
കല്പറ്റ: എം.പി. എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി ആനി രാജ പറഞ്ഞു. രാജ്യത്തെ മതവാദ, ഫാസിസ്റ്റ് ശക്തികളിൽനിന്നുരക്ഷിക്കാൻ വോട്ടർമാർ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കഴിയുന്ന വിധത്തിലാകണം ഓരോ എം.പി.യുടെയും പ്രവർത്തനം. എന്നാൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ അഞ്ച് വർഷവും സ്വന്തം മണ്ഡലത്തെ നോക്കാനായില്ല. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രമായിരുന്നു മണ്ഡലത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം.
പാർലമെന്റിൽ വയനാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിലും പരിഹാരം ഉറപ്പുവരുത്തുന്നതിലും രാഹുൽ ഗാന്ധി പരാജയപ്പെട്ടു. വല്ലപ്പോഴും മാത്രം മണ്ഡലത്തിലെത്തി റോഡ് ഷോ നടത്തുന്നയാളാകരുത് എം.പി.യെന്ന് ഓരോസമ്മതിദായകനും ഉറപ്പുവരുത്തണമെന്നും ആനി രാജ പറഞ്ഞു.
വികസനം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ളവർക്ക് പ്രയോജനപ്പെടണം. എന്നാൽ വികസനം പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുങ്ങുന്ന വിധത്തിലാണ് ബി.ജെ.പി. സർക്കാരിന്റെ പ്രവർത്തനം.
രാജ്യത്തിന്റെ സ്വത്ത് അടിയറവച്ച് അംബാനി-അദാനിമാരുടെ പ്രീതി പിടിച്ചുപറ്റുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷവും സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടുകയാണ് ചെയ്തത്. ഇതിനോട് ശക്തമായി ഭാഷയിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും നടപടികളിലും മൗനം പാലിക്കുകയാണ് കോൺഗ്രസ് നേതൃത്വമെന്നും ആനി രാജ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആനിരാജ.
ആനി രാജയ്ക്ക് പിന്തുണയുമായി സാക്ഷി മാലിക്
കല്പറ്റ: വയനാട് പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജക്ക് പിന്തുണയുമായി ഇന്ത്യൻ ഗുസ്തി താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സാക്ഷി മാലിക്. വീഡിയോ സന്ദേശത്തിലൂടെയാണ് സാക്ഷി പിന്തുണയറിയിച്ചത്. തനിക്ക് വളരെ അടുത്ത പരിചയമുള്ളയാളാണ് ആനിരാജ. വനിതാ ഗുസ്തി താരങ്ങൾക്കു നേരേയുണ്ടായ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്‌ഭൂഷന്റെ ലൈംഗികാതിക്രമത്തിനെതിരേയുള്ള താരങ്ങളുടെ സമരത്തിൽ അവർ മുന്നിലുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ ഞങ്ങളോടൊപ്പം അവർ അറസ്റ്റു വരിച്ചു.
ഗുസ്തി ഫെഡറേഷനിലെ അനീതികൾക്കെതിരേ അവരിപ്പോഴും ഞങ്ങളോടൊപ്പം പോരാട്ടം തുടരുകയാണെന്നും സാക്ഷി പറഞ്ഞു.
Content Highlights: Annie Raja against Rahul Gandhi, Lok Sabha Election 2024
Published: 08 Apr 2024, 07:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented