയ്യുകയായിരുന്നെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കിറ്റ് വാഹനത്തില്‍ കയറ്റിയതെന്നുമാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

പിന്നാലെ, കല്പറ്റയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് രണ്ടുവാഹനങ്ങളിലായി കിറ്റ് കൊണ്ടുപോയതായി ഫ്ലയിങ് സ്‌ക്വാഡ് സി.സി.ടി.വി. പരിശോധിച്ച് കണ്ടെത്തി. ഭക്ഷണസാധനങ്ങള്‍ക്ക് പുറമേ അടയ്ക്ക, വെറ്റില ഉള്‍പ്പെടെയുള്ളവയും കിറ്റിലുണ്ട്. ഇവ ആദിവാസി കോളനിയില്‍ വിതരണം ചെയ്യാനുള്ളതാണെന്നാണ് സൂചന. അഞ്ചാംമൈലിലെ ഒരു കടയില്‍ സമാനരീതിയില്‍ വിതരണം ചെയ്യാനായി പാക്ക് ചെയ്തുവെച്ച അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണത്തിന് കൊണ്ടുപോകുന്നതിന് മുന്‍പ് യു.ഡി.എഫ്. പ്രവര്‍ത്തകരെത്തി തടഞ്ഞു.

കല്പറ്റ വെങ്ങപ്പള്ളി തെക്കുംതറയില്‍ ടി.കെ. ശശി എന്നയാളുടെ വീട്ടില്‍നിന്നാണ് 167 ഭക്ഷ്യകിറ്റുകള്‍ മറ്റൊരു സംഭവത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പിടികൂടിയത്. കോളനിയില്‍ വിതരണംചെയ്യാനെത്തിച്ചവയായിരുന്നു ഇത്. 480 രൂപയോളം വിലവരുന്ന വസ്തുക്കളടങ്ങിയതാണ് കിറ്റ്. ചായപ്പൊടി, പഞ്ചസാര, റവ, വെളിച്ചെണ്ണ, സോപ്പ് എന്നിവയടക്കമുള്ള കിറ്റിലുണ്ട്. വിഷുവിന് എത്തിച്ച കിറ്റുകള്‍ വിതരണംചെയ്യാന്‍ വൈകിയതാണെന്നായിരുന്നു വീട്ടുടമയുടെ മൊഴി.

ബത്തേരിയില്‍ കിറ്റ് പിടികൂടിയതിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങളും കനത്തു. കോളനികളില്‍ വിതരണംചെയ്യാനെത്തിച്ച കിറ്റുകളില്‍ ഭക്ഷ്യസാധനങ്ങള്‍ക്കുപുറമേ മുറുക്കാനും ലഹരി പദാര്‍ഥമായ ഹാന്‍സും ഉണ്ടായിരുന്നതായി കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ധിഖ് ആരോപിച്ചു. ഒരുഭാഗത്ത് കിറ്റ് നല്‍കുമ്പോള്‍ മറുഭാഗത്ത് മദ്യക്കുപ്പികള്‍ നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി. ഉത്തരേന്ത്യയില്‍ നടപ്പിലാക്കിയ പലകാര്യങ്ങളും ഇവിടെയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു കിറ്റ് പിടികൂടിയ സംഭവത്തോട് വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആനി രാജയുടെ പ്രതികരണം. ദുര്‍ബല വിഭാഗങ്ങളിലുള്ളവരെ പ്രത്യേകിച്ച് കിറ്റും സാധനങ്ങളും നല്‍കി സ്വാധീനിക്കുക എന്നത് ഇതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, കിറ്റ് വിതരണവുമായി ബന്ധമില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഗൃഹപ്രവേശത്തോട് അനുബന്ധിച്ച് ഒരു ഭക്തന്‍ ക്ഷേത്രത്തില്‍ അവിടെയുള്ള വിശ്വാസികള്‍ക്ക് വിതരണംചെയ്യാന്‍ വഴിപാട് നേര്‍ന്ന കാര്യമാണ് ബി.ജെ.പിയുടെ തലയില്‍ അട്ടിമറിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.

സുല്‍ത്താന്‍ ബത്തേരിയില്‍ കിറ്റ് പിടികൂടിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടന്നുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ രേണുരാജ് നിര്‍ദേശം നല്‍കിയിരുന്നു.