
രാഷ്ട്രീയത്തിലേക്കിറങ്ങാൻ തന്റെ അഭ്യുദയകാംക്ഷികൾ നിർബന്ധിക്കുന്നതായും ഇനി ഗാന്ധി കുടുംബവും കോൺഗ്രസ് പാർട്ടിയുമാണ് തീരുമാനം എടുക്കേണ്ടതെന്നും വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്ര. തന്നെ രാഷ്ട്രീയത്തിലേക്കിറക്കാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ സോണിയാ ഗാന്ധിയോടും പാർട്ടി നേതാക്കളോടും ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാനാഗ്രഹിക്കുന്നതായും വേറെയെവിടെയായാലും പ്രശ്നമില്ലെന്നും വ്യക്തമാക്കിയ വദ്ര, ഇത്തവണയല്ലെങ്കിൽ അടുത്ത തവണയെങ്കിലും മത്സരരംഗത്തിറങ്ങുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയെയാണ് അമേഠിയിൽ സ്ഥാനാർഥിയാക്കുന്നതെങ്കിൽ താൻ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്പത്തിയഞ്ചുകാരനായ താങ്കളെ കാണുമ്പോൾ നാൽപ്പതുകാരനെപ്പോലുണ്ട്. നിങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് കഠിനാധ്വാനി എന്നാണ്. രാഷ്ട്രീയത്തിലിപ്പോഴിറങ്ങാനുള്ള ആത്മവിശ്വാസം അതാണോ.
ജനങ്ങളുടെ ആത്മവിശ്വാസമാണ് എനിക്കീ ശക്തി നൽകുന്നത്. 1999-ലും 2004-ലും റായ്ബറേലിയിൽ പ്രചാരണത്തിനിറങ്ങിയപ്പോൾ സോണിയാ ഗാന്ധിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. കോൺഗ്രസ് സർക്കാർ വന്നതുമുതൽ ഞാൻ എല്ലാവരുമായും ബന്ധപ്പെടുന്നു. പ്രത്യേകിച്ച് യു.പി.യിലെ ജനങ്ങളുമായി. എന്റെ ആഘോഷങ്ങൾക്കൊപ്പം അവരുണ്ട്. അമേഠിയിൽ ജയിച്ച സ്മൃതി ഇറാനി പാർലമെന്റിൽ എന്റെ പേര് ദുരുപയോഗം ചെയ്തു. എനിക്ക് അദാനിയുമായി ബന്ധമുണ്ടെന്നൊക്കെയാണ് ആരോപണം. അവ തെളിയിക്കണമെന്നും അല്ലാതെ പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയല്ല വേണ്ടതെന്നും ഞാനവരെ വെല്ലുവിളിച്ചു. എല്ലാ തിരഞ്ഞെടുപ്പ് സമയവും എന്റെ പേര് വലിച്ചിഴയ്ക്കും. ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമെല്ലാം ഇവിടെ വരും.
ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന, ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന, ഇന്ത്യ മുഴുവൻ സന്ദർശിക്കുന്ന എന്നെ അറിയുന്നവർ പറയുന്നത് ഈ വേട്ടയാടൽ തടയാൻ ഞാൻ പാർലമെന്റിലെത്തണമെന്നാണ്. ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായിനിന്ന് മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്ന് അവർ കരുതുന്നു.
ബിസിനസ്സിൽനിന്ന് പെട്ടെന്ന് മുഴുവൻസമയ രാഷ്ട്രീയക്കാരനാവാനുള്ള ആഗ്രഹം എങ്ങനെയുണ്ടായി. രാഷ്ട്രീയത്തിൽ താങ്കളെത്രമാത്രം ശോഭിക്കും
നിങ്ങൾ ഗാന്ധികുടുംബത്തിന്റെ ഭാഗമാവുമ്പോൾ ജനങ്ങളൊരിക്കലും നിങ്ങളെ സാധാരണ പൗരനായോ ബിസിനസ്സുകാരനായോ കാണില്ല. ജനങ്ങളെപ്പോഴും കരുതുന്നത് കോൺഗ്രസിന്റെ ഭാഗമായിനിന്ന് എനിക്കവരെ വലിയതോതിൽ സഹായിക്കാൻ കഴിയുമെന്നാണ്. രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കാണാനാവാത്തവർ എന്റെ അടുത്തുവന്ന് ഇക്കാര്യങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ ചെയ്യണമെന്ന് പറയും. അവർക്കറിയാം എനിക്ക് സ്ഥാപിത താത്‌പര്യങ്ങളില്ലെന്ന്.
ഞാൻ ചെയ്യാനുള്ളത് ജനങ്ങൾക്ക് നേരിട്ട് ചെയ്യുന്നു. പൊതുജീവിതത്തിൽ നിന്നും രാഷ്ട്രീയജീവിതത്തിൽ നിന്നും അകന്നുനിൽക്കുമ്പോഴും എല്ലാവരും എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. വിവിധ പാർട്ടികളെന്നെ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നു. അവർ എന്റെ പേര് ദുരുപയോഗിക്കുന്നു. ചിലർ എന്റെ നല്ലവശങ്ങൾ പറയുന്നു. രാഷ്ട്രീയകുടുംബത്തിൽനിന്ന് വന്നയാളെന്ന നിലയിലാണ് പലരും എന്നെ സംസാരിക്കാൻപോലും വിളിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പായാലും കേന്ദ്ര തിരഞ്ഞെടുപ്പായാലും അവർ എന്റെ പേര് രാഷ്ട്രീയമായി പറയുന്നു. മൊറാദാബാദിലും അമേഠിയിലും അവർ എന്നെ കായിക പരിപാടികൾക്ക് വിളിക്കുന്നു. ഹരിയാണയിലെ ഗുസ്തിവനിതകൾ ജന്തർമന്ദറിൽ നിരാഹാരമിരുന്നപ്പോൾ ഞാൻ ചെന്നു. എന്റെ ഇടപെടൽ വലിയതോതിൽ അവരാഗ്രഹിച്ചു. ജനങ്ങളും അതാഗ്രഹിക്കുന്നു. അതിനാലാണ് രാഷ്ട്രീയത്തിലേക്ക് നേരിട്ടിറങ്ങാനുള്ള തീരുമാനം.
അമേഠിയിൽ മത്സരിക്കണമെന്നാണ് താങ്കളുടെ ആഗ്രഹം. അമേഠിയിൽ കോൺഗ്രസ് മത്സരിപ്പിക്കുമെന്നും സീറ്റ് തിരിച്ച് കോൺഗ്രസിന് നേടിക്കൊടുക്കാനാവുമെന്നും താങ്കൾ കരുതുന്നുണ്ടോ.
അമേഠിയുമായി പണ്ട് ഞാൻ പ്രചാരണത്തിനിറങ്ങിയപ്പോൾ മുതലുള്ള ബന്ധമാണ്. ഗാന്ധി കുടുംബാംഗത്തെ തോൽപ്പിച്ചതും സ്മൃതി ഇറാനിയെ ജയിപ്പിച്ചതും ഒരബദ്ധമായെന്നാണ് അമേഠിക്കാരിപ്പോൾ കരുതുന്നത്. സ്മൃതി അവിടെ പോകുന്നില്ല. ഒന്നും ചെയ്യുന്നില്ല. ജനങ്ങൾക്ക് അവരെ അടുത്തു കിട്ടാനില്ല. ഗാന്ധി കുടുംബവുമായി വീണ്ടും ബന്ധം സ്ഥാപിക്കാനവർ ആഗ്രഹിക്കുന്നു. റായ്ബറേലിയിലും അമേഠിയിലും നേരത്തേ ചെയ്തതുപോലെ തങ്ങൾക്കായി ചെയ്യണമെന്നവർ പറയുന്നു. എനിക്ക് അമേഠിയിൽ മാത്രമല്ല, എന്റെ ചാരിറ്റി പ്രവർത്തനം വെച്ച് മൊറാദാബാദിലോ തെലങ്കാനയിലോ ദക്ഷിണേന്ത്യയിലെവിടെയും നിൽക്കാനാവും. എന്റെ കഠിനാധ്വാനത്താൽ ഞാൻ കരുതുന്നത് ഗാന്ധികുടുംബത്തിന്റെ ഭാഗമല്ലാതെതന്നെ എന്നെ അറിയുന്ന ജനങ്ങളിലൂടെ മത്സരിക്കണമെന്നാണ്. ഈ തിരഞ്ഞെടുപ്പിലല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും. അതിന് കുടുംബത്തിന്റെ അനുഗ്രഹമുണ്ടാകും. കോൺഗ്രസ് പാർട്ടിക്കും ബോധ്യപ്പെടും. എന്റെ കഠിനാധ്വാനത്തിലൂടെ ജനങ്ങൾക്കിപ്പോൾ ഞാൻ ബിസിനസ്സിനെക്കാൾ രാഷ്ട്രീയത്തിൽ നിൽക്കണമെന്നാണാഗ്രഹമുള്ളത്.
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് പാർട്ടിക്കുള്ളിൽ ഇപ്പോഴും താത്‌പര്യങ്ങളുണ്ടല്ലോ
അത് വളരെ നല്ലതാണ്. രാഹുൽ തിരിച്ചുവരുന്നെങ്കിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഗാന്ധി കുടുംബത്തിൽനിന്ന് ആർക്കും അമേഠിയിൽ മത്സരിക്കാം. രാഹുലാണ് മത്സരിക്കുന്നതെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ജയത്തിനായി കഠിനമായി പ്രവർത്തിക്കും.
വരുൺ ഗാന്ധി സമാജ് വാദി പാർട്ടിയിൽ ചേരുമെന്നും ചിലപ്പോൾ കോൺഗ്രസിന്റെ അനുഗ്രഹാശിസ്സുകളോടെ അമേഠിയിൽ മത്സരിക്കുമെന്നുമൊക്കെ കേൾക്കുന്നല്ലോ...
അത്തരം കാര്യം എനിക്കറിയില്ല. അതെന്തായാലും വരുൺ ഗാന്ധിയുടെ നല്ലഭാവിക്ക് എന്റെ ആശംസകൾ ഉണ്ടാവും. അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനവും പരിഗണനയും അവസരവും ബി.ജെ.പി.യിൽനിന്ന് ലഭിച്ചിട്ടില്ല. എനിക്ക് മതേതര- ജനാധിപത്യ രാഷ്ട്രീയമാണ് താത്‌പര്യം. സ്ത്രീകളെ, കർഷകരെ, യുവാക്കളെ കേൾക്കുന്ന രാഷ്ട്രീയമാണ് ഇഷ്ടം. എനിക്കെതിരേ പല ആരോപണങ്ങളും ഉന്നയിച്ചു. ഒന്നുപോലും അവർക്ക് തെളിയിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞാനും ഇത്തരം രാഷ്ട്രീയത്തിനെതിരേ രംഗത്തുവരണമെന്നാഗ്രഹിക്കുന്നു.
പ്രിയങ്ക, മക്കൾ, രാഹുൽ ഗാന്ധി, സോണിയാജി -കുടുംബത്തെക്കുറിച്ച് പറയാമോ.
എല്ലാ കുടുംബങ്ങളെയുംപോലെതന്നെ. ഞങ്ങളുടെ കുടുംബം പക്ഷേ, രാജ്യത്തിനായി സമർപ്പിച്ചവരാണ്. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം കോൺഗ്രസിനെ തിരികെക്കൊണ്ടുവരാൻ സോണിയാജി പ്രയത്നിച്ചു. 2004-ൽ ജയിച്ചപ്പോൾ അവരെ പ്രധാനമന്ത്രിയാവുന്നതിൽനിന്ന് ആരും തടഞ്ഞില്ലെങ്കിലും കോൺഗ്രസിനെ ഒന്നിപ്പിക്കാൻ അവർ മാറിനിന്നു. പ്രിയങ്ക കഠിനാധ്വാനിയും സമർപ്പണ മനോഭാവമുള്ളവളുമാണ്. ഞാനും രാഹുലും ഫിറ്റ്‌നസ് ക്രേസുള്ളവരാണ്. സൈക്ലിങ്ങിനും മറ്റും ഒന്നിച്ചാണ് പോവുക. അവസരം കിട്ടുമ്പോഴെല്ലാം ഒന്നിച്ചാണ് വ്യായാമം ചെയ്യുക. എന്റെ മക്കളും മാനസികമായി ശക്തരാണ്. മകൻ റയാൻ ഫോട്ടോഗ്രാഫറാണ്. മകൾ മിരായ വിദേശത്ത് മറൈൻ ബയോളജി പഠിക്കുന്നു. അവർക്ക് രണ്ടുപേർക്കും അമ്മയെ ആലോചിച്ചാണ് പേടി. എസ്.പി.ജി. സംരക്ഷണം പിൻവലിച്ചപ്പോൾ ആശങ്കയായിരുന്നു. രാഹുലിന്റെ വീടൊഴിയേണ്ട അവസ്ഥ വന്നപ്പോഴും അമ്മയെയും രാഹുലിനെയും എന്നെയും ചോദ്യംചെയ്യാൻ വിളിച്ചപ്പോഴും കുട്ടികൾ വേദനിച്ചു. ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ശക്തിയിൽ ഞങ്ങളതെല്ലാം മറക്കുന്നു.
താങ്കൾക്കു പിന്നാലെ അന്വേഷണ ഏജൻസികൾ വിടാതെയുണ്ട്. താങ്കൾക്ക് സീറ്റ് ലഭിച്ചാൽ അതും ബി.ജെ.പി. രാഷ്ട്രീയായുധമാക്കില്ലേ.
എത്രയോ തിരഞ്ഞെടുപ്പിൽ അവരിതു ചെയ്യുന്നു. കഴിഞ്ഞ 10 വർഷമായി എന്നെ ചോദ്യം ചെയ്യുന്നു. ഇനിയൊരു ചോദ്യംപോലും ചോദിക്കാൻ ബാക്കിയില്ല. എനിക്കെതിരേ ഒരു തെളിവു പോലുമില്ല. ഞാനിതൊക്കെ എത്രയോ അനുഭവിച്ചുകഴിഞ്ഞു. അത്തരം പ്രചാരണവുമായി ഇനി വന്നാൽ എന്നെ തളർത്താനാവില്ല. അവരെന്തൊക്കെ ചെയ്താലും ഞാനത് പ്രതിരോധിക്കും. ബിസിനസ്സും രാഷ്ട്രീയവും ഇനി ഒന്നിച്ചുകൊണ്ടുപോകാനും എനിക്കാവും. ഞാനിപ്പോൾ അവരുടെ ഏതു സമ്മർദതന്ത്രവും അതിജീവിക്കാൻ ശേഷി നേടിക്കഴിഞ്ഞു.
Content Highlights: Robert Vadra Interview: Opens up about Political ambitions
Published: 12 Apr 2024, 08:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented