കേരളത്തിൽ അങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് ചൂട് ആരംഭിച്ചത് ഇക്കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നെങ്കിൽ ഒന്നര വർഷത്തോളം മുൻപേ തന്നെ തിരഞ്ഞെടുപ്പാവേശമറിഞ്ഞ ജില്ലയായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ എംഎൽഎ പാർലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്കെത്തി. തൊട്ടുപിന്നാലെ തദ്ദേശതിരഞ്ഞെടുപ്പ്, മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പും. അതായത് തിരഞ്ഞെടുപ്പിനുള്ള വഴിമരുന്ന് മാസങ്ങൾക്ക് മുൻപുതന്നെ പാലക്കാട്ടെ കളത്തിലിറക്കിയിരുന്നുവെന്ന് ചുരുക്കം. ഇടതുപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളാണ് ജില്ലയിൽ ഭൂരിഭാഗമെങ്കിലും ഇത്തവണ പാലക്കാട്ടടക്കം ഭരണം പിടിക്കാനുള്ള കടുത്ത മത്സരത്തിലാണ് ബിജെപി. സിറ്റിങ് സീറ്റുകളായ പാലക്കാടും മണ്ണാർക്കാടും ശക്തികേന്ദ്രങ്ങളായിരുന്ന തൃത്താലയിലും പട്ടാമ്പിയിലും യുഡിഎഫ് വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. മന്ത്രി കൃഷ്ണൻകുട്ടി മാറിനിൽക്കുന്ന സാഹചര്യത്തിൽ ചിറ്റൂരിലും യുഡിഎഫ് പ്രതീക്ഷ വച്ചുപുലർത്തുന്നു,

To advertise here,

പാലക്കാട്, ഷൊർണൂർ, പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല, മലമ്പുഴ, മണ്ണാർക്കാട്, നെന്മാറ, തരൂർ, ആലത്തൂർ, ചിറ്റൂർ, കോങ്ങാട് എന്നിങ്ങനെ പന്ത്രണ്ട് മണ്ഡലങ്ങളുൾപ്പെടുന്നതാണ് പാലക്കാട് ജില്ലയുടെ നിയമസഭാ ഭൂപടം. 2016ലെ തിരഞ്ഞെടുപ്പിൽ 12-ൽ ഒമ്പതിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചിരുന്നു. 2021-ൽ ഇത് യഥാക്രമം പത്തും രണ്ടുമായി. പാലക്കാടും മണ്ണാർക്കാടുമാണ് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ. ബിജെപിക്ക് ഇതുവരെ വിജയം കൈപ്പിടിയിലാക്കാനായില്ലെങ്കിലും പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്നുണ്ട്. തുടർച്ചയായ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ മലമ്പുഴയും ബിജെപിക്ക് പ്രതീക്ഷ നൽകുന്നു. സിറ്റിങ്ങ് മണ്ഡലങ്ങളായ പാലക്കാടും മണ്ണാർക്കാടും നിലനിർത്തി കൈവിട്ടുപോയ തൃത്താലയടക്കം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നത്. എൽ.ഡി.എഫിൽ സി.പി.എം. ഒമ്പത് മണ്ഡലത്തിലും സി.പി.ഐ. രണ്ട് മണ്ഡലത്തിലുമാണ് ജില്ലയിൽ മത്സരിക്കുന്നത്. ഒരു മണ്ഡലത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി.) മത്സരിക്കുന്നു. യുഡിഎഫിൽ കോൺഗ്രസ് പത്ത് സീറ്റിലും ലീഗ് ഒരു സീറ്റിലും ഒരു സീറ്റിൽ കോൺഗ്രസ് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. എൻഡിഎയിൽ രണ്ട് സീറ്റിൽ ബിഡിജെഎസും ബാക്കി സീറ്റുകളിൽ ബിജെപിയും ജനവിധി തേടുന്നു.

പാലക്കാട്ടെ ത്രികോണ പോരാട്ടം

ജില്ലയിലെ ഹോട്ട് സീറ്റാണ് പാലക്കാട് മണ്ഡലം. ശക്തമായ ത്രികോണ പോരാട്ടം നടക്കുമെന്നുറപ്പുള്ള സ്ഥലം. കോൺഗ്രസ് സ്ഥാനാർഥിയായി സിനിമാതാരം രമേഷ് പിഷാരടി, ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രൻ ഇടതുപക്ഷത്തിനുവേണ്ടി എൻഎംആർ റസാഖ് എന്നിവരാണ് മത്സരരംഗത്തുള്ളത്. 2021ൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ബി.ജെ.പിയുടെ മെട്രോമാൻ ഇ.ശ്രീധരനെ മറികടന്ന് 3859 എന്ന ചെറിയ ഭൂരിപക്ഷത്തിനാണ് സിറ്റിങ്ങ് സീറ്റ് നിലനിർത്തിയത്. മണ്ഡലം പിടിച്ചെങ്കിലും ഭൂരിപക്ഷവും വോട്ട് ശതമാനവും ഗണ്യമായി കുറഞ്ഞു. 2016ലെ 17483 ഭൂരിപക്ഷമാണ് 2021ൽ 3859ലേക്കെത്തിയത്. വോട്ട് ശതമാനം 41ൽ നിന്ന് 38 ആയി. എൽഡിഎഫിന്റെ വോട്ട് ശതമാനവും കുറഞ്ഞു. ബിജെപി വോട്ട് ശതമാനം 29ൽ നിന്ന് 35 ശതമാനമാക്കി ഉയർത്തി. ഫോട്ടോ ഫിനിഷിങ്ങിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഇ ശ്രീധരന്റെ സ്ഥാനാർഥിത്വമാണ് ബിജെപിയെ തുണച്ചത്.

ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ 18000ൽ കൂടുതൽ വോട്ടുകൾക്ക് വിജയിച്ചെങ്കിലും ബിജെപി ഇപ്പോൾ പ്രതീക്ഷയിലാണ്. പാലക്കാട് നഗരസഭയിലെ വിജയവും അടിത്തട്ടിലെ പ്രവർത്തനങ്ങളുമാണ് ബിജെപിക്ക് മുതൽക്കൂട്ട്. മത-രാഷ്ട്രീയ ധ്രുവീകരണവും പ്രകടമാണ്. കേരളത്തിൽ ബിജെപി പ്രതീക്ഷ വെച്ചുപുലർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മണ്ഡലം കൂടിയാണിത്. ശോഭാ സുരേന്ദ്രനെ രംഗത്തിറക്കി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കെത്തിച്ചുകൊണ്ട് ബിജെപി വലിയ പ്രചാരണമാണ് നടത്തുന്നത്. രമേഷ് പിഷാരടിയും എൻഎംആർ റസാഖും ഒട്ടും പിന്നിലല്ല. സെലിബ്രിറ്റി സ്റ്റാറ്റസുമായി പിഷാരടി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ്. മണ്ഡലം നിലനിർത്തുകയാണ് ലക്ഷ്യം. എന്നാൽ മണ്ഡലത്തെ അറിയാത്ത ജനപ്രതിനിധിയെ മത്സരിപ്പിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങളുണ്ടെന്നാണ് ഗ്രൗണ്ട് ലെവൽ റിപ്പോർട്ടുകൾ. അത് വോട്ട് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. എന്നാൽ, പാലക്കാടിന്റെ എല്ലാ വിഷയങ്ങളും അഡ്രസ്സ് ചെയ്തുകൊണ്ടുള്ള പിഷാരടി സ്റ്റൈൽ പ്രചാരണം ഇതിനോടകം തന്നെ പൊതുജനശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇടത് സ്വതന്ത്രനാണ് എൻഎംആർ റസാഖ്. വ്യവസായിയായ റസാഖിന്റെ സ്ഥാനാർഥിയാക്കിക്കൊണ്ട് യുഡിഎഫിന്റെ ന്യൂനപക്ഷ വോട്ടുകൾ സ്വന്തമാക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. ദുർബലനായ സ്ഥാനാർഥിയെ നിർത്തിക്കൊണ്ട് പാലക്കാട് മണ്ഡലത്തിൽ ബിജെപിയുമായി സിപിഎം ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണവും യുഡിഎഫ് ഉയർത്തുന്നുണ്ട്‌.

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ മൂന്നാംവട്ടവും അധികാരത്തിലെത്താനായതിന്റെ ആത്മവിശ്വാസവുമായാണ് ബിജെപി അവരുടെ എ ക്ലാസ് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങുന്നത്. നഗരസഭയിൽ രണ്ടാം സ്ഥാനത്താണെങ്കിലും മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മൂന്നാം സ്ഥാനത്തുളള എൽഡിഎഫ് തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നത് കണ്ടറിയണം. പോരാട്ടം കടുത്തതാണ്, അതുകൊണ്ടുതന്നെ പാലക്കാടെ ത്രികോണമത്സരം കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് കാഴ്ചകളിലൊന്നായിരിക്കുമെന്നുറപ്പ്.

കോങ്ങാട്ടെ കോട്ട കുലുങ്ങുമോ, ചിറ്റൂരിൽ പുതിയതാര്?

സംസ്ഥാനത്ത് മൂന്ന് മുന്നണിക്കായും സ്ത്രീകൾ മത്സരിക്കുന്ന ഏക മണ്ഡലമാണ് കോങ്ങാട്. അഭിഭാഷകയും പാലക്കാട് ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗവും നിലവിലെ എം.എൽ.എ.യുമാണ് എൽ.ഡി.എഫിന്റെ കെ. ശാന്തകുമാരി. നെന്മാറ എൻ.എസ്.എസ്. കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമാണ് യു.ഡി.എഫിലെ കെ.എ. തുളസി. ഇരുവരും വനിതാകമ്മിഷൻ അംഗങ്ങളുമായിരുന്നു. സാമൂഹികസേവനത്തിൽ പിഎച്ച്.ഡി. നേടിയിട്ടുള്ളയാളാണ് എൻ.ഡി.എയുടെ രേണു സുരേഷ്. ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും പട്ടികജാതിമോർച്ചയുടെയും മഹിളാമോർച്ചയുടെയും മുൻ സംസ്ഥാന ഭാരവാഹിയുമാണ്.

1965-ൽ രൂപപ്പെട്ട ശ്രീകൃഷ്ണപുരം മണ്ഡലം പുനർനിർണയിച്ചാണ് 2008-ൽ കോങ്ങാട് മണ്ഡലം രൂപവത്കരിച്ചത്. പിന്നീടുനടന്ന മൂന്ന് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനായിരുന്നു ജയം. കുലുങ്ങാത്ത കോട്ടയാണ് കോങ്ങാടെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ മുസ്ലിംലീഗ് മത്സരിച്ച സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2016-ൽ മണ്ഡലത്തിൽ മത്സരിച്ച രേണുസുരേഷ് വീണ്ടും ജനവിധി തേടുമ്പോൾ എൻ.ഡി.എ.ക്കും പ്രതീക്ഷയുണ്ട്. കോങ്ങാട് മണ്ഡലം നിലവിൽവന്നശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുവേണ്ടി പരേതനായ കെ.വി. വിജയദാസ് 3,565 വോട്ടിനാണ് ജയിച്ചത്. 2021-ൽ കെ. ശാന്തകുമാരി ആദ്യമത്സരത്തിൽ 27,219 ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മൂന്ന് തിരഞ്ഞെടുപ്പുകളിലായി എൻഡിഎയ്ക്ക് വലിയ രീതിയിൽ വോട്ട് ശതമാനം വർധിപ്പിക്കാനായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫും എൻ.ഡി.എ.യും വോട്ട് കൂട്ടിയപ്പോൾ ക്ഷീണം യു.ഡി.എഫിനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നാണ് എല്ലാ മുന്നണികളുടെയും അവകാശവാദം.

രണ്ടാം പിണറായി മന്ത്രിസഭയിലെ വൈദ്യുതവകുപ്പ് മന്ത്രിയും ജനതാദൾ നേതാവുമായ കെ കൃഷ്ണൻകുട്ടിയുടെ മണ്ഡലമാണ് ചിറ്റൂർ. അനാരോഗ്യം ചൂണ്ടിക്കാട്ടി ഇക്കുറി കെ. കൃഷ്ണൻകുട്ടി ഒഴിഞ്ഞപ്പോൾ എൽ.ഡി.എഫിനെ നയിക്കാനെത്തിയത് ഐ.എസ്.ജെ.ഡി. ജനറൽ സെക്രട്ടറി വി. മുരുകദാസാണ്. ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാനായ സുമേഷ് അച്യുതനെതന്നെ യു.ഡി.എഫ്. ഇക്കുറിയും കളത്തിലിറക്കി. പൊൽപ്പുള്ളിയിലെ മുൻ കോൺഗ്രസ് നേതാവ് പ്രണേഷ് രവീന്ദ്രനാണ് എൻ.ഡി.എ. സ്ഥാനാർഥി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രണേഷ് ബി.ജെ.പി.യിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ എൽ.ഡി.എഫ്. വിജയിച്ചെങ്കിലും ചിറ്റൂർ നിയമസഭാമണ്ഡലത്തിൽ 1,472 വോട്ടിന് പിന്നിലായിരുന്നു.

സർക്കാരിന്റെ വികസനവും കെ. കൃഷ്ണൻകുട്ടിയുടെ ജനകീയതയും പ്രവർത്തനങ്ങളും സീറ്റ് നിലനിർത്താൻ സഹായകരമാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. മൂലത്തറ വലതുകരകനാൽ പ്രശ്‌നത്തിൽ ആശയക്കുഴപ്പം പരിഹരിച്ചതും കൊഴിഞ്ഞാമ്പാറയിലുണ്ടായ രാഷ്ട്രീയമാറ്റവുമാണ് യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് പിന്നിലുള്ളത്. മോദിസർക്കാരിന്റെ നേട്ടങ്ങളും ചിട്ടയായ പ്രവർത്തനവും നേട്ടമാക്കുമെന്ന വിശ്വാസത്തിലാണ് എൻഡിഎ. 2016ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൃഷ്ണൻകുട്ടി വിജയിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ കൃഷ്ണൻകുട്ടിയുടെ ഭൂരിപക്ഷം ഏകദേശം 35,000ന് മേലെ ആയിരുന്നു. മണ്ഡലം കൈവിട്ടുപോവാതിരിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് എൽഡിഎഫ്.

കളം മാറ്റുമോ നെന്മാറയും ആലത്തൂരും?

2008-ൽ നെന്മാറ മണ്ഡലം നിലവിൽവന്നശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ്. പരാജയമറിയാത്ത മണ്ഡലമാണിത്. പക്ഷേ, ആഞ്ഞുപിടിച്ചാൽ മണ്ഡലം കൈപ്പിടിയിലാക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇക്കുറി സി.എം.പി.യിൽനിന്ന് മണ്ഡലം ഏറ്റെടുത്ത് പോരാട്ടം കനപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസ്. ആണ് രണ്ടുതവണയായി മത്സരരംഗത്തുള്ളത്. സിപിഎമ്മിന്റെ കെ ബാബുവായിരുന്നു കഴിഞ്ഞ രണ്ട് തവണയായി നെന്മാറയിൽ നിന്ന് വിജയിച്ചത്. ഇക്കുറി കെ ബാബുവിനെ മാറ്റി സി.പി.എമ്മിലെ കെ. പ്രേമനാണ് ജനവിധി തേടുന്നത്. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പനെ യു.ഡി.എഫ്. രംഗത്തിറക്കിയത് ജയം പ്രതീക്ഷിച്ചുതന്നെയാണ്. മണ്ഡലത്തിലെ വികസനമുരടിപ്പിൽ ജനങ്ങൾക്കുള്ള അസംതൃപ്തിയും യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ജയംകൊണ്ടുവരുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. രണ്ടാംവട്ടവും എൻ.ഡി.എ. സ്ഥാനാർഥിയായ എ.എൻ. അനുരാഗ് ഇക്കുറി വോട്ടുനില മെച്ചപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ്. 28,704 ആയിരുന്നു വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കെ ബാബുവിനുണ്ടായിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും പരിക്ക് പറ്റാത്ത എൽഡിഎഫിന് ഉറച്ച മണ്ഡലം കൂടിയാണിത്.

കാറ്റിലും കോളിലും ഉലയാത്ത സ്‌ട്രോങ് റെഡ് ഏരിയ എന്നാണ് ആലത്തൂർ മണ്ഡലം അറിയപ്പെടുന്നത്. മുൻമുഖ്യമന്ത്രി ഇ.കെ നായനാരാണ് ആലത്തൂരിനെ ഇങ്ങനെ വിശേഷിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ പഞ്ചായത്തുകളിലും വിജയിച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശിയാണ് ആലത്തൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുംമുമ്പേ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവരും. ഡിസിസി ജനറൽ സെക്രട്ടറി കെഎം ഫെബിൻ ആണ് യുഡിഎഫ് സ്ഥാനാർഥി. കെ.വി പ്രസന്നകുമാറാണ് എൻഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ കെ.ഡി പ്രസേനൻ 34188 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആലത്തൂർ കോട്ട കുലുങ്ങില്ലെന്ന് പാർട്ടിക്കുറപ്പ്. എന്നാൽ ഭൂരിപക്ഷം കുറയ്ക്കാനെങ്കിലും ലക്ഷ്യമിട്ടാണ് യുഡിഎഫ് മത്സരരംഗത്തേക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 19000ത്തോളം വോട്ടുകളാണ് ബിജെപി സ്ഥാനാർഥിക്ക് നേടാനായത്. അതുകൊണ്ടുതന്നെ വോട്ട് വിഹിതം വർധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് എൻഡിഎ.

ഷൊർണൂർ കാക്കുമോ, പിടിച്ചടക്കുമോ? മണ്ണാർക്കാട്ടെ യുഡിഎഫ് പ്രതീക്ഷകൾ

2011-ൽ നിലവിൽവന്നതുമുതൽ എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായാണ് ഷൊർണൂർ മണ്ഡലം അറിയപ്പെടുന്നത്. മൂന്ന് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്. സ്ഥാനാർഥികളാണ് വിജയിച്ചത്. ഓരോ തവണയും ഭൂരിപക്ഷം കൂടിക്കൊണ്ടിരിക്കയും ചെയ്തു.2006-ൽ ശ്രീകൃഷ്ണപുരം എം.എൽ.എ.യായിരുന്ന കെ.എസ്. സലീഖതന്നെയായിരുന്നു 2011-ൽ എൽ.ഡി.എഫ്. സ്ഥാനാർഥി. സലീഖ രണ്ടുടേം പൂർത്തിയാക്കിയതോടെ 2016-ൽ എൽ.ഡി.എഫ്. പികെ. ശശിയിലൂടെ മണ്ഡലം നിലനിർത്തി. ശശിക്കെതിരേ ലൈംഗികാരോപണം ഉയർന്നു. തുടർന്ന് 2021-ൽ സി.പി.എം. ശശിക്കുപകരം പി. മമ്മിക്കുട്ടിയെ അവതരിപ്പിച്ചു. മമ്മിക്കുട്ടി 36764 വോട്ടുകൾക്ക് മണ്ഡലം നിലനിർത്തി.

മൂന്നുതവണയും രണ്ടാമതെത്തിയ കോൺഗ്രസിന് ഓരോ തവണയും വോട്ട് കുറയുകയാണ് ചെയ്തത്. സി.പി.എമ്മിന് ഓരോതവണയും ഭൂരിപക്ഷത്തിൽത്തന്നെ പതിനായിരത്തിലധികം വോട്ടിന്റെ വർധനയുണ്ടായി. കോൺഗ്രസ് ഓരോതവണയും ഓരോ സ്ഥാനാർഥികളെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച സന്ദീപ് വാരിയർ ഇത്തവണ കോൺഗ്രസിലാണ്. എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസും ബി.ജെ.പി.യും ഇവിടെ മാറിമാറി മത്സരിച്ചിട്ടുണ്ട്. ഓരോതവണയും സ്ഥിതി മെച്ചപ്പെടുത്താൻ അവർക്കായി. കഴിഞ്ഞതവണ കോൺഗ്രസ്-ബി.ജെ.പി. സ്ഥാനാർഥികൾ തമ്മിലുള്ള വോട്ടുവ്യത്യാസം ആയിരത്തിൽത്താഴെ മാത്രമായിരുന്നു. ഇക്കുറിയും മമ്മിക്കുട്ടി തന്നെയാണ് എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി പി ഹരിഗോവിന്ദൻ, എൻഡിഎ സ്ഥാനാർഥിയായി ശങ്കു ടി ദാസ് എന്നിവരാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽ.ഡി.എഫ്. തരംഗം ആഞ്ഞുവീശിയപ്പോഴും ഉലയാതെ യു.ഡി.എഫിനെ കാത്ത മണ്ഡലമാണ് മണ്ണാർക്കാട്. അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാരും കർഷകരും സാധാരണക്കാരുമെല്ലാം അടങ്ങിയ മണ്ഡലം 15 വർഷമായി യു.ഡി.എഫിനൊപ്പമാണ്. ഇതുവരെ ഒൻപതുതവണ എൽ.ഡി.എഫ്. പ്രതിനിധികൾ സഭയിലെത്തി. ഏഴുതവണ യു.ഡി.എഫ്. എം.എൽ.എ.മാരും. മുസ്ലീം ലീഗിന്റെ പരമ്പരാഗത ശക്തികേന്ദ്രമാണിത്. യു.ഡി.എഫിനായി മുസ്ലിംലീഗും എൽ.ഡി.എഫിനുവേണ്ടി സി.പി.ഐ.യും. എൻ.ഡി.എ.ക്കുവേണ്ടി ബി.ഡി.ജെ.എസുമാണ് മത്സരരംഗത്തുള്ളത്.

തുടർച്ചയായ നാലാംജയം ലക്ഷ്യമിട്ട് സിറ്റിങ് എം.എൽ.എ.യും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായ എൻ. ഷംസുദ്ദീനെത്തന്നെയാണ് യു.ഡി.എഫ്. ഇറക്കിയത്. 2011 മുതൽ നിയമസഭയിൽ മണ്ണാർക്കാടിന്റെ ശബ്ദമാണ് ഷംസുദ്ദീൻ. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ 16,854 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നത് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. നിർമാണമേഖലയിലെ സംരംഭകനും പൊതുമരാമത്ത് വകുപ്പ് മുൻ ഓവർസിയറും സി.പി.ഐ. നേതാവുമായ മൻസിൽ അബൂബക്കറാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. മണ്ഡലത്തിലെ താമസക്കാരൻകൂടിയായ മൻസിലിന്റെ പ്രാദേശികബന്ധങ്ങൾ ഗുണമാകുമെന്നും മണ്ഡലം പിടിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. വ്യവസായിയായ ഐസക് വർഗീസിനെ കളത്തിലിറക്കുന്നതിലൂടെ എൻ.ഡി.എ. കണ്ണുവെക്കുന്നത് മേഖലയിലെ ന്യൂനപക്ഷവോട്ടുകൾകൂടിയാണ്. പുതൂർ പഞ്ചായത്തിൽ ആദ്യമായി ബി.ജെ.പി. ഭരണത്തിലെത്തിയതിന്റെ ആത്മവിശ്വാസവും എൻ.ഡി.എ.ക്കുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ 5870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൻ ഷംസുദ്ദീൻ ഇവിടെ വിജയിച്ചത്.

ഒറ്റപ്പാലവും തൃത്താലയും

ഇടതുമുന്നണിക്ക് സ്വാധീനമുള്ള മണ്ഡലമാണ് ഒറ്റപ്പാലം. കോൺഗ്രസിന്റെ പാരമ്പര്യമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആകെ രണ്ട് തവണ മാത്രമാണ് മണ്ഡലം കോൺഗ്രസിനൊപ്പം നിന്നത്. ബാക്കിയെല്ലാം ജയിച്ചത് ഇടതുപക്ഷമായിരുന്നു. ഓരോ തവണയും നിർണായക ശക്തിയായി ബിജെപിയും വളർന്നു. 2021 തിരഞ്ഞെടുപ്പിൽ കെ പ്രേംകുമാറിയിരുന്നു 15,152 വോട്ടുകൾക്ക് വിജയിച്ചത്. അന്ന് പ്രേംകുമാർ പരാജയപ്പെടുത്തിയ പി സരിൻ ഇന്ന് ഇടതുപാളയത്തിലാണുള്ളത്. ഇക്കുറി സിപിഎം വിട്ടെത്തിയ, മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പികെ ശശി യുഡിഎഫിന് വേണ്ടിയും നടനും സംവിധായകനുമായ മേജർ രവി എൻഡിഎയ്ക്ക് വേണ്ടിയും കെ പ്രേംകുമാർ വീണ്ടും എൽഡിഎഫിന് വേണ്ടിയും കളത്തിലിറങ്ങുന്നു.

കെ.ടി.ഡി.സി. മുൻ ചെയർമാനും മുൻ എം.എൽ.എ.യുമായ പി.കെ. ശശി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പാർട്ടി വിട്ടത്‌. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് ഏതുവിധമാവുമെന്ന ആകാംക്ഷ മുന്നണികളിലുണ്ട്. പക്ഷേ, ശശിഫാക്ടർ ബാധകമാവില്ലെന്ന ആത്മവിശ്വാസമാണ് സി.പി.എമ്മിനുള്ളത്. എംഎൽഎ ആയാൽ ശമ്പളം വാങ്ങില്ലെന്നും ആ പണം ഉപയോഗിച്ച് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തുമെന്നതടക്കമുള്ള സിനിമാറ്റിക് ഡയലോഗുകളുമാണ് എൻഡിഎ സ്ഥാനാർഥി മേജർ രവിയുടെ പ്രചാരണം. സിപിഎം കോട്ടയാണെങ്കിലും വോട്ടിങ് ക്ലൈമാക്‌സിൽ ട്വിസ്റ്റ് പ്രതീക്ഷിക്കാമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

രാഷ്ട്രീയമായി ബാലൻസ് പുലർത്തിവരുന്ന മണ്ഡലമാണ് തൃത്താല. ആർക്കും കുത്തക അവകാശപ്പെടാനാവില്ല. ഓരോ തിരഞ്ഞെടുപ്പും കടുത്ത പോരാട്ടത്തിലാണ് അവസാനിക്കാറുള്ളത്. 20 വർഷം സിപിഎം തുടർച്ചയായി വിജയിച്ച മണ്ഡലം 2011ൽ കോൺഗ്രസിലെ വി.ടി.ബൽറാം പിടിച്ചെടുത്തു. 10 വർഷത്തോളം തൃത്താലയെ നയിച്ച ബൽറാമിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറിച്ച് 3016 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ എം.ബി.രാജേഷ് മണ്ഡലം പിടിച്ചെടുത്തു.

2011 ൽ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച ബൽറാം 2016 ൽ ഭൂരിപക്ഷം പതിനായിരം കടത്തി. എന്നാൽ എം.ബി രാജേഷിലൂടെ സിപിഎം സീറ്റ് തിരിച്ചുപിടിച്ചു. വോട്ട് ശതമാനം ഗണ്യമായി ഉയർത്താൻ എൽഡിഎഫിനായി. എങ്കിലും വി.ടി ബൽറാമിലൂടെ തൃത്താല തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. എന്നാൽ എംബി രാജേഷിലൂടെ മണ്ഡലം നിലനിർത്താമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. സിറ്റിങ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി രാജേഷും കോൺഗ്രസിലെ പ്രമുഖനും രണ്ട് ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി ബൽറാമുമാണ് മണ്ഡലത്തിൽ നേർക്കുനേർ വരുന്നത്.

മന്ത്രിമണ്ഡലമെന്ന ഖ്യാതിയും വികസനനേട്ടങ്ങളും ഇത്തവണയും വിജയിപ്പിക്കുമെന്നാണ് സിപിഎം കരുതുന്നത്. മാറിമറിയുന്ന സ്വഭാവമുള്ള മണ്ഡലം ആഞ്ഞുപിടിച്ചാൽ കൂടെ നിൽക്കുമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. ബിജെപി സ്ഥാനാർത്ഥിയായി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററാണ് രണ്ട് വമ്പന്മാർക്കൊപ്പം തൃത്താല പിടിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബിജെപിക്ക്‌ വോട്ട് ശതമാനം ഉയർത്താൻ സാധിച്ചിട്ടുണ്ട്.

പട്ടാമ്പി, മലമ്പുഴ, തരൂർ സ്വഭാവമെന്ത്?

യുഡിഎഫിന്റെ ശക്തികേന്ദ്രമായ പട്ടാമ്പി 2016 തിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് തിരിച്ചുപിടിച്ചത്. പത്ത് വർഷം സിപിഐയടെ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ആയി. 1500 കോടി രൂപയുടെ വികസനം മണ്ഡലത്തിലെത്തിച്ച വികസന നായകനായാണ് മൂന്നാം തവണയും മുഹമ്മദ് മുഹ്‌സിൻ ജനവിധി തേടുന്നത്. കോൺഗ്രസിനോട് പിണങ്ങി തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ 2021ൽ എൽഡിഎഫിനൊപ്പം നിൽക്കുകയും 2026ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുകയും ചെയ്ത ടിപി ഷാജിയാണ് യുഡിഎഫ് സ്ഥാനാർഥി. പട്ടാമ്പി നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചത് ഷാജിയുടെ മടങ്ങിവരവോടെയായിരുന്നു. ടിപി ഷാജി വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്ന ആശങ്കയുണ്ടെങ്കിലും കോൺഗ്രസിലെ അസ്വാരസ്യങ്ങൾ യുഡിഎഫിനെ ബാധിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എന്നാൽ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. ബിജെപി പാലക്കാട് മേഖലാ സെക്രട്ടറി അഡ്വ. പി മനോജ് ആണ് എൻഡിഎ സ്ഥാനാർഥി. 7000ൽപ്പരം വോട്ടുകൾക്കാണ് മുഹമ്മദ് മുഹ്‌സിൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തിയത്.

മണ്ഡലം രൂപീകരിച്ച് 51 വർഷമായെങ്കിലും ഇതുവരെ എൽഡിഎഫിൽ നിന്നല്ലാത്തൊരു എംഎൽഎ മലമ്പുഴ മണ്ഡലത്തിനുണ്ടായിട്ടില്ല. രണ്ട് ഇടതു മുഖ്യമന്ത്രിമാരുടെയും ഒരു മന്ത്രിയുടെയും മണ്ഡലമാണ്. ഇ.കെ.നായനാർ രണ്ടുതവണയും വി.എസ്. നാലു തവണയും അവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. ടി.ശിവദാസ മേനോൻ മൂന്ന് തവണയും. അത്രയും ഉറച്ച ചെങ്കോട്ടയാണ് മലമ്പുഴ. ഇടതുപക്ഷക്കൂറ് ഇത്തവണയും ആവർത്തിക്കുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. എ പ്രഭാകരൻ തന്നെയാണ് എൽഡിഎഫിന് വേണ്ടി ഇത്തവണയും ജനവിധി തേടുന്നത്. വികസനവും ശക്തമായ പാർട്ടി അടിത്തറയുമാണ് എക്കാലവും ഇടതു പക്ഷത്തെ മലമ്പുഴയിൽ വേരുറപ്പിക്കാൻ സാധ്യമാക്കുന്ന ഘടകമായി കണക്കാക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലേറെ വോട്ടുകൾക്കാണ്  പ്രഭാകരൻ വിജയിച്ചത്. ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറായിരുന്നു രണ്ടാം സ്ഥാനത്ത്. 2016ൽ വിഎസ് അച്യുതാനന്ദന്റെ ഭൂരിപക്ഷം 27000ൽ കൂടുതലായിരുന്നു. അന്നും ബിജെപി തന്നെ രണ്ടാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ ഇക്കുറി ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന സീറ്റാണ് മലമ്പുഴ. സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന വിഎസ്സിന്റെ പിഎ കൂടിയായിരുന്ന എസ് സുരേഷാണ് യുഡിഎഫിന് വേണ്ടി മത്സരരംഗത്ത്. സുരേഷിനെ മത്സരിപ്പിക്കുന്നത് ഇടത് വോട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കഴിയുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.

ഏത് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് തരൂർ. സിറ്റിങ് എംഎൽഎ ആയ സുമോദിനെ തന്നെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 2021 തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കെ എ ഷീബയെ 24,531 വോട്ടിനാണ് സുമോദ് പരാജയപ്പെടുത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു മേൽക്കൈ. സംവരണ മണ്ഡലംകൂടിയായ തരൂരിൽ കെജിഒയു സംസ്ഥാന പ്രസിഡന്റായിരുന്ന കെ സി സുബ്രഹ്‌മണ്യനാണ് യുഡിഎഫ് സ്ഥാനാർഥി. 2021ൽ കോങ്ങാട് മണ്ഡലത്തിൽ കെ ശാന്തകുമാരിയോട് പരാജയപ്പെട്ട ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ ട്രഷറർ എം സുരേഷ്ബാബുവാണ് എൻഡിഎ സ്ഥാനാർഥി. 

2011-ൽ മണ്ഡലം രൂപീകൃതമായതുമുതൽ എൽ.ഡി.എഫിനെ തുണച്ച ചരിത്രമാണിവിടെ. എന്നാൽ, കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലും മണ്ഡലത്തിലെ ആകെ വോട്ടിലുമുള്ള ചാഞ്ചാട്ടങ്ങൾ യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. എൽ.ഡി.എഫും യു.ഡി.എഫും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ ഇത്തവണ പോരാട്ടം കനത്തതാണ്. വോട്ടുയർത്താൻ ലക്ഷ്യമിട്ട് എൻ.ഡി.എ.യും സജീവമായതോടെ തരൂർ ഇത്തവണ 'ഈസി വാക്കോവർ' ആവില്ലെന്നുറപ്പായി. ജയത്തിൽ കുറവൊന്നുമില്ലെന്ന് വാദിക്കുമ്പോഴും വോട്ടുയർത്തലാണ് എൻ.ഡി.എയുടെ ലക്ഷ്യം. തരൂരിൽ എല്ലാ തിരഞ്ഞെടുപ്പിലും വോട്ടുയർത്താനായതാണ് ബി.ജെ.പി. ക്യാമ്പിലെ ആത്മവിശ്വാസം.