കല്പറ്റ : റായ്ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനം രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും വയനാട് ലോക്സഭാമണ്ഡലം തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പ്രഖ്യാപിക്കുമെന്നത് വോട്ടര്‍മാരെ കബളിപ്പിക്കുന്നതിനു തുല്യമാണെന്ന് എല്‍.ഡി.എഫ്. വയനാട് ലോക്സഭാമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് ജനാധിപത്യരീതിയല്ല. ആനിരാജയുടെ വിജയമുറപ്പായ സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ മറ്റൊരുസീറ്റില്‍ക്കൂടി മത്സരിക്കാന്‍ തയ്യാറാവുന്നത്. അത് റായ്ബറേലിയാണോ അമേഠിയാണോയെന്ന് കോണ്‍ഗ്രസാണ് പറയേണ്ടത്. ജനങ്ങളോട് പറയേണ്ട ബാധ്യതയുണ്ടെന്നും സി.കെ. ശശീന്ദ്രന്‍ പറഞ്ഞു.

To advertise here,

കഴിഞ്ഞ അഞ്ചുവര്‍ഷം വയനാടിന് എം.പി.യുടെ സേവനം ലഭിച്ചിട്ടില്ല. ഇതില്‍ വോട്ടര്‍മാര്‍ക്ക് കടുത്തപ്രതിഷേധമുണ്ട്. യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായിരുന്നിട്ടും മുമ്പെങ്ങുമില്ലാത്തവിധം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായ തരംഗമാണ് മണ്ഡലത്തിലുള്ളതെന്നും സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. നാമനിര്‍ദേശപത്രിക നല്‍കാന്‍വന്ന രാഹുല്‍ഗാന്ധി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മണ്ഡലത്തില്‍ ചെലവഴിച്ചത്. ജനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്. 

മണിക്കൂറുകള്‍മാത്രം ചെലവഴിച്ചൊരാള്‍ വീണ്ടും ജയിക്കാനിടയായാല്‍ തിരിഞ്ഞുനോക്കില്ലെന്ന വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. ഇതാണ് വയനാട്ടില്‍ ഒരു രാഷ്ട്രീയമാറ്റം ഉയര്‍ന്നുവരാനിടയാക്കുക. വയനാട്ടിലെ സമാധാനപരമായ ജീവിതമില്ലാതാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും സി.െക. ശശീന്ദ്രന്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിംവിരുദ്ധപ്രസംഗം ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍കൂടിയായ സുരേന്ദ്രന്‍ ആവര്‍ത്തിക്കുകയാണ്. വയനാട്ടിലെ ജനങ്ങളുടെ ഇടയില്‍ വലിയ വര്‍ഗീയധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വന്നപ്പോള്‍ത്തന്നെ ബത്തേരിയുടെ പേരുമാറ്റുന്ന കാര്യമാണ് സുരേന്ദ്രന്‍ പറഞ്ഞത്.

സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ആര്‍.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, എന്‍.സി.പി.(എസ്.) ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍, കോണ്‍ഗ്രസ്(എസ്.) ജില്ലാ പ്രസിഡന്റ് കെ.പി. ശശികുമാര്‍, കേരളാ കോണ്‍ഗ്രസ്(എം.) ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശ്ശേരി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.