കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ച തുടങ്ങാനിരിക്കെ തൃക്കരിപ്പൂർ സീറ്റിൽ കണ്ണുവെച്ച് കോൺഗ്രസും കേരള കോൺഗ്രസും. കഴിഞ്ഞ തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് ഈ സീറ്റ് നൽകിയത്. കേരള കോൺഗ്രസ് നേതാവായ എം.പി. ജോസഫ് സിപിഎമ്മിലെ എം. രാജഗോപാലിനോട് തോറ്റത് 26,300 വോട്ടിനാണ്. ജോസഫ് വിഭാഗത്തിന് ഈ സീറ്റ് നൽകിയതിൽ കോൺഗ്രസിനും മുസ്‌ലിം ലീഗിനും കടുത്ത അമർഷമുണ്ടായിരുന്നു.

To advertise here,

2016-ൽ ഈ മണ്ഡലത്തിൽ മത്സരിച്ചത് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ അന്തരിച്ച കെ.പി. കുഞ്ഞിക്കണ്ണനായിരുന്നു. അദ്ദേഹം തോറ്റത് പന്ത്രണ്ടായിരത്തിൽപ്പരം വോട്ടിനാണ്. ഇക്കുറി സീറ്റ് ചർച്ച തുടങ്ങും മുൻപേ കേരള കോൺഗ്രസ് വെടിപൊട്ടിച്ചു. തൃക്കരിപ്പൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് തുറന്നടിച്ചു. കേരള കോൺഗ്രസ് തന്നെ അവിടെ മത്സരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

പിന്നാലെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇതിനെതിരേ കമന്റുകളുമിട്ടു. വൈകാതെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പുമിറങ്ങി. പ്രത്യേക സാഹചര്യത്തിലാണ് കഴിഞ്ഞതവണ കേരളാ കോൺഗ്രസിന്‌ (ജോസഫ്) സീറ്റ് നൽകിയതെന്നു പറഞ്ഞ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അതിരൂക്ഷമായ ഭാഷയിൽ ആ പാർട്ടിയെ വിമർശിക്കുകയും ചെയ്തു.

നിയോജകമണ്ഡലം തലങ്ങളിൽ കമ്മിറ്റികളില്ലാത്ത പാർട്ടിയെന്നാണ് കാർത്തികേയന്റെ ആരോപണം. ഒരു പഞ്ചായത്ത് അംഗം പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് ഇനിയും തൃക്കരിപ്പൂർ സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ് യുഡിഎഫിനോട് അവശ്യപ്പെട്ടു. കോൺഗ്രസിന് സീറ്റ് വിട്ടുകിട്ടിയാൽ സ്ഥാനാർഥിയാകാൻ കോൺഗ്രസിലെയും യൂത്ത്‌ കോൺഗ്രസിലെയും ഒരുപിടി നേതാക്കൾ ചരടുവലി തുടങ്ങിക്കഴിഞ്ഞു.