'എന്റെ ഇടപെടലുകള്‍ ജനം ആഗ്രഹിക്കുന്നു'; രാഷ്ട്രീയത്തിലിറങ്ങുന്നതിന് പിന്നില്‍,തുറന്ന് പറഞ്ഞ് വദ്ര
പ്രകാശൻ പുതിയേട്ടി
Last Updated:
5 min
മക്കൾക്ക് അമ്മയെ ആലോചിച്ചാണ് പേടി. എസ്.പി.ജി. സംരക്ഷണം പിൻവലിച്ചപ്പോൾ ആശങ്കയായിരുന്നു. ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ശക്തിയിൽ ഞങ്ങളതെല്ലാം മറക്കുന്നു.
റോബർട്ട് വദ്ര | Photo: പി. ജി. ഉണ്ണികൃഷ്ണൻ / Mathrubhumi
ന്യൂഡൽഹി: രാഷ്ട്രീയത്തിലേക്കിറങ്ങാൻ തന്റെ അഭ്യുദയകാംക്ഷികൾ നിർബന്ധിക്കുന്നതായും ഇനി ഗാന്ധി കുടുംബവും കോൺഗ്രസ് പാർട്ടിയുമാണ് തീരുമാനം എടുക്കേണ്ടതെന്നും വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്ര. തന്നെ രാഷ്ട്രീയത്തിലേക്കിറക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സോണിയ ഗാന്ധിയോടും പാർട്ടി നേതാക്കളോടും ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കാനാഗ്രഹിക്കുന്നതായും വേറെയെവിടെയായാലും പ്രശ്നമില്ലെന്നും വ്യക്തമാക്കിയ വദ്ര, ഇത്തവണയല്ലെങ്കിൽ അടുത്ത തവണയെങ്കിലും മത്സര രംഗത്തിറങ്ങുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയെയാണ് അമേഠിയിൽ സ്ഥാനാർഥിയാക്കുന്നതെങ്കിൽ താൻ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
To advertise here,
? അമ്പത്തഞ്ചുകാരനായ താങ്കളെ കാണുമ്പോൾ നാൽപ്പതുകാരനെപ്പോലുണ്ട്. നിങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത് കഠിനാധ്വാനി എന്നാണ്. രാഷ്ട്രീയത്തിലിപ്പോഴിറങ്ങാനുള്ള ആത്മവിശ്വാസം അതാണോ
ജനങ്ങളുടെ ആത്മവിശ്വാസമാണ് എനിക്കീ ശക്തി നൽകുന്നത്. 1999-ലും 2004-ലും റായ്ബറേലിയിൽ പ്രചാരണത്തിനിറങ്ങിയപ്പോൾ സോണിയ ഗാന്ധിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. കോൺഗ്രസ് സർക്കാർ വന്നതുമുതൽ ഞാൻ എല്ലാവരുമായും ബന്ധപ്പെടുന്നു. പ്രത്യേകിച്ച് യു.പി.യിലെ ജനങ്ങളുമായി. എന്റെ ആഘോഷങ്ങൾക്കൊപ്പം അവരുണ്ട്. അമേഠിയിൽ ജയിച്ച സ്മൃതി ഇറാനി പാർലമെന്റിൽ എന്റെ പേര് ദുരുപയോഗം ചെയ്തു. ഞാൻ അദാനിയുമായി ബന്ധപ്പെടുന്നു എന്നതടക്കമാണാരോപണം. അവ തെളിയിക്കണമെന്നും അല്ലാതെ പാർലമെന്റിനെ ദുരുപയോഗം ചെയ്യുകയല്ല വേണ്ടതെന്നും ഞാനവരെ വെല്ലുവിളിച്ചു. എല്ലാ തിരഞ്ഞെടുപ്പ് സമയവും എന്റെ പേര് വലിച്ചിഴയ്ക്കും. ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമെല്ലാം ഇവിടെ വരും. ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന, ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന, ഇന്ത്യ മുഴുവൻ സന്ദർശിക്കുന്ന എന്നെ അറിയുന്നവർക്ക് കഴിഞ്ഞ 10 വർഷമായി എന്റെ പേര് മോശപ്പെടുത്തുകയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ വിദ്വേഷം വെച്ചുള്ള ഈ വേട്ടയാടൽ തുടരുന്നതിനാൽ താങ്കൾ പാർലമെന്റിലെത്തി നേരിട്ട് കൃത്യമായ മറുപടി നൽകണമെന്ന് അവരാണ് എന്നോടാവശ്യപ്പെട്ടത്. ആരോപണങ്ങളൊന്നും തെളിയിക്കാനിതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ താങ്കൾ പാർലമെന്റിലേക്ക് പോയാൽ താങ്കളെപ്പോലെ വിദ്വേഷ വേട്ടയ്ക്കിരയാവുന്നവരെ സഹായിക്കാനാവുമെന്ന് പലരും പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി നിന്ന് മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്ന് അവർ കരുതുന്നു.
? പെട്ടെന്നാണ് ബിസിനസ്സിൽ നിന്ന് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് വരാനുള്ള ആഗ്രഹം പ്രകടമാക്കുന്നത്. രാഷ്ട്രീയത്തിൽ താങ്കളെത്രമാത്രം ശോഭിക്കും.
നിങ്ങൾ ഗാന്ധി കുടുംബത്തിന്റെ ഭാഗമാവുമ്പോൾ ജനങ്ങളൊരിക്കലും നിങ്ങളെ സാധാരണ പൗരനായോ ബിസിനസ്സുകാരനായോ കാണില്ല. ജനങ്ങളെപ്പോഴും കരുതുന്നത് എനിക്ക് കോൺഗ്രസ്സിന്റെ ഭാഗമായി നിന്ന് അവരെ വലിയ തോതിൽ സഹായിക്കാൻ കഴിയുമെന്നാണ്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കാണാനാവാത്തവർ എന്റെ അടുത്തുവന്ന് ഇക്കാര്യങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ ചെയ്യണമെന്ന് പറയും. അവർക്കറിയാം എനിക്ക് സ്ഥാപിത താല്പര്യങ്ങളില്ലെന്ന്. ഞാൻ ചെയ്യാനുള്ളത് ജനങ്ങൾക്ക് നേരിട്ട് ചെയ്യുന്നു. പൊതുജീവിതത്തിൽ നിന്നും രാഷട്രീയ ജീവിതത്തിൽ നിന്നും അകന്നു നിൽക്കുമ്പോഴും എല്ലാവരും എന്നെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നു. ഞാനെപ്പോഴും പരോക്ഷമായി ഗാന്ധി കുടുംബത്തിന്റെ ഭാഗമായി രാഷ്ട്രീയ ജീവിതം നയിക്കുന്നു. വിവിധ പാർട്ടികളെന്നെ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നു. അവർ എന്റെ പേര് ദുരുപയോഗിക്കുന്നു. ചിലർ എന്റെ നല്ല വശങ്ങൾ പറയുന്നു. രാഷ്ട്രീയകുടുംബത്തിൽ നിന്ന് വന്നയാളെന്ന നിലയിലാണ് പലരും എന്നെ സംസാരിക്കാൻ പോലും വിളിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പായാലും കേന്ദ്ര തിരഞ്ഞെടുപ്പായാലും അവർ എന്റെ പേര് രാഷ്ട്രീയമായി പറയുന്നു. മൊറാദാബാദിലും അമേഠിയിലും അവർ എന്നെ കായിക പരിപാടികൾക്ക് വിളിക്കുന്നു. ഹരിയാണയിലെ ഗുസ്തി താരങ്ങൾ ജന്തർ മന്ദറിൽ നിരാഹാരമിരുന്നപ്പോൾ ഞാൻ ചെന്നു. എന്റെ ഇടപെടൽ വലിയ തോതിൽ അവരാഗ്രഹിച്ചു. ജനങ്ങളും അതാഗ്രഹിക്കുന്നു. അതിനാലാണ് രാഷ്ട്രീയത്തിലേക്ക് നേരിട്ടിറങ്ങാനുള്ള തീരുമാനം.
റോബർട്ട് വദ്ര | Photo: പി. ജി. ഉണ്ണികൃഷ്ണൻ / Mathrubhumi
? അമേഠിയിൽ മത്സരിക്കണമെന്നാണ് താങ്കളുടെ ആഗ്രഹം. അമേഠിയിൽ കോൺഗ്രസ് മത്സരിപ്പിക്കുമെന്നും സീറ്റ് തിരിച്ച് കോൺഗ്രസ്സിന് നേടിക്കൊടുക്കാനാവുമെന്നും താങ്കൾ കരുതുന്നുണ്ടോ.
അമേഠിയുമായി പണ്ട് ഞാൻ പ്രചാരണത്തിനിറങ്ങിയപ്പോൾ മുതലുള്ള ബന്ധമാണ്. ഗാന്ധി കുടുംബാംഗത്തെ തോൽപ്പിച്ചതും സ്മൃതി ഇറാനിയെ ജയിപ്പിച്ചതും ഒരബദ്ധമായെന്നാണ് അമേഠിക്കാരിപ്പോൾ കരുതുന്നത്. സ്മൃതി അവിടെ പോകുന്നില്ല. ഒന്നും ചെയ്യുന്നില്ല. ജനങ്ങൾക്ക് അവരെ അടുത്തു കിട്ടാനില്ല. ഗാന്ധി കുടുംബവുമായി വീണ്ടും ബന്ധം സ്ഥാപിക്കാനവർ ആഗ്രഹിക്കുന്നു. റായ്ബറേലിയിലും അമേഠിയിലും നേരത്തെ ചെയ്തതുപോലെ തങ്ങൾക്കായി ചെയ്യണമെന്നവർ പറയുന്നു. എനിക്ക് അമേഠിയിൽ മാത്രമല്ല, എന്റെ ചാരിറ്റി പ്രവർത്തനം വെച്ച് മൊറാദാബാദിലോ തെലങ്കാനയിലോ ദക്ഷിണേന്ത്യയിലെവിടെയോ നിൽക്കാനാവും. എന്റെ കഠിനാധ്വാനത്താൽ ഞാൻ കരുതുന്നത് ഗാന്ധി കുടുംബത്തിന്റെ ഭാഗമല്ലാതെത്തന്നെ എന്നെ അറിയുന്ന ജനങ്ങളിലൂടെ മത്സരിക്കണമെന്നാണ്. ഈ തിരഞ്ഞെടുപ്പിലല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും. അതിന് കുടുംബത്തിന്റെ അനുഗ്രഹമുണ്ടാകും. കോൺഗ്രസ് പാർട്ടിക്കും ബോധ്യപ്പെടും. എന്റെ കഠിനാധ്വാനത്തിലൂടെ ജനങ്ങൾക്കിപ്പോൾ ഞാൻ ബിസിനസ്സിനെക്കാൾ രാഷ്ട്രീയത്തിൽ നിൽക്കണമെന്നാണാഗ്രഹമുള്ളത്.
? രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് പാർട്ടിക്കുള്ളിൽ ഇപ്പോഴും താൽപ്പര്യങ്ങളുണ്ടല്ലോ.
അത് വളരെ നല്ലതാണ്. രാഹുൽ തിരിച്ചുവരുന്നെങ്കിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഗാന്ധി കുടുംബത്തിൽ നിന്ന് ആർക്കും അമേഠിയിൽ മത്സരിക്കാം. രാഹുലാണ് മത്സരിക്കുന്നെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ജയത്തിനായി കഠിനമായി പ്രവർത്തിക്കും.
? വരുൺ ഗാന്ധി സമാജ് വാദി പാർട്ടിയിൽ ചേരുമെന്നും ചിലപ്പോൾ കോൺഗ്രസ്സിന്റെ അനുഗ്രഹാശിസ്സുകളോടെ അമേഠിയിൽ മത്സരിക്കുമെന്നൊക്കെ കേൾക്കുന്നല്ലോ.
അത്തരം കാര്യം എനിക്കറിയില്ല. അതെന്തായാലും വരുൺ ഗാന്ധിയുടെ നല്ല ഭാവിക്ക് എന്റെ ആശംസകൾ ഉണ്ടാവും. അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനവും പരിഗണനയും അവസരവും ബി.ജെ.പി.യിൽ നിന്ന് ലഭിച്ചിട്ടില്ല. എനിക്ക് മതേതര - ജനാധിപത്യ രാഷ്ട്രീയമാണ് താല്പര്യം. സ്ത്രീകളെ, കർഷകരെ, യുവാക്കളെ കേൾക്കുന്ന രാഷ്ട്രീയമാണ് ഇഷ്ടം. എനിക്കെതിരേ പല ആരോപണങ്ങളും ഉന്നയിച്ചു. ഒന്നു പോലും അവർക്ക് തെളിയിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞാനും ഇത്തരം രാഷ്ട്രീയത്തിനെതിരേ രംഗത്തുവരണമെന്നാണാഗ്രഹിക്കുന്നു.
? താങ്കളെ അന്വേഷണ ഏജൻസികൾ വിടാതെയുണ്ട്. താങ്കൾക്ക് സീറ്റ് ലഭിച്ചാൽ അതും ബി.ജെ.പി. രാഷ്ട്രീയായുധമാക്കില്ലേ.
എത്രയോ തിരഞ്ഞെടുപ്പിൽ അവരിതു ചെയ്യുന്നു. കഴിഞ്ഞ 10 വർഷമായി എന്നെ ചോദ്യം ചെയ്യുന്നു. ഇനിയൊരു ചോദ്യം പോലും ചോദിക്കാൻ ബാക്കിയില്ല. എനിക്കെതിരേ ഒരു തെളിവു പോലുമില്ല. ഞാനിതൊക്കെ എത്രയോ അനുഭവിച്ചു കഴിഞ്ഞു. അത്തരം പ്രചാരണവുമായി ഇനി വന്നാൽ എന്നെ തളർത്താനാവില്ല. അവരെന്തൊക്കെ ചെയ്താലും ഞാനത് പ്രതിരോധിക്കും. ബിസിനസ്സും രാഷ്ട്രീയവും ഇനി ഒന്നിച്ചുകൊണ്ടുപോകാനും എനിക്കാവും. ഞാനിപ്പോൾ അവരുടെ എന്ത് സമ്മർദ തന്ത്രവും അതിജീവിക്കാൻ ശേഷി നേടിക്കഴിഞ്ഞു.
? താങ്കളെ ഇനി ബി.ജെ.പി.ക്ക് തൊടാനാവില്ലെന്നാണോ ആത്മവിശ്വാസം.
അതെ, അവർക്കാവില്ല. പതിനഞ്ചിലധികം തവണ എന്നെ ചോദ്യം ചെയ്തു കഴിഞ്ഞു. എന്റെ കമ്പനികൾക്കെല്ലാം നോട്ടീസുകളും സമൻസുകളും ലഭിച്ചു. എല്ലാറ്റിനും ഞാൻ കൃത്യമായ മറുപടി നൽകി. ഇനിയൊന്നും പുതുതായി ബാക്കിയില്ല. എനിക്ക് വിഷമിക്കേണ്ട കാര്യമൊന്നുമില്ല. എന്റെ ആരോഗ്യവും ശാരീരികക്ഷമതയും ഇനി രാഷ്ട്രീയത്തിനുപയോഗിക്കും.
റോബർട്ട് വദ്ര | Photo: പി. ജി. ഉണ്ണികൃഷ്ണൻ / Mathrubhumi
? 10 വർഷം മുമ്പ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് താങ്കൾ പറഞ്ഞതായി ഓർമയുണ്ട്. പക്ഷേ, നടന്നില്ല.
അതുപോലല്ല ഇപ്പോൾ. ഈ വിദ്വേഷ ശക്തികൾ ശക്തമായി ഇറങ്ങിയിരിക്കുന്നു. പലരെയും കഠിനമായി ലക്ഷ്യം വെക്കുന്നു. അതിനൊരു മാറ്റം വേണം. അതിന് ഞാൻ രംഗത്തിറങ്ങണമെന്നാണ് എന്നെ അറിയുന്നവരുടെ ആവശ്യം. അവർ കോൺഗ്രസ് ഓഫീസിലും സോണിയ ഗാന്ധിയുടെയടുത്തും ഈ ആവശ്യവുമായി വന്നിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്കും കായിക പരിപാടികൾക്കുമൊക്കെയായി ഞാൻ രാജ്യത്തിന്റെ പല ഭാഗത്തും പോയപ്പോൾ ജനങ്ങൾ എന്നിലെ നന്മ കണ്ടു. അവർ സമൂഹമാധ്യമത്തിലൂടെ എന്റെ അടുത്ത് വന്ന് നേരിട്ടു സംസാരിച്ചു. എന്നെപ്പോലെ വിശ്വാസ്യതയുള്ളയാളെ അവർക്ക് വേണമെന്നവർ പറയുന്നു. ഞാനിവിടെയുണ്ട്, കുടുംബവും പാർട്ടിയും തീരുമാനിച്ചാൽ ഔദ്യോഗികമായി ഇറങ്ങും.
? പ്രിയങ്ക, മക്കൾ, രാഹുൽ ഗാന്ധി, സോണിയാജി - കുടുംബത്തെക്കുറിച്ച് പറയാമോ.
എല്ലാ കുടുംബങ്ങളെയും പോലെ തന്നെ. ഞങ്ങളുടെ കുടുംബം പക്ഷേ, രാജ്യത്തിനായി സമർപ്പിച്ചവരാണ്. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരാൻ സോണിയാജി പ്രയത്നിച്ചു. 2004-ൽ ജയിച്ചപ്പോൾ അവരെ പ്രധാനമന്ത്രിയാവുന്നതിൽ നിന്ന് ആരും തടഞ്ഞില്ലെങ്കിലും കോൺഗ്രസ്സിനെ ഒന്നിപ്പിക്കാൻ അവർ മാറിനിന്നു. പ്രിയങ്ക കഠിനാധ്വാനിയും സമർപ്പണ മനോഭാവമുള്ളവളുമാണ്. അതാണ് സർക്കാരുകൾ ഭയക്കുന്നതും അറസ്റ്റടക്കം ചെയ്തതും. ഞാനും രാഹുലും ഫിറ്റ്നസ് ക്രേസുള്ളവരാണ്. സൈക്ലിങ്ങിനും മറ്റും ഒന്നിച്ചാണ് പോവുക. അവസരം കിട്ടുമ്പോഴെല്ലാം ഒന്നിച്ചാണ് വ്യായാമം ചെയ്യുക. എന്റെ മക്കളും മാനസികമായി ശക്തരാണ്. മകൻ റയാൻ ഫോട്ടോഗ്രാഫറാണ്. മകൾ മിരായ വിദേശത്ത് മറൈൻ ബയോളജി പഠിക്കുന്നു. അവർക്ക് രണ്ടു പേർക്കും അമ്മയെ ആലോചിച്ചാണ് പേടി. എസ്.പി.ജി. സംരക്ഷണം പിൻവലിച്ചപ്പോൾ ആശങ്കയായിരുന്നു. രാഹുലിന്റെ വീടൊഴിയേണ്ട അവസ്ഥ വന്നപ്പോഴും അമ്മയെയും രാഹുലിനെയും എന്നെയും ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴും കുട്ടികൾ വേദനിച്ചു. ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ശക്തിയിൽ ഞങ്ങളതെല്ലാം മറക്കുന്നു.
Content Highlights: if rahul contests i will work for him said robert vadra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Most Commented