
ബി.ജെ.പി. കേന്ദ്രനേതൃത്വം ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമ്പോഴാണ് പത്തനംതിട്ട മണ്ഡലം ശരിക്കുമൊന്നു ഞെട്ടിയത്. പാര്‍ട്ടിയിലെ പല പ്രമുഖരും കണ്ണുവെച്ചിട്ടുള്ള പാര്‍ട്ടിയുടെ ഈ എ ക്ലാസ് മണ്ഡലത്തിലേക്ക് ആരുവരും എന്ന ആകാംക്ഷയ്ക്കു കിട്ടിയ ഞെട്ടലായിരുന്നു അനില്‍ ആന്റണി എന്ന പേര്. അനിലിന്റെ വരവിനൊപ്പം ഒരുപാട് ചോദ്യങ്ങളും ഒപ്പമുയര്‍ന്നു. തിരഞ്ഞെടുപ്പുരംഗത്ത് തുലോം പരിചയമില്ലാത്ത ഈ ചെറുപ്പക്കാരന് ഒരു എ ക്ലാസ് മണ്ഡലത്തില്‍ എന്തുചെയ്യാനാവുമെന്ന ചര്‍ച്ച എതിര്‍മുന്നണികളില്‍ മാത്രമല്ല ബി.ജെ.പി.യില്‍പ്പോലുമുണ്ടായി.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചുനിന്ന പി.സി. ജോര്‍ജ് ചെറുതായൊന്ന് ഇടഞ്ഞതോടെ അനില്‍ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന ധ്വനിപരന്നു. എല്ലാം ദേശീയതലത്തിലെ തീരുമാനമായതിനാല്‍ ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ പ്രതികരിക്കാതെനിന്നു. ഇതിനിടെ ഒരു കര്‍ഷകമോര്‍ച്ച നേതാവ് അനിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പരസ്യമായി രംഗത്തുവരുകയും അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ദേശീയതലത്തിലെ ഒരു മുതിര്‍ന്ന നേതാവിന്റെ മകനെ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നു എന്ന സന്ദേശമാണ് ദേശീയനേതൃത്വം മുന്നോട്ടുവെച്ചത്. ക്രൈസ്തവഭൂരിപക്ഷമുള്ള പത്തനംതിട്ട മണ്ഡലം അനിലിനായി തിരഞ്ഞെടുക്കുകയായിരുന്നു.
തനിക്കെതിരേയുള്ള എതിര്‍ശബ്ദങ്ങള്‍ വിനയാകുമെന്ന തിരിച്ചറിവില്‍ തന്നെയാണ് അനില്‍ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുശേഷം മണ്ഡലത്തിലേക്കെത്തിയത്. അതിനായി നേരേ പോയത് പൂഞ്ഞാറിലേക്ക്. പി.സി. ജോര്‍ജിനെ ഒന്നു തണുപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അക്കാര്യത്തില്‍ ആദ്യജയംകണ്ടു എന്നുതന്നെ പറയാം. പി.സി. ജോര്‍ജ് ആദ്യം പറഞ്ഞതൊക്കെ ഒന്നു തിരുത്തി, പൂര്‍ണസഹകരണം വാഗ്ദാനംചെയ്തതോടെ മഞ്ഞുരുക്കുന്നതില്‍ അനില്‍ വിജയിച്ചു. പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.സി. ജോര്‍ജ് വന്ന് ശക്തമായ പിന്തുണപ്രസംഗം നടത്തുകയും കെട്ടിവെക്കാനുള്ള തുക നല്‍കുകയും ചെയ്തതോടെ ബി.ജെ.പി. ക്യാമ്പ് ആവേശത്തിലായി.
കേരളത്തില്‍ നരേന്ദ്രമോദി ആദ്യമായി പ്രചാരണത്തിനുവന്നത് അനിലിനുവേണ്ടിയായിരുന്നു എന്നത് ദേശീയനേതൃത്വത്തിന്റെ നിലപാടുറപ്പിക്കുന്ന ഒന്നായിമാറുകയും ചെയ്തു. മോദി പങ്കെടുത്ത ചടങ്ങില്‍, തനിക്ക് മോദിയുമായുള്ള അടുപ്പം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുന്നതിലും അനില്‍ വിജയിച്ചു. മുന്‍പരിചയം ഇല്ലാതിരുന്നിട്ടും പ്രചാരണരംഗത്തേക്ക് അനില്‍ സജീവമായി. ജയിക്കുകയെന്നതില്‍ക്കവിഞ്ഞ് ഒന്നുമില്ലെന്ന നിലപാട് തുടക്കംമുതല്‍ നിലനിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രചാരണം.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 2,97,396 വോട്ടാണ് നേടിയത്. ശബരിമല വിഷയം കത്തിനിന്ന തിരഞ്ഞെടുപ്പായിരുന്നു അത്. മൂന്നാം സ്ഥാനത്തായിരുന്നു സുരേന്ദ്രന്‍. അദ്ദേഹം പിടിച്ച വോട്ടുകള്‍ നിലനിര്‍ത്തുകയും അധികമായി ചുരുങ്ങിയത് 85,000 വോട്ടുകള്‍ അനില്‍ സമാഹരിച്ചെങ്കില്‍മാത്രമേ വിജയം ഉറപ്പാക്കാന്‍ കഴിയൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന എല്ലാ ഘടകങ്ങളും ഇപ്പോള്‍ ഇല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പകരം മോദിസര്‍ക്കാരിനുവേണ്ടി വോട്ടുചോദിക്കുന്നു എന്ന ശൈലി എന്‍.ഡി.എ. പൂര്‍ണമായും സ്വീകരിച്ചു. താനല്ല ഇവിടെ മത്സരിക്കുന്നതെന്നും നരേന്ദ്രമോദിയാണെന്നും അനില്‍ ആന്റണിതന്നെ വേദികളില്‍ പറയുന്നുണ്ട്.
അനില്‍ പത്തനംതിട്ടയില്‍ മത്സരിക്കാന്‍ വരുന്നു എന്ന പ്രഖ്യാപനം വന്നപ്പോള്‍മുതല്‍ ഉയര്‍ന്നുകേട്ട ചോദ്യമായിരുന്നു പിതാവും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി, യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുതേടാന്‍വരുമോ എന്ന കാര്യം. പ്രചാരണം തുടങ്ങി രണ്ടാഴ്ച ഇതുസംബന്ധിച്ച ഒരു പ്രതികരണവും രണ്ടിടത്തുനിന്നും ഉണ്ടായതുമില്ല.
എന്നാല്‍, പത്തനംതിട്ട പ്രസ് ക്ലബ്ബില്‍നടന്ന ഒരു സംവാദത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ഭാഗത്തുനിന്ന് പുല്‍വാമ വിഷയത്തിലെ പ്രതികരണത്തെ തുടര്‍ന്നാണ് എ.കെ. ആന്റണി ആദ്യമായി അനിലിലൂടെ ചിത്രത്തിലേക്കുവന്നത്. രാജ്യവിരുദ്ധനായ ആന്റോക്കുവേണ്ടി ദേശസ്‌നേഹികളായ ആരും പ്രചാരണത്തിനുവരില്ലെന്ന് അനില്‍ പറഞ്ഞത് എ.കെ. ആന്റണി പ്രചാരണത്തിനുവരുമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു.
എന്നാല്‍, അതിന്റെ ആന്റി ക്ലൈമാക്‌സ് ചൊവ്വാഴ്ചയാണുണ്ടായത്. ആന്റണി മകന്‍ തോല്‍ക്കണമെന്നു പറഞ്ഞത് എന്‍.ഡി.എ. ക്യാമ്പുകളില്‍ നന്നായി കൊണ്ടു. അച്ഛനോട് സഹതാപം എന്നു മകന് പറയേണ്ടിവരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. പിതാവിനെക്കുറിച്ച് അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്നതില്‍ അനില്‍ അതിശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിലെ അസംതൃപ്തരുടെയും ക്രൈസ്തവമേഖലയില്‍നിന്നുള്ളവരുടെയും വോട്ടുകളിലുള്ള പ്രതീക്ഷകള്‍ അസ്തമിക്കാന്‍ അതിടയാക്കും എന്ന തിരിച്ചറിവിലാണത്.
അച്ഛന്‍-മകന്‍ പ്രശ്‌നം ഉയര്‍ന്നുവന്ന ദിവസംതന്നെയാണ് അനിലിന് അടുത്ത ആരോപണം നേരിടേണ്ടിവന്നത്. 2013-ല്‍ 25 ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിനെ അത് തെളിയിക്കാന്‍ അനില്‍ വെല്ലുവിളിച്ചു. എന്നാല്‍, ഈ വിഷയം തന്നെ അത്ര ഏശില്ലെന്ന മട്ടിലായിരുന്നു അനിലിന്റെ സമീപനം.
വിവാദങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും അനില്‍ ആന്റണി മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനരാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമാണിപ്പോള്‍.
തനിക്ക് ഇതിലൊന്നും ശ്രദ്ധിക്കാന്‍ സമയമില്ലെന്ന മട്ടില്‍ പതിവുപോലെ അനില്‍ പ്രചാരണരംഗത്തുണ്ട്. പത്തനംതിട്ടയുടെ വികസനം മോദിലൈനില്‍ പിടിക്കുകയാണ് അദ്ദേഹം. പത്തനംതിട്ടയ്ക്കുവേണ്ടി പ്രത്യേകം പ്രകടനപത്രിക ഇറക്കിയായിരിക്കും വരുംദിവസങ്ങളില്‍ വോട്ടര്‍മാരെ കാണുക. പ്രചാരണഗാനത്തിനൊപ്പം വാഹനത്തില്‍നിന്ന് നൃത്തംചെയ്തും കോളേജുകള്‍ അടക്കമുള്ള മേഖലകള്‍ സന്ദര്‍ശിച്ചും പരമാവധി യുവത്വത്തെ ഒപ്പംകൂട്ടാനുള്ള ശ്രമങ്ങളും അനില്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം ആരാധനാലയങ്ങളിലും വിട്ടുപോകാതെ എത്തുന്നുണ്ട്. മണ്ഡലം പത്തനംതിട്ടയാണ്, അതും വേണമെന്ന ചിന്തയില്‍.
Content Highlights: pathanamthitta lok sabha election and anil antony controversy
Published: 11 Apr 2024, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented