നിയമസഭാ മത്സരത്തിന്റെ ചൂടിലേക്ക് കോട്ടയം ജില്ല മെല്ലെ പ്രവേശിക്കുന്നു. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ ആരൊക്കെയെന്ന് പാർട്ടി അണികളും ജനങ്ങളും ചർച്ച ചെയ്യുന്നു. ചരിത്രവും സാധ്യതകളും താഴെപ്പറയുന്ന മണ്ഡലങ്ങളിൽ എങ്ങനെയെന്ന് നോക്കാം

To advertise here,

പൂഞ്ഞാർ:ഇടത് മുന്നണിയിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെയാകും. ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് നിന്ന് എംഎൽഎ ആയ സെബാസ്റ്റ്യൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിൽ കോൺഗ്രസിലെ ടോമി കല്ലാനി 2021-ൽ മത്സരിച്ചെങ്കിലും പി.സി. ജോർജിന് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. പ്രാദേശിക സ്ഥാനാർഥികൾ വേണമെന്ന ആവശ്യവുമുണ്ട്. ടോമി കല്ലാനിക്ക് തന്നെയാണ് ഇത്തവണയും സാധ്യത. പി.എ. സലിം, ജോമോൻ ഐക്കര, വസന്ത് തെങ്ങുംപള്ളി എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നു. എക്കാലവും കേരള കോൺഗ്രസിന് പ്രാമുഖ്യമുള്ള മണ്ഡലമായിരുന്നു പൂഞ്ഞാർ. കേരള കോൺഗ്രസിന്റെ ഭാഗമായും ജനപക്ഷക്കാരനായും പി.സി. ജോർജ് ഇവിടെനിന്ന് ജയിച്ചു.

എൻഡിഎ യിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിഡിജെഎസിനായിരുന്നു സീറ്റ്. 2016-ൽ ബിഡിജെഎസിലെ എം.ആർ. ഉല്ലാസും, 2021-ൽ എം.പി. സെന്നുമാണ് മത്സരിച്ചത്. എം.ആർ. ഉല്ലാസ് 19966 വോട്ട് പിടിച്ചപ്പോൾ എം.പി. സെന്നിന് 2965 വോട്ട് മാത്രമാണ് ലഭിച്ചത്. പി.സി. ജോർജ് ബിജെപിയിൽ ചേർന്നതോടെ വലിയശക്തിയാണ് നേടിയതെന്ന് എൻഡിഎ വിലയിരുത്തുന്നു. ഇക്കുറി അവരുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാകും പൂഞ്ഞാർ. ജോർജ് മത്സരിക്കുമോ എന്ന് ഉറപ്പില്ല. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ അടക്കമുള്ളവരുടെ പേരുകളും ഉയരുന്നു. അതല്ല പുറത്തുനിന്ന് മുതിർന്ന ഒരുനേതാവ് എത്തുമെന്നും പറയുന്നവരുണ്ട്.

കോട്ടയം:യുഡിഎഫ്സ്ഥാനാർഥി ആരെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ വീണ്ടും മത്സരിക്കും. 2021-ൽ 18743 വോട്ടിന് സിപിഎമ്മിലെ കെ. അനിൽകുമാറിനെ തോൽപ്പിച്ചായിരുന്നു വിജയം. ടി.കെ. രാമകൃഷ്ണനിലൂടെ സിപിഎം കോട്ടയായി നിന്ന കോട്ടയത്തെ 2001-ൽ മേഴ്‌സി രവിയാണ് യുഡിഎഫ്. പക്ഷത്തേക്ക് മടക്കിയത്. എന്നാൽ 2006-ൽ വി.എൻ. വാസവൻ വിജയംനേടി കോട്ടയത്തെ ചുവപ്പിച്ചു. എന്നാൽ 2011 മുതൽ ഇതുവരെ ഹാട്രിക് നേടി തിരുവഞ്ചൂർ മണ്ഡലത്തെ യുഡിഎഫ് ഉറച്ച മണ്ഡലമാക്കി. ഇക്കുറി ഇടത് മുന്നണി സ്ഥാനാർഥി ആരാകും എന്ന കാര്യത്തിൽ വലിയ തോതിലുള്ള ചർച്ചകളൊന്നും കേൾക്കുന്നില്ല. കെ. അനിൽ കുമാർ തന്നെ മത്സരിക്കുമോ അതോ സിപിഎമ്മിന്റെ യുവതാരങ്ങളിലാരെങ്കിലും വരുമോ എന്നതാണ് ആകാംക്ഷ. എൻഡിഎ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ പ്രാഥമിക ചർച്ചയായില്ല.

പുതുപ്പള്ളി:യുഡിഎഫ്സ്ഥാനാർഥി ചാണ്ടി ഉമ്മൻ തന്നെ. കോൺഗ്രസ് ആവശ്യപ്പെടുന്ന ആർക്ക് വേണ്ടിയും മാറിക്കൊടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും അത്തരം മാറ്റങ്ങളൊന്നും നിലവിൽ ഉണ്ടാകാൻ സാധ്യതയില്ല. 37,000 വോട്ടിന് പുതുപ്പള്ളിയിൽ ജയിച്ച ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ ജനകീയനാണ്. 2023-ൽ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സഹതാപതരംഗവുമുണ്ടായി. ജെയ്ക് സി.തോമസാണ് 2023-ൽ പരാജയപ്പെട്ടത്. ഇക്കുറി സിപിഎം ആരെ മത്സരിപ്പിക്കും എന്നതിൽ കാര്യമായി പേരുകളൊന്നും കേൾക്കുന്നില്ല. മുതിർന്ന സിപിഎം നേതാവ് കെ.എം. രാധാകൃഷ്ണൻ, കെ. അനിൽകുമാർ, റജി സക്കറിയ തുടങ്ങിയവർക്ക് സാധ്യതയുണ്ട്. പുറത്തുനിന്ന് ഒരു യുവനേതാവ് വരാനും ഇടയുണ്ട്. പൊതുസ്വതന്ത്രസ്ഥാനാർഥി പരീക്ഷണങ്ങൾക്കും സിപിഎം മുതിർന്നേക്കാം. എൻഡിഎ സ്ഥാനാർഥിയായി എൻ. ഹരി. ലിജിൻലാൽ തുടങ്ങിയവർ ആരെങ്കിലും വന്നേക്കാം.

ഏറ്റുമാനൂർ: മന്ത്രി വി.എൻ. വാസവന്റെ മണ്ഡലം. അദ്ദേഹം വീണ്ടും കളത്തിൽ ഇറങ്ങും. മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി പാർട്ടി അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. 14303 വോട്ടുകൾക്കാണ് അദ്ദേഹം കേരള കോൺഗ്രസിലെ പ്രിൻസ് ലൂക്കോസിനെ തോൽപ്പിച്ചത്. കോൺഗ്രസ് വിട്ട ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ച് 7624 വോട്ടുകൾ നേടി. കേരള കോൺഗ്രസ് ആരെ മത്സരിപ്പിക്കും എന്നതിൽ തീരുമാനം എടുത്തില്ല. പാർട്ടി ജില്ലാ പ്രസിഡന്റ് ജെയ്‌സൺ ജോസഫ്, പ്രൊഫ. റോസമ്മ സോണി എന്നിവർക്കും സാധ്യതയുണ്ട്.

കോൺഗ്രസ് സീറ്റ് എടുത്താൻ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ഫിലിപ്പ് ജോസഫിന്റെ പേരും കേൾക്കുന്നുണ്ട്. ഐഎൻടിയുസി നേതാവും കെപിസിസി ഭാരവാഹിയുമാണ്. കുമരകത്ത് നിന്ന് ജയിച്ച ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖിനും പരിഗണന ലഭിച്ചേക്കാം. എൻഡിഎ സ്ഥാനാർഥി കഴിഞ്ഞതവണ ടി.എൻ. ഹരികുമാറായിരുന്നു. അദ്ദേഹം നിലവിൽ കോട്ടയം നഗരസഭാംഗമാണ്. ആരാകും എൻഡിഎ സ്ഥാനാർഥി എന്നതിൽ വ്യക്തതയില്ല. ബിഡിജെഎസ് മുമ്പ് മത്സരിച്ച മണ്ഡലമാണിത്. നാല് വട്ടം തോമസ് ചാഴികാടനും രണ്ട് വട്ടം സുരേഷ് കുറുപ്പും പ്രതിനിധീകരിച്ച മണ്ഡലം എങ്ങോട്ട് നീങ്ങും. ആകാംക്ഷയിലാണ് നാട്.