പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു. ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തും. ഈ ഘട്ടത്തിൽ സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ജാഥയിലേക്ക് യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലമ്പുഴയിൽ സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

To advertise here,

1965ൽ നിലവിൽ വന്ന മലമ്പുഴ മണ്ഡലത്തിൽ നാളിതുവരെ സിപിഎം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ടി. ശിവദാസനും ഉൾപ്പെടെ പാർട്ടിയുടെ തലപ്പൊക്കമുള്ള നേതാക്കന്മാർ പലവട്ടം പ്രതിനിധീകരിച്ച മണ്ഡലമാണിത്. എ. പ്രഭാകരനാണ് സിറ്റിങ് എംഎൽഎ.

യുഡിഎഫ് കഴിഞ്ഞ രണ്ട് തവണയായി ബിജെപിക്കും പിന്നിൽ മൂന്നാമതായി പോയ സീറ്റാണ് മലമ്പുഴ. വി.എസിന്റെ വിശ്വസ്ത അനുയായി ആയിരുന്ന സുരേഷിനെ സ്ഥാനാർഥിയാക്കുന്നതിലൂടെ മണ്ഡലത്തിൽ ഏതെങ്കിലും രീതിയിൽ ചലനമുണ്ടാക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സിപിഎമ്മിന്റെ ചുവപ്പുകോട്ടയിൽ സുരേഷിനെ പോലൊരാളെ മത്സരിപ്പിക്കുന്നത് മണ്ഡലത്തിന് കൂടുതൽ രാഷ്ട്രീയ-മാധ്യമ ശ്രദ്ധ കിട്ടുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.