കോഴിക്കോട്: ഇടത്- വലത് മുന്നണികൾ വർഗീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണെന്ന് ബി.ജെ.പി. അധ്യക്ഷനും എൻ.ഡി.എ. സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി സി.എ.എ. റാലിയിൽ പ്രസംഗിക്കുന്നു. സ്ഥാനാർത്ഥികളുടെ പരിപാടിയിലല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

To advertise here,

സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സംസാരം. പരിപാടികൾ കൂടുതലും വടക്കുഭാഗത്താണ്. മുഖ്യമന്ത്രി ജയ് ഹിന്ദ് പരാമർശം നടത്തിയത് ചരിത്രം അറിയാതെയാണെന്നും ചെമ്പകരാമൻ പിള്ളയേക്കുറിച്ച് മുഖ്യമന്ത്രി പഠിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി കാണുന്നുവെന്ന പരാമർശമാണ് മുഖ്യമന്ത്രിയുടേത്. എന്നാൽ, ഇങ്ങനെ ഒരു സംഭവം ചരിത്രത്തിൽ എവിടെയും ഉണ്ടായിട്ടില്ല. ഭരണഘടന ഉണ്ടാവുന്നതിന് മുമ്പും ഇവിടെ എല്ലാവരും ഒരുപോലെ ആയിരുന്നു. ലോകത്തെ എല്ലാ ആശയസംഹിതകളും ഒരു മടിയും ഇല്ലാതെ ഭാരതം സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശംകൊണ്ട് തൽക്കാലം നാല് വോട്ട് കിട്ടും. പക്ഷെ ഭാവിയിൽ ഇത് ദോഷമുണ്ടാക്കും. ചട്ടം ലംഘിച്ചുള്ള പരാമർശം തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവണം. ജനങ്ങളുടെ പ്രശ്നം ചർച്ചയാവാതിരിക്കാനാണ് ഈ ശ്രമം. ഇതിനെ ചോദ്യംചെയ്യാൻ പ്രതിപക്ഷംപോലും തയ്യാറാവുന്നില്ല, സുരേന്ദ്രൻ പറഞ്ഞു. 

ബി.ജെ.പിക്ക് സി.എ.എ. ഒരു ദോഷവും ചെയ്യില്ല. പൗരത്വം നൽകാനാണ് സി.എ.എ. എന്നും ആരുടേയും പൗരത്വം ഇല്ലാതാക്കാനല്ലെന്നും മുഖ്യമന്ത്രിക്കും അറിയാം. ഒന്നുമറിയാതെയല്ല ഈ പ്രചാരണം. ഇത് തീ വ്രവാദികൾക്ക് മാത്രമേ ഗുണംചെയ്യൂ എന്നും സുരേന്ദ്രൻ പറഞ്ഞു.

ഇലക്ടറൽ ബോണ്ടിനെക്കുറിച്ച് വ്യാപകമായ വ്യാജപ്രചാരണം നടക്കുന്നു. കള്ളപ്പണമാണെന്ന് കോടതി പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ കയ്യിലുള്ള പോലെ കള്ളപ്പണം മറ്റാരുടേയും കയ്യിലില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്ടമാകും. അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസിനും പദവിപോകും. വയനാട്ടിൽ രണ്ട് പ്രമുഖരോടാണ് മത്സരം. വയനാട്ടിനെ സേവിക്കാൻ ഈ രണ്ട് പേർക്കും കഴിയില്ല. രാഹുൽ ഗാന്ധിയേക്കുറിച്ച് ജനങ്ങൾക്ക് നിരാശയാണുള്ളത്. അദ്ദേഹം വലിയ തിരക്കുഉള്ള ആളാണ്, അവരെ അവരുടെ തിരക്കിനനുസരിച്ച് വിടുക. വയനാടിനെ കാക്കാൻ എന്നെ അനുവദിക്കണം, സുരേന്ദ്രൻ പറഞ്ഞു.

സിദ്ധാർഥന്റെ മരണം സിബിഐയെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും ഉത്തരവ് ഇറക്കിയില്ല. കാരണം മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ തന്നെ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രസീത അഴീക്കോടിന്റെ സ്ഥാനാർത്ഥിത്വം ശ്രദ്ധയിൽ പെട്ടോ എന്ന ചോദ്യതിന് അത് ആരാണെന്നായിരുന്നു സുരേന്ദ്രന്‍റെ മറുചോദ്യം.