
ഉറച്ച ഇടതുകോട്ട. ഏത് കൊടുങ്കാറ്റിലും തകരാതെ ഇടതിനൊപ്പം 35 വര്‍ഷം അടിയുറച്ച് നിന്ന മണ്ഡലമാണ് കാസര്‍കോട്. പക്ഷേ 2014 ലില്‍ ടി.സിദ്ദിഖ് വിജയത്തിനടുത്തെത്തി. എന്നാല്‍ 2019 ല്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗം കൂടിയായപ്പോള്‍ എല്‍ഡിഎഫിനെ കൈവിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ മണ്ഡലം യുഡിഎഫിലേക്ക് ചാഞ്ഞു. കേരളത്തിലെ ഏറ്റവും ശക്തമായ മൂന്ന് ഇടതുകോട്ടയെടുത്താല്‍ അതിലൊന്നാണ് കാസര്‍കോട്. എന്നാല്‍ യുഡിഎഫ് ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ചതും കാസര്‍കോട്ടാണ്. ഇടതുപക്ഷത്തിന്റെ ജനകീയ മുഖമായി വളര്‍ന്ന മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ക്ക് പോലും അടിതെറ്റിയ മണ്ഡലമാണ് കാസര്‍കോട്.
കേരളത്തിന്റെ വാലറ്റത്തെ ജില്ല, സപ്തഭാഷാ സംഗമഭൂമി എന്നിങ്ങനെ വിശേഷണങ്ങളുള്ള ജില്ലയാണ് കാസര്‍കോട്. മൂന്നു പതിറ്റാണ്ടായി ഇടത്തേക്ക് ചാഞ്ഞുനിന്ന മണ്ഡലം കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ പരിക്ക് മാറ്റി എല്‍ഡിഎഫ് തിരിച്ചുവന്നു. കാസര്‍കോടും മഞ്ചേശ്വരവും യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ മറ്റ് അഞ്ച് സീറ്റും ഇടതുപക്ഷവും നിലനിര്‍ത്തി. 35 വര്‍ഷം നിധി കാക്കും ഭൂതത്തെ പോലെ എല്‍.ഡി.എഫ്. കാത്തുസൂക്ഷിച്ച മണ്ഡലമാണ് കഴിഞ്ഞ തവണ യുഡിഎഫിലേക്ക് ചാഞ്ഞത്. വയനാട്ടിലേയ്ക്കുളള രാഹുലിന്റെ വരവും ശബരിമല വികാരവും അതിനൊപ്പം പെരിയ ഇരട്ടക്കൊലപാതകവും കൂടിയായതോടെ എല്‍ഡിഎഫിന് അടിതെറ്റുകയായിരുന്നു.
കാസര്‍കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളും ചേര്‍ന്നാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ ബി.ജെ.പി ഉള്‍പ്പെടെ മൂന്നു മുന്നണിയും കരുത്തരാണെങ്കില്‍ കണ്ണൂരിലേക്ക് എത്തുമ്പോള്‍ ബി.ജെ.പിയുടെ സ്വാധീനം തൂലോം തുച്ഛമാണ്. കാസര്‍കോടും മഞ്ചേശ്വരവും സിപിഎമ്മിനെ പിന്തള്ളി രണ്ടാമതാണെങ്കിലും മറ്റ് അഞ്ച് മണ്ഡലങ്ങളില്‍ കാര്യമായ വേരോട്ടമില്ലാത്തതാണ് ബിജെപി പ്രതീക്ഷകള്‍ക്ക് പലപ്പോഴും വിഘാതമാകുന്നത്. 1998 മുതല്‍ ഒരുലക്ഷത്തിന് മേല്‍ വോട്ട് കൃത്യമായി ബിജെപി കിട്ടാറുണ്ട്. മോദി തരംഗം തുടങ്ങിയ 2014 ലില്‍ അത് 1,72,826 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണ അത് 1,76,049 ആയി വീണ്ടും വര്‍ധിച്ചു. ഇത്തവണ രണ്ട് ലക്ഷം കടന്നുള്ള ത്രികോണ പോരാട്ടത്തിലേക്കാണ് ബിജെപി ലക്ഷ്യമിടുന്നത്. യുഡിഎഫ് വിജയത്തിന് വഴിതെളിച്ചതും കാസര്‍കോട്, മഞ്ചേശ്വരം സീറ്റുകളിലെ എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യസമാണ്
2004-ലെ തെരെഞ്ഞെടുപ്പ് വരെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലവും കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തോടെ കൂടിയാണ് തളിപ്പറമ്പ് കണ്ണൂരിനൊപ്പം ചേര്‍ത്തത്. പൊതുവെ ഇടത് മുന്നണിക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തില്‍ അട്ടിമറി വിജയമാണ് 2019-ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ചത്. 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഈ മണ്ഡലം പിടിച്ചെടുത്തത്.
| വര്‍ഷം | സ്ഥാനാര്‍ഥി | പാര്‍ട്ടി | ഭൂരിപക്ഷം |
|---|---|---|---|
| 1957 | എ.കെ. ഗോപാലന് | സി.പി.എം | 5151 |
| 1962 | എ.കെ. ഗോപാലന് | സി.പി.എം | 83362 |
| 1967 | എ.കെ. ഗോപാലന് | സി.പി.എം | 118512 |
| 1971 | രാമചന്ദ്രന്‍ കടന്നപ്പള്ളി | കോൺഗ്രസ് | 28391 |
| 1977 | രാമചന്ദ്രന്‍ കടന്നപ്പള്ളി | കോൺഗ്രസ് | 5035 |
| 1980 | എം.രാമണ്ണ റായ് | സി.പി.എം. | 73574 |
| 1984 | ഐ.രാമ റായ് | കോൺഗ്രസ് | 11373 |
| 1989 | എം.രാമണ്ണ റായ് | സി.പി.എം | 1514 |
| 1991 | എം.രാമണ്ണ റായ് | സി.പി.എം. | 9455 |
| 1996 | ടി.ഗോവിന്ദന് | സി.പി.എം | 74758 |
| 1998 | ടി.ഗോവിന്ദന് | സി.പി.എം | 48265 |
| 1999 | ടി.ഗോവിന്ദന് | സി.പി.എം | 31555 |
| 2004 | പി.കരുണാകരന് | സി.പി.എം. | 108282 |
| 2009 | പി.കരുണാകരന് | സി.പി.എം. | 64464 |
| 2014 | പി.കരുണാകരന് | സി.പി.എം. | 6916 |
| 2019 | രാജ്‌മോഹന്‍ ഉണ്ണിത്താന്‍ | കോൺഗ്രസ് | 40438 |
(കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിരിഞ്ഞത് 1964ലാണ് അതിന് മുമ്പത്തെ തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായാണ് മത്സരിച്ചിരുന്നത്)
ലോക്‌സഭാ മണ്ഡലമാകുന്നു
സ്വതന്ത്ര്യ ഇന്ത്യയുടെ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ് മുതലാണ് കാസര്‍കോട് മണ്ഡലം രൂപീകൃതമാകുന്നത്. 1957-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് കമ്മ്യൂണിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയ്‌ക്കൊപ്പമാണ് നിന്നത്. 1952-ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ വിജയിച്ച ഇടത് നേതാവ് എ.കെ.ജിയാണ് 1957-ലെ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇടതിനായി മത്സരത്തിനിറങ്ങിയത്. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഇടതിനൊപ്പം നിന്ന കാസകോട് മണ്ഡലം പിന്നീട് 1962, 1967 തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പിലും എ.കെ.ജിയെ ലോക്‌സഭയിലേക്ക് അയച്ചു. എന്നാല്‍, 1971 -ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടയെന്ന് വിശേഷണം വീണ് തുടങ്ങിയ കാസര്‍കോട് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് സാക്ഷ്യം വഹിച്ചു.
നിലവില്‍ കോണ്‍ഗ്രസ് എസ് നേതാവും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാണ് അന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അട്ടിമറി വിജയത്തിലൂടെ കാസര്‍കോട് മണ്ഡലത്തില്‍ ആദ്യമായി എല്‍.ഡി.എഫിനെ തകര്‍ത്തത്. നാല് സിപിഎം മുഖ്യമന്ത്രിമാരില്‍ ഒരാളായ സാക്ഷാല്‍ ഇ.കെ. നായനാരെയാണ്, ചെറുപ്പകാലത്ത് കടന്നപ്പള്ളി 28,391 വോട്ടുകള്‍ക്ക് വീഴ്ത്തിയത്. 1971-ല്‍ കോണ്‍ഗ്രസ് നേടിയ മിന്നുന്ന വിജയത്തിന്റെ തിളക്കം അഞ്ച് വര്‍ഷം കൊണ്ട് അവാസനിക്കുന്നതായിരുന്നില്ല. 1977-ലെ തിരഞ്ഞെടുപ്പിലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം പാറ പോലെ ഉറച്ചുനിന്നു. ആദ്യ വിജയത്തിലെ കോണ്‍ഗ്രസ് ഭൂരിപക്ഷം അഞ്ച് അക്കം കടന്നിരുന്നെങ്കില്‍ രണ്ടാം തവണ ഇത് 5035-ലേക്ക് ചുരുങ്ങി. എം.രാമണ്ണറേയായിരുന്നു 1977-ല്‍ സി.പി.എമ്മിനായി മത്സരത്തിനിറങ്ങിയത്.
പിന്നീട് അങ്ങോട്ട് കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങള്‍ ഇരു പാര്‍ട്ടികളെയും മാറി മാറി പരീക്ഷിക്കുന്ന തരത്തിലായിരുന്നു തിരഞ്ഞെടുപ്പു ഫലങ്ങള്‍. ആദ്യ മത്സരത്തില്‍ പരാജയത്തിന്റെ കയ്പ് അറിഞ്ഞ രാമണ്ണറേ 1980-ല്‍ നടന്ന തിരെഞ്ഞടുപ്പില്‍ ഏഴുപതിനായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ച് കയറിയത്. ജനതാപാര്‍ട്ടിക്കായി മത്സരത്തിനിറങ്ങിയ ഒ.രാജഗോപാല്‍ ആയിരുന്നു രമണ്ണറേയുടെ മുഖ്യ എതിരാളി. 1,90,086 വോട്ടുകളാണ് രാജഗോപാലിന് ലഭിച്ചത്. നാല വര്‍ഷങ്ങള്‍ക്കിപ്പുറം 1984-ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് കരുത്ത് കാട്ടി. സി.പി.എം. സ്ഥാനാര്‍ഥിയായിരുന്നു ബാലാനന്ദനെ 11,373 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തോല്‍പ്പിച്ച ഐ. രാമറായിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്.

ഇടത് യുഗം തുടങ്ങുന്നു
ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കാലത്തേക്ക് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ കാസര്‍കോട് മണ്ഡലം കുത്തകയായിരുന്നില്ല. എന്നാല്‍, 1989-ല്‍ കേവലം 1514 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ സി.പി.എമ്മിന്റെ എം. രാമണ്ണ റായ് മണ്ഡലം തിരിച്ചുപിടിച്ചതിന് ശേഷം പിന്നീട് ഇങ്ങോട്ട് ഇടത് തേരോട്ടമായിരുന്നു. 1981-ലെ വിജയം രാമണ്ണ റായ് 91-ലും ആവര്‍ത്തിച്ചു. അതും ഭൂരിപക്ഷം ഉയര്‍ത്തി തന്നെ. 1996-ലെ തിരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാര്‍ഥിയെയാണ് സി.പി.എം. പരീക്ഷിച്ചത്. സ്ഥാനാര്‍ഥി മാറിയിട്ടും മണ്ഡലം ഇടത് കോട്ടയായി നിന്നു. രാമണ്ണ റായിയുടെ ഒടുവിലെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയായിരുന്നുവെങ്കില്‍ 1996-ല്‍ മത്സരത്തിനിറങ്ങിയ ടി.ഗോവിന്ദന്‍ ഭൂരിപക്ഷം 74,758 ആയി ഉയര്‍ത്തിയാണ് വിജയത്തിലേക്ക് നടന്നുകയറിയത്. പിന്നീട് 1998-ലും 99-ലും നടന്ന തിരഞ്ഞെടുപ്പുകളിലും ടി.ഗോവിന്ദന് തന്നെയായിരുന്നു വിജയം.
ഇതോടെ കാസര്‍കോട് ലോക്‌സഭാ മണ്ഡലം ഇടതുപക്ഷത്തിന്റെ കുത്തകയായി കണക്കാക്കി തുടങ്ങി. 2004-ലെ തിരഞ്ഞെടുപ്പില്‍ പി.കരുണാകരനാണ് സി.പി.എം. ടിക്കറ്റില്‍ കാസര്‍കോട് മത്സരത്തിനിറങ്ങിയത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷം നല്‍കി, തകര്‍പ്പന്‍ വിജയത്തോടെയാണ് കരുണാകനെ വോട്ടര്‍മാര്‍ ലോക്‌സഭയിലേക്ക് അയച്ചത്. 1,08,282 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന്റെ 2004-ല്‍ ലഭിച്ചത്. 1967-ല്‍ എ.കെ.ജി. നേടിയ 1,18,512 വോട്ടിന്റെ ഭൂരിപക്ഷമാണ് കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
തുടര്‍ന്നുവന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും സി.പി.എം. പി.കരുണാകരന് തന്നെയാണ് സീറ്റ് നല്‍കിയത്. 2009-ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തില്‍ അമ്പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടായെങ്കിലും മണ്ഡലം ഇടതിനൊപ്പം ഉറച്ചുനിന്നു. എന്നാല്‍, 2014 ല്‍ സിപിഎം വിറച്ചാണ് ജയിച്ചത്. ലീഡ് നിലയില്‍ കോണ്‍ഗ്രസിന്റെ യുവമുഖമായ ടി.സിദ്ദിഖിനോട് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അവസാന റൗണ്ടില്‍ ജയിച്ചുകയറുകയായിരുന്നു. കേവലം 6916 വോട്ടുകള്‍ക്കാണ് കരുണാകരന്‍ കടന്നുകൂടിയത്.

അപ്രതീക്ഷിത സ്ഥാനാര്‍ഥി, അട്ടിമറി വിജയം
മൂന്ന് പതിറ്റാണ്ടിലേറെയായുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ എല്‍.ഡി.എഫിന്റെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ഇടംനേടിയിരുന്നു. 2019-ലെ തെരഞ്ഞെടുപ്പ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമായിരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലുള്ള നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം താഴെയിറക്കുമെന്ന പ്രതീതി കുറഞ്ഞത് ദക്ഷിണേന്ത്യയില്‍ എങ്കിലും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇതിനൊപ്പം രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ കൂടി എത്തിയതോടെ യു.ഡി.എഫിന് അനുകൂലമായുള്ള തരംഗം രൂപപ്പെടുകയായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണത്തില്‍ കോണ്‍ഗ്രസില്‍ സാധാരണയായി ഉണ്ടാകാറുള്ള പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അവസാന നിമിഷമാണ് കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തിയത്. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു കെ.പി. സതീഷ് ചന്ദ്രനെയാണ് എല്‍.ഡി.എഫ്. കളത്തിലിറക്കിയത്. മികച്ച സ്ഥാനാര്‍ഥിയെ ഇറക്കാന്‍ സാധിച്ചതും എതിരാളി മണ്ഡലത്തിന് പുറത്തുള്ള ആണാണെന്നതും ഇടത് പാളയത്തിന് ഉയര്‍ന്ന ആത്മവിശ്വാസം കൂട്ടി. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യു.ഡി.എഫ്. തരംഗത്തില്‍ കാസര്‍കോട് ജില്ലയില്‍ മാത്രമല്ല കേരളത്തിലുടനീളം ഇടതുപക്ഷത്തിന് അടിതെറ്റുകയായിരുന്നു. ടി. സിദ്ദിഖ് നടത്തിയ പോരാട്ടമാണ് ഒരു തിരിച്ചുവരവ് സാധ്യമാണ് എന്ന് യുഡിഎഫിന് വിശ്വാസം വന്നത്. അതാണ് 2019 ല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ യുഡിഎഫ് നടപ്പാക്കിയതും അത് വിജയത്തിലേക്ക് എത്തിയതും.

എന്തുകൊണ്ട് തോറ്റു
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുടനീളം യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയിരുന്നു. കേന്ദ്രത്തില്‍ മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സര്‍ക്കാരിനെതിരായ വികാരം അതിനൊപ്പം എങ്കില്‍ കേരളത്തില്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തുനിഞ്ഞത് വിശ്വാസി സമൂഹത്തിനിടയില്‍ സര്‍ക്കാരിനെതിരായ വികാരത്തിനും കാരണമായി. നിഷ്പക്ഷ വോട്ടുകള്‍ക്ക് പുറമെ, തെക്കന്‍ കേരളത്തില്‍ പാര്‍ട്ടി വോട്ടുകളില്‍ പോലും ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു രാഷ്ട്രീയ വിലയിരുത്തലുകള്‍. കോണ്‍ഗ്രസിന്റെ ദേശിയ മുഖമായിരുന്നു രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയത് സംസ്ഥാനത്ത് ആകമാനം യു.ഡി.എഫ്. തരംഗത്തിന് ആക്കംകൂട്ടി. എന്‍.ഡി.എ. സര്‍ക്കാരിനെ താഴെയിറക്കാനുള്ള 'ലാസ്റ്റ് ബസ്' എന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന പ്രചാരണ മുദ്രാവാക്യം.
തെക്കന്‍ കേരളത്തില്‍ ശബരിമല വിഷയമായിരുന്നു കോണ്‍ഗ്രസിന് അനുകൂലമായതെങ്കില്‍, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വടക്കന്‍ കേരളത്തിലെ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിലേക്ക് വോട്ടുകള്‍ ഒഴുകി.കേന്ദ്രത്തിലേയും കേരളത്തിലേയും സര്‍ക്കാരിനെതിരായ ജനവിധി എന്നാണ് യുഡിഎഫ് ഉയര്‍ത്തിയ മുദ്രാവാക്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പാണ് കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടകൊലപാതം നടക്കുന്നത്. പ്രതി സ്ഥാനത്ത് സി.പി.എം. പ്രവര്‍ത്തകരായതോടെ കോണ്‍ഗ്രസ് അനുകൂല തരംഗത്തിനെക്കാള്‍ ഏറെ ഇടത് വിരുദ്ധ തരംഗം ആഞ്ഞുവീശി. ഇതിന്റെ തുടര്‍ച്ചയെന്നോണം കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19 എണ്ണത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ നിഷ്പ്രയാസം വിജയിച്ച് കയറുകയായിരുന്നു. അങ്ങനെ അഞ്ച് പതിറ്റാണ്ട് നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന നേതാവ് പാര്‍ലമെന്റിലെത്തി. അതിന് മുമ്പ് തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ വാശിയേറിയ പോരാട്ടം നടത്തിയ ഉണ്ണിത്താന്‍ ഇനി ഭാരതപ്പുഴയ്ക്ക് വടക്കുള്ള സീറ്റില്‍ മത്സരിക്കാനില്ല എന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അതെല്ലാം മാറ്റിവച്ച് ഇറങ്ങിയ ഉണ്ണിത്താനെ കാസര്‍കോട്ടുകാര്‍ പാര്‍ലമെന്റിലെത്തിച്ചു.

തീപാറും ഇത്തവണ പോരാട്ടം
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്തുകയാണ് യു.ഡി.എഫിന്റെ മുന്നിലെ വെല്ലുവിളിയെങ്കില്‍, ഉരുക്കുകോട്ടയായിരുന്ന മണ്ഡലം എന്ത് വില കൊടുത്തും തിരിച്ചുപിടിക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. കാസര്‍കോട് അട്ടിമറി സൃഷ്ടിച്ച ഉണ്ണിത്താനല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കാനെ വഴിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷവും കാസര്‍കോടുകാരനായി ജീവിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമെ, മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗിനും പ്രിയങ്കരനായി മാറിയതോടെ ഉണ്ണിത്താന്‍ വിജയം തുടരുമെന്ന് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു
വിജയത്തില്‍ കുറഞ്ഞ് ഒന്നും ലക്ഷ്യമിടാതെയാണ് ഇടതുപക്ഷം മത്സരരംഗത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ യാതൊരു ഭാഗ്യപരീക്ഷണത്തിനും മുന്നണി തയ്യാറാകില്ലെന്നാണ്. 100 ശതമാനം വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ ഇറക്കുന്നതിനൊപ്പം കൂട്ടായ പ്രവര്‍ത്തനവും കൊണ്ട് മണ്ഡലം തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. വി.പി.പി. മുസ്തഫ, ടി.വി. രാജേഷ് തുടങ്ങിയവരുടെ പേരുകളാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി കേള്‍ക്കുന്നത്. മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും ഒഴിവാക്കാന്‍ സാധിക്കാത്ത ശക്തിയായി ബി.ജെ.പിയും കാസര്‍കോട് മണ്ഡലത്തില്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഭാഷാന്യൂനപക്ഷ മേഖലയില്‍ നിന്നായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയെ എത്തിച്ചതെങ്കിലും, ഈ വര്‍ഷം കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കാനുള്ള സാധ്യത കൂടുതലാണ്. കരുത്തനായ സ്ഥാനാര്‍ഥിയിലൂടെ ത്രികോണ പോരാട്ടമാക്കി മാറ്റാന്‍ ബിജെപി കോപ്പുകൂട്ടുന്നു.
Content Highlights: Lok Sabha Election 2024, Kasaragod constituency Election History from 1957 to 2019
Published: 15 Feb 2024, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented