
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും എൽഡിഎഫും കടുത്തപരാജയമേറ്റതിന് പിന്നാലെ പിണറായി വിജയനെതിരേ അതിരൂക്ഷ വിമർശനവുമായി ഇടതുസഹയാത്രികനും മുൻ എംപിയുമായ സെബാസ്റ്റ്യൻ പോൾ. കേരളത്തിലുണ്ടായത് ഭരണവിരുദ്ധവികാരമല്ല, മറിച്ച് പിണറായിവിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. നിയന്ത്രണത്തിന് വിധേയനായി പ്രവർത്തിക്കേണ്ടുന്ന ആളാണ് മുഖ്യമന്ത്രി. എന്നാൽ പാർട്ടി സെക്രട്ടറിക്കു പോലും മുഖ്യമന്ത്രിയെ തിരുത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പത്തുവർഷം തുടർച്ചയായി ഒരു മുഖ്യമന്ത്രിയും ഒരു മുന്നണിയും സംസ്ഥാനം ഭരിച്ചു. ആ ഭരണത്തിൽ കാതലായ പിശകോ പോരായ്മയോ ഉണ്ടെന്ന അഭിപ്രായം തനിക്കില്ല. നല്ല കാര്യങ്ങൾ പലതും ചെയ്തു. വലുതും അഭൂതപൂർവുമായ ഒരു അത്യാഹിതവേളയിൽ സമർഥമായ നേതൃത്വം നൽകാൻ മുഖ്യന്ത്രിക്ക് കഴിഞ്ഞു. അതെല്ലാം ശരിതന്നെയാണ്. എന്നാൽ എല്ലാത്തിനും കാരണഭൂതനായി ഒരാൾ. ഞാനല്ലാതെ മറ്റൊരാൾ ഇല്ല. അത് ഒരു കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ ജനങ്ങൾക്ക് സ്വീകാര്യമായ നിലപാടല്ല, സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
ഈ ഒരു പതനം ഉണ്ടായതിൽ പാർട്ടിക്കും ഉത്തരവാദിത്വമുണ്ടെന്നും സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു. കോടിയേരി ബാലകൃഷ്ണന്റെ കാലത്തിന് ശേഷം മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ പാർട്ടിക്ക് കഴിയാത്ത അവസ്ഥ വന്നു. സാധാരണഗതിയിൽ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നത് ഒരു വലിയ പദവി അല്ല. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് പാർട്ടി സെക്രട്ടറിക്ക് വിധേയനായിട്ടാണ്. ഇവിടെ അത് നഷ്ടമായി പാർട്ടിയുടെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടല്ലോ, അദ്ദേഹം പറഞ്ഞു.
പഴയകാലം പോലെ അല്ലല്ലോ. തിരുത്താൻ ആരുമില്ല എന്നു വന്നാൽ അതിന് അർഥം അധികാരമുള്ളവൻ ഏകാധിപതി ആകുന്നു എന്നതാണ്. ചോദ്യചെയ്യാൻ ആരുമില്ലാതെ, ചോദ്യംചെയ്യുന്നവരോട് അങ്ങേയറ്റം അനുചിതമായ രീതിയിലുള്ള പ്രതികരണം-വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞാൽ അത് ജനാധിപത്യത്തിൽ നാം കേൾക്കേണ്ടി വരുന്ന ഏറ്റവും അശ്ലീലച്ചുവയുള്ള പ്രസ്താവനയാണെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ജനങ്ങളോടാണല്ലോ മുഖ്യമന്ത്രി പ്രസംഗിക്കാൻ വന്നത്. അയാൾ (ചോദ്യം ചോദിച്ചയാൾ) കല്ലെറിയുകയോ കരിങ്കൊടി കാണിക്കുകയോ ചെയ്തില്ല. അയാൾ സഖാവ് കൂടിയാണ്. അങ്ങനെയുള്ള ആളോട് വീട്ടിൽപ്പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞാൽ ജനം ആ മുഖ്യമന്ത്രിയോട് ഇപ്പോൾ എന്താണ് പറഞ്ഞത്- വീട്ടിൽപോയി ഇരുന്നാൽ മതി എന്നാണ്. ഇതൊക്കെ ജനാധിപത്യത്തിൽ സംഭവിക്കുന്ന ചില പ്രതികാരവും അർഥവത്തായ പ്രതികരണവുമാണ്. പലതും അതിൽ ഉൾക്കൊള്ളുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
അമിതാധികാരത്തിൽ സ്വയം ആഹ്ലാദിക്കുന്ന, സായൂജ്യമടയുന്ന ഒരു അവസ്ഥയിലേക്ക് പിണറായി വിജയൻ എത്തിച്ചേർന്നെന്നും പത്തുവർഷത്തെ ഭരണംകൊണ്ട് സംഭവിച്ചത് അതാണെന്നും സെബാസ്റ്റിയൻ പോൾ പറഞ്ഞു. ഞാൻ ഉൾപ്പെടെയുള്ളവർ തോറ്റുനിൽക്കുകയാണ്. തോറ്റുനിൽക്കുന്നവർക്ക് ആത്മവിശ്വാസവും പ്രത്യാശയും നൽകാനുള്ള ഉത്തരവാദിത്വം പിണറായിക്കുണ്ടായിരുന്നു. അത് അദ്ദേഹം നിറവേറ്റുന്നില്ലെന്ന് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി തുടരുന്ന മൗനത്തെ ചൂണ്ടി സെബാസ്റ്റ്യൻ പോൾ വിമർശിച്ചു.
പിണറായിയെ ഇനി തിരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. പാർട്ടി പുതിയ സംവിധാനങ്ങളും മുഖങ്ങളും കണ്ടെത്തണം. പിണറായിയെ തിരുത്തേണ്ടതില്ലേ എന്ന ചോദ്യത്തിന്- തിരുത്തിയില്ലെങ്കിലും കുഴപ്പമില്ലല്ലോ. അദ്ദേഹത്തിന് പ്രായമായില്ലേ. ഇനി അദ്ദേഹം ഒരു മുഖ്യമന്ത്രിയാകാനുള്ള സാധ്യതയില്ല. പാർട്ടിക്ക് അകത്ത് അജയ്യൻ എന്നൊക്കെ പറയുമ്പോൾ സ്റ്റാലിനെ ഒക്കെയാണ് ഓർമ വരുന്നത്. നമുക്ക് അതല്ലല്ലോ ആവശ്യം. നമ്മുടേത് പാർലമെന്ററി ജനാധിപത്യമാണ്. അവിടെ ആവശ്യമുള്ള നേതാവിനെയാണ് വേണ്ടത്. പാർട്ടി ഇനി സ്വയം നവീകരിക്കപ്പെടണം. അതിന് പാർട്ടി തയ്യാറാകുമെന്നാണ് വിചാരിക്കുന്നത്. അതിന് ആവശ്യമായ ജൈവശക്തിയുള്ള പാർട്ടി തന്നെയാണ് സിപിഎം. ഈ ഘട്ടത്തിൽ അത് ചെയ്യുന്നില്ലെങ്കിൽ കേരളം മറ്റൊരു ബംഗാൾ ആകും. ഇപ്പോൾ ആയിട്ടില്ല. അതിന് കാരണം പാർട്ടിക്ക് ഇവിടെ ഇപ്പോഴും കരുത്തുള്ളതുകൊണ്ടാണ്. തിരുത്തുന്നതിനുള്ള അടിത്തറ ഇപ്പോഴും ഇവിടെയുണ്ട്, സെബാസ്റ്റ്യൻ പോൾ കൂട്ടിച്ചേർത്തു.
Content Highlights: Sebastian Paul attributes the 2026 LDF defeat to anti-Pinarayi sentiment rather than general anti-incumbency., Criticism regarding the lack of party control over the Chief Minister post-Kodiyeri Balakrishnan., Concerns over authoritarian trends and the alienation of the public., Call for CPM to undergo internal renewal to prevent a 'Bengal-like' decline in Kerala., Assertion that Pinarayi Vijayan has failed to provide hope to the party cadre after the election.
Published: 06 May 2026, 01:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented