രാജ്യതലസ്ഥാനത്തെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കളത്തില്‍ മാറ്റുരയ്ക്കാനിറങ്ങിരിക്കുകയാണ് അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി. നേതാവ് സുഷമ സ്വരാജിന്റെ ഏകമകള്‍ ബാംസുരി സ്വരാജ്. 'ഇന്ത്യ' സഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എയും ഡല്‍ഹി മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതിയാണ് ഇവിടത്തെ സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ 2014-ലും 2019-ലും ബി.ജെ.പിയാണ് ജയിച്ചത്. ഇത്തവണയും വിജയപ്രതീക്ഷയോടെ തന്റെ കന്നി മത്സരത്തിനിറങ്ങുന്ന ബാംസുരി മാതൃഭൂമി പ്രതിനിധി അരുണ്‍ സാബുവിനോട് സംസാരിക്കുന്നു.
* സുഷമ സ്വരാജില്‍നിന്ന് തുടങ്ങാമെന്ന് തോന്നുന്നു. അമ്മയെക്കുറിച്ച്... ?
ഇപ്പോഴോര്‍ക്കുമ്പോള്‍ അമ്മയുടെ വലുപ്പം തിരിച്ചറിയുന്നു. എല്ലാവര്‍ക്കുമെന്നപോലെ സ്വന്തം അമ്മ എന്റെയും പ്രചോദനമാണ്. എത്ര മികച്ച രാഷ്ട്രീയക്കാരി ആയിരുന്നുവോ അതിലും മികച്ച മാതൃ വാത്സല്യമാണ് അമ്മ എനിക്ക് തന്നിട്ടുള്ളത്.
* രാജ്യ തലസ്ഥാനത്തെ സുപ്രധാന മണ്ഡലമായ ന്യൂഡല്‍ഹിയില്‍ താര സ്ഥാനാര്‍ഥിയാണല്ലോ. എന്താണ് മനസില്‍.. ?
ആദ്യംതന്നെ പറയട്ടെ, താര സ്ഥാനാര്‍ഥി എന്നൊന്നില്ല. ഡല്‍ഹിയിലെ ഏഴ് സ്ഥാനാര്‍ഥികളും ഒരുപോലെയാണ്. മണ്ഡലങ്ങളും ഒരുപോലെതന്നെ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ഏഴ് താമര ചിഹ്നങ്ങള്‍. അതിനപ്പുറം സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ ഒരു പ്രസക്തിയുമില്ല. സ്ഥാനാര്‍ഥികളല്ല പാര്‍ട്ടിയാണ് പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ഗ്യാരണ്ടികള്‍ പറഞ്ഞാണ് രാജ്യമെങ്ങും ഞങ്ങള്‍ വോട്ട് ചോദിക്കുന്നത്.
* കഴിഞ്ഞവര്‍ഷമായിരുന്നു ബാംസുരിയുടെ നേരിട്ടുള്ള രാഷ്ട്രീയ പ്രവേശനം, ഡല്‍ഹി ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ സഹ കണ്‍വീനറായി. മാസങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി. ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്തു തോന്നുന്നു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നോ.. ?
ആത്മാര്‍ഥമായി പറഞ്ഞാല്‍ സ്ഥാനാര്‍ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി. അച്ചടക്കമുള്ള പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. നേതൃത്വം പറയുന്നു, അണികള്‍ അനുസരിക്കുന്നു. ഞാന്‍ ഒരു പാര്‍ട്ടി അണിയാണ്. രാഷ്ട്രീയ ചുമതല വഹിക്കുന്നത് ഇപ്പോഴാണെങ്കിലും വര്‍ഷങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകയാണ്. വിദ്യാഭ്യാസകാലത്ത് എ.ബി.വി.പിയില്‍ ചേര്‍ന്നതുമുതല്‍ രാഷ്ട്രീയ രംഗത്തുണ്ട്.
* കുടുംബ രാഷ്ട്രീയത്തെയും മക്കള്‍ രാഷ്ട്രീയത്തെയും ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും എപ്പോഴും അതിശക്തമായി എതിര്‍ക്കുന്നതാണ്. ബാംസുരിയുടെ ഉയര്‍ച്ച മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ എന്താണ് മറുപടി ?
മക്കള്‍ രാഷ്ട്രീയത്തെയും കുടുംബ രാഷ്ട്രീയത്തെയും എന്നും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എന്റെ പദവികളെയും സ്ഥാനാര്‍ഥിത്വത്തെയും എന്റെ കുടുംബവുമായി ബന്ധിപ്പിച്ച് കാണേണ്ടതില്ല. വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. എ.ബി.വി.പിയില്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്. അഭിഭാഷകയായി പാര്‍ട്ടിക്കുവേണ്ടി ദീര്‍ഘനാളായി നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞവര്‍ഷം പാര്‍ട്ടി ഡല്‍ഹിയിലെ ഉത്തരവാദിത്വമേല്‍പ്പിച്ചു.
അമ്മ രാഷ്ട്രീയക്കാരി ആയിരുന്നു എന്നതുകൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വന്നയാളല്ല ഞാന്‍. എന്റെ നിലപാടുകളും രാഷ്ട്രീയ ബോധ്യവും എന്റേത് മാത്രമാണ്. രാഷ്ട്രീയ പശ്ചാത്തലമില്ലെങ്കിലും ഞാന്‍ പൊതുരംഗത്തേക്ക് വരുമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് മുമ്പിലുള്ള കടമ. അവസരങ്ങള്‍ക്ക് പാര്‍ട്ടിക്ക് നന്ദി പറയുന്നു.
* സുഷമ സ്വരാജും എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തില്‍ വന്നത്. അഭിഭാഷകയുമായിരുന്നു. എങ്ങനെയാണ് അമ്മ ബാംസുരിയുടെ രാഷ്ട്രീയ യാത്രയെ സ്വാധീനിച്ചിട്ടുള്ളത് ?
അമ്മയുടെ രാഷ്ട്രീയ ജീവിതത്തിനൊപ്പമാണ് ഞാന്‍ വളര്‍ന്നിട്ടുള്ളത്. ബി.ജെ.പി. നേതാവ് എന്ന നിലയിലും മന്ത്രിയായുമാക്കെ അമ്മ സമൂഹത്തില്‍ ഇടപെടുന്നത് എനിക്ക് പ്രചോദനമായിട്ടുണ്ട്. തീര്‍ച്ചയായും അമ്മ മാര്‍ഗദര്‍ശിയായി മുന്നിലുണ്ട്.
ഞാന്‍ സ്വന്തം വഴി കണ്ടെത്തി പോകണമെന്ന് അമ്മയ്ക്കും അച്ഛനും നിര്‍ബന്ധമായിരുന്നു. ചെറുപ്പം മുതല്‍ അങ്ങനെയാണ് വളര്‍ത്തിയത്. സ്വതന്ത്രമായാണ് ഓരോ തീരുമാനങ്ങളും എടുത്തിട്ടുള്ളത്.
അമ്മയുടെ രാഷ്ട്രീയ പാരമ്പര്യം തുടര്‍ന്നു കൊണ്ടുപോകുമോ എന്ന് നിങ്ങള്‍ ചോദിക്കുന്നു. അമ്മയുടെ സംസ്‌കാരമാണ് എന്നിലുമുള്ളത്. എന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതും അമ്മതന്നെ.
* ഡല്‍ഹിയുടെ പാര്‍ലമെന്ററി ചരിത്രം നോക്കിയാല്‍ ഏറ്റവുമധികം ലോക്‌സഭയിലേക്ക് ജയിച്ചിട്ടുള്ളത് ബി.ജെ.പിയാണ്. കഴിഞ്ഞ രണ്ടു തവണയും മുഴുവന്‍ മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ ഇത്തവണ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ വന്നപ്പോള്‍ സിറ്റിങ് എം.പിമാരായ ആറുപേരെയും മാറ്റിയിരിക്കുന്നു.
കേന്ദ്രമന്ത്രിയായിരുന്ന മീനാക്ഷി ലേഖിയുടെ സ്ഥാനത്താണ് ബാംസുരിയെ ന്യൂഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. എന്തുകൊണ്ടാണ് ഈ മാറ്റങ്ങള്‍ ?
സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് ഞാനല്ല, പാര്‍ട്ടി നേതൃത്വമാണ്. എന്നെ ഏല്‍പ്പിച്ച കടമ ഞാന്‍ നിര്‍വഹിക്കും. പുതിയവര്‍ക്ക് അവസരം നല്‍കുന്നത് നല്ലതു തന്നെയല്ലേ. കൂട്ടത്തില്‍ പറയാം, ബി.ജെ.പി. മൂന്നാം തവണയും കേന്ദ്രത്തില്‍ അധികാരം നേടും. അതിലേക്കുള്ള യാത്രയില്‍ ഡല്‍ഹിയും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ട്. നിങ്ങള്‍ മുമ്പ് ചൂണ്ടിക്കാട്ടിയ ചരിത്രം പോലെ ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയെ വീണ്ടും തിരഞ്ഞെടുക്കും.

* ചരിത്രത്തില്‍ ആദ്യമായി ഇത്തവണ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും 'ഇന്ത്യ' സഖ്യമായി ഒന്നിച്ച് മത്സരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേന്ദ്രം അന്വേഷണം ഏജന്‍സികളെ അഴിച്ചുവിടുന്നത് തോല്‍വി ഭയന്നാണെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്... ?
പ്രതിപക്ഷ സഖ്യം ബി.ജെ.പിക്ക് ഒരിക്കലും ഒരു ഭീഷണിയേ അല്ല. എന്തായിരുന്നു കോണ്‍ഗ്രസിന്റെയും എ.എ.പിയുടെയും കുറച്ചുനാള്‍ മുമ്പത്തെ നിലപാടുകള്‍ എന്നു നോക്കിയാല്‍ത്തന്നെ അവരുടെ സഖ്യത്തിന്റെ പൊള്ളത്തരം തിരിച്ചറിയാം. കോണ്‍ഗ്രസിനെതിരേ അഴിമതി ആരോപണങ്ങളുടെ കറുത്ത ഡയറിയുമായി നടന്ന കെജ്രിവാളാണ് ഇപ്പോള്‍ അഴിമതിക്കേസില്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ അഴിമതിക്കെതിരേ പറഞ്ഞിരുന്നവരാണ് കോണ്‍ഗ്രസുകാര്‍. ഇപ്പോള്‍ അവര്‍ അഴിമതിക്കായി ഒന്നിച്ച് സഖ്യം ഉണ്ടാക്കിയിരിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് അവര്‍ സ്വയം ചിന്തിക്കണം.
ബി.ജെ.പി. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. അന്വേഷണ ഏജന്‍സികളല്ല, കോടതികളാണ് അവര്‍ക്ക് ജാമ്യം നല്‍കാത്തത്. ഒരു തെറ്റും ചെയ്യാത്തവരെങ്കില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ അവരെ മോചിപ്പിക്കേണ്ടതല്ലേ. കോടതിക്ക് മുമ്പില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. ഒന്നിച്ചു നിന്ന് എതിര്‍ത്തെന്നു കരുതി അഴിമതി ഇല്ലാതാകുന്നില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ബി.ജെ.പിക്ക് കൃത്യമായ നിലപാടാണുള്ളത്.
* പങ്കാളിത്തം ഉറപ്പാക്കാന്‍ പാര്‍ലമെന്റ് വനിതാസംവരണ ബില്‍ പാസാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ എങ്ങനെ വിലയിരുത്തുന്നു ?
ചരിത്രപരമായ തീരുമാനമാണ് ബി.ജെ.പി. സര്‍ക്കാര്‍ എടുത്തത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കാര്യം തന്നെ നോക്കൂ. ഏഴ് സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. അതേസമയം മറുവശത്ത് പ്രതിപക്ഷ സഖ്യത്തിന് ഒരു വനിതാ സ്ഥാനാര്‍ഥി പോലുമില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാണ് നടപ്പാക്കുകയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ബി.ജെ.പി. ഇത്തവണതന്നെ കഴിയുന്നത്ര സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നു. നാരീശക്തിയിലൂടെ രാജ്യത്തെ വികസന പാതയില്‍ കൊണ്ടുപോകണമെന്ന ആശയമാണ് മോദിജിയുടേത്. പറയുന്നത് ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാല്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പ് നയം മാത്രമേയുള്ളൂ.
* 2014-ല്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഇറാഖിലെ യുദ്ധമുഖത്തുനിന്ന് സുഷമ സ്വരാജിന്റെ ഇടപെടലില്‍ 46 മലയാളി നേഴ്സുമാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. അന്നത്തെ കാര്യങ്ങളൊക്കെ ഓര്‍മിക്കുന്നുണ്ടോ ?
ഉറപ്പായും. മറ്റേതൊരു ഭാരതീയയെയും പോലെ ഞാനും ഏറെ അഭിമാനിച്ച നിമിഷങ്ങളായിരുന്നു അത്. ആ നേഴ്സുമാര്‍ക്കായി ഉറക്കമൊഴിച്ച് രാത്രിയില്‍ ഫോണ്‍വിളികളുമായി ഏകോപനം നടത്തിയ അമ്മയെ ഓര്‍ക്കുന്നു. മന്ത്രി എന്ന നിലയില്‍ അന്നു നടത്തിയ ഔദ്യോഗിക ഇടപെടലുകളെക്കുറിച്ചൊന്നും എനിക്കറിയില്ല. ഔദ്യോഗിക കാര്യങ്ങളൊന്നും അമ്മ ഒരിക്കലും അറിയിച്ചിട്ടുമില്ല. എങ്കിലും ഉറക്കമില്ലാതെയുള്ള അന്നത്തെ കാത്തിരിപ്പും പ്രാര്‍ഥനയുമൊക്കെ മനസിലുണ്ട്. ഇപ്പോഴും ഏറെ അഭിമാനം തോന്നിപ്പിക്കുന്ന അനുഭവങ്ങളാണത്.

* സുഷമ സ്വരാജ് കേരളത്തിലും ജനപ്രിയ ആയിരുന്നു. എന്താണ് കേരളത്തെക്കുറിച്ചുള്ള ബാംസുരിയുടെ ഓര്‍മകള്‍ ?
കേരളം ദൈവത്തിന്റെ സ്വന്തം നാട് ആണല്ലോ...
നിങ്ങള്‍ മലയാളി പത്രക്കാരന്‍ ആയതുകൊണ്ടല്ല ഞാനിത് പറയുന്നത്. എനിക്ക് വളരെ ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് കേരളം. രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നും പറയാം. ഡല്‍ഹിയില്‍ അല്ലാത്തപ്പോള്‍ കുടകിലോ കേരളത്തിലോ ആയിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
കേരളത്തിന്റെ എല്ലാം നമ്മെ ആകര്‍ഷിക്കുന്നതാണല്ലോ. അവിടുത്തെ മനുഷ്യരും പ്രകൃതിയും ഭക്ഷണവും എല്ലാം...
അമ്മ പാര്‍ട്ടിയില്‍ കേരളത്തിന്റെ ചുമതലയില്‍ പ്രഭാരിയായിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള കുറേ നല്ല ഓര്‍മ്മകളും എനിക്ക് കേരളത്തില്‍ വെച്ചുണ്ടായിട്ടുണ്ട്. സംസ്‌കൃതം പഠിച്ചിട്ടുള്ളതിനാല്‍ അമ്മയ്ക്ക് മലയാളം കേട്ടാല്‍ അത്യാവശ്യം മനസിലാകുമായിരുന്നു. നമസ്‌കാരം പറയാനൊക്കെ എനിക്കും അറിയാം.
ഇപ്പോഴും സാധിക്കുമ്പോഴൊക്കെ കേരളത്തില്‍ പോകാറുണ്ട്. കൊച്ചിയും കുമരകവുമൊക്കെ അവിടത്തെ എന്റെ പ്രിയപ്പെട്ട ഇടങ്ങളാണ്. വീണ്ടും പറയട്ടെ, കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ.
Content Highlights: lok sabha election 2024, New Delhi seat
Published: 03 Apr 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented