തൃശ്ശൂർ: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിലെ എൽ.ഡി.എഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

To advertise here,

ഒരു ബി.ജെ.പി പ്രതിനിധി കേരളത്തിൽ നിന്നും പാർലമെന്റിൽ വേണമെന്നാണു പ്രധാനമന്ത്രിയുടെ ആഗ്രഹം. മോഹം ആര്‍ക്കുമാകാമല്ലോ. സാധാരണ ബി.ജെ.പി പ്രവർത്തകനുമാകാം. നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിക്കുമാകാം. കേരളത്തില്‍ ഒരു സീറ്റിലും ബി.ജെ.പി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ലെന്നതാണ് വസ്തുത. മാരീച വേഷത്തിൽ വന്നു കേരളത്തെ മോഹിപ്പിച്ചു കളയാമെന്നു മോദി തെറ്റിദ്ധരിക്കരുത്. ബി.ജെ.പിയുടെ ഉദ്ദേശ്യമെന്തെന്ന് എല്ലാവർക്കും അറിയാം.  

കേരളത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന വാഗ്ദാനം വളരെ രസകരമായിരുന്നു. ഇന്നുള്ള കേരളം രാജ്യത്തും ലോകത്തും വലിയ തോതിൽ യശസ്സ് നേടിയ ഒരു സംസ്ഥാനമെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. നരേന്ദ്രമോദി വന്നപ്പോൾ നാരായണ​ഗുരുവിനെ പ്രകീർത്തിച്ച് പറയുന്നത് കേട്ടു. അങ്ങിനെ ഓർക്കാൻ കഴിയുന്നത് നല്ലതാണ്. ഇന്ന് ഈ നാട് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിനും മാതൃകയാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഇവിടെ സ്വീകരിക്കപ്പെടില്ല. 

നമ്മുടെ രാജ്യത്താകെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും വന്നിട്ടുള്ളത്. നമ്മുടെ രാഷ്ട്രവും രാഷ്ട്രം ഉയര്‍ത്തുന്ന മൂല്യങ്ങളും അപകടത്തിലാകുന്നുവെന്ന ബോധ്യമാണ് ജനങ്ങള്‍ക്കുണ്ടായിട്ടുള്ളത്. അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജനം ഇത്തരമൊരു ബോധ്യത്തിലെത്തിയത്. 

രാജ്യത്തിന്റെ ഒരുമയും ഐക്യവും എല്ലാം തീര്‍ത്തും അപകടകരമായ അവസ്ഥയിലാകുമ്പോള്‍, രാഷ്ട്രം തന്നെ അപകടഭീഷണി നേരിടുമ്പോള്‍ രാഷ്ട്രത്തെ സംരക്ഷിക്കുക എന്ന നിലപാടാണ് പൊതുവെ ഉയര്‍ന്നുവന്നിട്ടുള്ളത്. തുടര്‍ന്ന്, ഇതിന് കാരണക്കാരായവര്‍ക്ക് ഇനിയൊരു അവസരം നല്‍കാതെ ഇരിക്കുക എന്നതാണ് ജനങ്ങള്‍ പൊതുവെ എത്തിച്ചേര്‍ത്തിട്ടുള്ള നിഗമനം. 

ബി.ജെ.പി പല തരത്തിലുള്ള വാഗ്ദാനങ്ങളാണ് 2014-ല്‍ നല്‍കിയത്. 15 ലക്ഷം രൂപ ഓരോ ആളുകളുടേയും അക്കൗണ്ടിലെത്തുമെന്ന് പറയുന്നതില്‍ ഒരു പ്രയാസവും ബി.ജെ.പിക്കു ഉണ്ടായിരുന്നില്ല. എന്നാല്‍, അവര്‍ അധികാരത്തിലെത്തിയതോടെ കൂടുതല്‍ ജനദ്രാഹനടപടികള്‍ ബി.ജെ.പി സര്‍ക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.