കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം സിപിഎം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കോടിയേരി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകളുറങ്ങുന്ന കോടിയേരിയിലെ വീട്ടില്‍ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉണ്ട്. പഴയ പോലെ തിരഞ്ഞെടുപ്പ് ബഹളമോ തിരക്കോ ഒന്നും ആ വീട്ടില്‍ ഇല്ല. എന്നാലും വിനോദിനി രാഷ്ട്രീയ വിവരങ്ങളെല്ലാം അറിയുന്നുണ്ട്. ഭര്‍ത്താവിന്റെ അസാന്നിധ്യം ഉണ്ട്. എന്നാലും പാര്‍ട്ടി മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അവര്‍..

To advertise here,

? കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..

ഈ തിരഞ്ഞെടുപ്പ് വരുന്ന സമയത്ത് അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ എന്നല്ല, ഏത് നിമിഷവും കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് സദാസമയവും ഇപ്പോഴും ഞാന്‍ ആശിക്കുന്നുണ്ട്. ആ ആശ എന്റെ മരണം വരേയുമുണ്ടാകുകയും ചെയ്യും. ബാലകൃഷ്‌ണേട്ടന്‍ ഈ തിരഞ്ഞെടുപ്പിലും ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെതായ ശൈലി കാഴ്ച വെച്ച് നന്നായി പ്രവര്‍ത്തിക്കുമായിരുന്നു.

? 2019-ല്‍ ഒരു സീറ്റില്‍ മാത്രമേ ജയിക്കാനായിരുന്നുള്ളൂ...ഇത്തവണ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ...

രാഷ്ട്രീയ സമവാക്യങ്ങളും ജയപരാജയങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കും. ലോക്‌സഭയില്‍ ഒരു സീറ്റായതിന് അന്നത്തെതായ പല രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവാം. അതു കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തുടര്‍ഭരണം നേടുകയും ചെയ്തല്ലോ. ഈ വര്‍ഷം സിപിഎമ്മിന് 100 ശതമാനം അനുകൂലമാണ് കാര്യങ്ങള്‍. വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളും വോട്ടാകും.

? കോടിയേരി ഉണ്ടായിരുന്നപ്പോള്‍ വീട്ടിലും ചുറ്റിലും എപ്പോഴും ആള്‍ക്കൂട്ടം ആയിരുന്നു. എന്താണ് ഇപ്പോഴത്തെ ഒരു സാഹചര്യം പാര്‍ട്ടി ബന്ധങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ? ആരെങ്കിലും വിളിക്കുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ടോ..

അദ്ദേഹമുളളപ്പോള്‍ തിരക്കുതന്നെയായിരുന്നു. എന്നാലും എല്ലാം ശാന്തതയോടെ കൃത്യമായും  ചടുലമായും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കും... അമിത ആവേശമോ നിസ്സംഗതയോ മടിയൊ ഒരു കാര്യത്തിലും, ഒന്നിനും കാണിക്കില്ല, ഇപ്പോഴും വളരെ അടുത്ത പരിചയക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വരാറുണ്ട്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുടങ്ങാതെ വരും.

? മക്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?..അതിന് എന്തെങ്കിലും തടസ്സമുണ്ടോ..

ഒരിക്കലും ഞാനായിട്ട് അത് ഒരുകാലത്തും ആഗ്രഹിച്ചിട്ടില്ല. അവര്‍ മുതിര്‍ന്ന പൗരന്മാരാണ്.... അതൊക്കെ അവരുടെ സ്വാതന്ത്ര്യം. ബിനീഷിനെ പാര്‍ട്ടി തഴയുന്നതായി  ഒരിക്കലും തോന്നിയിട്ടില്ല, മാത്രമല്ല ഒരു പ്രസക്തിയുമില്ലാത്ത ചോദ്യവുമാണത്.

? വടകരയിലെ സ്ഥാനാര്‍ത്ഥിയായ ശൈലജ ടീച്ചര്‍ക്കെതിരായ വ്യക്തി അധിക്ഷേപങ്ങളെ എങ്ങനെ കാണുന്നു..

വ്യക്തി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അവരുടെ താല്പര്യങ്ങളുണ്ടായിരിക്കാം. അതൊക്കെ കേട്ട് ഒരു രാഷ്ട്രീയ നേതാവും അസ്വസ്ഥരാവുകയോ വിഷമിക്കുകയോ ഇല്ല ,കാരണം ഇതൊക്കെ രാഷ്ട്രീയ രംഗത്ത് നിരന്തരം പതിവാണല്ലോ

? ബിനീഷിനും ബിനോയിക്കും ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ മക്കളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ പിണറായി വിജയന്റെ മകള്‍ക്കെതിരെയും ഇപിയുടെ മകനും ഭാര്യക്കുമെതിരെയും ആരോപണം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിക്ക് അതേ നിലപാട് തന്നെയാണെന്ന് കരുതുന്നുണ്ടോ... 

എന്റെ മക്കളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അവര്‍ വ്യക്തിപരമായിത്തന്നേയാണ് നേരിട്ടതും തരണം ചെയ്തതും, വീണയേയും ഇപിയെയും ഭാര്യയെയും പാര്‍ട്ടി സഹായിച്ചു എന്നും കരുതുന്നില്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വ്യക്തിപരമായിത്തന്നെ നേരിടും.

? തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ? ആരെങ്കിലും അത്തരം കാര്യങ്ങള്‍ സംസാരിച്ചിരുന്നോ

പണ്ടേ ഞാന്‍ പ്രചാരണത്തിനൊന്നും ഇറങ്ങാറില്ല... പഴയതുപോലെ തുടരും... മരണം വരേയും ബാലകൃഷ്‌ണേട്ടന്റെ പാര്‍ട്ടിയുടെ പിന്നില്‍ ഉണ്ടാവും. അതു നൂറുവട്ടം ആവര്‍ത്തിച്ച് പറയുന്നു.