2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലം. പല കാരണങ്ങളാല്‍ യു.ഡി.എഫ് സര്‍ക്കാരിനേതിരേയുള്ള ജനവികാരം കത്തിജ്ജ്വലിച്ച തിരഞ്ഞെടുപ്പ് പ്രചാരണം. എന്ത് വിലകൊടുത്തും ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന്റേയും പിടിച്ചടക്കാന്‍ എല്‍.ഡി.എഫിന്റേയും കൊടികുത്തിയ പോരാട്ടം. അന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എ.കെ ആന്റണിയോട് മാധ്യമപ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കേരളത്തിലെ സാധ്യതകളെ കുറിച്ചൊരു ചോദ്യം ചോദിച്ചു. വേണമെങ്കില്‍ സന്ദര്‍ശക പാസെടുത്ത് അവര്‍ക്ക് നിയമസഭയിലേക്ക് കയറാമെന്നായിരുന്നു അന്ന് എ.കെ ആന്റണിയുടെ ഉപദേശം. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കാര്യങ്ങള്‍ മാറി. ഇടത് തരംഗത്തിലും നേമത്ത് ഒ.രാജഗോപാലിലൂടെ ബി.ജെ.പി താമര വിരിയിച്ചു.

To advertise here,

2011-ല്‍ ഒ.രാജഗോപാലിന് ലഭിച്ച 43,663 വോട്ടില്‍നിന്ന് 2016-ല്‍ എത്തുമ്പോഴേക്കും 67,813 വോട്ട് നേടിയാണ് അവിടെ താമര വിരിയിച്ചത്. മാത്രമല്ല മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത് 29 വോട്ടുകള്‍ക്ക്, തികച്ചും സാങ്കേതികം. അദ്ദേഹത്തിന്റെ അപരന് ലഭിച്ചത് 400 വോട്ട്. ഇതിനൊപ്പം വെറും 6.06 ശതമാനുണ്ടായിരുന്ന വോട്ട് വിഹിതം 2016 ആവുമ്പോഴേക്കും മൂന്നിരിട്ടിയായി വര്‍ധിപ്പിക്കുകകയും ചെയ്തു. ഇതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേമം സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇതിന്റെ ആവര്‍ത്തനമായിരിക്കുകയാണ് 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്.  

കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പാര്‍ട്ടി പരിപാടിക്കിടെ കേരളത്തില്‍ ഇത്തവണ എന്‍.ഡി.എ രണ്ടക്ക സീറ്റ് നേടുമെന്ന വന്‍ പ്രഖ്യാപനം നടത്തിയത്. മോദിയുടെ പ്രസ്താവനയെ എത്ര സുന്ദരമായ നടക്കാത്ത സ്വപനമെന്ന  മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും സിനിമാ ഡയലോഗ് പോലെയെന്ന് പറഞ്ഞ് അന്ന് എതിരാളികളില്‍ അപ്പാടെ തള്ളിക്കളിഞ്ഞു. പക്ഷേ, രണ്ടക്കമില്ലെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നേമത്തെ നിയമസഭാ വിജയത്തിന് ശേഷം
കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബി.ജെ.പി. ലോക്​സഭയിലേക്ക് ആദ്യമായി ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് എം.പി. അതും എ.പ്ലസ് മണ്ഡലമായി കണക്കാക്കിയ തൃശ്ശൂരില്‍ നിന്ന്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഭൂരിപക്ഷം 75079. കുത്തക മണ്ഡലം പിടിച്ചെടുക്കാനെത്തിയ എല്‍.ഡി.എഫിന്റെ വി.എസ് സുനില്‍കുാമാര്‍ രണ്ടാം സ്ഥാനത്തായി. സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി തൃശ്ശൂര്‍ നിലനിര്‍ത്താനെത്തിയ കെ.മുരളീധരന് കിട്ടിയത് മൂന്നാം സ്ഥാനം.   

രണ്ട് കേന്ദ്രമന്ത്രിമാരടക്കം മൂന്ന് ബി.ജെ.പി എം.പിമാരെ രംഗത്തിറക്കി ജീവന്‍മരണ പോരാട്ടമായിരുന്നു ഇത്തവണ എന്‍.ഡി.എ കേരളത്തില്‍ നടത്തിയത്. തിരുവനന്തപുരവും തൃശ്ശൂരും  ആറ്റിങ്ങലും പത്തനംതിട്ടയിലുമടക്കം കാടിളക്കി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം ഒടുവില്‍ ഫലം കണ്ടത് തൃശ്ശൂര്‍ മണ്ഡലത്തില്‍. മറ്റു മണ്ഡലങ്ങളില്‍ വലിയ രീതിയില്‍ വോട്ട് വിഹിതവും വര്‍ധിപ്പിക്കാനായി. സ്ഥാനാര്‍ഥികള്‍ക്ക് പകരം മോദി തന്നെ നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പ് പരിപാടികളായിരുന്നു ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് കേരളം കണ്ടത്. ഇതില്‍ ഏറ്റവും പ്രതീക്ഷ വെച്ച മണ്ഡലമായ തൃശ്ശൂരില്‍ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് ബി.ജെ.പിക്ക് നേരത്തെ തന്നെ ഉറപ്പുമുണ്ടായിരുന്നു.

കേരളത്തില്‍ അക്കൗണ്ട് തുറക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്നത്. തൃശ്ശൂരിലും പാലക്കാടും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി പല തവണയെത്തി റാലികള്‍ നടത്തി. സ്ഥാനാര്‍ഥിക്ക് വോട്ട് എന്നിതനപ്പുറം മോദിക്ക് വോട്ട് എന്ന തരത്തില്‍ ബി.ജെ.പി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂട് പിടിപ്പിച്ചു. തൃശ്ശൂര്‍ മണ്ഡലത്തിലടക്കം പോസ്റ്ററുകളിലും ഹോർഡിങ്ങുകളിലും സ്ഥാനാർഥിയേക്കാൾ നിറഞ്ഞ് നിന്നത് മോദി തന്നെയായിരുന്നു. ഇത് ഗുണം ചെയ്തുവെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടന്നത്.

ഇന്ത്യാ മുന്നണിയുടെ ഭാഗമായിട്ടും എല്‍.ഡി.എഫും-യു.ഡി.എഫും പരസ്പരം ഏറ്റുമുട്ടിയതിന്റ ഗുണം തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് ബി.ജെ.പി കരുതുന്നത്. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരവും വോട്ടായിട്ടുണ്ടെന്ന് ബി.ജെ.പി കണക്ക് കൂട്ടുന്നു. ബി.ജെ.പി എ.പ്ലസ് മണ്ഡലമായി കണക്കാക്കിയ തൃശ്ശൂരില്‍ മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത പടലപ്പിണക്കത്തിലും ബി.ജെ.പി കണ്ണുവെച്ചിരുന്നു. മാത്രമല്ല, ക്രിസ്ത്യന്‍ വിഭാഗങ്ങളിലടക്കം ബി.ജെ.പിയോടുണ്ടായിരുന്ന തൊട്ടുകൂടായ്മയ്ക്ക് മാറ്റം വന്നതും പല മണ്ഡലങ്ങളിലും തങ്ങള്‍ക്ക് ഗുണം ചെയ്തുവെന്ന്  ബി.ജെ.പി കണക്കൂകൂട്ടുന്നുണ്ട്.