മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രകാശ് ജാവ്ദേക്കർക്കാണ് ബി.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല. കുറച്ചു കാലം കൊണ്ട് കേരളം പരിചിത മേഖലയായ ഈ മഹാരാഷ്ട്രക്കാരന് ദേശീയ രാഷ്ട്രീയത്തിന്റെയും കേരളത്തിലെ ബി.ജെ.പി  രാഷ്ട്രീയത്തിന്റെയും ഉള്ളടക്കം നിത്യപരിചിതം. തിരഞ്ഞെടുപ്പ് ബോണ്ടിൽ അഴിമതിയില്ല. ഇ.ഡി.വേട്ടയാടുന്നു എന്നത് തെറ്റായ പ്രചരണം. അയോധ്യ കേരളത്തെയും സ്വാധീനിക്കും. പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങൾക്കെതിരല്ല-മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രകാശ് ജാവഡേക്കര്‍ പറയുന്നു. ദക്ഷിണേന്ത്യയിൽ ഇത്തവണ ഏറ്റവും കൂടുതൽ സീറ്റുകളുള്ള പാർട്ടി ബി.ജെ.പിയാകുമെന്നും കേരളത്തിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നും ജാവദേക്കർ അവകാശപ്പെടുന്നു.

To advertise here,

ഈ തിരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി ബി.ജെ.പിയുടെ സാധ്യതകൾ എന്താണ് ?

ബി.ജെ.പിയുടെയും എൻ.ഡി.എ.യുടെയും സാധ്യതകൾ വളരെ വലുതാണ്. ബി.ജെ.പി അധികാരത്തിൽ വരുമെന്നും മോദി പ്രധാനമന്ത്രിയാകുമെന്നും എല്ലാവരും വിശ്വസിക്കുന്നു. ആരാണ് അടുത്ത പ്രധാനമന്ത്രിയെന്ന് ആരോട് വേണമെങ്കിലും ചോദിച്ചോളു. നരേന്ദ്ര മോദി എന്ന് അവർ ഉടൻ ഉത്തരം പറയും. പ്രതിപക്ഷ പാർട്ടികളിൽപ്പെട്ടവരും അത് തന്നെ പറയും .അതാണ് രാജ്യത്തിന്റെ സ്ഥിതി. അതിനാൽ ബി.ജെ.പിക്ക്  370 സീറ്റുകൾ, എൻ.ഡി.എക്ക് 400 സീറ്റുകൾ എന്നത് ഒരു വിദൂര സ്വപ്നമല്ല. അടുത്തു തന്നെ സംഭവിക്കാൻ പോകുന്ന ഒരു യാഥാർഥ്യമാണത്

ബി.ജെ.പിക്ക് കിട്ടാവുന്ന പരമാവധി സീറ്റുകൾ 2019 ൽ ഉത്തരേന്ത്യയിൽനിന്ന് ലഭിച്ചു കഴിഞ്ഞു. ഇനി അവിടെ കൂടുതൽ കിട്ടാനില്ല. ആ നിലയ്ക്ക് 370 സീറ്റുകൾ എന്ന കണക്കിന് എത്രമാത്രം യാഥാർഥ്യമുണ്ട് ?

ലോക്സഭയിൽ 543 സീറ്റുകളുണ്ട്.പക്ഷെ, ഞങ്ങൾ 500 സീറ്റുകൾ നേടുമെന്ന അവകാശവാദം ഉന്നയിക്കുന്നില്ല .എൻ.ഡി.എക്ക് 400 സീറ്റുകൾ കിട്ടുമെന്നാണ് ഞങ്ങൾ പറയുന്നത്. ബാക്കി സീറ്റുകൾ മറ്റ് പാർട്ടികൾക്ക് ലഭിക്കും. 2014 ൽ ഞങ്ങൾ പ്രചരണം തുടങ്ങിയപ്പോൾ, ഞങ്ങളുടെ പാർട്ടി നേതാക്കൾ അടക്കം ഒരാളും ബി.ജെ.പിക്ക് 200 സീറ്റുകൾ പോലും കിട്ടുമെന്ന് വിശ്വസിച്ചില്ല. എന്നാൽ ഞങ്ങൾക്ക് 282 സീറ്റുകൾ കിട്ടി. അതൊരു വൻവിജയമായിരുന്നു. 2019 ആയപ്പോൾ ബി.ജെ.പി ക്ഷീണിച്ചു, സീറ്റുകൾ കുറയും എന്നൊക്കെയായി പ്രചരണം. എന്നാൽ ബി.ജെ.പി 303 സീറ്റുകൾ നേടി. 21 സീറ്റുകൾ അധികം. ഇത് ഇത്തവണയും സംഭവിക്കും. കാരണം,ഞങ്ങൾ കഠിനാധ്വാനം നടത്തുന്ന,ആലോചനാപൂർവം കാര്യങ്ങൾ ചെയ്യുന്ന പാർട്ടിയാണ്. ഞങ്ങളുടെ നേതാക്കൾ വെറുതെ കുത്തിയിരിക്കുന്നവരല്ല. കണക്കിൽപ്പെടാത്ത നിലയിൽ വിദേശയാത്രകളുമായി ചുറ്റിയടിക്കുന്നവരല്ല. അതിന് പകരം ഞങ്ങൾ ചെയ്തത് എന്താണെന്ന് അറിയാമോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയ 160 മണ്ഡലങ്ങൾ തിരഞ്ഞടുത്ത്  5 വർഷമായി ആ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ആ സീറ്റുകളിൽ ഞങ്ങൾ  ജയിക്കാൻ പോകുന്നു. ഈ സീറ്റുകളെല്ലാം ഞങ്ങൾക്ക് കിട്ടും. അത്ഭുതങ്ങൾ സംഭവിക്കാൻ പോകുന്നത് നിങ്ങൾ കണ്ടോളൂ. ബംഗാളിലും ആന്ധ്രയിലും തെലങ്കാനയിലും കേരളത്തിലും തമിഴ്നാട്ടിലും നിങ്ങൾക്ക് അത്ഭുതം കാണാൻ കഴിയും. ഒഡീഷയിൽ കൂടുതൽ സീറ്റുകൾ നേടും. അങ്ങനെ പല സംസ്ഥാനങ്ങളിലും ഞങ്ങൾ നേട്ടങ്ങളുണ്ടാക്കും. അത് യാഥാർഥ്യമാക്കും.

തിരഞ്ഞടുപ്പ് ബോണ്ടിന്റെ വെളിപ്പെടുത്തലുകൾ വിവാദമാണല്ലോ.വൻ അഴിമതിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലേ ?

തിരഞ്ഞെടുപ്പ് ബോണ്ടിൽ അഴിമതിയില്ല. തിരഞ്ഞെടുപ്പ് ബോണ്ട് ഒരു തട്ടിപ്പാണെന്ന് രാഹുൽ ഗാന്ധിയല്ലാതെ ആരും പറയുന്നില്ല. രാഹുൽ പറയുന്നതിൽ അർഥമൊന്നുമില്ല. കാരണം പാർലമെന്റിൽ തിരഞ്ഞെടുപ്പ് ബോണ്ടിന് അനുകൂലമായാണ് കോൺഗ്രസ് വോട്ട് ചെയ്തത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബോണ്ടിനെ പാർലമെന്റിൽ എതിർത്തിട്ടില്ല. മാത്രമല്ല,എല്ലാ പാർട്ടികളും ബോണ്ട് വഴി പണം സ്വീകരിച്ചിട്ടുണ്ട്. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് സംഭാവനകളിൽ സുതാര്യത കൊണ്ടു വരുന്നതിനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടു വന്നത്. നേരത്തെ തിരഞ്ഞെടുപ്പുകളിൽ എങ്ങനെയാണ് പണം വന്നു കൊണ്ടിരുന്നത് ? മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാ പാർട്ടികൾക്കും ഫണ്ട് വന്നിരുന്നത് ക്യാഷ് ആയിട്ടാണ്. അതൊഴിവാക്കി സുതാര്യത കൊണ്ടുവരാനാണ് അരുൺ ജയ്റ്റ്ലി തിരഞ്ഞെടുപ്പ് ബോണ്ട് സംവിധാനത്തിന് രൂപം കൊടുത്തത്. അതിനാൽ തിരഞ്ഞെടുപ്പ് ബോണ്ട് വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പിന് മേൽ ഒരു സ്വാധീനവുമുണ്ടാക്കില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം എല്ലാ പാർട്ടികൾക്കും ആവശ്യമാണ്. പക്ഷെ ബി.ജെ.പി വാങ്ങിയ പണത്തിന്റെ കണക്കും എം.പിമാരുടെ എണ്ണവും തമ്മിൽ താരതമ്യം ചെയ്താൽ ഒരു എം.പിക്ക് 5 കോടി എന്ന കണക്കിൽ പോലും സംഭാവന ലഭിച്ചിട്ടില്ല. എന്നാൽ പ്രതിപക്ഷം വാങ്ങിയത് വളരെ കൂടുതലാണ്. ഒരു സംസ്ഥാനത്ത് തന്നെ പ്രതിപക്ഷപാർട്ടികൾ 600-700 കോടി വാങ്ങിയിരിക്കുന്നു. ഡി.എം.കെ, ടി.എം.സി, ബി.ആർ.എസ് എന്നിവരെല്ലാം വാങ്ങിയ പണത്തിന്റെ കണക്ക് നോക്കൂ.

തിരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയല്ല. എന്നാൽ യു.പി.എ ഭരണകാലത്തെ കൽക്കരി കുംഭകോണം നോക്കൂ. 50 ലക്ഷം കോടിയുടെ കൽക്കരി, പ്രകൃതിയുടെ സമ്പത്ത് 125 സ്വകാര്യ കമ്പനികൾക്ക് സൗജന്യമായി നൽകുകയായിരുന്നു. അതാണ് തട്ടിപ്പ്. 2 ജി സ്പെക്ട്രവും പൊതുമുതലിന്റെ കൊള്ളയടിയാണ്. സഞ്ചാർഭവനിലേക്ക് മറ്റാരെയും പ്രവേശിപ്പിക്കാതെ സ്വന്തക്കാരെ മാത്രം കയറ്റിയിട്ട് നടത്തിയ അഴിമതിയാണിത്. തിരഞ്ഞെടുപ്പ് ബോണ്ട് അങ്ങനെയല്ലല്ലോ. ഇത് സാധാരണ രീതിയിലുള്ള പണം ഇടപാടല്ല. ബാങ്ക് മണിയാണ്. ബാങ്കിലൂടെ മാത്രം കൈകാര്യം ചെയ്യപ്പെടുന്ന പദ്ധതിയാണ്.

ഇ.ഡി.യെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ നേരിടുന്നു എന്ന ആക്ഷേപം ശക്തമാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റാണ് ഇതിൽ ഒടുവിലത്തെ സംഭവം. എന്ത് പറയുന്നു ?

കെജ്‌രിവാളിന് ഇ.ഡി ഒൻപത് സമൻസുകൾ നൽകി. ജാമ്യം കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ആദ്യത്തെ സമൻസിന് തന്നെ ഹാജരാകാമായിരുന്നല്ലോ. രാഹുലും സോണിയയും കേസുകളിൽ ജാമ്യത്തിലാണ്. അവരെ അറസ്റ്റ് ചെയ്തോ ? ഇല്ലല്ലോ. ആ രീതിയിൽ കെജ്‌രിവാളിനും ജാമ്യം നേടാമായിരുന്നു. എന്നാൽ യഥാർഥ ചോദ്യം മറ്റൊന്നാണ്. അതാണ് ഞങ്ങൾ ജനങ്ങൾക്ക് മുമ്പിൽ വയ്ക്കുന്നത്. അഴിമതിക്കാരെ ശിക്ഷിക്കണോ വേണ്ടയോ ? അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം പറഞ്ഞതു പോലെ, പ്രക്ഷോഭ കാലത്ത് കെജ്‌രിവാൾ എല്ലാ ദിവസവും മദ്യത്തിനെതിരെ സംസാരിക്കുമായിരുന്നു. എന്നാൾ ഭരണത്തിലെത്തിയപ്പോൾ എല്ലായിടത്തും മദ്യക്കടകൾ തുറക്കുന്നു, രാത്രി 3 മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകുന്നു. മദ്യം ഉപയോഗിക്കുന്നവരുടെ പ്രായപരിധി 16 വയസ്സായി ചുരുക്കുന്നു. എന്താണ് ഇതിന് അർഥം?. ഇത് ജനങ്ങളോട് കാട്ടിയ വൻതട്ടിപ്പാണ്. അതാണ് പ്രശ്നം. അല്ലാതെ എന്തിന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു എന്നതല്ല. ഇ.ഡി.യെ ആയുധമാക്കുന്നുവെന്നത് തെറ്റായ പ്രചരണമാണ്. അങ്ങനെയെങ്കിൽ എന്തു കൊണ്ട് കോടതികൾ ഇവർക്ക് ജാമ്യം നൽകുന്നില്ല ?. കഴിഞ്ഞ ഒരു വർഷമായി മനീഷ് സിസോദിയ എന്തു കൊണ്ട് ജയിലിൽ കിടക്കുന്നു. ബി.ജെ.പിയോ സർക്കാരോ ആണോ ഇത് ചെയ്തത്. കോടതികളാണ് തീരുമാനമെടുത്തത്. വിഷയം ഇതൊന്നുമല്ല, ആരാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുക എന്നതാണ്. ആരാണ് വികസനകാര്യം ഉറപ്പാക്കുന്നത്. യുവാക്കൾക്ക് ആര് അവസരം നൽകും. സ്ത്രീകളെ ആര് ശാക്തീകരിക്കും. ദാരിദ്ര്യത്തിൽനിന്ന് പാവപ്പെട്ടവരെ ആര് പുറത്ത് കൊണ്ടുവരും. ഇതൊക്കെയാണ് വിഷയങ്ങൾ. ഈ വിഷയങ്ങളിലെല്ലാം കഴിഞ്ഞ പത്ത് വർഷത്തെ ട്രാക്ക് റെക്കോർഡ് ബി.ജെ.പിക്കുണ്ട്. ഇവിടെ പ്രോ ഇൻകംബൻസിയാണുള്ളത്. ഒരു ലോക നേതാവും 10 വർഷത്തെ ഭരണത്തിന് ശേഷം കൂടുതൽ ജനപ്രിയനായിട്ടില്ല. പ്രധാനമന്ത്രി മോദി കൂടുതൽ കൂടുതൽ ജനപ്രിയനായിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ റേറ്റിങ് വളർന്നു കൊണ്ടിരിക്കുകയാണ്. ഇതൊക്കെയാണ് വിഷയങ്ങൾ.

ഇ.ഡി.ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികളെ ഉപേയാഗിച്ച്  പ്രതികാര രാഷ്ട്രീയം നടത്തുകയാണ് സർക്കാരെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ ആരോപണം. എന്ത് പറയുന്നു ?

സർക്കാർ രാഷ്ട്രീയ പ്രതികാരം കാട്ടുകയാണെങ്കിൽ, എന്തു കൊണ്ട് കോടതികൾ ഇവർക്ക് ജാമ്യം നൽകുന്നില്ല?. കഴിഞ്ഞ ഒരു വർഷമായി മനീഷ് സിസോദിയ എന്തു കൊണ്ട് ജയിലിൽ കിടക്കുന്നു. ബി.ജെ.പി യോ സർക്കാരോ ആണോ ഇത് ചെയ്തത്. കോടതികളാണ് തീരുമാനമെടുത്തത്. എല്ലാ 15 ദിവസവും കൂടുമ്പോൾ അവരുടെ ജാമ്യം നിഷേധിക്കുന്നത് കോടതിയാണ്. അത് സർക്കാരിന്റെ നടപടിയല്ല. അവർ ജയിലിൽ കഴിയുന്നു, അവർക്ക് ജാമ്യം കിട്ടുന്നില്ല.  ഇതെല്ലാം കോടതികളുടെ തീരുമാനമാണ്. അതിനാൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് മാത്രമല്ല, നിലനിൽക്കുന്ന കേസുകളുമാണ്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നോട്ട് വെക്കുന്ന വിഷയങ്ങൾ എന്തൊക്കെയാണ് ?

വികസനം, വികസനം, വികസനം. പ്രധാന വിഷയം വികസനം തന്നെ. പാവപ്പെട്ടവരുടെ ഉന്നമനം, യുവാക്കൾക്ക് അവസരം, സ്ത്രീകൾക്ക് ആദരവും പുതിയ അവസരവും, പാവപ്പെട്ടവരെ ദാരിദ്ര്യത്തിൽനിന്ന് പുറത്തു കൊണ്ടു വരൽ തുടങ്ങിയവ പ്രധാനമാണ് .രാജ്യത്തെ പതിനൊന്നാമത്തെ സാമ്പത്തിക നിലയിൽ നിന്ന ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി വളർത്തിയിരിക്കുന്നു. എല്ലാവർക്കും അതിന്റെ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. അടുത്ത മൂന്ന് നാല് വർഷങ്ങൾക്കിടയിൽ രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. അതിനർഥം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്നു എന്നാണ്. ഇതാണ് ഞങ്ങൾ കൊണ്ടു വരുന്ന മാറ്റം. ജനങ്ങൾ നല്ല മാറ്റം ആഗ്രഹിക്കുന്നു. അവർ നല്ല ഭരണം ആഗ്രഹിക്കുന്നു. മോദി അത് നൽകുന്നു. ഒരു രൂപ മുകളിൽ നിന്ന് താഴേക്ക് അയച്ചാൽ താഴെത്തട്ടിൽ എത്തുന്നത് 15 പൈസയാണെന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറയാറുണ്ടായിരുന്നു. ഡൽഹിയിൽനിന്ന് ഒരു രൂപ അയച്ചാൽ പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിലെത്തുക 15 പൈസ എന്നർഥം. എന്നാൽ മോദി ഒരു രൂപ അയച്ചാൽ താഴെത്തട്ടിലുള്ളവന് നേരിട്ട് ഒരു രൂപ തന്നെ ലഭിക്കുന്നു. അതാണ് വ്യത്യാസം.

പ്രതിപക്ഷത്തിന്റെ ആരോപണം തിരഞ്ഞെടുപ്പിൽ ബി.ജെ.പി വർഗ്ഗീയ കാർഡിളക്കി കളിക്കുന്നു എന്നാണ്. പൗരത്വ നിയമ ഭേദഗതിയാണ് ഇതിൽ ഏറ്റവും ഒടുവിൽ പുറത്തിറക്കിയത്. എന്താണ് പ്രതികരണം ?

ഒരിക്കലുമില്ല. സി.എ.എ എടുത്ത് പരിശോധിക്കൂ. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ മാത്രമേ ഉണ്ടായിരുന്നുള്ളു. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യ എന്ന ഒരൊറ്റ രാജ്യമേ അന്ന് ഉണ്ടായിരുന്നുള്ളു. ബ്രിട്ടീഷുകാർ ഇന്ത്യ വിഭജിച്ചു. കോൺഗ്രസ് അത് അംഗീകരിച്ചു. അങ്ങനെ പാകിസ്താനും ബംഗ്ലാദേശുമുണ്ടായി. എന്നാൽ ഈ രാജ്യങ്ങളിലെ പൗരൻമാരെല്ലാം ഇന്ത്യയിൽ ജനിച്ചവരാണ്. അവർ അവിടെ നേരിടുന്ന മതവിവേചനത്തിൽ നിന്ന് രക്ഷിക്കാനാണ് ഇന്ത്യ പൗരത്വം നൽകുന്നത്. അപ്പോൾ, ചോദ്യമുയരുന്നത് എന്തു കൊണ്ട് മുസ്ലിങ്ങൾക്ക് പൗരത്വം നൽകുന്നില്ല എന്നാണ്. അതിന് കാരണം,ബംഗ്ലാദേശും പാകിസ്താനും പ്രഖ്യാപിത ഇസ്ലാമിക് രാഷ്ട്രങ്ങളാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾ ഈ രാജ്യങ്ങളിൽ വിവേചനം നേരിടുന്നുവെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ ?ഇല്ല. മാത്രമല്ല,വിഭജന സമയത്ത് അവർ സ്വയം തിരഞ്ഞെടുത്തതാണ് ഈ രാജ്യങ്ങളെ. അതവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പായിരുന്നു. അതാണ് വിഷയം. സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത് യഥാർഥ ഇന്ത്യൻ പൗരൻമാർക്ക് പൗരത്വം നൽകാനാണ്. പാകിസ്താനിൽ നേരത്തെ 30 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇപ്പോൾ അവിടെയുള്ളത് മൂന്ന് ശതമാനം ഹിന്ദുക്കൾ. ബംഗ്ലാദേശിൽ നേരത്തെ 21 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇപ്പോൾ 8 ശതമാനം മാത്രം. ഇവരൊക്കെ എവിടെ പോയി?. അവരെ മുഴുവൻ ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്തിയിരിക്കുകയാണ്. അപ്പോൾ മതവിവേചനം നേരിടുന്ന പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഇന്ത്യക്കാർക്കാണ് കേന്ദ്ര സർക്കാർ പൗരത്വം നൽകുന്നത്. അതിലെന്താണ് കുഴപ്പം?. ഒരു വിഭാഗത്തെയും ഒഴിവാക്കിയിട്ടില്ല. നിലവിലുള്ള പൗരത്വ നിയമം അനുസരിച്ച് എല്ലാ രാജ്യങ്ങളിലുമുള്ള പൗരൻമാർക്ക് താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിൽ പൗരത്വം നേടാം. അതിന് യാതൊരു തടസ്സവുമില്ല. ഗായകൻ അദ്‌നാൻ സാമി ഇന്ത്യൻ പൗരത്വം സ്വീകരിച്ചല്ലോ. പിന്നെ എവിടെയാണ് പ്രശ്‌നം ?

എന്നാൽ പൗരത്വ ഭേദഗതി നിയമം മുസ്ലീം വിഭാഗത്തിന് നേരെയുള്ള രാഷ്ട്രീയായുധമാണെന്നാണ് സംശയം പടരുന്നത് ?

ഒരാളെയും സർക്കാർ ഒഴിവാക്കിയിട്ടില്ല. മുസ്ലിം വിഭാഗങ്ങളെ, മുസ്ലിം രാജ്യങ്ങളിൽ മതപരമായ വിവേചനത്തിന് വിധേയമാക്കുന്നില്ല. അവർ അത്തരം ഒരു വിവേചനം ആ രാജ്യങ്ങളിൽ നേരിടുന്നില്ല. സിഖുകാർ, ക്രിസ്ത്യാനികൾ തുടങ്ങിയവരാണ് വിവേചനം നേരിടുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യൻ വിഭാഗങ്ങളും തമ്മിൽ ലോകത്ത് പലയിടത്തും സംഘർഷം നിലവിലുണ്ട്. ഇത്തരം വിഷയങ്ങൾക്ക് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ല. ഇത് വളരെ ലളിതമായി മനസ്സിലാക്കാവുന്ന വിഷയമാണ്. മതവിവേചനം നേരിടുന്ന ഇന്ത്യക്കാർക്കാണ് ഇന്ത്യ പൗരത്വം നൽകുന്നത്.

2014,2019 വർഷങ്ങളുമായി താരതമ്യപ്പെടുത്തിയാൽ തിരഞ്ഞടുപ്പിൽ ഇക്കുറി പ്രതിപക്ഷം കുറെക്കൂടി ഐക്യത്തിലാണോ. അത് ബി.ജെ.പിക്ക് ഭീഷണിയാണോ ?

വേദികളിൽ മാത്രമാണ് അവരുടെ ഐക്യം. ജനങ്ങൾക്ക് മുന്നിൽ അവർക്ക് ഐക്യമില്ല. പ്രതിപക്ഷ പാർട്ടികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പാപ്പരത്തത്തിന്റെ രാഷ്ട്രീയമാണ് പ്രതിപക്ഷം കളിക്കുന്നത്. അവസരവാദമാണ് അവരുടെ രാഷ്ട്രീയം. ഒരു ഉദാഹരണം പറയാം. പ്രതിപക്ഷം  ജി.എസ്.ടി ബില്ലിനെ പാർലമെന്റിൽ പിന്തുണച്ചു. ഏകകണ്ഠമായി പാസ്സാക്കിയ ഒരു നിയമം നടപ്പാക്കുന്നതിൽ പ്രതിപക്ഷത്തിന്റെ മുഴുവൻ ധനകാര്യമന്ത്രിമാരും പങ്കെടുത്തു. ചട്ടങ്ങളുണ്ടാക്കി. നിരക്കുകൾ നിശ്ചയിച്ചു. പാസ്സാക്കി. ഇതെല്ലാം കഴിഞ്ഞ് പൊടുന്നനെ അവർ നിലപാട് മാറ്റി. ജി.എസ്.ടി ഗബ്ബർ സിങ് ടാക്സ് ആണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജനത്തിന് പ്രതിപക്ഷത്തിന്റെ ഈ രീതി ഇഷ്ടമല്ല.

ഈ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ എന്ത് സംഭവിക്കും ?
                                                                                                                 
എഴുതി വച്ചോളൂ, ദക്ഷിണേന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ എം.പിമാരുള്ള ഏറ്റവും വലിയ പാർട്ടി ബി.ജെ.പിയായിരിക്കും. കേരളം,തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി. വൻതോതിൽ സീറ്റുകൾ നേടും. ദക്ഷിണേന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന മുന്നണി എൻ.ഡി.എ ആയിരിക്കും. പരമാവധി എം.പിമാർ ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് ബി.ജെ.പിക്ക് ലഭിക്കും.

എങ്ങനെ ?

കണക്ക് കൂട്ടി നോക്കൂ. നിങ്ങൾ കർണാടകയിലെ നിങ്ങളുടെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരോട് ചോദിക്കു. അവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാം. കഴിഞ്ഞ വർഷം 24 സീറ്റുകൾ നേടി. ഇത്തവണ 26 സീറ്റുകൾ നേടും. തെലങ്കാനയിൽ കൂടുതൽ സീറ്റുകൾ നേടും ആന്ധ്രയിൽ ടി.ഡി.പിയുമായുള്ള സഖ്യത്തിലൂടെ എല്ലാ സീറ്റുകളും നേടും. കേരളത്തിൽ അക്കൗണ്ട് തുറക്കും എന്ന് മാത്രമല്ല,വ്യാപകമായ സാന്നിധ്യം ഉറപ്പാക്കും. കേരളത്തിലെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആയിരക്കണക്കിന് വീടുകൾ ഞാൻ സന്ദർശിച്ചു കഴിഞ്ഞു. എല്ലാ ദിവസവും ഭവന സന്ദർശന പരിപാടികൾ നടത്തുന്നുണ്ട്. ഇതുവരെ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരുടെ വീടുകളിൽ എന്നെ കൊണ്ടു പോകാനാണ് ഞാൻ പാർട്ടി പ്രവർത്തകരോട് പറയാറുള്ളത്. അത്തരം വീടുകളിൽ ഞാൻ പോകും. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ അവർക്കൊക്കെ കിട്ടുന്നുണ്ടോ എന്ന് ഞാൻ ചോദിക്കും. കിട്ടുന്നുണ്ട് എന്നവർ മറുപടി നൽകും. സംസ്ഥാനത്തെ എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകൾ രാഷ്ട്രീയം നോക്കിയാണ് ആനുകൂല്യങ്ങൾ നൽകുന്നത്. മോദി സർക്കാർ അത് ചെയ്യില്ല. ആരോടും വിവേചനം കാട്ടില്ല. യോഗ്യരായവർക്കെല്ലാം കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു. അതിനാൽ ജനങ്ങൾക്കെല്ലാം താൽപര്യമുണ്ട്. അർഹരായവർക്കെല്ലാം സൗജന്യഅരി ലഭിക്കുന്നുണ്ട്. ജനങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ 50 ലക്ഷം കുടുംബങ്ങൾക്ക് മുദ്രാ ലോൺ ലഭിച്ചിട്ടുണ്ട്. കർഷകർക്കുള്ള ആനുകൂല്യങ്ങൾ 34 ലക്ഷം കർഷകർക്ക് ലഭിച്ചിട്ടുണ്ട്. ഇത് കർഷകർക്ക് സഹായകരമാണ്. എല്ലാ കുടുംബങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിച്ചിട്ടുണ്ട്. 4 ലക്ഷം കുടുംബങ്ങൾക്ക് ഉജ്വല പദ്ധതി പ്രകാരം പാചകവാതകം ലഭിച്ചു. സ്ത്രീകൾ ആരോഗ്യകരമായ അന്തരീക്ഷത്തിൽ പാചകം നടത്തുന്നു. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള ക്ഷേമ പദ്ധതികൾ വേറെ. അതിനാൽ കേരളത്തിലെ ജനങ്ങൾ വളരെ സന്തുഷ്ടരാണ്. ഈ പദ്ധതികളെല്ലാം സുതാര്യമായ നിലയിൽ ജനങ്ങളിലേക്ക് എത്തുന്നു. അതുപോലെ ,കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. രണ്ട് വന്ദേഭാരത് ട്രെയിനുകൾ, കാസർകോടു നിന്ന് ആറുവരിപ്പാത. ജനങ്ങൾ ഈ പദ്ധതികളും വികസനവും കണ്ടു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷങ്ങൾ ബി.ജെ.പിയെ പിന്തുണക്കുമെന്ന് കരുതുന്നുണ്ടോ ?

ഇന്ത്യക്കാരെല്ലാവരും ഒന്നാണെന്ന സങ്കൽപമാണ് ബി.ജെ.പി പുലർത്തുന്നത്. നമ്മളെല്ലാവരും തുല്യരായ പൗരൻമാരാണ്. തുല്യ അവകാശങ്ങളും ചുമതലകളുമാണുള്ളത്. അതിനാൽ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കാൻ ഞങ്ങൾ തയ്യാറല്ല. എല്ലാവർക്കും പദ്ധതികളുടെ ഗുണഫലങ്ങൾ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതാണ് ബി.ജെ.പിയുടെ നയം. അതു കൊണ്ടാണ് ജനങ്ങൾ ബി.ജെ.പിയെ വിശ്വസിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ മനോഭാവം മാറിക്കഴിഞ്ഞു. ഇത്തവണ മോദിക്ക് വോട്ട് ചെയ്യുമെന്നാണ് കടുത്ത കമ്യൂണിസ്റ്റുകാർ പോലും പറയുന്നത്.

2019 ൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം യു.ഡി.എഫിനെ കേരളത്തിൽ പിന്തുണച്ചിരുന്നു. ഇത്തവണയും അതുണ്ടാകുമോ ?

രാഹുൽ പ്രധാനമന്ത്രിയാകുമെന്നായിരുന്നു അന്ന് കേരളത്തിലെ ജനങ്ങൾ നിർഭാഗ്യവശാൽ വിശ്വസിച്ചിരുന്നത്. മോദി ഒറ്റത്തവണത്തെ അത്ഭുതമാണെന്നും കരുതി. എന്നാൽ ഇപ്പോൾ എല്ലാവരും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കരുതുന്നു. അതോടെ കാര്യങ്ങൾ പാടെ മാറി. ലോകം മുഴുവൻ മലയാളികളായ പ്രവാസി സമൂഹം വിപുലമായുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അവർക്ക് ലോകത്ത് മുഴുവൻ ലഭിക്കുന്ന അംഗീകാരം,ആദരവ് ഒക്കെ വളരെ വലുതാണ്. വിദേശരാജ്യങ്ങളുമായി ഇന്ത്യക്കുള്ള ബന്ധം എത്രയോ മെച്ചപ്പെട്ടു. ഇതിലൂടെ ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. ഈ പ്രവാസി സമൂഹം ഇക്കാര്യങ്ങളെല്ലാം അവരുടെ കുടുംബങ്ങളുമായി പങ്കിടും. ഇക്കുറി മോദിക്ക് വോട്ട് ചെയ്യണമെന്ന് അവർ പറയും. അമേഠിയിൽ രാഹുൽ പരാജയപ്പെടുമെന്ന് കഴിഞ്ഞ തവണ  ആരെങ്കിലും കരുതിയോ ?ഏതെങ്കിലും ഒരു പത്രപ്രവർത്തകൻ, ഏതെങ്കിലും ഒരു രാഷ്ട്രീയ നിരീക്ഷകൻ രാഹുലിന്റെ പരാജയം പ്രവചിച്ചിരുന്നോ. ഇല്ല. പക്ഷെ,രാഹുൽ അമേഠിയിൽ തോറ്റു. തിരഞ്ഞെടുപ്പുകൾ എപ്പോഴും ഇത്തരത്തിൽ അതിശയങ്ങൾ കാത്തുവയ്ക്കും.

അയോധ്യയിലെ രാമക്ഷേത്രം പോലെയുള്ള വിഷയങ്ങൾ കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ ?

അയോധ്യ രാജ്യം മുഴുവൻ സ്വാധീനിക്കും. കേരളത്തിലും വിപുലമായ സ്വാധീനമുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വയനാട് ജില്ലയിൽ 120 സ്ഥലങ്ങളിലാണ് തൽസമയം സംപ്രേഷണം ചെയ്തത്. ഇതായിരുന്നു വയനാട്ടിലെ പ്രതികരണം. രാമൻ എല്ലായിടത്തുമുണ്ട്. സി.പി.എം നേതാവിന്റെ പേരിൽ സീതയും രാമനുമുണ്ട്. തമിഴ്നാട്ടിലെ പ്രശസ്ത പത്രപ്രവർത്തകന്റെ പേര് രാം എന്നാണ്. രാം എല്ലായിടത്തുമുണ്ട്. എന്നാൽ,ദൈവവിശ്വാസികളല്ലെന്ന് പറയുന്ന സി.പി.എം ദേവസ്വത്തിന്റെ ഭരണം കയ്യടക്കുന്നു, ക്ഷേത്രത്തിന്റെ പണം കൈകാര്യം ചെയ്യുന്നു. ഇവരിൽ പലരും അവരവരുടെ വീടുകളിൽ ദൈവങ്ങളെ പൂജിക്കുന്നുണ്ട്. ഞാൻ അങ്ങനെ നിരവധി പേരെ കേരളത്തിൽ കണ്ടു.

കേരളത്തിൽ എത്ര സീറ്റ് കിട്ടും ?

കുറഞ്ഞത് 5 സീറ്റുകളിൽ ബി.ജെ.പി കേരളത്തിൽ ജയിക്കുമെന്ന് കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നതാണ്. ചുമതലയേറ്റ ശേഷം ആദ്യഘട്ടത്തിൽ കേരളത്തിൽ വന്ന് സന്ദർശനം നടത്തി മുന്നൂറോളം കുടുംബങ്ങളെ നേരിൽ കണ്ടതിന് ശേഷം പറഞ്ഞതാണിത്. കേരളത്തിൽ ഇരട്ട സംഖ്യ സീറ്റുകൾ ദൂരെയല്ല എന്ന് പ്രധാനമന്ത്രി അടുത്തിടെ സംസ്ഥാനം സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു. അത് സത്യമാണ്.

അതിനർഥം കേരളത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് എന്ന ദ്വന്ദരാഷ്ട്രീയത്തെ ബി.ജെ.പി ഇക്കുറി മറികടക്കുമെന്നാണോ?

കേരളത്തിൽ ബൈപോളാർ രാഷ്ട്രീയമില്ല,ശരിക്ക് പറഞ്ഞാൽ എൽ.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടാണ്. കേരളത്തിൽ അവർ തിരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുന്നു. എന്നാൽ,ഹമാസ് ഉൾപ്പെടെ എല്ലാ വിഷയയത്തിലും അവർ ഒരുമിച്ചാണ്. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ അവർ യോജിച്ച് പ്രതിഷേധിച്ചു. അവരുടെ വിശ്വാസ്യതയെല്ലാം തകർന്നു കഴിഞ്ഞു. മോദിയുടെ വിശ്വാസ്യത വൻതോതിൽ ഉയർന്നു. ഇത് പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ്. ലാവ്ലിൻ,സോളാർ അഴിമതി,സ്വർണക്കടത്ത് അഴിമതി തുടങ്ങിയ വിഷയങ്ങളെല്ലാം ബി.ജെ.പി തിരഞ്ഞെടുപ്പിൽ  ചർച്ച ചെയ്തു വരികയാണ്. കെ.ഫോൺ, എ.ഐ ക്യാമറ എന്നിവയിലെ അഴിമതിയാണ് ഇതിൽ ഒടുവിലത്തേത്. ഈ വിഷയങ്ങളെല്ലാം ഞങ്ങൾ ഉയർത്തുന്നുണ്ട്. തട്ടിപ്പിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ഇടതുപാർട്ടികളും വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. കോൺഗ്രസും സി.പി.എമ്മും രാജ്യം മുഴുവൻ സുഹൃത്തുക്കളാണ്.എന്നാൽ കേരളത്തിൽ അവർ ഏറ്റുമുട്ടുന്നതായി നടിക്കുന്നു. ജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ട്.

കേരളത്തിൽ ചില കോൺഗ്രസ് നേതാക്കൾ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നു. മറ്റ് പാർട്ടികളിൽ നിന്ന് കൂടുതൽ നേതാക്കൾ ബി.ജെ.പിയിലേക്ക്  വരുമോ ?

അത്ഭുതങ്ങൾക്കായി കാത്തിരിക്കൂ. ആശ്ചര്യങ്ങൾ സംഭവിക്കും. ജില്ലാ തലങ്ങളിൽ ഇപ്പോൾ തന്നെ നിരവധി നേതാക്കൾ വിവിധ പാർട്ടികളിൽനിന്ന് ബി.ജെ.പിയിലേക്ക് ചേർന്നു കഴിഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ആയിരക്കണക്കിന് പേർ പാർട്ടിയിലേക്ക് കടന്നു വരുന്നുണ്ട്.