വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ ആരോപണ വിധേയനായ എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ കാസിം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അഭിഭാഷകന്‍ മുഹമ്മദ് ഷാ മുഖേനയാണ് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. തന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍ ഇന്ന് വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും. 
 
കെ.കെ ലതികയുടെ മൊഴിയെടുത്തു

To advertise here,

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സി.പി.എം. സംസ്ഥാനസമിതി അംഗവും സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയുമായ കെ.കെ. ലതികയുടെ മൊഴിയെടുത്തു.

വിവാദമായ സ്‌ക്രീന്‍ഷോട്ട് ലതിക അന്നുതന്നെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് കേസന്വേഷിക്കുന്ന വടകര ഇന്‍സ്‌പെക്ടര്‍ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം ലതികയുടെ കക്കട്ടിലെ വീട്ടിലെത്തിയത്. വനിതാ എസ്.ഐ. ധന്യാ കൃഷ്ണന്‍ മൊഴി രേഖപ്പെടുത്തി.

25-ന് വൈകീട്ടാണ് തിരുവള്ളൂരിലെ എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് ലതികയും പങ്കുവെച്ചു. എവിടെനിന്ന് സന്ദേശം കിട്ടിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്.

സന്ദേശത്തിന്റെ പേരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കിയ പരാതിയില്‍ വടകര പോലീസ് 25-ന് രാത്രി കേസെടുത്തിരുന്നു. സന്ദേശം മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് കാണിച്ച് യൂത്ത് ലീഗും കാസിമും പരാതി നല്‍കി. ഇതില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലും അന്നുതന്നെ കേസെടുത്തു. കാസിമിന്റെ ഫോണ്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചെങ്കിലും സന്ദേശം മുഹമ്മദ് കാസിം അയച്ചതാണെന്നതിന് പോലീസിന് ഒരുതെളിവും കിട്ടിയിട്ടില്ല.

ഇതോടെ വ്യാജസന്ദേശം ഉണ്ടാക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ആര്‍.എം.പി.യും പ്രതിഷേധം ശക്തമാക്കി. വ്യാഴാഴ്ച എസ്.പി.ഓഫീസിനുമുന്നില്‍ ധര്‍ണയും നടത്തി. ഇതിന് മണിക്കൂറുകള്‍ മുമ്പാണ് പോലീസ് കെ.കെ. ലതികയുടെ മൊഴിരേഖപ്പെടുത്തിയത്