ഉടുമ്പൻചോല: ഉടുമ്പൻ ചോലയിൽ എം.എം. മണിയെ തന്നെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ. അനാരോഗ്യം കണക്കിലെടുത്ത് മറ്റുപേരുകൾ പരിഗണിച്ചിരുന്നെങ്കിലും എം.എം. മണി മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് സിപിഎം. മണ്ഡലം നിലനിർത്തുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്.

To advertise here,

മറ്റുപേരുകൾ പരിഗണിക്കണമെന്ന് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ മാറ്റമുണ്ടാവുകയുള്ളൂ. അങ്ങനെവന്നാൽ ജില്ലാ നേതൃത്വം മറ്റുപേരുകൾ ആലോചിക്കും. നേരത്തേ എം.എം. മണിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുൻ എംപി ജോയ്‌സ് ജോർജിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാൽ എം.എം മണി മത്സരിച്ചാൽ വിജയിക്കാനാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ശാരീരികാവശതകൾ അലട്ടിയിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് എം.എം. മണി മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.

ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ പത്തും എൽഡിഎഫിനൊപ്പമായിരുന്നെങ്കിലും കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ചിത്രം മാറി. എൽഡിഎഫിനും യുഡിഎഫിനും നിലവിൽ അഞ്ച് വീതം പഞ്ചാത്തുകളാണുള്ളത്. തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ ഈ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎം എം.എം. മണിയെ തന്നെ കളത്തിലിറക്കുന്നത്. മണിയിലൂടെ മണ്ഡലം നിലനിർത്താനാകുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. സംസ്ഥാനതലത്തിൽ തന്നെ ടേം വ്യവസ്ഥയിൽ ഇളവുനൽകാൻ സിപിഎം തീരുമാനിച്ചിട്ടുമുണ്ട്.

2016-ൽ വെറും 1109 വോട്ടുകൾക്കായിരുന്നു മണിയുടെ ജയം. എന്നാൽ ആ ഭൂരിപക്ഷം പതിനായിരങ്ങൾ വർധിപ്പിച്ച് 2021-ൽ മിന്നുംജയം നേടി.38,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി ഉടുമ്പൻചോല മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാൻ എം.എം. മണിക്ക് കഴിഞ്ഞിട്ടുണ്ട്. വികസനം വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. വിവാദപ്രസംഗങ്ങൾ തിരിച്ചടിയായേക്കില്ലെന്നും പാർട്ടി വിലയിരുത്തുന്നു.