പാലക്കാട്: ഒരു പതിറ്റാണ്ടോളം വിഎസിന്റെ സന്തതസഹചാരിയായിരുന്ന എ. സുരേഷ് ഒടുവിൽ പാർട്ടിയിലേക്ക് തിരിച്ചെത്തുക എന്ന മോഹം ഉപേക്ഷിച്ച് വി.ഡി. സതീശൻ നടക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായിരിക്കുകയാണ്. ഇതോടെ മലമ്പുഴയിൽ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയാകുമെന്നും ഏകദേശം ഉറപ്പായി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട് 13 വർഷത്തിന് ശേഷമാണ് സുരേഷ് വലതുചേരിയിലേക്ക് മാറുന്നത് എന്നതുകൊണ്ടുതന്നെ ഒറ്റുകാരൻ എന്ന ലേബലൊട്ടിച്ച് സുരേഷിനെ ഇനിയും ക്രൂശിക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് എളുപ്പമാവില്ല. പാർട്ടികോട്ടയായ മലമ്പുഴയിൽ ഇത്തവണ സുരേഷ് മത്സരിക്കുകയാണെങ്കിൽ എന്തായിരുന്നു സുരേഷ് ചെയ്ത ഇത്രവലിയ കുറ്റമെന്നും പടിയടച്ച് പിണ്ടംവെക്കുന്നതുപോലുള്ള നടപടി ശരിയായിരുന്നോ എന്നുമുള്ള ചോദ്യങ്ങൾക്ക് നേതൃത്വം ജനങ്ങളോട് ഉത്തരം പറയേണ്ടിവരും.
പാർട്ടി കുടുംബത്തിൽ ജനിച്ച് എസ്എഫ്ഐയിലൂടെ വളർന്ന് വിഎസിന്റെ സന്തതസഹചാരിയായി മാറിയ സുരേഷിനെ 2013-ൽ പാർട്ടി പുറത്താക്കുന്നത് വി.എസിനെ മഹാനായി ചിത്രീകരിച്ചെന്നും വിഎസിന് അനുകൂലമായി സംസാരിച്ചുവെന്നും പാർട്ടികമ്മിറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും ആരോപിച്ചായിരുന്നു. പലതവണ അന്വേഷണ കമ്മീഷനെ വെച്ചശേഷം പുറത്താക്കിയെങ്കിലും ഈ ആരോപണങ്ങൾ ശരിയായിരുന്നുവെന്ന് വി.എസ് അച്യുതാനന്ദനുപോലും അന്ന് ബോധ്യമായിരുന്നില്ല എന്നതാണ് സത്യം. പക്ഷെ, ഔദ്യോഗികപക്ഷത്തിന്റെ ശക്തിക്ക് മുന്നിൽ, തന്നെ പിന്തുണച്ചവർക്കെതിരെ വന്ന നടപടിയെ പരസ്യമായി ചോദ്യംചെയ്യാൻ പോലും അന്ന് വി.എസിന് സാധിച്ചില്ല. പേഴ്സണൽ അസിസ്റ്റന്റ് സുരേഷ്, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണൻ, അഡീ.പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരൻ എന്നവരെയായിരുന്നു 2013 മെയ് 13-നും 14-നും ചേർന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗം പുറത്താക്കിയത്.
പാർട്ടിക്കെതിരായുള്ള വാർത്തകൾ ചോരുന്നതും മറ്റും വി.എസ്സിന്റെ വിശ്വസ്തരായ മൂന്നുപേരുടെ ഗൂഢാലോനയുടെ ഭാഗമായിട്ടാണ് എന്നായിരുന്നു ഔദ്യോഗിക പക്ഷം ഇവർക്കെതിരെ ആരോപിച്ചത്. മാത്രമല്ല നടപടിയെടുക്കാതെ മുന്നോട്ട് പോവാനാവില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ അവർ ശക്തമായ നിലപാടെടുത്തു. തന്റെ വിശ്വസ്തർക്കെതിരെ നടപടിയെടുക്കരുതെന്നും അത് തനിക്കെതിരെയുള്ള നടപടിയുടെ ഭാഗമായിട്ടാണെന്നും അന്ന് വി.എസ് വാദിച്ചിരുന്നു. മാത്രമല്ല, തന്റെ വിശ്വസ്തർക്കെതിരെ പാർട്ടി നടപടിയെടുത്താലും പേഴ്സണൽ സ്റ്റാഫിൽനിന്ന് മാറ്റില്ലെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, വി.എസിന്റെ വാദങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞായിരുന്നു പിന്നീടുവന്ന തീരുമാനങ്ങൾ. ഇതോടെ മാധ്യമങ്ങളോടുപോലും ഒന്നും മിണ്ടാതെ വി.എസ് അന്ന് പുറത്തേക്ക് പോയതും വലിയ വാർത്തയായിരുന്നു. ലാവ്ലിൻ കേസ് അടക്കമുള്ള വിഷയങ്ങളിലെ വാർത്തകളായിരുന്നു വലിയരീതിയിൽ അന്ന് മാധ്യമങ്ങൾക്ക് ചോർന്നു ലഭിച്ചത്.
പാർട്ടിയുടെ കന്റോൺമെന്റ് ബ്രാഞ്ച് അംഗങ്ങളായിരുന്നു പുറത്താക്കപ്പെട്ട മൂന്നുപേരും. ഇവരെ പുറത്താക്കാൻ പാർട്ടി സംവിധാനം അനുസരിച്ച് സങ്കീർണമല്ലാത്ത കാര്യമായിരുന്നുവെങ്കിലും പി.ബിയും കേന്ദ്രകമ്മിറ്റിയും വരെ അംഗീകരിച്ചതിന് ശേഷമാണ് പുറത്താക്കൽ നടപടിയുണ്ടായത് എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. വി.എസിനെ തളയ്ക്കുക എന്നതായിരുന്നു അന്ന് ഔദ്യോഗിക പക്ഷം ലക്ഷ്യമിട്ടത്. അവസാനം അദ്ദേഹത്തിന്റെ സന്തത സഹചാരികളെ തളയ്ക്കുന്നതിൽ പാർട്ടി വിജയിക്കുകയും ചെയ്തു.
2012 ജൂണിലായിരുന്നു നടപടിയെടുക്കുന്നതിൽ വിശദീകരണം ചോദിച്ച് എ. സുരേഷ്, കെ. ബാലകൃഷ്ണൻ, വി.കെ. ശശിധരൻ എന്നിവർക്ക് സിപിഎം നേതൃത്വം കത്തയച്ചത്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പാർട്ടിക്കെതിരായുള്ള വാർത്തകൾ ചോർത്താനുള്ള ഗൂഢാലോചനയുടെ കേന്ദ്രമാക്കി വി.എസിന്റെ ഓഫീസിനെ മാറ്റി എന്നായിരുന്നു കണ്ടെത്തൽ. പാർട്ടി രഹസ്യങ്ങൾ, രേഖകൾ, സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചർച്ചയും തീരുമാനങ്ങളും കേന്ദ്രകമ്മറ്റി യോഗങ്ങൾ എന്നിവയൊക്കെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നായിരുന്നു ആരോപണം. വി.എസ് പങ്കെടുക്കാത്ത യോഗങ്ങളിലെ വാർത്തകൾ പോലും ചോർന്നിരുന്നു. ഇതിന് പിന്നിൽ സെക്രട്ടേറിയറ്റ് അംഗങ്ങളാണെന്നും അവർക്കെതിരെയും നടപടി വേണമെന്നും സുരേഷും മറ്റുള്ളവരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ചെവിക്കൊണ്ടില്ല. നടപടി ഇവരിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു.
പാർട്ടി തന്നെ പുറത്താക്കിയെങ്കിലും തനിക്ക് പാർട്ടിയെ പുറത്താക്കാനാവില്ലല്ലോ എന്നായിരുന്നു അന്നു സുരേഷിന്റെ പ്രതികരണം. താൻ പാർട്ടിയെ ഒറ്റുകൊടുക്കില്ലെന്നും ഒരിക്കലും പാർട്ടി വിരുദ്ധത കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, സുരേഷിന്റെ ചോദ്യത്തിനും വിശദീകരണത്തിനും 13 വർഷത്തിനു ശേഷവും മറുപടിപറയാൻ പാർട്ടി നേതൃത്വം തയ്യാറായില്ല. തന്നെ മെമ്പർഷിപ്പിലേക്ക് തിരിച്ചെടുക്കാതിരിക്കാനുള്ള അയോഗ്യത എന്തായിരുന്നുവെന്ന് ചോദിച്ച് കഴിഞ്ഞയാഴ്ച സുരേഷ് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു. പക്ഷെ, നാല് തവണയല്ല നൂറ് തവണ അപ്പീൽ നൽകിയാലും പുറത്താക്കപ്പെട്ടവർ പുറത്തുതന്നെ എന്നതായിരുന്നു ഇതിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി. ഇതോടെയാണ് മറ്റൊരു സാധ്യതയും മുന്നിലില്ലെന്ന് വ്യക്തമാക്കി വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമാവാനും മലമ്പുഴയിൽ മത്സരിക്കാനുമുള്ള സന്നദ്ധത എ. സുരേഷ് അറിയിച്ചത്.
Content Highlights: A decade-long associate of V.S. Achuthanandan, A. Suresh, who was expelled from CPM 13 years ago, is set to join VD Satheesan`s new journey and likely contest from Malampuzha. Explore the reasons behind his expulsion and return.
Published: 17 Feb 2026, 09:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented