ന്യൂഡല്‍ഹി: ബി.ജെ.പി.വിരുദ്ധ വോട്ടുകള്‍ ചിതറാതിരിക്കാന്‍ പരമാവധി വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ടും കോണ്‍ഗ്രസിന് തീരെ സഹകരണമനോഭാവമില്ലെന്ന് സി.പി.എമ്മില്‍ പൊതുവികാരം. അസമില്‍ ഒരുസീറ്റ് വിട്ടുനല്‍കുമെന്ന് സി.പി.എം. പ്രതീക്ഷിച്ചെങ്കിലും ബര്‍പെത മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സി.പി.എമ്മും ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതോടെ സംയുക്ത പ്രതിപക്ഷ ഫോറത്തില്‍ വിള്ളല്‍വീണു.
അസമിലെ മറ്റുചില മണ്ഡലങ്ങളിലും സംയുക്ത പ്രതിപക്ഷ ഫോറം പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ്. ബര്‍പെതയില്‍ ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ സി.പി.എം. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചു. 75-ല്‍പ്പരം പേരാണ് ഇതിനുവേണ്ടി അസം പി.സി.സി. അധ്യക്ഷന്‍ ഭൂപെന്‍ കുമാര്‍ ബോറയ്ക്ക് നിവേദനം നല്‍കിയത്. എ.ഐ.സി.സി.ക്കും നിവേദനത്തിന്റെ പകര്‍പ്പ് അയച്ചു.
മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയുടെ ഭാഗമായി ഒരു സീറ്റ് നല്‍കുമെന്ന പ്രതീക്ഷ അവസാനനിമിഷം വരെ നല്‍കിയശേഷം പിന്‍വലിഞ്ഞതും രാജസ്ഥാനില്‍ ഒരുസീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ വ്യക്തമായ തീരുമാനമറിയിക്കാത്തതും കോണ്‍ഗ്രസിനെതിരായ അമര്‍ഷം സി.പി.എമ്മിനകത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ രാഹുല്‍ഗാന്ധി ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നതിലും അമര്‍ഷമുണ്ട്. കഴിഞ്ഞദിവസം മുംബൈയില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനറാലിയില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികളെല്ലാം അണിനിരന്നിട്ടും സി.പി.എമ്മും സി.പി.ഐ.യും വിട്ടുനിന്നത് ഇക്കാരണങ്ങളാലാണെന്നാണ് സൂചന.
പശ്ചിമബംഗാളില്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകം സി.പി.എമ്മുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെങ്കിലും ഹൈക്കമാന്‍ഡ് നിലപാടില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് സി.പി.എം. ബംഗാള്‍ സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലിം കഴിഞ്ഞദിവസം വ്യക്തമാക്കി.
ബര്‍പെതയില്‍ സി.പി.എമ്മിന്റെ സിറ്റിങ് എം.എല്‍.എ.
അസമിലെ ബര്‍പെതയില്‍ സി.പി.എം. സ്ഥാനാര്‍ഥി സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഒരേയൊരു സിറ്റിങ് എം.എല്‍.എ.യായ മനോരഞ്ജന്‍ തലൂക്ദറാണ്. സംസ്ഥാന സേവാദള്‍ അധ്യക്ഷന്‍ ദീപ് ദയാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അസം ഗണപരിഷത്തിന്റെ ഫാനി ഭൂഷണ്‍ തലൂക്ദറാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.
Content Highlights: loksabha election seat share in assam
Published: 19 Mar 2024, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented