
മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലം, രാഷ്ട്രീയത്തെ സ്വാധീനിക്കും വിധം സാമുദായിക ചേരുവകളും കെട്ടുപിണഞ്ഞുകിടക്കുന്ന മാവേലിക്കര. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം, കത്തോലിക്ക സഭയുടെ രൂപതകൾ, വിവിധ ക്രൈസ്‌തവ സഭകളുടെ ഭദ്രാസനങ്ങൾ, വിശ്വകർമസഭയുടെ ആസ്ഥാനം, കേരള പുലയർ മഹാസഭയുടെ ശക്തമായ യൂണിയനുകൾ അങ്ങനെ നിരവധി സാമുദായിക സംഘടനകളുടെ പ്രഭാവം പ്രബലമാണ് സംവരണമണ്ഡലമായ മാവേലിക്കരയിൽ. കോൺഗ്രസിൻ്റെ ത്രിവർണം പാറിയ തിരഞ്ഞെടുപ്പ് ജയങ്ങൾക്കാണ് മാവേലിക്കര ഏറെയും സാക്ഷിയായത്. എങ്കിലും ഇടതിനോട് പൂർണമായും ഇടഞ്ഞു നിൽക്കുന്ന മണ്ഡലമാണ് മാവേലിക്കരയെന്നും പറയാനാകില്ല. കോൺഗ്രസ് സിറ്റിങ്ങ് എം.പി.യെ തോൽപ്പിച്ച് എൽ.ഡി.എഫ്. അട്ടിമറി വിജയം നേടിയ ചരിത്രവും മാവേലിക്കരയ്ക്ക് പറയാനുണ്ട്.
തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പിലും കൊടിക്കുന്നിൽ സുരേഷിനെ പാർലമെൻ്റിലേക്ക് വണ്ടി കയറ്റിവിട്ട മണ്ഡലത്തിൽ വിജയസാധ്യതയുള്ള മറ്റൊരാളെ പകരംവെയ്ക്കാൻ കോൺഗ്രസിനില്ല. കൊടിക്കുന്നിൽ വിജയക്കൊടി പാറിച്ച മാവേലിക്കര ഏതുവിധേനയും പിടിച്ചെടുക്കുമെന്ന നിശ്ചയദാർഢ്യത്തിലാണ് പുതുമുഖമായ സി.എ. അരുൺകുമാറിനെ സി.പി.ഐ. രംഗത്തിറക്കിയത്. എൽ.ഡി.എഫിനു മേൽക്കൈയുള്ള നിയമസഭാ മണ്ഡലങ്ങളുടെ കരുത്ത് ലോക്സഭയിൽ തങ്ങളെ തുണയ്ക്കുമെന്ന വിശ്വാസം ഇടതുമുന്നണിക്കുണ്ട്.
മണ്ഡലം രൂപീകൃതമായ 1962 മുതൽ 2019 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ കൂടുതൽ തവണയും ജനഹിതം യു.ഡി.എഫിനു അനുകൂലമായിരുന്നു. ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴും തൊട്ടടുത്ത വര്‍ഷം തിരിച്ചുപിടിക്കാൻ യു.ഡി.എഫിനു കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ, ഇത്തവണ മാവേലിക്കര ഇടത്തേക്ക് ചായുമെന്നാണ് എല്‍ഡിഎഫിന്റെ ഉറച്ച പ്രതീക്ഷ. എൻ.ഡി.എക്ക് വേരോട്ടമുള്ള മണ്ണിൽ വോട്ടിൻ്റെ നല്ലൊരു പങ്ക് റാഞ്ചാൻ ബി.ഡി.ജെ.എസും കച്ചമുറുക്കി കഴിഞ്ഞു. ഹാട്രിക് വിജയം സമ്മാനിച്ച മാവേലിക്കരയിൽ ഇത്തവണയും കൊടിക്കുന്നിലിൻ്റെ ജനസമ്മതി വോട്ടാകുമെന്ന പ്രതീക്ഷ യു.ഡി.എഫ് കൈവിടുന്നില്ല. എന്നാൽ, ഇതുവരെ പുറത്തുവന്ന പ്രീപ്പോൾ സര്‍വേകള്‍ എൽ.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ മാവേലിക്കരയുടെ അടിയൊഴുക്കുകൾ എങ്ങോട്ടാകും?
ഇടവും വലവും തിരിഞ്ഞ മാവേലിക്കര
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്താനാപുരം എന്നിങ്ങനെ ഏഴുനിയമസഭാ മണ്ഡലങ്ങളിലായി നീണ്ടുനിവർന്നു കിടക്കുകയാണ് മാവേലിക്കര. ഭൂമിശാസ്ത്രപരമായി ഇത്രയേറെ വ്യത്യസ്‌തതകളുള്ള മണ്ഡലം വേറെയില്ലെന്നു തന്നെ പറയേണ്ടിവരും. ഭൂപ്രകൃതി പേലെ തന്നെ വൈവിധ്യം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയഭൂമികയും. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്‌ത രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മണ്ഡലം എന്നൊരു പ്രത്യേകത മാവേലിക്കരയ്ക്കുണ്ട്. കഴിഞ്ഞ 15 വർഷമായി കോൺഗ്രസ് കുത്തകയാക്കിയ മാവേലിക്കരയിലെ ഏഴു നിയമസഭാമണ്ഡലങ്ങളും സി.പി.എമ്മിന്റെയും ഘടകകക്ഷികളുടെയും ഭരണത്തിലാണ്. കൊട്ടാരക്കരയിൽ നിന്ന് കെ.എൻ. ബാലഗോപാൽ, പത്തനാപുരത്ത് നിന്ന് കെ.ബി.ഗണേഷ് കുമാർ, ചെങ്ങന്നൂരിൽ നിന്ന് സജി ചെറിയാൻ എന്നിങ്ങനെ മൂന്ന് സംസ്ഥാനമന്ത്രിമാരുള്ള മണ്ഡലമെന്ന കൗതുകവും മാവേലിക്കരയ്ക്കുണ്ട്.
| നിയമസഭാ മണ്ഡലം | എം.എൽ.എ | പാർട്ടി |
| കുട്ടനാട് | തോമസ് കെ.തോമസ് | എൻ.സി.പി. |
| മാവേലിക്കര | എം.എസ്. അരുൺ കുമാർ | സി.പി.ഐ. |
| ചെങ്ങന്നൂർ | സജി ചെറിയാൻ | സി.പി.എം. |
| കുന്നത്തൂർ | കോവൂർ കുഞ്ഞുമോൻ | ആർ.എസ്.പി.(എൽ) |
| കൊട്ടാരക്കര | കെ.എൻ. ബാലഗോപാൽ | സി.പി.എം. |
| പത്തനാപുരം | കെ.ബി. ഗണേഷ് കുമാർ | കേരളാ കോൺഗ്രസ്(ബി) |
| ചങ്ങാനാശ്ശേരി | ജോബ് മൈക്കിൾ | കേരളാ കോൺഗ്രസ്(എം) |
1952-ല്‍ ഇതു തിരുവല്ല മണ്ഡലമായിരുന്നു. ആദ്യ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി.പി.മാത്തനായിരുന്നു ജയം. സംസ്ഥാനരൂപീകരണത്തിനു ശേഷം 1957-ല്‍ അടുത്ത തിരഞ്ഞെടുപ്പ്. അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി പി.കെ.വാസുദേവന്‍ നായര്‍ മണ്ഡലം പിടിച്ചെടുത്തു. 1962 ആയപ്പോള്‍ മണ്ഡലത്തിന്റെ പേര് മാവേലിക്കര എന്നായി. മാവേലിക്കരയായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ആർ. അച്ചുതനായിരുന്നു ജയം. 1967-ലെ തിരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രസിനെ തള്ളി സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ ജി.പി.മംഗലത്തുമഠത്തിനൊപ്പം നിന്നു. 1971-ൽ സി.പി.എമ്മിൻ്റെ എസ്.രാമചന്ദ്രപിള്ളയെ അടിതെറ്റിച്ച് സി.പി.ഐ. -കോൺഗ്രസ് മുന്നണി സ്ഥാനാർഥിയായി ആർ.ബാലകൃഷ്ണപിള്ള മാവേലിക്കര പിടിച്ചെടുത്തു. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ലോക്സഭയിലേക്കുള്ള ബാലകൃഷ്ണപിള്ളയുടെ ആദ്യ പ്രവേശനമായിരുന്നു അന്നത്തെ ജയം.
1977-ൽ കോൺഗ്രസിൻ്റെ ബി.കെ. നായർക്ക് വിജയം. 1980-ൽ അരങ്ങേറ്റ മത്സരത്തിനായി രംഗത്തിറങ്ങിയ പി.ജെ.കുര്യൻ എൽ.ഡി.എഫ്. സ്വതന്ത്രനായ തേവള്ളി മാധവൻ പിള്ളയെ പരാജയപ്പെടുത്തി കോൺഗ്രസിനെ വീണ്ടും വിജയത്തിലെത്തിച്ചു. 1984-ൽ കോൺഗ്രസിൽ നിന്ന് ജനതാപാർട്ടി മാവേലിക്കര പിടിച്ചെടുത്തു. 1989-ൽ ഇടുക്കിയിൽ നിന്നും മടങ്ങിയെത്തിയ പി.ജെ.കുര്യൻ വീണ്ടും മാവേലിക്കരയെ യു.ഡി.എഫ്. പക്ഷത്തെത്തിച്ചു. പിന്നീട് 1991-ലും, 1996-ലും, 1998-ലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പി.ജെ.കുര്യൻ വിജയം ആവർത്തിച്ചു. എന്നാൽ ഭൂരിപക്ഷം നിലനിർത്താൻ പി.ജെ. കുര്യനായില്ല. 98-ൽ എൽ.ഡി.എഫ്. സ്വതന്ത്രനായിരുന്ന നൈനാൻ കോശിയോട് കഷ്ടിച്ച് 1261 വോട്ടുകൾക്കായിരുന്നു കുര്യൻ്റെ ജയം. അതിനു ശേഷം കുര്യൻ മാവേലിക്കര വിട്ട് ഇടുക്കിയിലേക്ക് കൂടൂമാറി. 1999-ൽ രമേശ് ചെന്നിത്തലയെ ഇറക്കി കോൺഗ്രസ് മാവേലിക്കര നിലനിർത്തി. എന്നാൽ 2004-ൽ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി സി.പി.എമ്മിൻ്റെ സി.എസ് സുജാത അട്ടിമറി വിജയം നേടി.
| വർഷം | ലോക്സഭാംഗം | പാർട്ടി |
| 1962 | ആർ. അച്ചുതൻ | കോൺഗ്രസ് |
| 1967 | ജി.പി. മംഗലത്തുമഠം | സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി |
| 1971 | ആർ. ബാലകൃഷ്ണപിള്ള | കേരളാ കോൺഗ്രസ് |
| 1977 | ബി.കെ. നായർ | കോൺഗ്രസ് |
| 1980 | പി.ജെ.കുര്യൻ | കോൺഗ്രസ് |
| 1984 | തമ്പാൻ തോമസ് | ജനതാ പാർട്ടി |
| 1989 | പി.ജെ. കുര്യൻ | കോൺഗ്രസ് |
| 1991 | പി.ജെ. കുര്യൻ | കോൺഗ്രസ് |
| 1996 | പി.ജെ. കുര്യൻ | കോൺഗ്രസ് |
| 1998 | പി.ജെ. കുര്യൻ | കോൺഗ്രസ് |
| 1999 | രമേശ് ചെന്നിത്തല | കോൺഗ്രസ് |
| 2004 | സി.എസ്. സുജാത | സി.പി.എം. |
| 2009 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
| 2014 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
| 2019 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
വിജയ 'കൊടി'ക്കുന്നിൽ
2009-ൽ മധ്യതിരുവിതാംകൂറിലെ സ്ഥിരം സംവരണ മണ്ഡലമായ അടൂർ മണ്ഡലപുനർനിർണയത്തിൽ ഇല്ലാതായപ്പോൾ സംവരണപദവി മാവേലിക്കരയ്ക്ക് കൈവന്നു. അടൂരിന് പകരം പത്തനംതിട്ട ജനറല്‍ സീറ്റായി. സംവരണമണ്ഡലമായ ശേഷം 2009-ൽ നടന്ന തിരഞ്ഞെടുപ്പിൽ അടൂരിലെ സിറ്റിങ് എം.പി.യായിരുന്ന കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ മത്സരിച്ചു. അന്നുമുതൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെയും കൊടിക്കുന്നിലല്ലാതെ മറ്റൊരു ഉത്തരം മാവേലിക്കരയ്ക്കുണ്ടായിരുന്നില്ല. അടൂരിൽ നിന്നും മാവേലിക്കരയിൽ നിന്നുമായി ഏഴുതവണയാണ് കൊടിക്കുന്നിൽ പാർലമെൻ്റിൽ വിജയക്കൊടി നാട്ടിയത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് കൊടിക്കുന്നിലിന്റെ വരവ്. തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിയമവിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യമായി സ്ഥാനാര്‍ഥി ടിക്കറ്റ് ലഭിക്കുന്നത്. അന്ന് കെ.എസ്.യു. സംസ്ഥാനവൈസ്പ്രസിഡന്റായി വിജയിച്ച കൊടിക്കുന്നില്‍ പിന്നീട് അടൂരില്‍ സ്ഥാനാര്‍ഥിയായി. 1989-ല്‍ 27-ാം വയസ്സിലായിരുന്നു കന്നിയങ്കം. സി.പി.ഐ.യുടെ എന്‍. രാജനായിരുന്നു എതിരാളി. 21,542 വോട്ടിന്റെ ഭൂരിപക്ഷം നേടി കന്നിപോരാട്ടത്തില്‍ കൊടിക്കുന്നില്‍ പാര്‍ലമെന്റിലേക്ക് വണ്ടികയറി. 1991-ല്‍ അടുത്ത തിരഞ്ഞെടുപ്പെത്തി. സി.പി.ഐ.യുടെ ഭാര്‍ഗവി തങ്കപ്പനായിരുന്നു എതിരാളി. ഭൂരിപക്ഷം 18,595 ആയി കുറഞ്ഞെങ്കിലും അടൂരുകാര്‍ അത്തവണയും കൊടിക്കുന്നിലിനെ കൈവിട്ടില്ല.
1996-ലെ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യുടെ പി.കെ. രാഘവനെ 65,545 വോട്ടിന് തോല്‍പ്പിച്ച് അടൂരിലെ ഹാട്രിക് പൂര്‍ത്തിയാക്കി. പക്ഷേ അടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.ഐ. രംഗത്തിറക്കിയക്കിയ പുതുമുഖമായ ചെങ്ങറ സുരേന്ദ്രനു മുന്നില്‍ കൊടിക്കുന്നിലിനു കാലിടറി. 98-ല്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ 17005 വോട്ടുകള്‍ക്ക് കൊടിക്കുന്നിലിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു. ഒരു വര്‍ഷം കഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പില്‍ 22,006 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചെങ്ങറയെ തോല്‍പ്പിച്ച് പ്രതികാരം വീട്ടി. എന്നാല്‍ 2004-ല്‍ ചെങ്ങറയ്ക്ക് മുന്നില്‍ 54,534 വോട്ടുകള്‍ക്ക് കൊടിക്കുന്നില്‍ പിന്നെയും വീണു.
പോരു മുറുക്കിയ മാവേലിക്കര
അടൂര്‍ മണ്ഡലം ഇല്ലാതായി 2009-ൽ മാവേലിക്കരയിലേക്കെത്തിയപ്പോള്‍ പി.കെ. രാഘവന്റെ മകന്‍ ആര്‍.എസ്. അനിലും എൻ.ഡി.എ.യുടെ പി.എം. വേലായുധനുമായിരുന്നു എതിരാളികൾ. 48,048 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കൊടിക്കുന്നിൽ പതിനഞ്ചാമത് ലോക്‌സഭയില്‍ സ്ഥാനമുറപ്പിച്ചു. പക്ഷേ ആ വിജയം അല്‍പം കയ്പുനിറഞ്ഞതായിരുന്നു. സംവരണമണ്ഡലമായ മാവേലിക്കരയില്‍ നിന്ന് വിജയിച്ച കൊടിക്കുന്നില്‍ പട്ടികജാതിക്കാരനല്ലെന്ന് കണ്ട് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി. രണ്ട് വ്യത്യസ്ത ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും സംവരണാനൂകൂല്യമില്ലെന്നും ചൂണ്ടിക്കാട്ടി ആര്‍.എസ്. അനിലും റണ്ട് വോട്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പിന്നീട് രണ്ടുവര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി 2011-ല്‍ കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് ശരിവെയ്ക്കുകയായിരുന്നു.

2014-ൽ മാവേലിക്കരയിലെ രണ്ടാമങ്കത്തിൽ കാത്തിരുന്ന എതിരാളി അടൂർ മണ്ഡലത്തിൽ കൊടിക്കുന്നിലിനെ നില തെറ്റിച്ച ചെങ്ങറ സുരേന്ദ്രനായിരുന്നു. ഒപ്പം എൻ.ഡി.എ. സ്ഥാനാർഥിയായി അന്നത്തെ യുവമോർച്ച സംസ്ഥാന പ്രസിഡൻ്റായിരുന്ന പി.സുധീറും. കുട്ടനാട് പാക്കേജ് നടപ്പാക്കാനാകാതിരുന്നതും അന്നത്തെ സോളാർ വിവാദവുമൊക്കെ പ്രചാരാണായുധമാക്കി കൊടിക്കുന്നിലിനെ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും 32,737 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി.

ശബരിമല പ്രശ്നം കൊടുമ്പിരി കൊണ്ട 2019-ലായിരുന്നു കൊടിക്കുന്നിലിൻ്റെ മാവേലിക്കരയിലെ മൂന്നാമങ്കം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ നാമജപഘോഷയാത്ര നടന്ന സ്ഥലമാണ് മാവേലിക്കര. കേരളമാകെ യു.ഡി.എഫ്. തരംഗം ആഞ്ഞടിച്ച സാഹചര്യവുമായിരുന്നു അന്ന്. മണ്ഡലത്തിൽ ആണിയടിച്ചുറപ്പിച്ച കൊടിക്കുന്നിലിൻ്റെ അധീശത്വത്തെ നേരിടാൻ അടൂരിൽ സിറ്റിങ്ങ് എം.എൽ.എ.യായ ചിറ്റയം ഗോപകുമാറിനെയാണ് സി.പി.ഐ. ഇറക്കിയത്. ബി.ഡി.ജെ.എസിൻ്റെ തഴവ സഹദേവനെ എൻ.ഡി.എ. സ്ഥാനാർഥിയായും രംഗത്തിറക്കി. ചിറ്റയം ഗോപകുമാർ 3,76497 വോട്ടും തഴവ സഹദേവൻ 1,32323 വോട്ടുകളും നേടിയപ്പോൾ 61500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 4,37997 വോട്ടുകളുമായി കൊടിക്കുന്നിൽ ഹാട്രിക് വിജയം ഉറപ്പിക്കുകയായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും മണ്ഡലങ്ങളിൽ എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. ചങ്ങനാശ്ശേരിയൊഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്കൊപ്പം നിന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും കൊടിക്കുന്നിൽ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ശബരിമല വിഷയം മെച്ചമുണ്ടാക്കിയതും കൊടിക്കുന്നിലിനാണ്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയോളം വോട്ടുനേടാൻ എൻ.ഡി.എയ്ക്കായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 53,291 വോട്ടുകളോളം എൻ.ഡി.എ.യ്ക്ക് കുറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മോദിവിരുദ്ധ വോട്ടും എൽ.ഡി.എഫിനൊപ്പം തന്നെ യു.ഡി.എഫിലേക്കും എത്തിച്ചേർന്നു.

അട്ടിമറിക്കുമോ അരുൺകുമാർ?
സി.പി.ഐ.യുടെ നാലു മണ്ഡലങ്ങളിൽ തൃശ്ശൂരും മാവേലിക്കരയിലുമാണ് മുന്നണി ഏറെ വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നത്. കൊടിക്കുന്നിലിൻ്റെ കരുത്തിനെ നേരിടാൻ ചിറ്റയം ഗോപകുമാറിൻ്റെയും ചെങ്ങറ സുരേന്ദ്രൻ്റെയും പേരുകളൊക്കെ പരിഗണിച്ചിരുന്നെങ്കിലും ഇക്കുറി ഒരു യുവനേതാവിനെ പരീക്ഷിക്കാമെന്ന നേതൃത്വത്തിൻ്റെ ചർച്ചകളാണ് സ്ഥാനാർഥിത്വം അരുണ്‍കുമാറിലേക്ക് എത്തിച്ചത്. മന്ത്രി പി. പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ അരുണ്‍ നിലവില്‍ എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
അതിനിടെ കൊല്ലം, കോട്ടയം ജില്ലാഘടകങ്ങളാണ് ചിറ്റയം ഗോപകുമാറുൾപ്പടെ മറ്റു ചില പേരുകളും നിര്‍ദേശിക്കുന്ന സാഹചര്യമുണ്ടായി. അനിശ്ചിതത്വത്തിനൊടുവിൽ അരുണിലേക്കുതന്നെ സ്ഥാനാര്‍ഥിത്വമെത്തി. ഔദ്യോഗിക തീരുമാനമായതോടെ അതിവേഗം തിരഞ്ഞെടുപ്പു പ്രചാരണരംഗത്തിറങ്ങാന്‍ കഴിഞ്ഞു. അരുണ്‍കുമാര്‍ പ്രചാരണം ആരംഭിച്ചിട്ടുമുണ്ട്. വികസന പ്രവർത്തനങ്ങളിലൂന്നിയാണ് സി.പി.ഐ.യുടെ പ്രചരണം. മാവേലിക്കരയിലെ ജനങ്ങൾ മാറ്റമാഗ്രഹിക്കുന്നുണ്ടെന്നും അത് ഇടത്തേക്ക് വോട്ടൊഴുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മുന്നണിയും പ്രവർത്തകരും.
കെ.പി.എം.സ്സിന് ശക്തമായ സ്വാധീനം മാവേലിക്കരയിലുണ്ട്. അതുകൊണ്ടുതന്നെ വിജയസാധ്യത കണക്കിലെടുത്ത് കെ.പി.എം.എസ്. നേതാവ് പുന്നല ശ്രീകുമാറിനെ പൊതുസ്വതന്ത്രനായി മണ്ഡലത്തിലിറക്കണമെന്ന ആവശ്യം സി.പി.ഐ.ക്ക് മുന്നിൽ സി.പി.എം. വെച്ചിരുന്നു. എന്നാൽ യാതൊരുവിധേനയും മണ്ഡലം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ സി.പി.ഐ. ഉറച്ചുനിൽക്കുകയായിരുന്നു. കുട്ടനാട് മണ്ഡലത്തിൽ സി.പി.എം. വിട്ട് സി.പി.ഐ.യിലെത്തിയ ഇരുന്നോറോളം മെമ്പർമാർ മണ്ഡലത്തിൽ കരുത്താകുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.

നേട്ടം കൊയ്യാൻ എൻ.ഡി.എ.യും
സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ഏതാണ്ട് ഒരുവർഷം മുമ്പ് തന്നെ മണ്ഡലത്തിൽ എൻ.ഡി.എ. പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇക്കുറി മാവേലിക്കരയിൽ ബി.ജെ.പി. സീറ്റുറപ്പിക്കുമെന്ന് മാവേലിക്കര മണ്ഡലത്തിൻ്റെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ ഭഗവന്ത് ഖൂബ പറയുകയും ചെയ്തു. ഖൂബ നടത്തിയ പ്രസ്താവന തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ പോലും വരുന്നതിനും ഏറെ മുമ്പാണെന്നതാണ് ശ്രദ്ധേയം. കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ബി.ജെ.പി. നേതൃത്വം നൽകുന്നത്.

ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷൻ്റെ ആധുനീകരണം ഉൾപ്പടെയുള്ള പദ്ധതികളിലൂന്നിയുള്ള പ്രചാരണമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണ ബി.ഡി.ജെ.എസാണ് മാവേലിക്കരയില്‍ മത്സരിച്ചത്. ഇക്കുറി ഈ സീറ്റു വേണമെന്ന് ബി.ജെ.പി.ക്ക് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രതലത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കാനാണ് തീരുമാനം. ബി.ഡി.ജെ.എസിന് മാവേലിക്കരയുടെ മണ്ണിൽ ശക്തമായ വേരോട്ടമുണ്ട്. എൻ.ഡി.എ.ക്ക് അട്ടിമറി വിജയം സാധിച്ചില്ലെങ്കിലും എതിരാളികളുടെ വോട്ടുവിഹിതത്തിൽ നിന്ന് നല്ലൊരും പങ്ക് പിടിച്ചെടുക്കാനുള്ള കെൽപ്പ് ബി.ഡി.ജെ.എസ്സിനുണ്ട്.
ഇക്കുറി കൊടിക്കുന്നിലിന് കാലിടറുമോ
മാവേലിക്കരയിൽ കൊടിക്കുന്നിലിന് പകരം മറ്റൊരാളാകും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയെന്നും കുന്നത്തുനാട് എം.എൽ.എ. വി.പി. സജീന്ദ്രൻ ഉൾപ്പടെയുളളവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മാവേലിക്കരയിൽ തനിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും പാർട്ടി നടത്തുന്നില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നിൽ തന്നെ രംഗത്തെത്തി. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തിൽ കൊടിക്കുന്നിൽ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു.
61-കാരനായ കൊടിക്കുന്നിൽ ഇതുവരെ ലോക്സഭയിലേക്ക് മത്സരിച്ചത് 9 തവണയാണ്. ഏഴുതവണ ലോക്സഭാംഗമായി. 1989 മുതലുള്ള 35 വർഷങ്ങളിൽ രണ്ടു ചെറിയ കാലഘട്ടമൊഴിച്ചാല്‍ എം.പി. സ്ഥാനത്ത് തുടർന്നയാളാണ്. എം.പി.യെന്ന നിലയിലുള്ള ദീര്‍ഘകാല പരിചയമാണ് കൊടിക്കുന്നിലിന്റെ പ്ലസ് പോയിന്റ്. മണ്ഡലം മുഴുവൻ അറിയാമെന്നതും മണ്ഡലക്കാർക്ക് മുഴുവൻ അറിയാമെന്ന മെച്ചവും കൊടിക്കുന്നിലിനുണ്ട്. കൂടാതെ എൻ.എസ്.എസ്. നേതൃത്വവുമായും ചങ്ങനാശ്ശേരി രൂപതയുമായും മറ്റു ക്രൈസ്തവ സംഘടനകളുമായും കൊടിക്കുന്നിലിനുള്ള ബന്ധവും വോട്ടിൽ സ്വാധീനിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് പുലർത്തുന്നു.

എന്നാൽ, ഇക്കുറി മാവേലിക്കരയിലെ രാഷ്ട്രീയസാഹചര്യം ഇടതിനെ തുണയ്ക്കുമെന്നാണ് മുന്നണിയുടെ വിശ്വാസം. കഴിഞ്ഞ 15 വർഷമായി എം.പി.യായി തുടരുന്ന കൊടിക്കുന്നിലിനെ മണ്ഡലത്തിലുള്ളവർക്ക് മടുത്തുവെന്നും പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്നില്ല എന്നൊക്കെ തരത്തിലുള്ള വിമർശനങ്ങൾ കൊടിക്കുന്നിലിനെതിരെ ഉയരുന്നുണ്ട്. എന്നാൽ വിജയസാധ്യതയുള്ള മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാനില്ലെന്ന പരാധീനതയിലാണ് കോൺഗ്രസ് നേതൃത്വം. എൻ.എസ്.എസ്. നേതൃത്വത്തിന് കൊടിക്കുന്നിലിനുള്ള വിശ്വസ്തത ഗുണം ചെയ്യുമെങ്കിലും എസ്.എൻ.ഡി.പി.യുമായും വെള്ളാപ്പള്ളി നടേശനുമായുമുള്ള നിരന്തരകലഹം ബി.ഡി.ജെ.എസ്സിന് വളക്കൂറുള്ള മണ്ഡലത്തിൽ തിരിച്ചടിയായേക്കും.
കൂടാതെ കോൺഗ്രസിൽ തന്നെ കൊടിക്കുന്നിലിനോട് എതിർപ്പുള്ള ഒരു വിഭാഗമുണ്ടെന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. പാർട്ടിയിലെ ബൂത്ത് പ്രസിഡൻ്റുമാർ മുതൽ മണ്ഡലം പ്രസിഡൻ്റുമാരോട് വരെ കൊമ്പുകോർക്കുന്ന രീതി ദോഷകരമാണ്. ആർ. ബാലകൃഷ്ണപിള്ളയുമായി നിലനിന്നിരുന്ന അസ്വാരസ്യം പത്തനാപുരം കൊട്ടാരക്കര മണ്ഡലങ്ങളിൽ പ്രതികൂലാവസ്ഥ സൃഷ്ടിച്ചേക്കാം. പ്രത്യേകിച്ച് കെ.ബി. ഗണേഷ് കുമാറിന് മന്ത്രിപദവിയുൾപ്പടെ ലഭിച്ച സാഹചര്യത്തിൽ ഇടതുമുന്നണിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകോപനമായ പ്രവർത്തനങ്ങളിൽ ഈ മണ്ഡലങ്ങളിൽ കൊടിക്കുന്നിൽ വിയർത്തേക്കാം.
പല വമ്പൻ നേതാക്കളെയും അടിതെറ്റിച്ച ചരിത്രം യുവനേതാക്കൾക്കുണ്ട്. മാവേലിക്കര മണ്ഡലത്തിൽ തന്നെ കോൺഗ്രസിൻ്റെ കരുത്തുറ്റ നേതാവും സിറ്റിങ്ങ് എം.പി.യുമായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കാലിടറിയത് അന്ന് രാഷ്ട്രീയത്തിൽ ഏറെക്കുറെ പുതുമുഖമായിരുന്ന സി.എസ്. സുജാതയ്ക്ക് മുന്നിലാണെന്നത് ശ്രദ്ധേയമാണ്. ഈ ചരിത്രമാവർത്തിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇടതുമുന്നണി.
വികസനവാഗ്ദാനങ്ങളിൽ പലതും പൂര്‍ണമായി നടപ്പിലാക്കാൻ കൊടിക്കുന്നിലിന് കഴിഞ്ഞില്ല എന്ന ആരോപണവുമുണ്ട്. രാഷ്ട്രീയസാമൂഹിക സംഭവവികാസങ്ങള്‍ പലപ്പോഴും മാവേലിക്കരയിലെ വോട്ടിനെ സ്വാധീനിക്കാറുണ്ട്. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളാണ് മാവേലിക്കര മണ്ഡലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കുട്ടനാട്ടിലെ നെൽ കൃഷി നേരിടുന്ന പ്രശ്നങ്ങളും റബറിൻ്റെയും തേങ്ങയുടെയും വിലയിടിവുമൊക്കെ സാധാരണ കർഷകവിഭാഗത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത. മണ്ഡലത്തില്‍ ആവശ്യത്തിന് കേന്ദ്രപദ്ധതികള്‍ ഇല്ലെന്ന പോരായ്മ ഇവയൊക്കെ തിരഞ്ഞെടുപ്പിൽ നിർണായഘടകങ്ങളാണ്.
ചെറുപ്പക്കാരനെന്നതും പുതുമുഖമെന്നതും അരുണ്‍കുമാറിന് അനുകൂലഘടകമാണ്. സിപിഎമ്മും-സിപിഐയും ഒരേ മനസ്സോടെ ചിട്ടയായപ്രവര്‍ത്തനവും പ്രചാരണത്തിലുണ്ടാകും
കൊടിക്കുന്നിലിന് കൈവെള്ള പോലെ അറിയാവുന്ന മണ്ഡലവും വ്യക്തിബന്ധങ്ങളും. ഇതില്‍ ഏതാകും കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്ന് കണ്ടറിയണം. അതോടൊപ്പം എന്‍ഡിഎ വോട്ടുബാങ്ക് വിപുലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആ ക്ഷീണം ആര്‍ക്ക് തിരിച്ചടിയാകുമെന്നതും ഫലത്തെ ബാധിക്കുന്ന ഘടകങ്ങളാണ്
Content Highlights: who will win in mavelikkara lok sabha constituency kodikunnil suresh or c a arun kumar
Published: 02 Mar 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented