പത്തനംതിട്ട: എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ അദ്ദേഹത്തിൻ്റെ മുൻ പ്രസംഗങ്ങൾ മലയാളത്തിൽ വേദിയിൽ. നിർമിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലുള്ള പ്രസംഗങ്ങൾ മലയാളത്തിലാക്കി വേദിയുടെ പിന്നിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചത്. 

To advertise here,

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് മോദി പത്തനംതിട്ടയിലെ വേദിയിലെത്തുക. എന്നാൽ, രാവിലെ ഒമ്പത് മുതൽ എ.ഐ. പ്രസംഗങ്ങൾ പ്രദർശിപ്പിച്ചുതുടങ്ങി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്ത് മോദി പ്രസംഗിച്ചതടക്കമുള്ളതാണ് എ.ഐ.യിലൂടെ മലയാളത്തിലേക്ക് എത്തിയത്. ബി.ജെ.പി സർക്കാരിൻ്റെ നേട്ടങ്ങളായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം.

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനങ്ങളിലൊന്നാണ് പത്തനംതിട്ടയിൽ നടക്കുന്നത്. 11.45 ഓടെ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങൾ ആരംഭിച്ചു. അടുത്തിടെ ബി.ജെ.പി.യിൽ ചേർന്ന പി.സി ജോർജ്, പത്മജ വേണുഗോപാൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരും എത്തിയിട്ടുണ്ട്.