തിരുവനന്തപുരം:  സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി പ്രവീണിനെ ഇ.ഡി പേടിയില്‍നിന്ന് രക്ഷിക്കുമെന്ന് ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ ഉറപ്പ്. ഇന്ത്യാമഹാരാജ്യത്ത് ഞങ്ങളുള്ളിടത്തോളം കാലം അക്കാര്യത്തില്‍ പേടിവേണ്ട എന്നാണ് അദ്ദേഹം ഉറപ്പുനല്‍കിയത്.  സിഎസ്ഐ സഭ മഹായിടവക ആസ്ഥാനത്തുവച്ച് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികള്‍ക്ക് ഇടവകാംഗങ്ങളുമായി സംവദിക്കാന്‍ അവസരം ഒരുക്കിയിരുന്നു. ഇതില്‍ ആദ്യമെത്തിയ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പ്രസംഗിച്ചു കഴിഞ്ഞയുടന്‍ ഇടവകയിലെ പുരോഹിതനാണ് സെക്രട്ടറി നേരിടുന്ന ഇ.ഡി അന്വേഷണത്തെപറ്റി പരാമര്‍ശിച്ചത്. 

To advertise here,

അന്യായയമായി സമ്പാദിക്കുന്നവര്‍ നാട്ടിലുണ്ടായിരിക്കെ ന്യായമായി മാത്രം ജീവിക്കുന്ന സഭാ സെക്രട്ടറിയെ ഇ.ഡി. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. ഒരുപാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുമാണ് എന്നുകൂടി പറഞ്ഞാണ് പുരോഹിതന്‍ സംസാരിച്ച് നിര്‍ത്തിയത്. വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രവീണ്‍ ഇ.ഡി കേസിന്റെ വിശദാംശങ്ങള്‍ പറഞ്ഞു. വിഷയത്തില്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വത്ത് വിവരങ്ങള്‍ മുഴുവനും ഇ.ഡിയുടെ പക്കല്‍ ഉണ്ടെന്നും തെറ്റൊന്നും ചെയ്യാത്തതിനാല്‍ പേടിയില്ലെന്നും പ്രവീണ്‍ പറഞ്ഞു. 

പ്രവീണിന്റെ മറുപടിക്കിടെയാണ് ശശി തരൂര്‍ വേദിയിലേക്ക് വരുന്നത്. അപ്പോഴേക്കും രാജീവ് ചന്ദ്രശേഖറും പി.സി ജോര്‍ജും പോകാനായി തുടങ്ങി. പോകാനിറങ്ങിയ സമയത്താണ് പ്രവീണിനെ ചേര്‍ത്ത് നിര്‍ത്തി പി.സി ജോര്‍ജിന്റെ സമാശ്വാസം. ഇ.ഡി കേസൊക്കെ ഉണ്ടെന്ന കാര്യം ഞങ്ങളെയൊക്കെ വിളിച്ച് അറിയിക്കണ്ടെയെന്ന് പി.സി ഉപദേശിച്ചു. ഞങ്ങളൊക്കെ ഈ രാജ്യത്തുള്ളപ്പോള്‍ ഒന്നും പേടിക്കേണ്ടെന്നും സെക്രട്ടറിയെ ആരും ഒരു ചുക്കും ചെയ്യില്ലെന്നും പറഞ്ഞാണ് പി.സി വേദി വിട്ടത്.