ലോക്​സഭയിൽ കേരളത്തിൽ നിന്നുള്ള ഒരേയൊരു ചെങ്കനൽത്തരി. 2019 ല്‍ യുഡിഎഫ് തരംഗത്തില്‍ ഇടതിനെ 19 സീറ്റും കൈവിട്ടപ്പോഴും ആശ്വാസത്തുരുത്തായി ചുവന്നത് ആലപ്പുഴ മാത്രം. അരൂര്‍ എം.എല്‍.എയില്‍ നിന്ന് എ.എം.ആരിഫ് ആലപ്പുഴ എം.പിയായി. ഇത്തവണ ആരിഫിനെ തളയ്ക്കാന്‍ കോണ്‍ഗ്രസ് മുന്‍ എം.പിയും കോണ്‍ഗ്രസിന്റെ ദേശീയ ചുമതലയിലുള്ള കെ.സി വേണുഗോപാലിനെ തന്നെയാണ്. ലോക്​സഭാ തിരഞ്ഞെടുപ്പിലെ ഇടുപക്ഷത്തിന്റെ സാധ്യതകൾ. ലോക്​സഭയിലെ കേരളത്തിന്റെ ശബ്ദം. കെ.സിയുടെ വരവ്. മോദി ​ഗ്യാരണ്ടി എന്നിവയെക്കുറിച്ച് എ.എം ആരിഫ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു. 

To advertise here,

കഴിഞ്ഞ ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എം.പിയായിരുന്നു താങ്കള്‍. മണ്ഡലത്തിലെ സാധ്യതകൾ. ഇത്തവണ കൂട്ടിന് ഇടതുപക്ഷത്ത് നിന്നും കൂടുതൽ എം.പിമാരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ

ഇത്തവണ സംസ്ഥാനത്ത് നിന്നും കൂടുതൽ ഇടതുപക്ഷ എം.പിമാരുണ്ടാകും എന്ന് 101 ശതമാനം ഉറപ്പാണ്. തീർച്ചയായും സംസ്ഥാനത്തെ എല്ലാ ഘടകങ്ങളും പരിശോധിക്കുമ്പോൾ നിലവിലെ സ്ഥിതി ഇടതുപക്ഷത്തിന് അനുകൂലമാണ്. പെൻഷൻ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചിട്ടുണ്ട്. പെൻഷൻ നൽകാമെന്ന് സർക്കാർ പ്രത്യാശ പ്രകടിപ്പിച്ച് കഴിഞ്ഞു. പണം തടഞ്ഞ് വച്ചതിനാലാണ് പെൻഷൻ നൽകാതിരുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മാത്രമായിരുന്നു ആളുകൾക്ക് വിഷമം ഉണ്ടായിരുന്നത്. 

പെൻഷൻ പ്രതിസന്ധിക്ക് പുറമെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മുതൽ വയനാട്ടിലെ സിദ്ധാർഥിന്റെ മരണം വരെയുള്ള വിഷയങ്ങൾ ഇടതുപക്ഷത്തെ പ്രതികൂലമായി ബാധിക്കുമോ.

വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മാധ്യമങ്ങൾ വിഷയം പർവതീകരിച്ച് എഴുതി പൊലിപ്പിച്ചെങ്കിലും കാര്യങ്ങൾ വസ്തുതാപരമായി ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. കോളേജിലെ പെൺകുട്ടികൾ നേരിട്ട് സംസാരിക്കുന്ന വീഡിയോകൾ വരെ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സിദ്ധാർഥിനെ ഉപദ്രവിച്ചവർ ഒരു സംഘടനയിൽപ്പെട്ടവർ മാത്രമല്ല. എല്ലാവരും പ്രതികളാണ്. സംഘടനാപരമായ ഒരു വിഷയമേ അല്ല ഇത്. എസ്.എഫ്.ഐയോ കെ.എസ്.യുവോ മറ്റ് സംഘടനകളോ അല്ല. കുട്ടികൾ തമ്മിലുള്ള പ്രശ്‌നമാണ് ഇത്. എന്നാൽ, എസ്.എഫ്.ഐയെ ലക്ഷ്യംവച്ചുകൊണ്ട് മാധ്യമങ്ങൾ വാർത്ത നൽകി. എന്നാൽ, ഇത് ക്രമേണ മാറും എന്നാണ് കരുതുന്നത്.

കേരളത്തിൽ പോരടിക്കുന്നവർ ദേശീയതലത്തിൽ ഒന്നിക്കുന്നു എന്നതാണ് ബി.ജെ.പി ഉയർത്തുന്ന ആരോപണം.

ബി.ജെ.പി നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം, മതേതരത്വം, ഭരണഘടന, പൊതുസ്വത്ത് എന്നിവയെ അപകടത്തിലാക്കുകയാണ്. ഈ അപകടത്തെ നേരിടുന്നതിനായി നമുക്ക് ആരുമായി സഖ്യത്തിലേർപ്പെടാം. ആർക്കും പിന്തുണ നൽകാം. അത്  ഒരു പൊതുരാഷ്ട്രീയമാണ്. കേരളത്തിൽ എൽ.ഡി.എഫ് യു.ഡി.എഫിനെതിരെ മത്സരിച്ചതിന് ശേഷമാണല്ലോ 2004-ൽ മൻമോഹൻ സിങിന് ഡൽഹിയിൽ പിന്തുണ നൽകിയത്. 100 കൊല്ലത്തേക്ക് മാർക്‌സിസ്റ്റ് പാർട്ടി അധികാരത്തിൽ വരാൻ പോകുന്നില്ലെന്ന് എ.കെ ആന്റണി പ്രസംഗിച്ചു. എന്നാൽ, പ്രസംഗം കഴിഞ്ഞ് അതിന്റെ മഷി ഉണങ്ങുന്നതിന് മുമ്പ് അദ്ദേഹം ഞങ്ങളുടെ പിന്തുണയോടെ കേന്ദ്രമന്ത്രിയായി. ഇതിനെല്ലാം പിന്നിൽ വ്യത്യസ്തമായ കാരണങ്ങളാണ്. ഈ കാരണങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ഒന്നിക്കുന്നത്. വ്യത്യസ്തമായ നിലകളിൽ നിന്നുകൊണ്ട് തന്നെ ബി.ജെ.പിയെ എതിർക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ തെളിയിച്ചതാണ്.

മൂന്ന് തവണ നിയമസഭയെ പ്രതിനിധീകരിച്ച ആരിഫിനെ ലോക്സഭയിലേക്കും ആലപ്പുഴയിലെ ജനങ്ങൾ പരി​ഗണിച്ചു. 2006 മുതലുള്ള നിയമസഭാ വിജയങ്ങൾ പരിശോധിച്ചാൽ ഓരോ തവണയും ആരിഫ് തന്റെ ഭൂരിപക്ഷം ഉയർത്തിയതായി കാണാം. ഇതേ ട്രെൻഡ് ലോക്സഭാ തിരഞ്ഞെടുപ്പിലും  ആവർത്തിക്കാനാകുമോ.

നൂറ് ശതമാനവും ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയവുമില്ല. 

placeholder
2019-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എ.എം ആരിഫിനെ പ്രവര്‍ത്തകര്‍ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിക്കുന്നു
2019-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച എ.എം ആരിഫിനെ പ്രവര്‍ത്തകര്‍ തോളിലേറ്റി ആഹ്ളാദം പ്രകടിപ്പിക്കുന്നു

ഷാനിമോൾ ഉസ്മാൻ മത്സരിച്ചതിനാലാണ് ആലപ്പുഴ മണ്ഡലം കൈവിട്ടതെന്നാണ് കോൺ​ഗ്രസിന്റെ വാദം. ഇത്തവണ മണ്ഡലം കെ.സി വേണു​ഗോപാലിലൂടെ തിരിച്ചുപിടിക്കാനാണ് അവരുടെ ലക്ഷ്യം

കോൺഗ്രസിന് അങ്ങനെ പറയാനുള്ള അവകാശമുണ്ട്. അക്കാര്യത്തിൽ അവരെ കുറ്റപ്പെടുത്താൻ ഞാനില്ല. പക്ഷേ നടക്കില്ല എന്ന് മാത്രമേയുള്ളൂ. 2019-ലും കെ.സി വേണുഗോപാലിനോട് മത്സരിക്കാൻ തന്നെയായിരുന്നു എന്റെ തീരുമാനം.  അദ്ദേഹം അന്ന് പറഞ്ഞിരുന്നത് കേന്ദ്രത്തിൽ വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്നാണ്. അന്ന് ഉണ്ടായിരുന്നതിനേക്കാൾ ഉത്തരവാദിത്വം ഇന്ന് അദ്ദേഹത്തിന് ഡൽഹിയിലുണ്ട്. കെ.സിയേക്കാൾ പ്രഗത്ഭയായ ഗൗരിയമ്മയോട് മത്സരിച്ചാണ്  2006-ൽ ജയിച്ചത്. ഗൗരിയമ്മയെപ്പോലെയൊരു പ്രമുഖ സ്ഥാനാർഥിയൊന്നുമല്ലല്ലോ കെ.സി വേണുഗോപാൽ. ഇതൊന്നും കേൾക്കുമ്പോൾ ഞാൻ പേടിക്കുന്നില്ല. പ്രഗത്ഭരോട് മത്സരിക്കണമെന്ന് കേൾക്കുമ്പോൾ സന്തോഷമേയുള്ളൂ. 

അനിൽ കെ. ആന്റണി മുതൽ പത്മജാ വേണു​ഗോപാൽ വരെയുള്ളവർ ബി.ജെ.പിയിലെത്തിക്കഴിഞ്ഞു. ഇന്നത്തെ കോൺ​ഗ്രസ് നാളത്തെ ബി.ജെ.പി എന്നാണോ.

അടിസ്ഥാനമായി ബി.ജെ.പിയുടെ നയങ്ങളെയും രാഷ്ട്രീയത്തെയും നേരിടുന്നതിനു പകരം അവരുമായി സന്ധി ചെയ്യുന്ന നയങ്ങൾ സ്വീകരിക്കുന്നത് തെറ്റാണ്. അവർക്ക് ഇങ്ങനെ രൂപപരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി കുറേപേർ കച്ചകെട്ടി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. തീർച്ചയായും കേരളത്തിലെ വോട്ടർമാർ ഇത് തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തെ അനുഭവം പരിശോധിച്ചാൽ തന്നെ ഒരു നാഥനില്ലാത്ത കളരിയായിരുന്നു കോൺഗ്രസ്. ആരുണ്ടായിരുന്നു നയിക്കാൻ. കോൺഗ്രസുകാർക്ക് പല കാര്യങ്ങളിലും പല അഭിപ്രായങ്ങളായിരുന്നു. 

കെ.സി വേണുഗോപാൽ ഡൽഹിയിൽ പോയി കപിൽ സിബലിനെപ്പോലെയുള്ള പ്രമുഖരെ ചാടിച്ചു. ഇനി ആരെയൊക്കെ ചാടിക്കുമെന്ന് കണ്ടറിയാം. അദ്ദേഹം പാർലമെന്റംഗമാണ്. അവിടെ നിന്നുകൊണ്ട് ആലപ്പുഴയിലെ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നാണ്  അവകാശപ്പെടുന്നത്. ഇനിയും ആ ജോലി തന്നെ ചെയ്യാലോ. ഇത്രയും ജോലിത്തിരക്കിനിടയിൽ നിന്നുകൊണ്ട് ഇടപെടുന്നതിനേക്കാൾ നല്ലത് രാജ്യസഭാംഗത്വം ഉപയോഗിച്ചുകൊണ്ട് ആലപ്പുഴയെ സഹായിക്കുന്നതല്ലേ കുറച്ചുകൂടെ നല്ലത്.

സംസ്ഥാനത്തിന്റെ ശബ്ദം യു.ഡി.എഫ് എംപിമാർ ഡൽഹിയിൽ ഉന്നയിച്ചില്ലെന്ന ആരോപണം ഇടതുപക്ഷത്തിനുണ്ട്.

പാർലമെന്റിൽ വന്നിട്ടും സഹപ്രവർത്തകരായ കോൺഗ്രസ് അംഗങ്ങൾ കുറ്റം പറഞ്ഞത് പിണറായിയെയായിരുന്നു. മോദി സർക്കാരിന്റെ നയങ്ങളെ ആയിരുന്നു അവർ എതിർക്കേണ്ടിയിരുന്നത്. എന്നാൽ, പാർലമെന്റിലും അവർ എതിർത്തത് പിണറായി സർക്കാറിന്റെ നയങ്ങളെയായിരുന്നു. അവർ കേരളത്തിന്റെ പ്രതിപക്ഷത്തെപ്പോലെയാണ് പെരുമാറിയത്. എന്റെ പ്രസംഗങ്ങൾ പരിശോധിച്ചാൽ കേരളത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തിയതായി കാണാനാകും. 

പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നതായിരുന്നു 'ഇന്ത്യ' സഖ്യം രൂപീകരിച്ചിരുന്ന കാലത്തെ മുദ്രാവാക്യം. എന്നാൽ, മുന്നോട്ടുള്ള യാത്രയിൽ സങ്കുചിതമായ കക്ഷിതാത്പര്യങ്ങൾ തുറന്നുകാണപ്പെട്ടു. സഖ്യത്തിലെ പ്രധാനികളായ കോൺ​ഗ്രസും പ്രതിരോധത്തിലാണ്.

ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വം ആരും കോൺഗ്രസിനെ എൽപ്പിച്ചിട്ടില്ല. കോൺഗ്രസിനു പോലും അത്തരമൊരു അവകാശവാദമില്ല. തങ്ങൾക്ക് ആ നേതൃത്വം വേണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ഇന്ന് അവർക്കില്ല. 52 സീറ്റുകൾ മാത്രമാണ് കഴിഞ്ഞ തവണ കോൺ​ഗ്രസ് നേടിയത്. ഇത്രയും സീറ്റുകൾ ഇപ്രാവശ്യം ലഭിക്കുമോ എന്നതും സംശയമാണ്.

നോട്ടുനിരോധനം, പൗരത്വം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ധാരാളമായിരുന്നു 2019-ൽ. ഭരണപക്ഷത്തിനെതിരായ നിലപാടുകൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലേ.

അന്ന് ഇത്തരം വിഷയത്തിനിടയിലും സത്യപാൽ മാലിക് വെളിപ്പെടുത്തിയ ചില സംഭവങ്ങളുണ്ടായല്ലോ. കശ്മീരിലെ പുൽവാമ ആക്രമണം ആളിക്കത്തിച്ച് ദേശീയവികാരമാക്കി മാറ്റിയത്. ഇതിന്റെ പിന്നിലെ വസ്തുത ഇപ്പോൾ അദ്ദേഹം പുറത്തുവിട്ടു. ഈ രീതിയിലുള്ള ചില വിഷയങ്ങളിൽ നിന്നും കാര്യങ്ങൾ ഷിഫ്റ്റ് ചെയ്യപ്പെട്ടു. അത് ഇത്തവണയുമുണ്ടാകും. രാമക്ഷേത്ര നിർമാണം സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. കോടതിവിധി വന്നു. രണ്ട് കൂട്ടർക്കുമായി ഭൂമി വീതിച്ച് നൽകി വസ്തുതർക്കം പരിഹരിച്ചു. ക്ഷേത്ര ട്രസ്റ്റ് അവിടെ ക്ഷേത്രം നിർമിച്ചു. അവിടുത്തെ പൂജാരിമാരെ മാറ്റി പൂജാവിധികളൊന്നും വലുതായിട്ട് അറിയാത്ത ഒരാൾ കയറി പൂജകൾ ചെയ്തു. ഇക്കാര്യത്തിലെ ക്രെഡിറ്റ് എങ്ങിനെയാണ് സർക്കാരിന് വരിക. പക്ഷേ, അത് സർക്കാരിന്റേതാക്കി മാറ്റാൻ ശ്രമിക്കുകയാണ്.

തലസ്ഥാനത്ത് കർഷകർ സമരത്തിലാണ്. മോദി ​ഗ്യാരണ്ടിയിൽ വിശ്വസിക്കുമോ ജനങ്ങൾ.

തൊഴിലവസരം, കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, ഗ്യാസിന്റേയും പെട്രോളിന്റെയും വില കുറയ്ക്കുക ഇത്തരത്തിലുള്ള ഗ്യാരണ്ടികളാണ് ഉണ്ടാവേണ്ടത്‌

ഒരു ത്രികോണ മത്സരത്തിനുള്ള എന്തെങ്കിലും സാധ്യതയുണ്ടോ ആലപ്പുഴയിൽ. 2014-ൽ വെറും 40,000 വോട്ടുകളുള്ള BJP 2019-ൽ സ്വന്തമാക്കിയത് 1,80,000 വോട്ടുകളാണ്. ശോഭാ സുരേന്ദ്രനെ പോലെയൊരു പ്രമുഖ എത്തുന്നത് വോട്ടർമാരെ സ്വാധീനിക്കുമോ

കഴിഞ്ഞ പ്രാവശ്യം ചില ഘടകങ്ങൾ ഉപയോഗപ്പെടുത്തിയതുകൊണ്ട് അവർക്ക് ചില വോട്ടുകൾ ലഭിച്ചിരുന്നു. അത്തരമൊരു സാഹചര്യം നിലവിലില്ല. ശോഭാ സുരേന്ദ്രനെ പോലെ ഒരു നേതാവെത്തിയാലും ആലപ്പുഴയിൽ ഒന്നും ചെയ്യാൻ കഴിയില്ല. പുന്നപ്ര വയലാറിന്റെ നാടല്ലേ. പെട്ടെന്ന് കയറി വർഗീയതയെ പിന്താങ്ങാനുള്ള ഒരു സാധ്യതയും ഞാൻ കാണുന്നില്ല.

തൃശ്ശൂരും തിരുവനന്തപുരവുമാണ് ബി.ജെ.പി തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്നത്. ഇത്തവണ അവർ അക്കൗണ്ട് തുറക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ.

ബി.ജെ.പി ഇത്തവണ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ ഒരു വിദൂര സാധ്യതപോലുമില്ല. അവർക്ക് എ ക്ലാസ് മണ്ഡലങ്ങൾ എന്നൊക്കെ പ്രൊജക്ട് ചെയ്യാം. പക്ഷേ, പ്രയോജനം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. 

താങ്കൾക്കെതിരെ പല രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണങ്ങൾ പോലുമുണ്ടായി.
‌
സംഘപരിവാർ കുറേ കാലമായി ഞാൻ പറഞ്ഞ ഒരു പ്രസംഗത്തിൽ നിന്നും ഒരു കാര്യം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നു. സർക്കാറിനെ സംബന്ധിച്ചിടത്തോളം സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്ന് ഒരു നിർബന്ധബുദ്ധിയും ഇല്ലായിരുന്നു. അങ്ങനെ എന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നെങ്കിൽ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറി വിളിച്ച് പറഞ്ഞാൽ എന്തുമാത്രം സ്ത്രീകൾ വരുമായിരുന്നു. ആരെയെങ്കിലും അവിടെ വന്നോ. വരുത്താൻ ശ്രമിച്ചോ. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാനല്ലേ പാർട്ടി ശ്രമിച്ചത്. ഇതാണ് ഞാൻ പറഞ്ഞത്. എന്നാൽ, അതിൽ നിന്നും പാർട്ടി സെക്രട്ടറി പറഞ്ഞാൽ ലക്ഷക്കണക്കിന് യുവതീയുവാക്കൾ അവിടെ വരുമെന്ന് ഞാൻ പറഞ്ഞു എന്ന രീതിയിലായിരുന്നു പ്രചരണം. 

ഇത്തരം ശ്രമങ്ങൾ സംഘപരിവാർ നടത്തട്ടെ. ഇത് എന്നെക്കുറിച്ച് മാത്രമല്ല. മുസ്ലിം നാമധാരികളായിട്ടുള്ളവരെ എല്ലാവർക്കെതിരെയും സംഘപരിവാർ ഇത്തരം പ്രചരണങ്ങൾ അഴിച്ചുവിടുന്നു. സി.പി.എം നേതാവ് എളമരം കരീം പൊതുവിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞതിന് അദ്ദേഹത്തെ ഒരായിരം ചീത്ത സംഘപരിവാർ വിളിച്ചിട്ടുണ്ട്. എന്നുകരുതി എളമരം കരീം മുസ്ലീം തീവ്രവാദിയാണെന്ന് പറ‍ഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.

ഇക്കാര്യങ്ങൾ ആലപ്പുഴയിലെ ജനങ്ങൾ തിരിച്ചറിയും. ഞാൻ ജനിച്ച് വളർന്നത് ആലപ്പുഴയിലാണ്. ഇത്ര കാലമായി എന്നെ അറിയുന്നവരാണ് ഇവിടുത്തെ ജനങ്ങളാണ്. എല്ലാ മതങ്ങളെയും വിശ്വസിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അവിവടെയെല്ലാം പരസ്പര മതസൗഹാർദത്തിന്റെ കാര്യമാണ് സംസാരിക്കാറുള്ളത്.