
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ സീറ്റിനെ ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും (ജോസഫ്) തുറന്ന പോരിൽ. തൃക്കരിപ്പൂർ ഇക്കുറി മറ്റാർക്കും നൽകാനാകില്ലെന്ന് ഡിസിസി നേതൃത്വം പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന ഡിസിസി നേതൃയോഗത്തിലും ഈ തീരുമാനമുണ്ടായി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം തൃക്കരിപ്പൂർ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ആവർത്തിച്ചു. ഇതിനിടയിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിനെതിരേ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.
‘മുന്നണിയെ ഒറ്റുകൊടുക്കുന്നവർക്ക് തൃക്കരിപ്പൂരിൽ സീറ്റില്ല’, ‘ഓട്ടോയിൽ കയറാൻ ആളില്ലാത്തവർക്ക് തൃക്കരിപ്പൂരിൽ സീറ്റില്ല’, ‘തൃക്കരിപ്പൂർ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കും’ എന്നൊക്കെയാണ് പോസ്റ്ററിലുള്ളത്.
കോൺഗ്രസിന്റെ മണ്ഡലം- പി.കെ. ഫൈസൽ
തൃക്കരിപ്പൂരിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും ആവശ്യം കോൺഗ്രസ് മത്സരിക്കണമെന്നാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു. പ്രവർത്തകരുടെ സ്വാഭാവികവികാരമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൽനിന്നുണ്ടായത്. യുഡിഎഫ് ഇക്കുറി കരുത്തുറ്റ പോരാട്ടം ജില്ലയിൽ കാഴ്ചവയ്ക്കും. ഈ സാഹചര്യത്തിൽ വിട്ടുവീഴ്ച നടത്താനും ഒരുമിച്ച് നിൽക്കാനുമുള്ള ഉത്തരാവദിത്വം ഘടകകക്ഷികൾക്കുണ്ട്-ഫൈസൽ പറഞ്ഞു.
തീരുമാനം യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റേത് – ജെറ്റോ ജോസഫ്
തൃക്കരിപ്പൂർ സീറ്റിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ചതാണെന്നും അതു നിലനിർത്തണമെന്നു തന്നെയാണ് പാർട്ടി ജില്ലാ ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും തീരുമാനമെന്നും കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് പറഞ്ഞു. ചില സീറ്റ് മോഹികൾ സാമൂഹികമാധ്യമങ്ങളിൽ നിരന്തരം പോസ്റ്റിട്ടപ്പോൾ, അതിനുള്ള ചെറു പ്രതികരണം എന്ന നിലയിലാണ് കഴിഞ്ഞ ദിവസം താനൊരു പോസ്റ്റിട്ടത്.
എവിടെയൊക്കെ ആരൊക്കെ മത്സരിക്കുമെന്ന് തീരുമാനിക്കുന്നത് യുഡിഎഫ് സംസ്ഥാന നേതൃത്വമാണ്. ഇക്കുറിയും സംസ്ഥാനത്ത് പത്തിടത്ത് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാനഘടകം പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ തൃക്കരിപ്പൂർ വിട്ടുകൊടുക്കുന്ന പ്രശ്‌നമേയില്ല-ജെറ്റോ ജോസഫ് പറഞ്ഞു.
Content Highlights: thrikaripur seat youth congress poster
Published: 10 Jan 2026, 08:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented