പാലക്കാട്: കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞാമ്പാറ മാതൃക നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പല ഭാഗത്തും പരീക്ഷിക്കാൻ സിപിഎം വിമതരും യുഡിഎഫും. ജില്ലാ സിപിഎം നേതൃത്വവുമായുള്ള തർക്കം കടുത്ത വിഭാഗീയതയിലേക്ക് നീങ്ങിയപ്പോൾ വിമതവിഭാഗം സിപിഎം നേതാക്കൾ യുഡിഎഫിനൊപ്പം ചേർന്ന് ഇന്ത്യാ മുന്നണിയായി തദ്ദേശതിരഞ്ഞെടുപ്പിൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ ഭരണം പിടിച്ചിരുന്നു. ഇതേ മാതൃകയാകും നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കുക.
വിമതരുടെ പക്ഷത്തേക്ക് മുൻ എംഎൽഎ പി.കെ ശശിയെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഇതിനായി പി.കെ ശശിയുമായി സംസാരിച്ചെന്നും എന്നാൽ മറുപടിയൊന്നും പറഞ്ഞില്ലെന്നും വിമത നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ എം സതീശ് മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചേർന്ന് കൊഴിഞ്ഞാമ്പാറയിലെ ആകെയുള്ള 19 സീറ്റിൽ 13 സീറ്റ് ഇന്ത്യാ മുന്നണി പിടിച്ചായിരുന്നു ഭരണത്തിലേറിയത്. ഇതിൽ ഒരാൾ കഴിഞ്ഞ ദിവസം കാല് മാറി മറുപക്ഷത്തേക്ക് പോയിട്ടുണ്ട്.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിന് ശേഷമാണ് പാലക്കാട് ജില്ലയിലെ സിപിഎമ്മിനുള്ളിൽ ശക്തമായ വിഭാഗീയത രൂപപ്പെട്ടത്. ഇത് പരസ്യപ്രതികരണത്തിലേക്കും പരസ്യ പ്രകടനത്തിലേക്കുമെല്ലാം നയിച്ചത് വലിയ തലവേദനയാണ് പാർട്ടിക്ക് ഉണ്ടാക്കിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പല ഭാഗങ്ങളിലും വിമതർ സ്ഥാനാർഥികളെ നിർത്തുകയും സിപിഎമ്മിന് ശക്തമായ തിരിച്ചടിയും നൽകി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണം പോലും നഷ്ടപ്പെട്ടു. ഈ ആത്മവിശ്വാസത്തിലാണ് വോയ്‌സ് ഓഫ് വടക്കഞ്ചേരി പോലുള്ള മറ്റ് വിമത വിഭാഗങ്ങളെ കൂടെ ഒരുമിപ്പിച്ച് ജില്ലയിലാകെ ഇന്ത്യാ മുന്നണിയുടെ പേരിൽ മത്സരിക്കാൻ വിമതവിഭാഗം ശ്രമം നടത്തുന്നത്. പി.കെ ശശിയെ കൂടാതെ വിഎസിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന എ.സുരേഷിനെയും കൂട്ടായ്മയുടെ ഭാഗമാക്കാനാണ് ശ്രമം.
ഇന്ന് ശനിയാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ പാലക്കാടെത്തുന്നത്. ഇതിലേക്ക് പി.കെ ശശിയടക്കമുള്ളവർ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഞായറാഴ്ചയാണ് മണ്ണാർക്കാട് മേഖലയിലൂടെയടക്കം ജാഥ കടന്നുപോവുന്നത്. ഇതിനുശേഷം തിങ്കളാഴ്ച വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയും പാലക്കാടെത്തും. അപ്പോഴേക്കും പികെ ശശിയടക്കമുള്ളവരെ കൂട്ടായ്മയുടെ ഭാഗമാക്കാൻ സാധിക്കുമോ എന്നാണ് വിമതവിഭാഗം ശ്രമം നടത്തുന്നത്.
Content Highlights: CPM rebels and UDF unite in Palakkad for the upcoming assembly elections, drawing inspiration from local body poll success. Efforts are underway to bring PK Shashi on board.
Published: 14 Feb 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented