റാഞ്ചി: പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥത മൂലം ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ഇതുസംബന്ധിച്ച വിവരം പങ്കുവെച്ചത്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനനഗരിയില്‍ നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുമെന്നും ജയ്‌റാം രമേശ് അറിയിച്ചു.

To advertise here,

റാഞ്ചിയിലും സത്‌നയിലും നടക്കാനിരുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാനുള്ള എല്ലാ ഒരുക്കങ്ങളും രാഹുല്‍ ഗാന്ധി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, പെട്ടെന്ന് അദ്ദേഹത്തിന് സുഖമില്ലാതായി. അതിനാല്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍നിന്ന് മാറാന്‍ പറ്റാത്ത അവസ്ഥയാണ്. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സത്‌നയിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം റാഞ്ചിയിലെ റാലിയില്‍ പങ്കെടുക്കും, ജയ്‌റാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യാ സഖ്യത്തിന്റെ രണ്ടാമത്തെ പ്രധാന പ്രചാരണ പരിപാടിയാണ് റാഞ്ചിയിലെ പ്രഭാത് താര മൈതാനത്ത് ഇന്ന് നടക്കുന്ന റാലി. 'ഉല്‍ഗുലന്‍ ന്യായ് റാലി' എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ മാര്‍ച്ച് 31-നായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആദ്യ റാലി നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്ത് പത്തുദിവസത്തിന് ശേഷമായിരുന്നു ഇത്.

ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷിയാണ് ആംആദ്മി പാര്‍ട്ടി. നേരത്തെ, ജനുവരി 31-ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ ഹേമന്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഹേമന്ത് സോറന്റെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം.) പാര്‍ട്ടിയാണ് സംസ്ഥാനത്ത് ഞായറാഴ്ച ഇന്ത്യാ സഖ്യത്തിന്റെ റാലി സംഘടിപ്പിച്ചിരിക്കുന്നത്.  

അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി അണിനിരക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ ഈ പ്രധാന റാലിയില്‍നിന്ന് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് വിലയിരുത്തപ്പെടുന്ന രാഹുല്‍ ഗാന്ധി മാറിനില്‍ക്കുന്നതിനെക്കുറിച്ച് ദേശീയനേതാക്കള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.