
ബി.ജെ.പി.യുമായുള്ള മുന്നണിബന്ധത്തിന്റെ പേരിൽ സി.കെ. ജാനു ഇപ്പോഴും പലർക്കും അനഭിമതയാവുന്നുണ്ട്. ആദിവാസിയെ പിടിക്കാൻ വരുന്നത് രാക്ഷസനാണെങ്കിലും മൂന്നുനേരം ഭക്ഷണം കൊടുത്തിട്ടാണല്ലോ പിടിക്കുന്നത് എന്ന തരത്തിലുള്ള വിശദീകരണമാണ് മുമ്പ് താങ്കൾ ഉന്നയിച്ചിട്ടുള്ളത്. ആദിവാസി ജനതയുടെ താത്പര്യങ്ങൾ ഹനിക്കുന്നിടത്ത് കുറച്ചുകാലത്തെ നേട്ടങ്ങൾക്കായി നിൽക്കുകയാണെന്ന് അത് വ്യാഖ്യാനിക്കപ്പെടില്ലേ?
എൻ.ഡി.എ.യ്ക്കൊപ്പം നിൽക്കുന്നതിൽ ഞാനിപ്പോഴും നിരന്തരം വിമർശിക്കപ്പെടുന്നുണ്ട്. ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല. ഞാനൊരു ആദിവാസിയും വനിതയുമായതുകൊണ്ടാണ് എന്നോടൊക്കെ ഇന്നയിടത്ത് നിൽക്കണം, നിൽക്കരുത് എന്നൊക്കെ പറയാൻ എല്ലാവർക്കും സാധിക്കുന്നത്. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി.യിൽ പോയി സ്ഥാനാർഥിയായി. അതിനെക്കുറിച്ചൊന്നും ആർക്കും വിമർശനമില്ല. അതിലൊരു ഇരട്ടത്താപ്പില്ലേ.
കേരളത്തിലെ പട്ടികജാതി-വർഗക്കാർ നൂറ്റാണ്ടുകളായി അയിത്തം കല്പിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമാണ്. അവരുടെ മുഖ്യധാരാരാഷ്ട്രീയത്തിലേക്കുള്ള ഒരു ചുവടുവെപ്പിനുള്ള ശ്രമമാണിപ്പോഴും ഞാൻ നടത്തുന്നത്. കേരളത്തിൽ ആദിവാസികളെയും ദളിതുകളെയും പരിഗണിക്കേണ്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. നൂറ്റാണ്ടുകളായി ഇടതിനൊപ്പം ജാഥത്തൊഴിലാളികളായി നിന്നവർ, അവർക്കുവേണ്ടി ജീവിതം തീർന്നുപോയ ജനവിഭാഗമാണ് ഞങ്ങളുടെ പൂർവികർ. പക്ഷേ, ഇടതുപക്ഷം അതു പരിഗണിച്ചില്ല എന്നുമാത്രമല്ല, ഇത്തരം മുന്നേറ്റങ്ങൾ വരാനുള്ള ശ്രമങ്ങളെപ്പോലും തകർക്കുകയായിരുന്നു. കേരളത്തിൽ ആദിവാസിക്കും ദളിതനുംനേരേ എൻ.ഡി.എ. അത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല. ഇവിടത്തെ ആദിവാസികളുടെ ദുരിതജീവിതത്തിൽ എൻ.ഡി.എ.യ്ക്ക് പങ്കില്ല. മറ്റിടങ്ങളിലെ കാര്യം ഞാൻ പറയുന്നില്ല. എല്ലാവരും അവഗണിച്ച്, അകറ്റിനിർത്തിയവരെ ഒരു മുന്നണിയെന്നനിലയിൽ എൻ.ഡി.എ. പരിഗണിക്കുന്നതിന് പുതിയ രാഷ്ട്രീയമാനമുണ്ട്. ഞങ്ങളെ സംബന്ധിച്ച് അതു നൂറുശതമാനം ശരിയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സി.കെ. ജാനു സജീവമായുണ്ട്. മുൻതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയായിരുന്നെങ്കിലും ബി.ജെ.പി. വോട്ടുകൾപോലും താങ്കൾക്ക് കിട്ടാതിരുന്ന സാഹചര്യങ്ങളുണ്ട്. ഘടകകക്ഷി എന്നനിലയിൽക്കൂടി ജെ.ആർ.പി. (ജനാധിപത്യ രാഷ്ട്രീയ പാർട്ടി)യുടെ ഈ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളെന്താണ് ?
കഴിഞ്ഞകാലങ്ങളിലെ തിരഞ്ഞെടുപ്പിനെക്കാളും വ്യത്യസ്തമായ സമീപനമാണ് ജനങ്ങളിൽനിന്ന് കാണുന്നത്. എൻ.ഡി.എ.യ്ക്ക് കൂടുതൽ വോട്ടുകൾ ലഭിക്കും. ചില മണ്ഡലങ്ങളിലെങ്കിലും ജയത്തിലേക്ക് പോയേക്കാം എന്ന സാഹചര്യവുമുണ്ട്.
ഈ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം വേണ്ടാ, പ്രചാരണങ്ങളിൽ സഹകരിക്കാം എന്ന് ജെ.ആർ.പി.തന്നെ നിലപാടെടുക്കുകയായിരുന്നു. എൻ.ഡി.എ. ഘടകകക്ഷി എന്നനിലയിലുള്ള പരിഗണന ഇതുവരെ ഉണ്ടായിരുന്നില്ല. ഇല്ലാത്തത് ഇല്ലെന്നുതന്നെ പറയാം. പക്ഷേ, ഇനിയുണ്ടാകുമെന്നാണ് ലഭിക്കുന്ന ഉറപ്പ്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥിയായപ്പോൾ എൻ.ഡി.എ.യുടെ മുഴുവൻ വോട്ടും കിട്ടയിട്ടില്ല. കുറച്ചുകൂടി വിശാലമായി ആ വിഷയത്തെ കാണാം. ആദിവാസികളെ സാമൂഹികമായും രാഷ്ട്രീയമായും അവഗണിച്ച ഒരു ചരിത്രപശ്ചാത്തലമാണുള്ളത്. അത് എല്ലാ സംവിധാനത്തിലുമുണ്ട്. വാക്കാൽ പലതും പറയുമെങ്കിലും ഉള്ളിന്റെയുള്ളിൽ ആ വിവേചനമുണ്ട്്. അത് പലയിടത്തും മുഴച്ചുകാണുകയും ചെയ്യും. ആ പ്രക്രിയയുടെ ഭാഗമായുള്ള രീതികൾ പൂർണമായും മാറിയിട്ടില്ല. പക്ഷേ, ഇപ്പോഴത്തെ സാഹചര്യങ്ങളിൽ പൂർണമായും നെഗറ്റീവാകേണ്ട, പ്രതീക്ഷകളുണ്ട്. എന്തെങ്കിലും പ്രതീക്ഷകളുണ്ടെങ്കിലല്ലേ നിൽക്കാനാവൂ.
സുൽത്താൻബത്തേരി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണല്ലോ. കേസിൽ ഒന്നാം പ്രതിയായ കെ. സുരേന്ദ്രനാണ് വയനാട്ടിലെ എൻ.ഡി.എ. സ്ഥാനാർഥി. പരാതിക്കാരി പ്രസീത അഴീക്കോടും മത്സരരംഗത്തുണ്ട്. വീണ്ടും ബത്തേരി കോഴക്കേസ് ശ്രദ്ധനേടുകയാണ്
എനിക്കതിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല. കോടതിയുടെ പരിഗണനയിലാണ് കേസ്. അതിലെ ശരിയും തെറ്റും കോടതി കണ്ടെത്തട്ടെ. എനിക്കൊപ്പമുണ്ടായിരുന്നയാളാണല്ലോ ആരോപണമുയർത്തിയത് എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. പൊതുജനം പലവിധം എന്നല്ലേ. എന്റെ കൈയിലെ അഞ്ചുവിരലുകളും ഒന്നിച്ചല്ലലോ. വിരലുകൾക്കിടയിലെ വേർതിരിവ് എല്ലാ സംഭവങ്ങളിലുമുണ്ടാകും. ഇവർക്കൊക്കെ താരമാകാൻ ആരുടെയെങ്കിലും പേരുപറയണ്ടേ. ഇതിലും വലിയ അനുഭവങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അതുകൊണ്ട് ഈ വിവാദത്തിന് അതർഹിക്കുന്നതിലും വലിയ പ്രാധാന്യം ഞാൻ നൽകുന്നില്ല.
ആദിവാസികളുടെ സംസ്കാരവും വികസനവും മുൻനിർത്തി ആദിവാസിമതമാണ് വേണ്ടതെന്ന് പറയുന്ന ആളാണ് താങ്കൾ. അതേസമയം, എൻ.ഡി.എ. മുന്നോട്ടുവെക്കുന്ന വിശാല ഹിന്ദു ഐക്യവുമായി ബന്ധപ്പെട്ട് നിൽക്കാനും ശ്രമിക്കുന്നു. ഇതിലൊരു വൈരുധ്യമില്ലേ?
കേരളത്തിനുപുറത്തുള്ള ആദിവാസിസമൂഹങ്ങൾ പൈതൃകമായി ഒരു ഗോത്രസംസ്കാരത്തിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ്. അതിനനുസരിച്ചാണ് അവരുടെ സ്വഭാവരൂപവത്‌കരണംപോലും സംഭവിക്കുന്നത്. ആദിവാസി സ്വത്വം ഒന്നിന്റെയും ഭാഗമായി ആരും വിട്ടുകൊടുക്കില്ല. ഞാൻ ആദിവാസിതന്നെയാണ്, എന്റെ സ്വത്വം അതാണ്. എന്റെ സംസ്കാരം, പൈതൃകം, അസ്തിത്വം, വ്യക്തിത്വം അതാണ്. ഇതിൽനിന്നു മാറുമ്പോൾ ഞാൻ അല്ലാതാവും. ആദിവാസി കുട്ടികളുടെ സർട്ടിഫിക്കറ്റ് എഴുതുമ്പോൾ ജാതി അടിയ, പണിയ, കുറിച്യ എന്നൊക്കെ ചേർക്കും, മതം പറയുമ്പോൾ ഹിന്ദുവെന്നാക്കിത്തീർക്കും. അതാണ് ഇക്കാലമത്രയും സംഭവിച്ചത്. ഒരു സ്ഥലത്തും ആദിവാസി ഹിന്ദുവാണെന്ന് അവകാശപ്പെടുന്നില്ല. സർട്ടിഫിക്കറ്റ് തരുന്നവർ ഞങ്ങളെ ഹിന്ദുവാക്കുകയാണ്.
ജാതി അധിഷ്ഠിതമായി എല്ലാവരും സംഘടിക്കുമ്പോൾ 36 വിഭാഗത്തിലുള്ള ആദിവാസികൾ 36 ഗോത്രമായിത്തന്നെയാണ് ജീവിക്കുന്നത്. ആദിവാസികൾ ഒന്നുചേർന്ന് ആദിവാസിമതം രൂപവത്‌കരിക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. ആദിവാസിമതം എന്നനിലയിൽ സംഘടിക്കട്ടെ. ആ രീതിയിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗമിക്കട്ടെ. ഇന്നത്തെ നരകജീവിതത്തിൽനിന്ന് ആദിവാസിയെ ഒരു പടിയെങ്കിലും ഉയർത്തുമെങ്കിൽ ഈ ആവശ്യം അംഗീകരിക്കുകയാണ് വേണ്ടത്.
വയനാടിന്റെ വിഷയങ്ങൾ ഒരുപാട് ചർച്ചയാവുന്നുണ്ടല്ലോ. വന്യജീവി ആക്രമണങ്ങൾ, വികസനപ്രശ്നങ്ങൾ, ഭൂവിഷയം, വനാവകാശ നിയമം. ഇതേറ്റവും കൂടുതൽ ബാധിക്കുന്ന ആദിവാസി പക്ഷേ, വയനാട്ടിലും മുഖ്യധാരാവിഷയമാകുന്നില്ല. കേന്ദ്രം കഴിഞ്ഞ പത്തുവർഷമായി ഭരിക്കുന്നത് താങ്കൾകൂടി ഭാഗമാകുന്ന ഒരു മുന്നണിയാണ്. എന്നാൽ, നിയമപരമായി ഒരു ഇടപെടലും ആദിവാസിക്കുവേണ്ടി ഇക്കാലയളവിൽ ഉണ്ടായിട്ടില്ല?
ആദിവാസിയല്ലാത്ത ഏതുമതത്തിൽപ്പെട്ടവർക്കും ഒരു സംഭവം വന്നാൽ അത് ഈ ലോകമൊട്ടുക്ക് പെട്ടെന്ന് അറിയുകയും നഷ്ടപരിഹാരം പെട്ടെന്ന് ലഭിക്കുകയും ചെയ്യും. ആദിവാസിക്കാണെങ്കിൽ അതൊരു വാർത്തപോലുമാകില്ല. പൊതുസമൂഹത്തിലുള്ളവരുമായി താരതമ്യംചെയ്താൽ ആദിവാസിക്ക് നഷ്ടപരിഹാരംപോലും കിട്ടുന്നില്ല. തോല്പെട്ടിയിൽ കാപ്പിത്തോട്ടത്തിൽ പണിക്കുപോയി മരിച്ച നിലയിൽ കണ്ട ആദിവാസി വയോധികൻ ലക്ഷ്മണന്റെ കാര്യമെടുക്കാം. തോട്ടത്തിൽവെച്ച് കാട്ടാനയുടെ ആക്രമണത്തിനിരയായി മരിച്ച അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരംപോലും പൂർണമായി നൽകിയിട്ടില്ല. നേതാക്കളാരും ആ വഴിക്ക് വന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങളിലാണ് ഞാൻ നേരത്തേ സൂചിപ്പിച്ച ആദിവാസി മതത്തിന്റെ പ്രാധാന്യം. ആദിവാസിയിപ്പോൾ ചിന്നച്ചിതറി നിൽക്കുകയാണ്. അവർ ഒരുമിച്ചുനിന്നാൽ ഞങ്ങൾക്ക് വിലയുണ്ടാകും.
സാധാരണക്കാരനെപ്പോലെ ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ, അത്യാധുനിക സൗകര്യങ്ങളൊന്നും ഒരുകാലത്തും വേണ്ട. ആദിവാസിക്കുള്ള ഭൂവിതരണം വലിയ തട്ടിപ്പാണ്. വലിയ പട്ടയമേളകൾ നടക്കും. പൊതുസമൂഹത്തിൽപ്പെട്ടവന് പട്ടയവും ആദിവാസിക്ക് കൈവശരേഖയുമാണ് വിതരണം ചെയ്യുന്നത്. കൈവശരേഖതന്ന ഭൂമി എവിടെയാണെന്ന് അഞ്ചുവർഷം കഴിഞ്ഞാലും ഉദ്യോഗസ്ഥർ കാണിച്ചുതരുന്നില്ല. ഭൂമി കിട്ടിയാൽ ഒരുപാട് ഉപാധികൾ. ഭൂമി ഈടായിവെച്ച് വായ്പയെടുക്കാനാവുമോ? കരമടച്ച രസീതുണ്ടെങ്കിലേ കൃഷിനഷ്ടത്തിന് പരിഹാരംകിട്ടൂ. ആനയും കുരങ്ങും കൃഷി നശിപ്പിച്ചാൽ, പ്രളയത്തിലോ വരൾച്ചയിലോ കൃഷി നശിച്ചാൽ ആദിവാസിക്കുമാത്രം അങ്ങനെ നഷ്ടപരിഹാരം കിട്ടുന്നില്ല. ഞങ്ങൾക്കുമാത്രം എന്തിനാണ് കൈവശരേഖ. രണ്ടാംതരം പൗരന്മാരായുള്ള വിവേചനം എന്തിനാണ്.
Content Highlights: CK Janu about being in NDA
Published: 11 Apr 2024, 08:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented