കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപേ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ അങ്കത്തട്ടൊരുങ്ങി. എൽ.ഡി.എഫിന് പിന്നാലെ എൻ.ഡി.എ.യും സ്ഥാനാർഥിയെ പ്രഖ്യാപിച്ച്‌ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. പരസ്യപ്രഖ്യാപനം വന്നില്ലെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും പ്രചാരണം ആരംഭിച്ചു. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണയും കാസർകോട് സാക്ഷ്യം വഹിക്കുകയെന്നുറപ്പായി.

To advertise here,

ഇടതുമുന്നണി സ്ഥാനാർഥിയായി സി.പി.എമ്മിലെ എം.വി. ബാലകൃഷ്ണൻ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പര്യടനത്തിലാണ്. വനിതാസ്ഥാനാർഥിയെ രംഗത്തിറക്കിയും പ്രചാരണം കടുപ്പിച്ചും മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പലപേരുകൾ പറഞ്ഞു കേട്ടിടത്ത് അപ്രതീക്ഷിതമായി മഹിളാമോർച്ച നേതാവ് എം.എൽ. അശ്വിനി (38) സ്ഥാനാർഥിയാകുമ്പോൾ മണ്ഡലത്തിലെ വനിതാ വോട്ടുകൾ പരമാവധി സമാഹരിക്കാനാണ്‌ പാർട്ടി ലക്ഷ്യമിടുന്നത്‌.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ പേര് യു.ഡി.എഫ്‌. പ്രഖ്യാപിച്ചില്ലെങ്കിലും ചുമരെഴുത്തുകളുൾപ്പെടെ വന്നുകഴിഞ്ഞു. മണ്ഡലത്തിലെ ചെറിയ പരിപാടികളിൽ പോലും സാന്നിധ്യം ഉറപ്പാക്കുന്നുണ്ട് അദ്ദേഹം. സ്ഥാനാർഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് പ്രവർത്തകർ.

ബ്ലോക്കിൽനിന്ന് പാർലമെന്റിലേക്ക്

ത്രികോണപ്പോരാട്ടത്തിന് എൻ.ഡി.എ. കളത്തിലിറക്കിയിരിക്കുന്നത് ആറ് ഭാഷകളിൽ വെള്ളംപോലെ ജനങ്ങളോട് സംവദിക്കാൻ കഴിയുന്ന അധ്യാപികയെ. മഞ്ചേശ്വരം കടമ്പാറിലെ എം.എൽ.അശ്വിനി(38)ആണ് അപ്രതീക്ഷിത സ്ഥാനാർഥിയായി കാസർകോട് പാർലിമെന്റ് മണ്ഡലത്തിൽ എത്തിയിരിക്കുന്നത്.

കടമ്പാർ വാർഡിൽനിന്നുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അശ്വിനി. 804 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി.യുടെ സിറ്റിങ് സീറ്റിൽ ജയിച്ച് അവർ ബ്ലോക്കിൽ എത്തിയത്. മഹിളാമോർച്ച ദേശീയ സമിതിയംഗമാണ്.

ബെംഗളൂരുവിലാണ് ജനിച്ചുവളർന്നത്. അധ്യാപികയായി വിവിധ സ്കൂളുകളിൽ ജോലിചെയ്തു.

പ്രവാസിയായിരുന്ന പി. ശശിധരയെ വിവാഹം ചെയ്താണ് കടമ്പാറിൽ എത്തിയത്. മുഡിപ്പു ഗവ. കോളേജ് ഒന്നാം വർഷ പി.യു.സി. വിദ്യാർഥി എസ്. ജിതിൻ, യു.കെ.ജി. വിദ്യാർഥിനി എസ്. മനസ്വി എന്നിവർ മക്കളാണ്.

വോട്ടുതേടുന്നത് വികസനത്തിനും മാറ്റത്തിനും -എം.എൽ. അശ്വിനി

ആത്മാർഥതയോടെയുള്ള കഠിനപ്രയത്‌നത്തിലൂടെ സാധാരണ പ്രവർത്തകയ്ക്കുപോലും ലോക്‌സഭാ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചുകയറാൻ അവസരം നൽകുന്ന പാർട്ടിയാണ് ബി.ജെ.പി. എന്നതിന്റെ തെളിവാണ് തന്റെ സ്ഥാനാർഥിത്വം. മഹിളാമോർച്ചയും ബി.ജെ.പി.യുമാണ് തന്റെ വളർച്ചയുടെ ശക്തി. എൻ.ഡി.എ. സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസനവും മാറ്റവും കാസർകോട്ടും പ്രതിഫലിപ്പിക്കാനാണ് താൻ ജനങ്ങളോട് വോട്ട് അഭ്യർഥിക്കുന്നത്- അശ്വിനി പറഞ്ഞു.