
കൊട്ടാരക്കര: കഥകളിപ്പെരുമയുള്ള കൊട്ടാരക്കര മണ്ഡലം മുന്നണികളുടെ സ്വപ്നമാണ്. പതിറ്റാണ്ടുകളോളം ആർ. ബാലകൃഷ്ണപിള്ള യു.ഡി.എഫ്. പക്ഷത്തു നിർത്തിയിരുന്ന മണ്ഡലം രണ്ടുപതിറ്റാണ്ടായി ഇടതിനൊപ്പമാണ്. ചെങ്കൊടി വേരുറച്ച മണ്ഡലത്തിൽ കെ.എൻ. ബാലഗോപാൽ നടപ്പാക്കിയ വികസനത്തിന്റെ പ്രോഗ്രസ് കാർഡിറക്കി വിജയം കൊയ്യാനാണ് എൽ.ഡി.എഫ്. ശ്രമം.
വലതുചേർന്നൊഴുകിയ കൊട്ടാരക്കരയെ ഇടത്തേക്കൊഴുക്കിയ പി. അയിഷാപോറ്റിയെ സ്ഥാനാർഥിയാക്കി മണ്ഡലം പിടിക്കാൻ യു.ഡി.എഫ്. പരിശ്രമിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മികച്ച പ്രകടനം നടത്തിയ ആർ. രശ്മിയെ സ്ഥാനാർഥിയാക്കി എൻ.ഡി.എ. ഇരു മുന്നണികൾക്കും വെല്ലുവിളിയുയർത്തുമ്പോൾ കൊട്ടാരക്കരയിലെ മത്സരം പ്രവചനാതീതമാകുന്നു.
കെ.എൻ. ബാലഗോപാൽ (സി.പി.എം.), പി. അയിഷാപോറ്റി (കോൺഗ്രസ്). ആർ. രശ്മി (ബി.ജെ.പി.), ജി. സുരേഷ് (ഇ.പി.ഐ.), മാമച്ചൻ ഡാനിയേൽ (ആംആദ്മി), വിൽഫ്രഡ് സഖറിയാസ് (ബി.എസ്.പി.) എന്നിവരാണ് കൊട്ടാരക്കരയിലെ സ്ഥാനാർഥികൾ.
കൊല്ലം-തിരുമംഗലം ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന കൊട്ടാരക്കരയിൽ മീനച്ചൂടിനെ വെല്ലുന്ന പ്രചാരണമാണ്. അഞ്ചുവർഷത്തിൽ നടപ്പാക്കിയ 1350 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ ഊന്നിയാണ് ബാലഗോപാലിന്റെ പ്രചാരണം.
കൊട്ടാരക്കര ഐ.ടി. പാർക്ക്, ഗവ. നഴ്‌സിങ് കോളേജ്, കെ.എസ്.ആർ.ടി.സി. ഡിപ്പോ വികസനം തുടങ്ങി പദ്ധതികൾ ഏറെയുണ്ട്. ഏതെങ്കിലും ഒരു വികസനപദ്ധതി എത്താത്ത ഒരു പഞ്ചായത്തും കൊട്ടാരക്കരയിൽ ഇല്ലെന്നത് പ്രചാരണരംഗത്ത് ഇടതുമുന്നണി പ്രവർത്തകർക്ക് ആത്മവിശ്വാസമേകുന്നു. ഒപ്പം കാലുമാറൽരാഷ്ട്രീയവും മുന്നണി ചർച്ചയാക്കുന്നു. സ്ഥാനമാനങ്ങൾ ലഭിക്കാത്തിനാലാണ് അയിഷാപോറ്റി സി.പി.എം. വിട്ടതെന്ന പ്രതിരോധപ്രചാരണവും നടത്തുന്നു.
തിരഞ്ഞെടുപ്പുകാലത്ത് സംസ്ഥാനത്ത് യു.ഡി.എഫിന്റെ ആദ്യ വിസ്മയമായ അയിഷാപോറ്റിയുടെ ജനപ്രീതിയാണ് യു.ഡി.എഫ്. പ്രചാരണത്തിന്റെ ആത്മവിശ്വാസം. മൂന്നുതവണയായി 15 വർഷം മണ്ഡലത്തിൽ എം.എൽ.എ. ആയിരുന്ന അയിഷാപോറ്റി നടപ്പാക്കിയ വികസനങ്ങൾ പ്രചാരണത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനും ഫയർ സ്റ്റേഷൻ അനുവദിച്ചതും റൂറൽ എസ്.പി. ആസ്ഥാനവുമെല്ലാം ഉദാഹരണങ്ങളായി മുന്നോട്ടുവയ്ക്കുന്നു.
അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടിയല്ല സി.പി.എമ്മിലെ അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന വിശദീകരണം പ്രചാരണയോഗങ്ങളിൽ അയിഷാപോറ്റി നേരിട്ടു നൽകുന്നു. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച അയിഷാപോറ്റിക്ക് മറ്റൊരു വിസ്മയംകൂടി തീർക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മുന്നണി.
വികസിതകേരളമെന്ന ബി.ജെ.പി. മുദ്രാവാക്യംതന്നെയാണ് എൻ.ഡി.എ.യുടെ പ്രചാരണവിഷയം. ജില്ലാപഞ്ചായത്ത് അംഗമായിരുന്ന ആർ. രശ്മിക്കുള്ള സ്വീകാര്യത മണ്ഡലത്തിൽ എൻ.ഡി.എ.വോട്ടിൽ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നുതന്നെയാണ് പ്രതീക്ഷ. പ്രചാരണത്തിൽ രണ്ടു മുന്നണികൾക്കും ഒപ്പം നിൽക്കാനും ത്രികോണമത്സരത്തിലേക്ക് കൊട്ടാരക്കരയെ നയിക്കാനും ആർ. രശ്മിയുടെ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞു. മുൻകാലങ്ങളിലെ വോട്ടുകണക്കുകളാണ് കൊട്ടാരക്കരയെ മൂന്നു മുന്നണികൾക്കും വിജയം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ തവണ ആദ്യമായി മത്സരിച്ചപ്പോൾ കെ.എൻ. ബാലഗോപാലിന് 68,000-ത്തിലധികം വോട്ടുകൾ ലഭിച്ചു. അതിനാൽ ഇക്കുറി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാമെന്നും ഇടതുമുന്നണി സ്വപ്നം കാണുന്നു. മണ്ഡലത്തിൽ യു.ഡി.എഫിനു ലഭിച്ചിട്ടുള്ള ഉയർന്ന വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ. രശ്മി നേടിയ 57,956 ആണ്.
എന്നാൽ പി. അയിഷാപോറ്റി ഇടതുസ്ഥാനാർഥിയായിരിക്കെ 2016-ൽ 83,000 വോട്ടുകൾ നേടിയിരുന്നു. ഇതാണ് യു.ഡി.എഫിന്റെ വിജയസ്വപ്നം. കഴിഞ്ഞ തവണ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ആർ. രശ്മി നേടിയ വോട്ടുകൾ താമര ചിഹ്നത്തിലും വീഴാമെന്ന സ്വപ്നം എൻ.ഡി.എ.യ്ക്കുണ്ട്. അതിനാൽ തീവ്രപ്രചാരണം കൊട്ടാരക്കരയെ സംസ്ഥാനത്തെ ശ്രദ്ധേയമണ്ഡലമാക്കുന്നു.
Content Highlights: LDF leverages KN Balagopal's development progress card. UDF banks on Aisha Potty's popularity and past constituency work. NDA aims for a breakthrough with R Resmi's growing acceptance. The constituency is witnessing a high-intensity three-way contest.
Published: 30 Mar 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented