എറണാകുളം: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍. മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി വന്നതിനേക്കാള്‍ കൂടുതല്‍ ആനകള്‍ വന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആറോ ഏഴോ തവണയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ വന്നതെന്നും അദ്ദേഹംവിമര്‍ശിച്ചു. എറണാകുളത്ത് എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

'വരുന്നു, രണ്ട് പൊറോട്ട കഴിക്കുന്നു, ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ ഇടുന്നു, തിരിച്ചുപോകുന്നു. പിന്നെ എങ്ങോട്ടാണ് പോവുന്നതെന്ന് അറിയില്ല', സുരേന്ദ്രന്‍ പരിഹസിച്ചു.

'വയനാട്ടിലെ ജനസംഖ്യയില്‍ 20% വനവാസികളാണ്. രാഹുല്‍ഗാന്ധി അവര്‍ക്കുവേണ്ടി എന്തുചെയ്തു? നിങ്ങള്‍ കഴിഞ്ഞ അഞ്ചുകൊല്ലം വയനാട്ടില്‍ എന്താണ് ചെയ്തതെന്ന് രാഹുല്‍ഗാന്ധിയോടും കോണ്‍ഗ്രസിനോടും വളരെ വിനയത്തോടെ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്', അദ്ദേഹം പറഞ്ഞു.

വയനാടിനെപ്പോലെ ഇത്രയും വികസന പ്രതിസന്ധിയുള്ള സ്ഥലം വേറെയില്ല. രാഹുല്‍ഗാന്ധി വന്നതിനേക്കാളും ആന വയനാട്ടില്‍ വന്നുവെന്നാണ് അവിടെ തമാശയായി ആളുകള്‍ പറയുന്നത്. എന്തിനാണ് ഇങ്ങനെയൊരു എം.പി. ടൂറിസ്റ്റ് വിസയിലൊരു എം.പിയെ ആവശ്യമുണ്ടോ? വയനാടിന് എന്തു പദ്ധതിയാണ് രാഹുല്‍ഗാന്ധി കൊണ്ടുവന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.