കാസർകോട്: എൻ.ഡി.എ. കാസർകോട് മണ്ഡലം പ്രചാരണ കൺവെൻഷൻ ഉദ്ഘാടനച്ചടങ്ങിൽ പദ്‌മജ വേണുഗോപാൽ നിലവിളക്ക്‌ കൊളുത്തുമ്പോൾ വേദിയിൽ അകന്നിരുന്ന് ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭൻ.

To advertise here,

വേദിയിലുണ്ടായിരുന്ന സ്ഥാനാർഥി എം.എൽ.അശ്വിനി, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം എം.നാരായണ ഭട്ട്, മേഖലാ ജനറൽ സെക്രട്ടറി പി.സുരേഷ് കുമാർ ഷെട്ടി, ദേശീയ കൗൺസിൽ അംഗങ്ങളായ പ്രമീളാ സി.നായിക്, എം.സഞ്ജീവ ഷെട്ടി, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട ഉൾപ്പെടെയുള്ള നേതാക്കൾ വിളക്കിനരികിലേക്ക് എത്തിയെങ്കിലും പദ്മനാഭൻ വന്നില്ല.

ചടങ്ങിന്റെ ഉദ്ഘാടകനാണെന്നാണ് തന്നോട് പറഞ്ഞിരുന്നതെന്നും സംഘടനയാകുമ്പോൾ ചില ചട്ടങ്ങളുണ്ടെന്നും അത് പാലിക്കാതിരിക്കുന്നത് ക്ഷീണമാകുമെന്നും പദ്മനാഭൻ 'മാതൃഭൂമി'യോട് പറഞ്ഞു. സംഭവത്തിൽ വിഷമമോ പ്രശ്നമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടകയായി തീരുമാനിച്ചിരുന്നത് പദ്‌മജ വേണുഗോപാലിനെ ആയിരുന്നെന്നും മുതിർന്ന നേതാവായ സി.കെ.പദ്മനാഭൻ മുഖ്യാതിഥിയായിരുന്നെന്നും മാറിയിരുന്നത് മറ്റൊരു ഉദ്ദേശ്യം വെച്ചായിരുന്നില്ലെന്നും രവീശതന്ത്രി കുണ്ടാർ പ്രതികരിച്ചു.

കോൺഗ്രസ് പാർട്ടി പിരിച്ചുവിടേണ്ട നേരമായി -പദ്‌മജ വേണുഗോപാൽ

കാസർകോട്: കോൺഗ്രസ് പാർട്ടിയുണ്ടായത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്നും അത് പിരിച്ചുവിടേണ്ട നേരമായെന്നും കെ.കരുണാകരന്റെ മകളും ബി.ജെ.പി. നേതാവുമായ പദ്‌മജ വേണുഗോപാൽ പറഞ്ഞു. എൻ.ഡി.എ. കാസർകോട് പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ കാര്യത്തെക്കുറിച്ച് മുൻപ് അച്ഛൻ തന്നോട് സൂചിപ്പിച്ചിരുന്നതായും അവർ അവകാശപ്പെട്ടു. താനനുഭവിച്ചതും നേരിട്ടതുമായ ഓരോ ദുരനുഭവത്തെയും കൂടെനിന്ന് ചതിച്ചവരെയും കുറിച്ച് അവർ പ്രസംഗത്തിൽ പരാമർശിച്ചു.

ബി.ജെ.പി.യിൽ അംഗത്വമെടുത്തശേഷം ആദ്യമായി ജില്ലയിലെത്തിയ പദ്‌മജയ്ക്ക് എൻ.ഡി.എ. നേതാക്കളും പ്രവർത്തകരും സ്വീകരണം നൽകി. എൻ.ഡി.എ. പാർലമെന്റ് മണ്ഡലം ചെയർമാൻ രവീശ തന്ത്രി കുണ്ടാർ അധ്യക്ഷനായി. കെ.രഞ്ജിത്ത്, പ്രമീള സി.നായക്, സതീഷ് ചന്ദ്ര ഭണ്ഡാരി, വി.ബാലകൃഷ്ണ ഷെട്ടി, വി.രവീന്ദ്രൻ, സി.നാരായണൻ, എ.വേലായുധൻ, വിജയ് കുമാർ റൈ എന്നിവർ സംസാരിച്ചു. കൺവെൻഷനുശേഷം കാസർകോട് നഗരത്തിൽ തുറന്ന വാഹനത്തിൽ റോഡ് ഷോയും നടത്തി.