'പൊന്നരിവാളും തങ്കക്കതിരും അതാണ് നമ്മുടെ അടയാളം, ആനിരാജ ജയിക്കട്ടെ, എല്‍.ഡി.എഫ്. സിന്ദാബാദ്' തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ ഈ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാം. ആവേശത്തോടെ അതേറ്റുവിളിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെയും കാണാം. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ആനിരാജയുടെയും സി.പി.ഐ. ദേശീയ െസക്രട്ടറി ഡി. രാജയുടെയും മകള്‍ അപരാജിതയാണ് മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപരാജിതയുടെ സുഹൃത്തുക്കളും എ.ഐ.വൈ.എഫ്. നേതാക്കളുമാണ് മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നവര്‍. 

To advertise here,

ആനിരാജ വയനാട്ടില്‍ പ്രചാരണം തുടങ്ങിയ മാര്‍ച്ച് ഒന്നുമുതല്‍തന്നെ അപരാജിത അമ്മയ്‌ക്കൊപ്പമുണ്ട്. ആവേശം പകരുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചും രാജ്യം നേരിടുന്ന പ്രതിസന്ധികളും വയനാടിന്റെ പ്രയാസങ്ങളും അമ്മ ജയിക്കേണ്ടതിന്റെ പ്രാധാന്യവും പറഞ്ഞ്, ഒന്നരമാസമാസത്തിലധികമായി പ്രചാരണ പരിപാടികളില്‍ നിറ സാന്നിധ്യമാണ് അപരാജിത.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, അമ്മ ആനിരാജയ്ക്കായി അവസാനവട്ട വോട്ടുറപ്പിക്കലിന്റെ തിരക്കിലാണ് അപരാജിതയും. രാവിലെ മുതല്‍ രാത്രിവരെ നീളുന്ന പ്രചാരണപരിപാടികള്‍. അപരാജിതയ്ക്കും തിരക്കൊഴിഞ്ഞ നേരമില്ല. അമ്മയ്ക്കുവേണ്ടി പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഗ്രാമപ്രദേശങ്ങളിലടക്കം പ്രചാരണത്തിന് അപരാജിതയും സുഹൃത്തുക്കളും എത്തുന്നുണ്ട്. റോഡ്‌ഷോകള്‍, റാലികള്‍, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് പ്രധാന പങ്കാളിത്തം. ഇടതുപക്ഷം ജയിക്കേണ്ടതിന്റെ ആവശ്യകതയും വയനാടിനുവേണ്ടി അമ്മയ്ക്ക് നടത്താന്‍ സാധിക്കുന്ന ഇടപെടലുകളും വിശദീകരിച്ചാണ് വോട്ടഭ്യര്‍ഥന.

''ഇവിടെയുള്ള സാധാരണക്കാര്‍വരെ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുടെ നിലപാടുകള്‍ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് അറിയുമ്പോള്‍ മകള്‍ എന്ന നിലയില്‍ അഭിമാനമാണ്...'' -അപരാജിത പറഞ്ഞു.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ജെ.എന്‍.യു.വില്‍നിന്ന് ബിരുദാനന്തര ബിരുദവും എം.ഫിലും നേടിയ വിദ്യാര്‍ഥിനേതാവാണ് അപരാജിത. നിലവില്‍ ജെ.എന്‍.യു. സ്‌കൂള്‍ ഓഫ് സയന്‍സില്‍ ഗവേഷകയാണ്.