
ജഗന്നാഥനാണോ പുരിയാണോ ആദ്യമുണ്ടായത് ? അറിയില്ല, ചോദ്യത്തിനുമുന്നിൽ ക്ഷേത്രത്തിൽ പൂജചെയ്യുന്ന പരമ്പരകളിൽപ്പെട്ട ഗംഗാധർ പൂജംപാണ്ഡെ ചിരിച്ചു. പുരിയാണ് ജഗന്നാഥൻ. ജഗന്നാഥനാണ് പുരി. ജയ് ജഗന്നാഥ് എന്നതാണ് അവിടത്തെ മന്ത്രവും മുദ്രാവാക്യവും.
കടൽക്കാറ്റിൽ ഉപ്പുനനയുന്ന പട്ടണത്തിന്റെ കാതലും കരുത്തുമാണവൻ. ശങ്കരൻ സ്ഥാപിച്ച ചതുർധാമങ്ങളിലൊന്നാണ് പുരി. പത്തുവർഷംമുമ്പാണ് അവസാനം ക്ഷേത്രത്തിൽ വന്നുപോയത്. അന്നത്തെ കാഴ്ചകൾ പായിസി പഹച്ച എന്ന പടികൾ കടന്നുപോകുമ്പോൾ വെറുതേ ഓർത്തു. പായിസി പഹച്ചയെന്നാൽ ഒഡിയയിൽ 22 പടികൾ എന്നർഥം. ശ്രീകൃഷ്ണ, ഗോവിന്ദ, എന്നുതുടങ്ങി അനന്തപദ്മനാഭന്റെ 22 പേരുകളാണ് പടികൾക്ക്.
അന്നത്തെ പുരി മനസ്സിലാക്കാനാവാത്തവിധം മാറിപ്പോയെന്ന് ഗംഗാ പാണ്ഡെയും പറഞ്ഞു. സൈക്കിൾറിക്ഷകളും പശുക്കളും മാലിന്യവുമെല്ലാം കലർന്നൊഴുകിയ, നിന്നുതിരിയാനിടമില്ലാത്ത ആ തെരുവിന്റെ വിദൂരച്ഛായ മാത്രമേയുള്ളൂ ഇപ്പോഴത്തെ ക്ഷേത്രനഗരത്തിന്.
ആ മാറ്റംതന്നെയാണ് ഒഡിഷയിൽ പ്രധാന പ്രചാരണായുധങ്ങളിലൊന്ന്.
നവീൻ പട്‌നായിക് സർക്കാരിന്റെ പ്രധാന വികസനനേട്ടങ്ങളിലൊന്നായാണ് പുരി പൈതൃകപദ്ധതിയെ ബി.ജെ.ഡി. ഉയർത്തിക്കാണിക്കുന്നത്. അയോധ്യ വികാരമുണർത്തി വോട്ട് സമാഹരിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമത്തിന് തടയിടുകകൂടിയാണ് ലക്ഷ്യം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് അഞ്ചുദിവസംമുമ്പാണ് ശ്രീമന്ദിർ പരിക്രമ എന്ന പൈതൃകപദ്ധതി മുഖ്യമന്ത്രി നവീൻ പട്‌നായിക് സമർപ്പിച്ചത്. ബി.ജെ.ഡി.യുടെ പ്രചാരണ ബോർഡുകളിലെല്ലാം മുഖംമാറിയ പുരിയുണ്ട്. നവീകരണമൊന്നും വോട്ടാവില്ലെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടുജീവിക്കുന്ന ബിശ്വഭൂഷൺ മഹാപത്രയുടെ വിലയിരുത്തൽ.
വർത്തമാനങ്ങൾക്കിടെ പായിസി പഹച്ച പിന്നിട്ടു. ജയ് ജഗന്നാഥ് എന്നവിളി മന്ദ്രസ്ഥായിയിൽനിന്ന് ആരോഹണാവരോഹണങ്ങളിലേക്ക് പലകുറി, പലതാളത്തിൽ പെരുകി. അതിനൊപ്പം ഇരുകൈയുമുയർത്തി ആയിരങ്ങൾ മറികടന്നുപോയി. പടികൾ കടന്ന് ഭോഗമണ്ഡപിലെത്തി. അതിന്റെ മുകളിലേക്ക് ഗംഗാ പാണ്ഡെ വിരൽചൂണ്ടി, ‘‘ശങ്കരാചാര്യർ പണിതതാണ്.’’ ആചാര്യൻ ഞങ്ങളുടെ നാട്ടിലാണ് ജനിച്ചതെന്ന മറുപടിയെ ഗംഗ ചിരിച്ചുകൊണ്ട് നേരിട്ടു. ‘‘കേരളത്തിൽനിന്നു പക്ഷേ വളരെക്കുറച്ചുപേരേ ഇങ്ങോട്ടു വരാറുള്ളൂ...’’
Content Highlights: Puri Jagannath Temple, answer to BJP who Campaign on Ayodhya
Published: 21 May 2024, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented