തിരുവനന്തപുരം: മുന്നണികളെ മാറിമാറി പരീക്ഷിച്ച പാറശ്ശാലയിൽ രാഷ്ട്രീയത്തിനുപരിയായി വ്യക്തികളും വിജയക്കൊടി പാറിച്ചിട്ടുണ്ട്. മുന്നണികളെ വെല്ലുവിളിച്ച് സ്വതന്ത്രനായെത്തിയ സുന്ദരൻ നാടാരെ നിയമസഭയിലെത്തിച്ച പാരമ്പര്യമുള്ള അതിർത്തിയിലെ ഈ അങ്കത്തട്ട് ആരുടെയും കുത്തകയല്ല. നേരത്തെ ഇടതു, ഐക്യ മുന്നണികൾ തമ്മിൽ നേരിട്ടുള്ള പോരാട്ടമായിരുന്നു ഇവിടെയെങ്കിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ രാഷ്ട്രീയ വളർച്ച നേടിയ ബി.ജെ.പി. പാറശ്ശാലയെ ത്രികോണമത്സരവേദിയാക്കിയിട്ടുണ്ട്. സ്ഥാനാർഥികൾക്കൊപ്പം സാമുദായിക സമവാക്യങ്ങളും മണ്ഡലത്തിൽ നിർണായകമാണ്.
1957-ലും 1960-ലും കോൺഗ്രസിലെ കുഞ്ഞുകൃഷ്ണൻ നാടാരായിരുന്നു പാറശ്ശാലയുടെ ജനപ്രതിനിധി. 67-ൽ കോൺഗ്രസിലെ തന്നെ ഗമാലിയേൽ ഇവിടെ വിജയിച്ചു. 1970-ൽ സുന്ദരൻ നാടാരെ പരാജയപ്പെടുത്തി എം. സത്യനേശൻ സി.പി.എമ്മിനായി പാറശ്ശാല പിടിച്ചെടുത്തു. 1977-ൽ സത്യനേശനെ പരാജയപ്പെടുത്തി കുഞ്ഞുകൃഷ്ണൻ നാടാർ വീണ്ടും പാറശ്ശാലയെ കോൺഗ്രസിന്റേതാക്കി. 1980-ലും 1982-ലും സുന്ദരേശൻ നാടാർ കോൺഗ്രസിനായി മണ്ഡലം നിലനിർത്തി.
1987-ൽ എം. സത്യനേശൻ 6692 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുന്ദരൻ നാടാരെ പരാജയപ്പെടുത്തി പാറശ്ശാലയെ വീണ്ടും ചുവപ്പണിയിച്ചു. 1991-ൽ യുവനേതാവായ എം.ആർ. രഘുചന്ദ്രബാലിനെ ഇറക്കി യു.ഡി.എഫ്. പാറശ്ശാല തിരിച്ചുപിടിച്ചു. 7635 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം എം. സത്യനേശനെ പരാജയപ്പെടുത്തി. 1996-ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ സുന്ദരൻ നാടാർ സ്വതന്ത്രനായി രംഗത്തെത്തി. ഇരുമുന്നണികളെയും പരാജയപ്പെടുത്തി 4727 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. സി.പി.എമ്മിലെ ഡബ്‌ള്യു.ആർ. ഹീബ 31570 വോട്ടുമായി രണ്ടാമതെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി എം.ആർ. രഘുചന്ദ്രബാൽ 19264 വോട്ടുമായി മൂന്നാംസ്ഥാനത്തായി.
സെൽവരാജിലൂടെ എൽ.ഡി.എഫ്.
: 2001-ൽ ആർ. സെൽവരാജിനെ എൽ.ഡി.എഫ്. രംഗത്തിറക്കിയെങ്കിലും കോൺഗ്രസിൽ തിരിച്ചെത്തിയ സുന്ദരൻ നാടാർ 11550 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. പക്ഷേ, 2006-ൽ സെൽവരാജ് രണ്ടാംമത്സരത്തിൽ സുന്ദരൻ നാടാരെ മലർത്തിയടിച്ചു. 4407 വോട്ടിനായിരുന്നു വിജയം. തുടർന്ന് ഭൂമിശാസ്ത്രപരമായി പാറശ്ശാല മണ്ഡലത്തിനു രൂപമാറ്റം വന്നു. സെൽവരാജ് നെയ്യാറ്റിൻകരയിലേക്കു പോയി. പിന്നാലെ കോൺഗ്രസിലേക്കും.
2011-ൽ കോൺഗ്രസിലെ എ.ടി. ജോർജും സി.പി.എമ്മിലെ ആനാവൂർ നാഗപ്പനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 505 വോട്ടിനാണ് എ.ടി. ജോർജ് ആനാവൂർ നാഗപ്പനെ തോൽപ്പിച്ചത്. അന്ന് ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന എസ്. സുരേഷ് 10310 വോട്ടാണ് നേടിയത്.
2016-ൽ സി.പി.എമ്മിലെ സി.കെ. ഹരീന്ദ്രൻ പാറശ്ശാലയിൽ എ.ടി. ജോർജിനെ 18,566 വോട്ടിന് പരാജയപ്പെടുത്തി എൽ.ഡി.എഫിനായി സീറ്റ് പിടിച്ചെടുത്തു. ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ട് മൂന്നുമടങ്ങ് വർധിപ്പിച്ച് ബി.ജെ.പി. സ്ഥാനാർഥി കരമന ജയൻ 33,028 വോട്ട് നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ 25,828 വോട്ടിനാണ് യു.ഡി.എഫിലെ അൻസജിത റസലിനെ പരാജയപ്പെടുത്തിയത്. സി.കെ. ഹരീന്ദ്രൻ 78,548 വോട്ടും അൻസജിത റസൽ 52,720 വോട്ടും നേടി. ബി.ജെ.പി. സ്ഥാനാർഥി കരമന ജയന് 2016-നേക്കാൾ വോട്ട് കുറഞ്ഞ് 29850 എന്ന നിലയിലുമെത്തി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫാണ് പാറശ്ശാലയിൽ ലീഡ് നേടിയത്. യു.ഡി.എഫ്. 59,026 വോട്ട് നേടിയപ്പോൾ എൽ.ഡി.എഫ്. 46,654 വോട്ടും നേടി. 45,957 വോട്ട് നേടി ബി.ജെ.പി. കരുത്തുകാട്ടി.
കളത്തിൽ ആര്?
: എൽ.ഡി.എഫ്. നിലവിലെ എം.എൽ.എ. സി.കെ. ഹരീന്ദ്രനെ പാറശ്ശാലയിൽ വീണ്ടും രംഗത്തിറക്കാനാണ് സാധ്യത. മണ്ഡലത്തിൽ പുതുമുഖങ്ങളെയാണ് യു.ഡി.എഫ്. പരിഗണിക്കുന്നതെന്നാണ് സൂചന.
കെ.പി.സി.സി. ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൽ.വി. അജയകുമാർ എന്നിവർക്കാണ് ചർച്ചകളിൽ മുൻതൂക്കം. മുൻ കെ.പി.സി.സി. സെക്രട്ടറി ആർ. വത്സലൻ, മരിയാപുരം ശ്രീകുമാർ തുടങ്ങിയവരും പരിഗണനാപ്പട്ടികയിലുണ്ട്.
നെയ്യാർ ഗിരീഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ്, ചെങ്കൽ രാജശേഖരൻ നായർ തുടങ്ങിയവരെയാണ് ബി.ജെ.പി. ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്.
Content Highlights: Beyond Party Lines: Understanding the Dynamics of the Parassala Constituency
Published: 16 Feb 2026, 07:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented