To advertise here,
  • അടുപ്പിച്ച് പത്തു വർഷമായി ഭരണത്തിലാണ്. പോരാത്തതിന് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി. ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് കാണുന്നത്?

പത്തുവർഷം ഭരണം പൂർത്തിയാക്കാൻ പോകുമ്പോഴും ഭരണവിരുദ്ധവികാരം യഥാർഥത്തിൽ ഒരിടത്തും പ്രകടമല്ല. ഏതുമേഖല എടുത്താലും ഈ സർക്കാരിന്റെ കാലത്ത് വ്യക്തിജീവിതത്തിലും സമൂഹത്തിലും സമ്പദ്ഘടനയിലും പോസിറ്റീവ് ആയ മാറ്റങ്ങൾ അല്ലാതെ ഇന്ന കാര്യത്തിൽ വീഴ്ച വന്നു എന്ന് പറയാവുന്ന ഒരു പ്രശ്നവും ഇപ്പോൾ നിലവിലില്ല.

പിന്നെ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല ഘടകങ്ങളും പ്രവർത്തിച്ചിട്ടുണ്ടാവും. പ്രാദേശികമായ പ്രശ്നങ്ങൾ ഉണ്ടാകും, പ്രചാരവേലയുടെ കുറച്ചു സ്വാധീനം വന്നിട്ടുണ്ടാവും. ഞങ്ങൾ ഒന്നുകൂടി സൂക്ഷ്മമായി ജനങ്ങളുമായി സംവദിച്ച് കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടുപോകും. പ്രതികൂലമാണ് എന്ന് പറയുന്ന ഈ തിരഞ്ഞെടുപ്പിൽ പോലും അറുപതോളം സീറ്റുകളിൽ ഇടതുമുന്നണിക്ക് വ്യക്തമായ ലീഡ് ഉണ്ടെന്നുള്ളതാണ് വസ്തുത.

നമുക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല രീതിയിൽ 110 സീറ്റ് ജയിക്കാൻ കഴിയാവുന്ന സാഹചര്യമുണ്ട്. ജനങ്ങളുമായി കൂടുതൽ ഇടപെട്ട് പ്രവർത്തിക്കുക, ചെയ്ത കാര്യങ്ങൾ ഏതെങ്കിലും അവരിലേക്ക് എത്തിക്കുന്നതിൽ അപാകത ഉണ്ടെങ്കിൽ പരിഹരിക്കുക. അങ്ങനെ വന്നു കഴിഞ്ഞാൽ നല്ല വിജയം ഉണ്ടാകും.

  • ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

കേരളമാതൃക എന്നാൽ വിദ്യാഭ്യാസ, ആരോഗ്യ, ക്ഷേമ മേഖലകളിലെ മികവെന്നാണ് പൊതുവേ കണക്കാക്കുന്നത്. അതിന്റെ ദൗർബല്യമായി കണ്ടിരുന്നത് ഉൽപാദന മേഖലയിൽ പുരോഗതിയില്ലാത്തതും. കഴിഞ്ഞ പത്തുവർഷത്തെ ചിത്രമെടുക്കുമ്പോൾ നിലവിലുണ്ടായിരുന്ന നേട്ടങ്ങൾ ശക്തിപ്പെടുത്താൻ പറ്റി. ആരോഗ്യമേഖല എടുത്താൽ ഹൃദയം മാറ്റിവയ്ക്കാൻ ജനറൽ ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച്, ശ്വാസകോശം മാറ്റിവയ്ക്കൽ മെഡിക്കൽ കോളേജിൽ സാധ്യമാകുമെന്ന് ചിന്തിക്കാൻ പറ്റുമായിരുന്നില്ല. അത്തരം സൗകര്യങ്ങൾ എല്ലാം വന്നപ്പോൾ കുറെക്കൂടി ഗുണനിലവാരമുള്ള ആരോഗ്യപരിചരണത്തിലേക്ക് വരാൻ കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം കൂടി. ക്ഷേമമേഖലയിൽ ആദ്യമായി സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ നൽകുന്ന സംവിധാനം.

ചെറുപ്പക്കാർക്ക് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞതിന് അപ്പുറം പോയതാണ് 'കണക്ട് ടു വർക്ക്' എന്നത്. വ്യവസായസൗഹൃദത്തിൽ തുടർച്ചയായി നമ്മൾ ഒന്നാം റാങ്കിലേക്ക് എത്തി. കേരളത്തിൽ എല്ലായിടത്തും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. സംരംഭകസമൂഹം നല്ല രീതിയിൽ വ്യവസായങ്ങൾ തുടങ്ങുന്നു. പിന്നെ പശ്ചാത്തലസൗകര്യ വികസനം. ഹൈവേകളുടെ പൂർത്തീകരണം, മലയോരപാത, തീരദേശപാത, വയനാടൻ തുരങ്കം, വിഴിഞ്ഞം പദ്ധതി, വാട്ടർ മെട്രോ. ഇടതുപക്ഷസർക്കാരുകൾക്ക് കുറവുണ്ട് എന്ന് നേരത്തെ കരുതിയിരുന്ന പ്രശ്നങ്ങളെ മറികടക്കാൻ ഈ പത്തുവർഷം കൊണ്ട് കഴിഞ്ഞു.

  • ഈ സർക്കാരിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത വകുപ്പുകളിൽ ഒന്നാണ് അങ്ങയുടേതെന്ന് പറയാറുണ്ട്. വ്യവസായമേഖലയിലെ പ്രധാനപ്പെട്ട നേട്ടങ്ങൾ?

വ്യവസായമേഖലയിലെ പ്രധാനപ്പെട്ട നേട്ടം മുൻധാരണകൾ മാറിയതാണ്. ദാവോസിൽ വച്ച് ആന്ധ്രാ മുഖ്യമന്ത്രി അത് ചൂണ്ടിക്കാട്ടി. പിന്നെ ഒരു മെച്ചം നയങ്ങളിലെ തുടർച്ചയാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ പദ്ധതികളും നയങ്ങളും നടപ്പിലാക്കുന്നതിനുള്ള തടസങ്ങൾ എന്തെങ്കിലും ഉണ്ടോ, പ്രായോഗികമല്ലാത്ത മാനദണ്ഡങ്ങൾ ഉണ്ടോ എന്നു പരിശോധിച്ച് അവയെ പെട്ടെന്ന് നീക്കം ചെയ്തു. അതിന്റെ ഭാഗമായി കേരളത്തിൽ 40 സ്വകാര്യപാർക്കുകൾ വന്നു.

ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നമുക്ക് ഒന്നാംറാങ്ക് കിട്ടി പൂർണമായും നിക്ഷേപകരുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തിയ റാങ്കിംഗ് ആണത്. തുടർച്ചയായി രണ്ടു തവണ ഈ നേട്ടമുണ്ടായത് ആത്മവിശ്വാസം വർധിപ്പിച്ചു. ലോകത്തിലെ പ്രധാനപ്പെട്ട കമ്പനികളെ നമുക്ക് ആകർഷിക്കാൻ പറ്റി. ലിങ്ക്ഡ് ഇൻ റിപ്പോർട്ട് പ്രകാരം 2025 ജനുവരി മുതൽ ജൂലായ്‌വരെ 40,000 മലയാളികൾ തിരിച്ചെത്തി- റിവേഴ്സ് മൈഗ്രേഷൻ അല്ലെങ്കിൽ റിട്ടേൺ മൈഗ്രേഷൻ. സംരംഭകർ നിരാശരായി മറ്റു സ്റ്റേറ്റുകളിലേക്ക് പോകുന്നതും മാറിയിരിക്കുന്നു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ മീറ്റ് നടത്തിയ ശേഷം പത്തുമാസം കൊണ്ട് ഏകദേശം 36,000 കോടി രൂപയുടെ 103 താൽപ്പര്യപത്രങ്ങൾ (ഇഒഐ) നിർമാണഘട്ടത്തിലേക്ക് എത്തിക്കാനായി. നേരത്തെ നിക്ഷേപകസംഗമത്തിനു ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പിടിയില്ലായിരുന്നു. എല്ലാ വകുപ്പുകളുടെയും ഏകോപനവും തുടർച്ചയായ മോണിറ്ററിംഗുമുണ്ട് ഈ വിജയത്തിനു പിന്നിൽ.

  • വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ കൂടുന്നു. വലിയ തോതിൽ യുവാക്കൾ പുറത്തേക്ക് പോകുന്നുണ്ട്. അത് ചെറുക്കാൻ പറ്റിയിട്ടുണ്ടോ?

കോളേജ് കഴിഞ്ഞവർക്ക് ഇപ്പോൾ നല്ല സാധ്യതയുണ്ട്. കോളേജുകളിൽ കോഴ്സിന്റെ ഭാഗമായി ആറുമാസത്തെ ഫുൾ ടൈം ഇന്റേൺഷിപ്പ് തുടങ്ങി. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങിയിട്ടുണ്ട്. പഠിക്കുന്നതോടൊപ്പം ജോലി ചെയ്യാം, ശമ്പളവും ഗ്രേസ് മാർക്കും കിട്ടും. നമ്മുടെ കുട്ടികൾ ഈ പാർട്ട് ടൈം ജോബിന് പുറത്തേക്ക് പോകേണ്ടതില്ലാത്ത സാഹചര്യം. വളരെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ കിട്ടുമ്പോൾ കുട്ടികൾ പോകുന്നത് നല്ലതു തന്നെയാണ്. അതല്ലാത്ത കുട്ടികളെ നമുക്ക് ഇവിടെ തന്നെ നിർത്താൻ പറ്റുന്ന സാഹചര്യം ഉണ്ട്. ചെറുപ്പക്കാർക്ക് ജോലി കൊടുക്കുന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വലിയൊരു ഗാർമെന്റ് ഫാക്ടറിയിൽ പതിനായിരം പേര് ജോലി ചെയ്താൽ തൊണ്ണൂറു ശതമാനവും അന്യസംസ്ഥാന തൊഴിലാളികളായിരിക്കും. അതേസമയം, ഐബിഎം തുടങ്ങുമ്പോൾ മൂവായിരം ജീവനക്കാരാണെങ്കിൽ എല്ലാവർക്കും കൂടി ശരാശരി വാർഷികശമ്പളം 600 കോടി രൂപ വരും. ജീവനക്കാരിൽ നല്ലപങ്കും മലയാളികളാണ്. ഇങ്ങനെ പോവുകയാണെങ്കിൽ ഒരു പത്തു പതിനഞ്ചുവർഷം കൊണ്ട് എല്ലാവർക്കും ഇവിടെത്തന്നെ ജോലി ചെയ്യാൻ കഴിയാവുന്ന രീതിയിൽ മാറ്റം കൊണ്ടുവരാനാവും. അതിനുള്ള അടിത്തറ സജ്ജമായിട്ടുണ്ട്.

  • പിണറായി സർക്കാർ വലിയ തോതിലുള്ള പ്രതിച്ഛായാപ്രശ്നങ്ങൾ നേരിടുന്ന കാലമാണ്. ഏറ്റവും ഒടുവിൽ ഈ ശബരിമല സ്വർണക്കൊള്ള. ഈ കേസിൽ പാർട്ടി മെമ്പർമാർ തന്നെ ജയിലിലായിരിക്കുന്നു. പക്ഷേ, പത്മകുമാറിനെ പോലുള്ളവരൊക്കെ പാർട്ടിയിൽ തുടരുകയാണ്?

കേസിലെ അന്വേഷണം ഏറ്റവും ശരിയായ രീതിയിലാണ് നടക്കുന്നത് എന്ന് ഹൈക്കോടതി വ്യക്തമാക്കിയല്ലോ. എസ്ഐടിയുടെ (പ്രത്യേക അന്വേഷണസംഘം) മേൽ ഒരു സമ്മർദ്ദവും ഇല്ല. ഞങ്ങൾ നിയമസഭയിൽ പറഞ്ഞു, ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും,. സർക്കാർ ഒരാളെയും രക്ഷിക്കില്ല. എല്ലാ വിവരങ്ങളും പുറത്തുവരട്ടെ എന്ന്. പക്ഷേ അന്ന് പ്രതിപക്ഷം നിയമസഭാ സമ്മേളനം മുഴുവൻ ബഹിഷ്‌കരിച്ചു. എസ്ഐടി പോരാ, സിബിഐ വേണമെന്നായിരുന്നു ആവശ്യം. എസ്ഐടി കുഴപ്പമില്ല എന്ന് ആദ്യം പറഞ്ഞു. പിന്നീട് എസ്ഐടിയെ കുറിച്ച് സംശയം ഉണ്ടാക്കുന്ന പ്രതികരണം നടത്തി. ഇപ്പോൾ ഹൈക്കോടതി വ്യക്തത വരുത്തിയിരിക്കുന്നു.

പുറത്തുവന്ന ചിത്രങ്ങളിൽ സ്വർണം കട്ടതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്ന ആളും സ്വർണം വാങ്ങിയതായി പറയുന്ന ആളും ഇടനില നിന്നയാളും- ഈ മൂന്നുപേരും ഒരുമിച്ചുള്ള ഒരു ചിത്രമുള്ളൂ. അത് സോണിയ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രമാണ്. എന്നാൽ ഇവർക്ക് അതിൽ ബന്ധമുണ്ടെന്ന് നമ്മൾ പറയുന്നില്ല. എങ്ങനെ അവര് വന്നു, അയാൾ എങ്ങനെ വന്നു? പിന്നെ കേസ് 2019-ലെ മോഷണം സംബന്ധിച്ച പ്രശ്നമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഈ പോറ്റി എന്ന് പറയുന്ന ആൾ 2019 മുതൽ മാത്രം തെറ്റ് ചെയ്യുന്ന ആളായി എന്ന് പറയാൻ പറ്റില്ലല്ലോ. മുമ്പ് അയാൾ ചെയ്തിട്ടുണ്ടോ, അയാളെ ആര് കൊണ്ടുവന്നു, എങ്ങനെ വന്നു? സ്വാഭാവികമായിട്ടും ഇത്തരം ആരാധനാലയങ്ങളിലെല്ലാം ഇതുപോലുള്ള ആളുകൾ കടന്നുകൂടാൻ സാധ്യതയുണ്ട്. ദേവസ്വം ഭരണസമിതിയിലുള്ള ആളുകൾ ചുമതല നിർവഹിക്കുന്നതിൽ വീഴ്ചയുണ്ടായോ? എസ്ഐടി നോക്കുന്നതിന് അനുസരിച്ച് നമ്മളും ആവശ്യമായ കാര്യങ്ങളിൽ തീരുമാനമെടുക്കും. ഇപ്പോൾ പുറത്തു വന്ന പേരുകളിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട്. ഗവൺമെന്റ് സത്യസന്ധമായ അന്വേഷണം നടത്തി എല്ലാവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരികയാണ്.

  • പത്മകുമാറും വാസുവും പോലുള്ളവർക്കെതിരെ പാർട്ടിനടപടി വേണ്ടതല്ലേ?

എന്തെല്ലാമാണ് ഇവർ ചെയ്തിട്ടുള്ള കാര്യങ്ങൾ എന്ന് വ്യക്തമല്ല. പുതിയ വിവരങ്ങൾ മുമ്പിൽ വരുമ്പോൾ അതും ചർച്ച ചെയ്യും. പുതിയ വിവരങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തി ആ ഘട്ടത്തിൽ ഉചിതമായ തീരുമാനം എടുക്കും.

  • ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് മുൻപൊരിക്കലും കേൾക്കേണ്ടി വരാത്ത തരത്തിലുള്ള അഴിമതി ആരോപണങ്ങൾ കേൾക്കേണ്ടിവന്ന കാലമാണ് കഴിയുന്നത്?

യഥാർഥത്തിൽ, അത്തരത്തിലുള്ള ഗൗരവമായ ഒരു പ്രശ്നം ഒന്നും ഉയർന്നു വന്നില്ലല്ലോ. കഴിഞ്ഞ ഗവൺമെന്റ് സമയത്ത് സ്വർണക്കടത്ത്, ഈന്തപ്പഴം, ബിരിയാണിച്ചെമ്പ് എന്നിങ്ങനെ എന്തെല്ലാം കഥകൾ നിർമിക്കപ്പെട്ടു. പിന്നെ അന്വേഷണ ഏജൻസികളും ഇതിലേക്ക് എത്തി. ഇപ്പോൾ ഇത്തരം നിർമിതകഥകളൊക്കെ സൃഷ്ടിച്ചു എന്ന് പലരും പറഞ്ഞ ഉദ്യോഗസ്ഥനെ കേന്ദ്രം പിരിച്ചുവിട്ടു. മറ്റു കാര്യങ്ങൾക്കകത്തും ആരോപണങ്ങൾ കൊണ്ടുവന്നു, മുഖ്യമന്ത്രിക്കെതിരെ ചിലർ കോടതിയിൽ പോയി. മൈനിങുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു.

പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയെ ലാവലിൻ കേസ് മുതൽ വേട്ടയാടാൻ തുടങ്ങിയതാണ്. അന്ന് സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് പറഞ്ഞു. പൊതുതാൽപര്യഹർജി ഹൈക്കോടതിയിൽ വന്നപ്പോൾ ഉമ്മൻചാണ്ടിയുടെ സർക്കാർ തന്നെ പറഞ്ഞു, വിജിലൻസ് മതിയെന്ന്. അതുകഴിഞ്ഞ് വിജിലൻസ് റിപ്പോർട്ട് കൊടുക്കുന്നു, ലാവലിനിൽ അഴിമതിയില്ല, പിണറായി വിജയൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്.

റിപ്പോർട്ട് കൊടുത്ത ഉപേന്ദ്രവർമ്മയെ മാറ്റി, ക്യാബിനറ്റ് യോഗം സിബിഐക്ക് വിടാൻ തീരുമാനിച്ചു. ചോദ്യം വന്നപ്പോൾ ഉമ്മൻചാണ്ടി തന്നെ പറഞ്ഞു, അത് യുഡിഎഫ്- എൽഡിഎഫ് കൂട്ടുകെട്ടാണെന്നുള്ള പ്രചാരവേലയുടെ സമ്മർദം സഹിക്കാൻ വയ്യാതെ വിട്ടതാണെന്ന്. അന്നുമുതൽ തുടങ്ങിയതാണ്. അങ്ങനെ ഒരു പ്രതീതി പിണറായിക്ക് ചുറ്റും സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല എന്നതിന്റെ തെളിവല്ലേ ചരിത്രം സൃഷ്ടിച്ചുകൊണ്ട് തുടർഭരണത്തിലേക്ക് ഇടതുപക്ഷത്തെ നയിക്കാൻ പിണറായിക്ക് കഴിഞ്ഞത്.

  • പാർട്ടി പ്രവർത്തകർ ജനങ്ങളിൽ നിന്ന് അകന്നു പോകുന്നതായിട്ടുള്ള പരാതികൾ പാർട്ടിക്കകത്തുനിന്ന് തന്നെ വന്നിട്ടുണ്ടല്ലോ. തിരുത്തൽനടപടികൾ ഫലപ്രദമായി നടക്കുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ?

100 ശതമാനം പറയാൻ പറ്റില്ല. നമ്മൾ പ്രവർത്തിക്കുന്നത് വല്ലാതെ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണ്. പാർട്ടിമെമ്പർമാരിൽ നല്ലൊരു ശതമാനം ഈ ഗവൺമെന്റ് വന്നതിനുശേഷം ചേർന്നവരാണ്. അതിനു മുൻപുള്ള കാലങ്ങളെക്കുറിച്ച് അറിവില്ലാത്ത, സമരങ്ങളുടെ അനുഭവങ്ങൾ ഇല്ലാത്ത വലിയൊരു വിഭാഗമുണ്ട്. അവരിപ്പോൾ പ്രവർത്തിക്കുന്ന കാലം, സമൂഹത്തിലാകെ ഉണ്ടാകുന്ന പ്രശ്നങ്ങൾ- ഇതെല്ലാം അവരെ സ്വാധീനിക്കും. ഈ വർഷം വോട്ട് ചെയ്യാൻ പോകുന്ന 18 വയസ്സുകാരനെ നോക്കുക.

2016-ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ അയാൾക്ക് എട്ട് വയസ്സാണ്. അതിനു മുമ്പുള്ള ഒരു കാലം എന്ന് പറഞ്ഞാൽ ഇതൊന്നും ഓർത്തു വയ്ക്കുന്ന കാലമല്ല. അന്ന് പവർകട്ട് ഉണ്ടായിരുന്നോ? പനിമരണങ്ങൾ, മെഡിക്കൽ കോളേജുകളുടെ അവസ്ഥ? പുസ്തകം ഇല്ലാതെ ഫോട്ടോസ്റ്റാറ്റ് വെച്ച് കുട്ടികൾ പഠിക്കേണ്ടി വന്നിരുന്നോ? നമ്മുടെ റോഡുകൾ എങ്ങനെയായിരുന്നു? ഇതൊന്നും അവർക്ക് അറിയില്ല. അങ്ങനെ വലിയ ഒരു വിഭാഗവും പാർട്ടിയുടെ ഭാഗമായിട്ടുണ്ടാകാം. തെറ്റുകൾക്കെതിരെ നിരന്തരമായ പ്രവർത്തനം നടത്തേണ്ടതാണ്.

  • ഈ തിരഞ്ഞെടുപ്പിനു മുമ്പ് തിരുത്തൽപ്രവർത്തനം ശക്തിപ്പെടുത്തുമോ?

ഞങ്ങൾ എല്ലാ വീടുകളിലേക്കും പോവുകയാണ്. ഞങ്ങൾ അവരോട് ചോദിക്കും- ഞങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടോ, ഈ പത്തുവർഷവും നിങ്ങളെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ, എന്തെങ്കിലും വിമർശനം ഞങ്ങളെ സംബന്ധിച്ചിട്ടുണ്ടോ എന്ന്. അവർക്ക് പറയാനുള്ളത് ഞങ്ങൾ കേൾക്കും. ചിലപ്പോൾ ഞങ്ങൾ കാണാത്ത ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും അത് ഞങ്ങൾ തിരുത്തും.

ചിലപ്പോൾ ഞങ്ങൾക്ക് തിരുത്താൻ മാറ്റാൻ പറ്റാത്ത കാര്യങ്ങൾ നിലനിൽക്കുന്നുണ്ടാവും. ഭരണപരമായിട്ട് ഇന്ന ബുദ്ധിമുട്ടാണ് കാരണമെന്ന് അവരോട് പറയും. ഒപ്പം തന്നെ ഇന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്തു എന്നറിയിക്കും. ഉദാഹരണത്തിന്, നിയമസഭ ഏക കിടപ്പാട സംരക്ഷണനിയമം പാസാക്കിയെന്ന് എത്ര പേർക്കറിയാം? ഇത്തരം കാര്യങ്ങൾ കുറെ കൂടി ജനങ്ങളിലേക്ക് എത്തിക്കും. ഈ തെരഞ്ഞെടുപ്പിന്റെ പാഠം കൂടി ഉൾക്കൊണ്ടുകൊണ്ട് ജനങ്ങളുമായുള്ള ആ കണക്ട് കുറെ കൂടി ശക്തിപ്പെടുത്തും- ഫിസിക്കലോ വെർച്വലോ ആയി. അതിലുള്ള കുറവുകൾ പരിഹരിക്കും. ഇതെല്ലാം ചർച്ച ചെയ്ത് ഇപ്പോൾ ജനങ്ങളിലേക്ക് പോവുകയാണ്, റിപ്പോർട്ടുകൾ എല്ലാം വെച്ച് വിശദമായി ചർച്ച ചെയ്യും. കഴിയാവുന്നതെല്ലാം ഈ സമയത്തിനകത്ത് തന്നെ പരിഹരിച്ചു പോകണമെന്നാണ് കണക്കാക്കുന്നത്.

  • തികച്ചും സാങ്കൽപ്പികമായ ചോദ്യമാണ്. രണ്ടുതവണ അടുപ്പിച്ച് ഭരിച്ച ശേഷം തോൽക്കുകയാണ് എന്ന് വെക്കുക. പാർട്ടി ഏതു തരത്തിൽ ഉൾക്കൊള്ളും?

അങ്ങനെ സാങ്കൽപ്പികമായ ചോദ്യത്തിനുള്ള ഒരു സാഹചര്യവും ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല. 2001-ന് ശേഷമുള്ള കേരളത്തിന്റെ രാഷ്ട്രീയചിത്രം ഞാൻ സൂചിപ്പിച്ചു. ഞങ്ങൾക്ക് 68 സീറ്റാണ് 2011-ൽ. പ്രതിപക്ഷത്തുള്ള ഏറ്റവും ഉയർന്ന സീറ്റ്. അവിടെനിന്നും ഞങ്ങൾ നേരെ 91 ലേക്ക് എത്തി, പിന്നെ 99 ലേക്കും. ഇതെല്ലാം സാധ്യമായത് ഞങ്ങളുടെ രാഷ്ട്രീയനിലപാടിനും ഭരണമികവിനും കൂടി ജനങ്ങൾ അംഗീകാരം നൽകിയതുകൊണ്ടാണ്. എന്നാൽ ഓരോ തിരഞ്ഞെടുപ്പിനുംപ്രാദേശികമായി ഓരോ സ്വഭാവം വരും. കുറവുകൾ വന്നാൽ ഞങ്ങൾ നേരെ ജനങ്ങളിലേക്ക് പോകും. കാരണം ഞങ്ങളുടെ അധ്യാപകർ ജനങ്ങളാണ്. നിങ്ങൾക്ക് ഈ കുറവ് പറ്റിയിട്ടുണ്ട്, ശ്രദ്ധിക്കേണ്ട ഈ കാര്യം ഉണ്ടായി, നിങ്ങൾ ഇക്കാര്യത്തിൽ നിലപാട് പറയേണ്ടതായിരുന്നു എന്നിങ്ങനെ കുറവുകൾ അവര് പറയുമ്പോൾ ഞങ്ങളത് തിരുത്തും, ആവശ്യമായ മാറ്റങ്ങൾ വരുത്തും. അതിൽ നിന്നാണ് ഞങ്ങൾ 110 എന്ന ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു പോകുന്നത്..

ആദ്യഭാഗം വായിക്കാം: കോൺഗ്രസും ലീഗും തമ്മിൽ സീറ്റിലെ അന്തരം കുറയുന്നു, കോൺഗ്രസിൽ BJP മനസ്സുള്ളവർ കൂടുന്നു’