വടകര: തികച്ചും ഏകപക്ഷീയമായിരുന്നു വടകര ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ വിജയം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സി.പി.എം. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്ക് മുന്നിലെത്താന്‍ കഴിഞ്ഞില്ല. ഒരുലക്ഷത്തിലെറെ വോട്ടിന്റെ ആധികാരികമായ വിജയമാണ് ഷാഫി വടകരയില്‍ നേടിയത്. കഴിഞ്ഞ തവണ കെ. മുരളീധരന്‍ നേടിയ 84663 വോട്ടിന്റെ ഭൂരിപക്ഷം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ ഷാഫിക്കും കൂട്ടര്‍ക്കും സാധിച്ചു. 

To advertise here,

2019-ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റൊരു കൗതുകവും ഇത്തവണത്തെ വടകരയിലെ ഫലത്തില്‍ കാണാം. നിയോജകമണ്ഡലം തിരിച്ചുള്ള കണക്കില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അതേ രീതിയാണ് വടകരയിലെ വോട്ടര്‍മാര്‍ പിന്തുടര്‍ന്നിരിക്കുന്നത്. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി നിയമസഭാ മണ്ഡലം മാത്രമാണ് എല്‍.ഡി.എഫിനെ തുണച്ചത്. ബാക്കി ആറുമണ്ഡലങ്ങളിലും യു.ഡി.എഫ്. ആയിരുന്നു മുന്നിട്ടുനിന്നത്. ഇതേ കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിലും കാണുന്നത്. കെ. മുരളീധരനെ പോലെ ഷാഫി പറമ്പിലിനേയും തലശ്ശേരിയൊഴികെ മറ്റ് ആറ് മണ്ഡലങ്ങളും വടകരയില്‍ പിന്തുണച്ചു. 

തലശ്ശേരിയിലെ താരതമ്യം
മുന്നണി2024 ലോക്സഭ2019 ലോക്സഭ
യു.ഡി.എഫ്.53,44953,932
എൽ.ഡി.എഫ്.62,07965,401
എൻ.ഡി.എ.18,86913,456

2019-ല്‍ 53932 വോട്ടാണ് യു.ഡി.എഫിന് തലശ്ശേരിയില്‍ ലഭിച്ചത്. എല്‍.ഡി.എഫിനാകട്ടെ 65,401 വോട്ടും ലഭിച്ചു. ഇതിന് സമാനമായി ഇത്തവണ യു.ഡി.എഫിന് 53,449 വോട്ടും എല്‍.ഡി.എഫിന് 62,079 വോട്ടുമാണ് തലശ്ശേരി സമ്മാനിച്ചത്. 

അതേസമയം എല്‍.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ മൂവായിരത്തോളം വോട്ടാണ് തലശ്ശേരി നിയോജകമണ്ഡലത്തില്‍ കുറഞ്ഞത്. യു.ഡി.എഫിനാകട്ടെ, കഴിഞ്ഞതവണത്തേതിന് ഏതാണ്ട് തുല്യമായ വോട്ടാണ് ഇത്തവണയും ലഭിച്ചത്. 

തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പിയും കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2019-ല്‍ 13,456 വോട്ട് നേടിയ ബി.ജെ.പിക്ക് ഇത്തവണ വോട്ടെണ്ണം 20,000 കടത്താന്‍ സാധിച്ചു.  

കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ മികച്ച നേട്ടമാണ് ഇത്തവണ യു.ഡി.എഫ്. സ്വന്തമാക്കിയത്. കെ. മുരളീധരന് 83,628 വോട്ട് നല്‍കിയ കുറ്റ്യാടി പക്ഷേ ഷാഫി പറമ്പിലിന് 90,000-ത്തിലേറെ വോട്ടുകളാണ് സമ്മാനിച്ചത്. യു.ഡി.എഫിന് 91,782 വോട്ട് ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 68,147 വോട്ട് മാത്രമാണ് കുറ്റ്യാടിയില്‍ ലഭിച്ചത്. കഴിഞ്ഞതവണ എല്‍.ഡി.എഫിന് കുറ്റ്യാടിയില്‍ 65,736 വോട്ടായിരുന്നു ലഭിച്ചത്. 

2024: നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക്
നിയമസഭാ മണ്ഡലംയു.ഡി.എഫ്.എൽ.ഡി.എഫ്.എൻ.ഡി.എ.നോട്ട
തലശ്ശേരി44,12852,15516,820172
കൂത്തുപറമ്പ്71,84860,79820,558174
വടകര72,36650,28413,6120
കുറ്റ്യാടി91,78268,14711,56736
നാദാപുരം95,76771,89012,451127
കൊയിലാണ്ടി78,83656,25619,6660
പേരാമ്പ്ര77,89258,85411,628104
ആകെ വോട്ട്541,547409,951103,493613

ആര്‍.എം.പിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വടകര നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് ആയിരത്തിലേറെ വോട്ടുകളാണ് ഇത്തവണ കൂടിയത്. 2019-ല്‍ 71,162 വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ അത് 72,366 ആയി വർധിച്ചു. അതേസമയം സി.പി.എമ്മിന് വടകരയില്‍ രണ്ടായിരത്തോളം വോട്ട് ഇത്തവണ കൂടി. 2019-ല്‍ 48,199 വോട്ട് സി.പി.എമ്മിന് ലഭിച്ചപ്പോള്‍ ഇത്തവണ അത് 50,284 ആയാണ് വർധിച്ചത്. 

മറ്റുചില കണക്കുകൾ

വടകരയിലെ ഇത്തവണത്തെ മറ്റുചില കണക്കുകള്‍ കൂടി പരിശോധിക്കാം. തപാല്‍വോട്ടുകളുടെ കാര്യത്തില്‍ ഏതാണ്ട് തുല്യനിലയാണ് ഇരുമുന്നണികളും പാലിച്ചത്. എല്‍.ഡി.എഫിന് 5689 തപാല്‍വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 5038 തപാല്‍വോട്ടുകളാണ് ലഭിച്ചത്. 1278 വോട്ടുകള്‍ നേടി തപാല്‍വോട്ടുമത്സരത്തില്‍ എന്‍.ഡി.എ. ബഹുദൂരം പിന്നില്‍ മൂന്നാമതായുമുണ്ട്. 

നോട്ട ഉള്‍പ്പെടെ മറ്റൊരു സ്ഥാനാര്‍ഥിക്കും തപാല്‍ വോട്ട് മൂന്നക്കം തികയ്ക്കാന്‍ സാധിച്ചിട്ടില്ല. ആകെ 12,182 തപാല്‍ വോട്ടുകളാണ് ഇത്തവണ വടകരയില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 1741 വോട്ടുകള്‍ അസാധുവായി. നോട്ടയ്ക്ക് 54 തപാല്‍ വോട്ടുകളാണ് ലഭിച്ചത്. 

നിയമസഭാ മണ്ഡലം തിരിച്ചുള്ള നോട്ടയുടെ വോട്ടുകണക്ക് പരിശോധിക്കുമ്പോഴും രസകരമായൊരു വസ്തുത കാണാന്‍ കഴിയും. കൊയിലാണ്ടി നിയോജകമണ്ഡലത്തിലും വടകര നിയോജകമണ്ഡലത്തിലും ഒരു വോട്ടര്‍ പോലും നോട്ടയ്ക്ക് വോട്ട് ചെയ്തിട്ടില്ല. ഇരുമണ്ഡലങ്ങളിലും പൂജ്യം വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. അതേസമയം തലശ്ശേരി-172, കൂത്തുപറമ്പ്-174, കുറ്റ്യാടി-36, നാദാപുരം-127, പേരാമ്പ്ര-104 എന്നിങ്ങനെയാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ മറ്റ് നിയോജകമണ്ഡലങ്ങളിലെ നോട്ടയുടെ വോട്ടുവിഹിതം.

ഷാഫി പറമ്പിലിന്റെ അപരന്മാരായ രണ്ട് ഷാഫിമാര്‍ക്കുമായി വടകരയില്‍ ലഭിച്ചത് 4114 വോട്ടാണ് ലഭിച്ചത്. ഷാഫി ടി.പിയ്ക്ക് 3715 വോട്ടും ഷാഫിയ്ക്ക് 399 വോട്ടുമാണ് ലഭിച്ചത്. കെ.കെ. ശൈലജയുടെ മൂന്ന് അപരകളും ചേര്‍ന്ന് നേടിയത് 2144 വോട്ടാണ്. ശൈലജ പി 319 വോട്ടും ശൈലജ 661 വോട്ടും നേടിയപ്പോള്‍ പേരില്‍ കൃത്യമായി സാമ്യമുള്ള മറ്റൊരു കെ.കെ. ശൈലജ 1164 വോട്ടും നേടി. 2019-ലെ സ്ഥാനാര്‍ഥി കെ. മുരളീധരന്റെ അതേ പേരുകാരനായ മുരളീധരന്‍ 261 വോട്ട് നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ കുഞ്ഞിക്കണ്ണന്‍ പയ്യോളി 867 വോട്ട് നേടി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ നോട്ടയ്ക്ക് ആകെ ലഭിച്ചത് 2855 വോട്ടുകളാണ്.

(മേൽപ്പറഞ്ഞതെല്ലാം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. അന്തിമ കണക്ക് വരുമ്പോൾ ഇതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം)