കാസര്‍കോട്: നാമനിര്‍ദേശപത്രികാസമര്‍പ്പണത്തിനുള്ള ടോക്കണ്‍ നല്‍കിയതില്‍ പിഴവാരോപിച്ച് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ കളക്ടറുടെ ചേമ്പറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്റെ നാമനിര്‍ദേശകന് ഒന്നാം ടോക്കണ്‍ നല്‍കിയതാണ് ഉണ്ണിത്താനെ ചൊടിപ്പിച്ചത്.

To advertise here,

തുടര്‍ന്ന് വരണാധികാരിയായ കളക്ടറുടെ ചേമ്പറിന് മുന്നില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എം.എല്‍.എ.മാരായ എ.കെ.എം.അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന് തുടങ്ങിയവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അരമണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവില്‍ കളക്ടര്‍ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച് ഉപവരണാധികാരി പി.ഷാജുവിന് നാമനിര്‍ദേശപത്രിക നല്‍കി.

രാവിലെ ഒന്‍പതിന് കളക്ടറുടെ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. മുന്നിലോ പിന്നിലോ ഒരാളുമുണ്ടായില്ലെന്നും ഒന്നാമത്തെ ടോക്കണ്‍ തനിക്കാണ് നല്‍കേണ്ടതെന്നുമായിരുന്നു ഉണ്ണിത്താന്റെ വാദം. അപ്പോഴേക്കും ഇടതുസ്ഥാനാര്‍ഥിയുടെ നിര്‍ദേശകന്‍ ടോക്കണ്‍ കൈപ്പറ്റി മടങ്ങിയിരുന്നു. അതറിഞ്ഞ ഉണ്ണിത്താന്‍ സമീപത്തുണ്ടായിരുന്ന എം.എല്‍.എ.മാരെയും കൂട്ടി അവിടെയിരുന്നു. താന്‍ വിശ്വാസിയാണെന്നും സമയം നോക്കിയാണ് പത്രിക സമര്‍പ്പിക്കാനെത്തിയതെന്നും സി.സി.ടി.വി. പരിശോധിച്ചോളൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനിടെ ഇടതുനേതാക്കളായ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ., കെ.പി.സതീഷ്ചന്ദ്രന്‍ എന്നിവര്‍ കളക്ടറേറ്റിലെത്തി. വരണാധികാരിയുടെ നടപടിയില്‍ ശരികേടുണ്ടെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ഉണ്ണിത്താന്‍ അവരോട് പറഞ്ഞു. എന്നാല്‍ തങ്ങളുടെ പ്രതിനിധി രാവിലെ 7.45-ന് ഇവിടെ എത്തിയതാണെന്ന് അവരറിയിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥിയോടോ നേതാക്കളോടോ അല്ല പ്രതിഷേധമെന്നും നിങ്ങള്‍ പത്രിക നല്‍കിക്കോളൂവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

സ്വീകരിച്ചത് നിഷ്പക്ഷ നടപടി -വരണാധികാരി

: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് നിഷ്പക്ഷ നടപടിയാണ് സ്വീകരിച്ചതെന്ന് വരണാധികാരിയും കളക്ടറുമായ കെ.ഇമ്പശേഖര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഒന്നിച്ച് നാമനിര്‍ദേശപത്രിക നല്‍കാനെത്തിയാല്‍ അതത് ദിവസം രാവിലെ 10-ന് ടോക്കണ്‍ നല്‍കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.