നീലഗിരിയിലെ അരിച്ചിറങ്ങുന്ന തണുപ്പുമാഞ്ഞ് വെയില്‍ ചുട്ടുപൊള്ളിത്തുടങ്ങുമ്പോഴാണ് താളൂരിലെ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ രാഹുല്‍ഗാന്ധി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത്. പറഞ്ഞതിനെക്കാളും അരമണിക്കൂറിലധികം വൈകിയെങ്കിലും കാത്തുനിന്ന പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ ആവേശംവിതറിയാണ് വരവ്. കോളേജ് ഗ്രൗണ്ടിലിറങ്ങി വാഹനത്തില്‍ കയറിയപ്പോള്‍ അപ്പുറത്ത് വിദ്യാര്‍ഥികള്‍ കാത്തുനില്‍ക്കുന്നു. മുന്‍കൂട്ടിനിശ്ചയിച്ച പരിപാടിയല്ലെങ്കിലും കാണാതെപോവില്ലെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. വാഹനത്തില്‍ കയറി നേരേ കുട്ടികള്‍ക്കിടയിലേക്ക്. പുഞ്ചിരിയോടെ വന്നിറങ്ങിയ രാഹുലിനെ ആരവംമുഴക്കി അവര്‍ സ്വീകരിച്ചു. കൈകൊടുത്തും സെല്‍ഫിയെടുത്തും അല്പനേരം അവര്‍ക്കൊപ്പം. 10 മിനിറ്റോളം അവിടെ ചെലവഴിച്ച് തൊട്ടടുത്തുള്ള ചര്‍ച്ച് ഓഡിറ്റോറിയത്തിലേക്ക്. തോട്ടംതൊഴിലാളികളുമായി സംവദിച്ചു. അതുകഴിഞ്ഞ് എ. രാജയുടെ മണ്ഡലത്തില്‍നിന്ന് നേരേ റോഡുമാര്‍ഗം സ്വന്തംമണ്ഡലമായ വയനാട്ടിലേക്ക്. 10 മണിക്ക് റോഡ്ഷോ തീരുമാനിച്ചതാണെങ്കിലും നീലഗിരിയിലെ പരിപാടികള്‍ കഴിഞ്ഞെത്തുമ്പോഴേക്കും 11.10 ആയി. അസംപ്ഷന്‍ ജങ്ഷനില്‍നിന്ന് തുറന്നവാഹനത്തില്‍ മറ്റുനേതാക്കള്‍ക്കൊപ്പം റോഡ്ഷോ പുറപ്പെട്ടു. പാതയുടെ ഇരുവശത്തും രാഹുലിനെ കാണാനായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. 11.30-ഓടെ കോട്ടക്കുന്നിലെ യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിനു സമീപത്ത് റോഡ്ഷോ സമാപിച്ച് 15 മിനിറ്റ് പ്രസംഗം. വന്യമൃഗശല്യംമുതല്‍ രാത്രിയാത്രാനിരോധനവും മെഡിക്കല്‍ കോളേജ് വിഷയവുമുള്‍പ്പെടെ എല്ലാമേഖലകളും സ്പര്‍ശിച്ചു.
പുല്‍പ്പള്ളിയിലെ കര്‍ഷകര്‍ക്കൊപ്പം
രാഹുല്‍ഗാന്ധി പുല്‍പ്പള്ളിയിലെത്തുമ്പോള്‍ സമയം 12.30. വയനാട്ടിലെ ഏറ്റവുംചൂടുകൂടിയ പ്രദേശത്ത് വെയില്‍ നെറുകയില്‍ കത്തുകയാണ്. അതിലേറെ പൊള്ളുന്ന മനുഷ്യരുടെ വിഷയങ്ങളുമുണ്ടവിടെ. അവര്‍ക്കിടയിലേക്കാണ് അദ്ദേഹം വന്നിറങ്ങിയത്. താഴെയങ്ങാടിയില്‍ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന്, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റാലിയായി ടൗണിലേക്ക്. സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് വ്യത്യസ്തമായി മുകള്‍ഭാഗം തുറന്ന കാറിലാണ് രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യംചെയ്തത്. ആര്‍ത്തുവിളിച്ചും കൈവീശിയും അഭിവാദ്യംചെയ്ത് വഴിയിലുടനീളം കാത്തുനിന്ന പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റു. ചുട്ടുപൊള്ളുന്ന വെയില്‍ കാത്തുനിന്നവരെ തളര്‍ത്തിയില്ല. പാര്‍ട്ടിപ്പതാക ഒഴിവാക്കി, രാഹുല്‍ഗാന്ധിയുടെ ചിത്രംപതിച്ച പ്ലക്കാര്‍ഡുകളും ബലൂണുകളും പിടിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവര്‍ രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
പടിഞ്ഞാറത്തറയുടെ ആവേശത്തിലേക്ക്
വെള്ളമുണ്ടയിലെ റോഡ്‌ഷോ കഴിഞ്ഞാണ് പടിഞ്ഞാറത്തറയിലെത്തിയത്. പടിഞ്ഞാറത്തറയില്‍ രാഹുലെത്തുമ്പോള്‍ സമയം 4.40. തിങ്കളാഴ്ചത്തെ ജില്ലയിലെ അവസാനത്തെ പര്യടനപരിപാടിയാണ്. രാഹുലെത്തുംമുമ്പേ അദ്ദേഹത്തിന്റെ മുഖമുള്ള പ്ലക്കാര്‍ഡുകളുമേന്തി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേര്‍ കാത്തുനില്‍ക്കുന്നുണ്ട്. രാഹുല്‍ സുരക്ഷാ അകമ്പടിയോടെ കാറിലെത്തിയതും ആവേശം അണപൊട്ടി. അമ്മന്‍കുടവുമായി ആദിവാസിയുവതികള്‍ നൃത്തം ചവിട്ടി. അപ്പുറത്ത് വാദ്യമേളവുമായി യുവാക്കള്‍, കൂടെ ചെണ്ടയും കൊഴുപ്പുകൂട്ടി. ലോറി ഒഴിവാക്കി മുകള്‍ഭാഗം തുറന്ന കാറില്‍ യാത്ര. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ചിലര്‍ക്ക് രാഹുലിനെ ഒരു ഷെയ്ക്ക് ഹാന്‍ഡ് ചെയ്യണം. അവര്‍ക്ക് കൈകൊടുത്തു. ഇതിനിടെ പ്രവര്‍ത്തകരില്‍ ഒരാളുടെ ബലൂണ്‍ രാഹുല്‍ വാങ്ങി പറത്തിവിട്ടപ്പോള്‍ ആവേശമുയര്‍ന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ മൂന്നാംക്ലാസുകാരി അബ്രാറിന് ഒരു മോഹം രാഹുലിനെ റോഡ്ഷോ തീരുംവരെ കാണണം. ആദ്യമായി കാണുന്നതിന്റെ ആവേശത്തിലായിരുന്നു അവള്‍. കൈ വേദനിക്കുന്നുണ്ടെങ്കിലും രാഹുലിന്റെ മുഖമുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഇടയ്ക്ക് രാഹുലിനുനേരേ നോക്കി കൈവീശുന്നുമുണ്ട്. തിരിച്ച് കൈവീശുമ്പോള്‍ മുഖത്ത് പുഞ്ചിരി. പടിഞ്ഞാറത്തറ യു.പി.സ്‌കൂള്‍ ജങ്ഷനില്‍നിന്ന് റോഡ്ഷോ തുടങ്ങി കല്പറ്റ റോഡ് ജങ്ഷനില്‍ സമാപിക്കുംവരെ അബ്രാറുമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ലോറിയില്‍ കയറിപ്പറ്റിയ മിടുക്കി രാഹുലിന്റെ പ്രസംഗംകൂടി അവസാനിച്ചശേഷമാണ് ഇറങ്ങിയത്. പങ്കെടുത്തവര്‍ക്കെല്ലാം ബിഗ് താങ്ക്സ് പറഞ്ഞാണ് രാഹുല്‍ റോഡ്ഷോ അവസാനിപ്പിച്ചത്. പ്രകടനപത്രികയിലെ വീട്ടമ്മമാരുടെ േക്ഷമത്തിനുള്ള പദ്ധതികള്‍മുതല്‍ രാജ്യത്തെ രാഷ്ട്രീയാവസ്ഥവരെ നീണ്ട പ്രസംഗം. വയനാട്ടുകാര്‍ കാലങ്ങളായി നേരിടുന്ന പടിഞ്ഞാറത്തറ- പൂഴിത്തോട് ബദല്‍പ്പാത യാഥാര്‍ഥ്യമാക്കുമെന്ന ഉറപ്പുനല്‍കിയായിരുന്നു മടക്കം. പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടില്‍നിന്ന് ഹെലികോപ്റ്ററില്‍ നേരേ കോഴിക്കോട്ടേക്ക്.
കണ്ണേ, കരളേ രാഹുല്‍ജി
ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് മാനന്തവാടിയിലേക്ക് രാഹുല്‍ഗാന്ധി എത്തിയത്. 'കണ്ണേ കരളേ രാഹുല്‍ജി ഞങ്ങടെ നെഞ്ചിലെ താരകമേ' എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രവര്‍ത്തകരുടെ വരവേല്‍പ്പ്. സമയംവൈകിയതിനാല്‍ മാനന്തവാടി ഡിവിഷണല്‍ ഫോറസ്റ്റ്് ഓഫീസിന് സമീപത്തുനിന്ന് സെഞ്ചുറി ടെക്സ്ൈറ്റയില്‍സിന് സമീപംവരെ ചെറിയദൂരം മാത്രമാക്കി റോഡ് ഷോ ചുരുക്കി. മുകള്‍ഭാഗം തുറന്ന കാറില്‍നിന്ന് രാഹുല്‍ഗാന്ധി കാത്തുനിന്നവരെയെല്ലാം കൈവീശി അഭിസംബോധനചെയ്തു. കനത്തവെയിലിനെയും ചൂടിനെയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് യു.ഡി.എഫ്. പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ അണിനിരന്നത്. ഇത്തവണയും കൊടികളൊന്നും ഉപയോഗിച്ചില്ല.
കൈപ്പത്തി ചിഹ്നം പതിച്ച കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള ബലൂണുകളും മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമാണ് ഉണ്ടായിരുന്നത്. 'വയനാടിന്റെ രാഹുല്‍, രാഹുലിനൊപ്പം ഇന്ത്യക്കായി' എന്നിവയാണ് പ്ലക്കാര്‍ഡുകളിലെ മുദ്രാവാക്യം. 'വോട്ട് ഫോര്‍ രാഹുല്‍' എന്നെഴുതിയ ബാഡ്ജും പ്രവര്‍ത്തകര്‍ അണിഞ്ഞിരുന്നു.
റോഡ് ഷോ കാണാനും രാഹുല്‍ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനുമായി ഒട്ടേറെപ്പേര്‍ റോഡരികിലും കെട്ടിടത്തിനുമുകളിലുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മാനന്തവാടി നഗരസഭയിലെയും തിരുനെല്ലി, എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെയും യു.ഡി.എഫ്. പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ അണിനിരന്നത്. ഒന്നേമുക്കാലോടെ തുടങ്ങിയ റോഡ് ഷോ രണ്ടേകാലോടെ സമാപിച്ചു. റോഡ്ഷോ കഴിഞ്ഞ് നേരെ ബിഷപ്പ് ഹൗസിലേക്ക്. അവിടെ വയനാട്ടിലെ മലയോരജനതയുടെ പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കാത്തുനില്‍ക്കുന്നത് മൂന്ന് ബിഷപ്പുമാരാണ്. കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ജോസ് പൊരുന്നേടം, സഹായമെത്രാന്‍ അലക്‌സ് താരാമംഗലം. ഇരുപതുമിനിറ്റോളം അവര്‍ക്കൊപ്പം ചെലവഴിച്ച് അവര്‍ക്കുപറയാനുള്ളതെല്ലാം കേട്ടായിരുന്നു രാഹുലിന്റെ മടക്കം. മാനന്തവാടിയിലെ അമലോത്ഭവപള്ളിയില്‍ പുനഃപ്രതിഷ്ഠാചടങ്ങിനും പര്യടനത്തിനിടെ രാഹുലെത്തി. തുടര്‍ന്ന്, ബ്രഹ്‌മഗിരി ഹോട്ടലില്‍ ലളിതമായ ഭക്ഷണം. ഇരുപതുമിനിറ്റ് വിശ്രമവും.
Content Highlights: rahul gandhi wayanad election campaign
Published: 16 Apr 2024, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented