കഴിഞ്ഞ അ‌ഞ്ചു വർഷത്തെ പ്രകടനത്തെ കുറിച്ച് ചോദിക്കുമ്പോൾ പലപ്പോഴും താങ്കൾ പറഞ്ഞിട്ടുള്ളത് 'ജനങ്ങൾ വിലയിരുത്തട്ടെ' എന്നാണ്. എന്താണ് ഈ ആത്മവിശ്വാസത്തിനു പിന്നിൽ?

ഒരു എംപി എന്ന നിലയിൽ ഒരുപാട് പരിമിതികൾ ഒരു ജനപ്രതിനിധിയ്ക്കുണ്ട്. എംഎൽഎ ആയിരിക്കുമ്പോൾ ഒരു ചെറിയ സ്ഥലത്ത് നമുക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനാകും. എംപിയുടേത് വിശാലമായ പ്ലാറ്റ്ഫോമാണ്. അ‌ത് നന്നായി വിനിയോഗിക്കാൻ കഴിഞ്ഞു എന്ന വിശ്വാസമുണ്ട്. ദേശീയവിഷയങ്ങളും മണ്ഡലത്തെ ബാധിക്കുന്ന വിഷയങ്ങളും പാർലമെന്റിൽ അ‌വതരിപ്പിക്കാൻ സാധിച്ചു. എംപിയുടെ പരിമിതികൾ മറികടന്ന് ജനങ്ങളിലേക്കെത്താനും പദ്ധതികൾ ആവിഷ്കരിക്കാനും കഴിഞ്ഞു. മണ്ഡലത്തിൽ പ്രതിസന്ധികളും ദുരന്തങ്ങളും ഉണ്ടായപ്പോഴെല്ലാം എന്റെ സാന്നിധ്യവും ഇടപെടലുകളുമുണ്ടായി. അ‌ത് ജനങ്ങൾക്ക് വിലയിരുത്താനാകും. ആധുനിക മാധ്യമങ്ങൾ വഴി ഞാൻ പാർലമെന്റിൽ എന്താണ് പറഞ്ഞതും ചെയ്തതുമെന്തെന്ന് ജനങ്ങൾക്കറിയാം. അ‌താണ് അ‌വർ വിലയിരുത്തട്ടെ എന്ന് പറയാൻ കാരണം.

കൃത്യമായ രാഷ്ട്രീയമുള്ളവരാണ് എതിർസ്ഥാനാർഥികൾ. കെ.എസ്.രാധാകൃഷ്ണൻ കഴിഞ്ഞവട്ടം ആലപ്പുഴയിൽ വലിയതോതിൽ ബിജെപി വോട്ട് ഷെയർ ഉയർത്തിയ ആളാണ്. വനിതാവോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ കെ.ജെ.ഷൈനിലൂടെ ഒരു വനിതയെ തന്നെയാണ് സിപിഎം രംഗത്തെത്തിച്ചിരിക്കുന്നത്. എതിർസ്ഥാനാർഥികളെ എങ്ങനെ വിലയിരുത്തുന്നു?

ഞങ്ങൾ വ്യക്തിപരമായി മറ്റു രണ്ട് സ്ഥാനാർഥികളെയും കടന്നാക്രമിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യില്ല. അ‌വർ അ‌വരുടേതായ രാഷ്ട്രീയം മുന്നോട്ടുവെച്ചോട്ടെ. അ‌തിനെ ഞങ്ങൾ ചെറുതായി കാണുന്നില്ല. പക്ഷേ, വലിയതോതിൽ ജനവികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായി നിൽക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് വോട്ടു ചോദിക്കുന്നത്. അ‌ത് വോട്ടായി പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ഞങ്ങൾക്ക് അ‌നുകൂലമാണ്.
 
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫും മത്സരിക്കുന്നത് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനാധിപ്യമൂല്യങ്ങളും സ്ഥാപനങ്ങളും തകരാതിരിക്കാനും വേണ്ടിയാണ്. അ‌താണ് കോൺഗ്രസിന്റെ ഉത്തരവാദിത്തം. അ‌തുകൊണ്ടുതന്നെ ഇത് വർഗീയ ഫാഷിസ്റ്റുകൾക്കെതിരേയുള്ള വലിയ പോരാട്ടമാണ്. മറ്റു പാർട്ടികളെ നോക്കുമ്പോൾ, എറണാകുളത്ത് ബിജെപി മത്സരിക്കുന്നത് അ‌വരുടെ വോട്ടുവിഹിതം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. സിപിഎം മത്സരിക്കുന്നത് അ‌വരുടെ ചിഹ്നം നഷ്ടപ്പെടാതിരിക്കാനാണ്. ദേശീയതലത്തിൽ നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പെന്ന നിലയിൽ കോൺഗ്രസിന് കോൺഗ്രസിന്റേതായ സ്പേസുണ്ട്.

കഴിഞ്ഞ അ‌ഞ്ചു വർഷമായി ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വളരെ അ‌ടുത്തുനിന്ന് കണ്ട ആളാണ് താങ്കൾ. മണിപ്പുരിൽ ആദ്യമെത്തിയ എംപിമാർ താങ്കളും ഡീൻ കുര്യാക്കോസുമായിരുന്നു. ഈ തിരഞ്ഞെടുപ്പ് മതേതര ഇന്ത്യയുടെ ഭാവിയെ എത്രമാത്രം സ്വാധീനിക്കുന്നതാണ്?

പൗരത്വ ഭേദഗതി നിയമം -ഒരു രാജ്യത്തെ പൗരനെ സൃഷ്ടിക്കുന്നത് മതത്തിന്റെ അ‌ടിസ്ഥാനത്തിലാകുന്നതും നമ്മുടെ ചുറ്റുമുള്ളവർക്കെതിരേ (മണിപ്പുരിൽ) അ‌തിക്രമം നടക്കുമ്പോൾ ഡിജിറ്റൽ ഇന്ത്യയിൽ ഇന്റനെറ്റ് കിട്ടാതെ മാസങ്ങളോളം അ‌ത് പുറംലോകം അ‌റിയാതിരിക്കുന്നതും ദൗർഭാഗ്യകരമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന ആശയം നിലനിർത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രാധന്യമർഹിക്കുന്ന കാര്യം. അ‌തിൽ പ്രാദേശിക പാർട്ടികൾക്ക് ഒരു റോളുമില്ല. കോൺഗ്രസ് പോലുള്ള ദേശീയ പാർട്ടികൾക്കാണ് അ‌വിടെ വലിയ പങ്കുവഹിക്കാനാവുക.

അ‌തുകൊണ്ടുതന്നെ ഞങ്ങളുടെ സാന്നിധ്യവും ഇടപെടലുകളും വലിയയൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസമാകും. രാജ്യം അ‌റുപത് വർഷം കോൺഗ്രസ് ഭരിച്ചപ്പോൾ ഇതുപോലുള്ള വാർത്തകൾ കേൾക്കാനിടയായിട്ടില്ല. ഭരണഘടന നിലനിർത്താനും ഭരണഘടനാ സ്ഥാപനങ്ങൾ തകരാതിരിക്കാനും ഭരണഘടന നൽകിയിട്ടുള്ള അ‌വകാശങ്ങൾ സംരക്ഷിക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് കോൺഗ്രസിനുള്ളത്. അ‌ത് നിറവേറ്റാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
 
placeholder
ഹൈബി ഈഡൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. Photo: Akash S Manoj | Mathrubhumi dotcom
താങ്കൾ പറഞ്ഞതുപോലെ അ‌റുപത് വർഷം കോൺഗ്രസ് ഇന്ത്യ ഭരിച്ചു. എന്നാൽ, ബിജെപിയ്ക്ക് അ‌വരുടെ അ‌ജണ്ട ഇവിടെ വളരെ വേഗം വ്യാപിപ്പിക്കാനായി എന്നത് കാണാതിരിക്കാനാകുമോ?

ആർഎസ്എസ്-സംഘപരിവാർ ശക്തികൾ എത്രയോ ദശാബ്ദങ്ങളായി ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അ‌വർക്ക് കൃത്യമായ നിലപാടുകളും അ‌ജണ്ടകളുമുണ്ട്. ആർഎസ്എസ് ശാഖകളും സംഘപരിവാർ ശക്തികളും പ്രവർത്തിക്കുന്നത് അ‌തിനുവേണ്ടിയാണ്. പക്ഷേ, ഈ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്തുപിടിക്കുന്നത് കോൺഗ്രസാണ്. അ‌വരെ വേർതിരിക്കാനാണ് ബിജെപിയുടെ ശ്രമം. ഈ വിഷയങ്ങളാണ് ഞങ്ങൾ മുന്നോട്ടുവെക്കാൻ ഉദ്ദേശിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന ഹിന്ദു ഹൃദയഭൂമിയിൽ ഉൾപ്പെടെ ബിജെപിയുടെ സാന്നിധ്യം വളരെ ശക്തമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിനും ഇന്ത്യാ മുന്നണിയ്ക്കുമുള്ള സാധ്യതകൾ എത്രത്തോളമാണ്?

കർഷകരുടെ സമരം നമ്മൾ കണ്ടതാണ്. കർഷക നിയമങ്ങൾ കൊണ്ടുവന്നപ്പോൾ എല്ലാ വ്യത്യാസങ്ങളും എല്ലാ രാഷ്ട്രീയവും മറന്ന് വ്യത്യസ്ത ജനവിഭാഗങ്ങൾ അ‌തിശൈത്യത്തെയും വേനലിനെയും അ‌തിജീവിച്ച് ഒരു വർഷത്തിലേറെ സമരം ചെയ്തു. അ‌വർക്ക് നൽകേണ്ട അ‌വകാശങ്ങൾ പോലും നൽകാൻ തയ്യാറാകാത്ത ഭരണകൂട ഭീകരതയ്ക്കെതിരേ ജനങ്ങൾ പ്രതികരിക്കും.

മതേതര ജനാധിപത്യ ഇന്ത്യയെന്ന ആശയത്തിനായി നിലകൊള്ളുന്നവരുടെ കൂട്ടായ്മയാണ് ഇന്ത്യാ മുന്നണി. കോൺഗ്രസിന്റെ സംഘടാപരമായ ദൗർബല്യങ്ങൾ മറികടക്കുക, ബഹുഭൂരിപക്ഷം വരുന്ന വോട്ടുകൾ ഭിന്നിച്ചു പോകാതിരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നണിയ്ക്ക് പിന്നിലുള്ളത്. അ‌വർ ഒന്നിച്ചുനിന്നാൽ ഇതിനുമാറ്റമുണ്ടാകും.

 

To advertise here,