മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റുകൾകൂടി ആവശ്യപ്പെട്ട് മുസ്ലിംലീഗ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മുൻനിർത്തി തെക്കൻ കേരളത്തിൽ അധിക സീറ്റുകൾ അനുവദിക്കണമെന്നാണ് ആവശ്യം. ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലമാണ് ലീഗ് കൂടുതൽ ആഗ്രഹിക്കുന്നത്.

To advertise here,

കഴിഞ്ഞദിവസം യുഡിഎഫിൽ തുടങ്ങിയ സീറ്റു വിഭജന ചർച്ചയിലാണ് അധികസീറ്റുകൾക്ക് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

ലീഗിന് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്കും എതിരഭിപ്രായമില്ല. മുന്നണിയിൽ പ്രശ്നങ്ങളില്ലാതെ സീറ്റു വിഭജനം പൂർത്തിയാക്കാനാണ് കോൺഗ്രസ് ശ്രമം. മറ്റു ഘടകകക്ഷികളുമായുള്ള ചർച്ചകൾക്കു ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണു ധാരണ.

കഴിഞ്ഞതവണ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും ലോക് താന്ത്രിക് ജനതാദളും യുഡിഎഫ് വിട്ടതോടെ 14 സീറ്റുകൾ ഒഴിവുവന്നിരുന്നു. ഇതിൽ ആറു സീറ്റ് ലീഗ് ആവശ്യപ്പെട്ടെങ്കിലും മൂന്നെണ്ണമാണ് കിട്ടിയത്. ആകെ 27 സീറ്റുകളിൽ ലീഗ് മത്സരിച്ചു. രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലായിരുന്നു മത്സരം. അതിൽ മലപ്പുറം (11), കാസർകോട് (രണ്ട്), കോഴിക്കോട് (ഒന്ന്), പാലക്കാട് (ഒന്ന്) ജില്ലകളിലായി 15 സീറ്റുകളിൽ ജയിച്ചു.

2016 -ൽ 24 സീറ്റുകളിൽ മത്സരിച്ച ലീഗ് 18 സീറ്റുകളിലാണ് ജയിച്ചത്. 2011-ൽ 20 എണ്ണത്തിലും ജയിച്ചുകയറി. 2016 -ൽ യുഡിഎഫിലെ ഒന്നാം കക്ഷിയായ കോൺഗ്രസിന് 22 എംഎൽഎമാരാണുണ്ടായിരുന്നത്.

അധിക സീറ്റുകൾക്കായി സമ്മർദമുണ്ടാക്കുമ്പോഴും മുന്നണിയെ പ്രതിസന്ധിയിലാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല.

സമവായത്തിന്റെ ഭാഗമായി വിട്ടുവീഴ്ചകൾക്കു തയ്യാറായേക്കാമെങ്കിലും കായംകുളം കിട്ടണമെന്ന് ലീഗ് ആഗ്രഹിക്കുന്നു. ജയിച്ചുകയറാമെന്നാണ് കണക്കുകൂട്ടൽ.

നാലുതവണയായി സിപിഎമ്മിനൊപ്പം നിൽക്കുന്ന കായംകുളത്തിന് മുൻപ് കോൺഗ്രസിലെ എം.എം. ഹസ്സൻ, തച്ചടി പ്രഭാകരൻ തുടങ്ങിയവരെ ജയിപ്പിച്ച ചരിത്രവുമുണ്ട്. കായംകുളത്തിനു പുറമേ എറണാകുളത്തിനു തെക്കോട്ടുള്ള ജില്ലകളിൽനിന്ന് ഒരുസീറ്റുകൂടിയാണ് ലീഗ് ലക്ഷ്യംവെക്കുന്നത്.