നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യവസായമന്ത്രി പി. രാജീവ് മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുന്നു.

To advertise here,

 

* തിരുവനന്തപുരം കോർപറേഷൻ പിടിച്ചത് ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണല്ലോ. എങ്ങനെയാണ് ഈ വെല്ലുവിളിയെ കാണുന്നത്..

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ 30 സീറ്റ് ജയിക്കുമെന്നാണ് പറഞ്ഞത്. ഫലം വന്നപ്പോൾ ഉള്ള ഒരു സീറ്റ് പോയി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ടിങ് ശതമാനം കുറഞ്ഞു. അവർ ഭരണത്തിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട മുൻസിപ്പാലിറ്റികളിൽ അധികാരം നഷ്ടപ്പെട്ടു. ഉദാഹരണത്തിന് പന്തളം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വലിയ പ്രയോഗം ഒക്കെ നടത്തിയ സ്ഥലം ആയിരുന്നു. അവിടെ അവരെ എൽഡിഎഫ് പരാജയപ്പെടുത്തി. അതുപോലെ കുളനട പഞ്ചായത്തിൽ എൽഡിഎഫ് ബിജെപിയെ പരാജയപ്പെടുത്തി. മൊത്തത്തിൽ നോക്കുമ്പോൾ ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാളും സീറ്റ് കുറഞ്ഞു, വോട്ട് കുറഞ്ഞു. അവർക്ക് പലയിടങ്ങളിലും സാന്നിധ്യം വന്നതിനെ കുറെക്കൂടി ഗൗരവമായി കാണേണ്ടതുണ്ട്. തിരുവനന്തപുരത്ത് ജയിച്ചത് ഗൗരവമായി തന്നെയാണ് ഞങ്ങൾ കാണുന്നത്. പക്ഷേ, സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ സിപിഎം ജയിക്കാൻ സാധ്യതയുള്ളിടത്ത് ബിജെപി കോൺഗ്രസിനോ, തിരിച്ചോ വോട്ട് ചെയ്തിട്ടുണ്ട്. ബിജെപി ഒരു സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. തൃശ്ശൂർ അവർ കേന്ദ്രീകരിച്ചു വർക്ക് ചെയ്തു, പല രീതിയിലും ഇടപെട്ടു. കോൺഗ്രസിന്റെ വോട്ട് നന്നായി കുറഞ്ഞു, ബിജെപി ജയിച്ചു. പക്ഷേ, ഈ തിരഞ്ഞെടുപ്പ് വന്നപ്പോൾ അവിടെ ബിജെപി വല്ലാതെ പുറകോട്ട് പോയി. അതുകൊണ്ട് വലിയൊരു മാറ്റമായൊന്നും അതിനെ കണക്കാക്കേണ്ടതില്ല. എന്നാൽ ജാഗ്രതയോടെ അവരുടെ പ്രവർത്തനങ്ങളെ സൂക്ഷിക്കുകയും അതിനെ മറികടക്കാനുള്ള പ്രവർത്തനം എല്ലാവരും ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതാണ്.

* നഗരകേന്ദ്രങ്ങളിലാണ് ബിജെപി ശക്തിപ്പെട്ടിട്ടുള്ളത്

അങ്ങനെ പൊതുവേ പറയാൻ പറ്റില്ല. ബിജെപിക്ക് അങ്ങനെയൊരു കയറ്റം ഉണ്ടായിട്ടില്ല, പക്ഷേ പലയിടത്തും സാന്നിധ്യം വന്നിട്ടുണ്ട്. സ്വാഭാവികമായും തുടർച്ചയായി കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടിക്ക് പലവിധത്തിലും ആളുകളുമായി ബന്ധം ഉണ്ടാക്കാനുള്ള പദ്ധതികൾ ഉണ്ടാകും. പക്ഷേ, ഉദ്ദേശിക്കുന്ന അളവിലേക്ക് അവർക്ക് വരാൻ പറ്റാത്തതിനു കാരണം പൊതുവേ കേരളത്തിനുള്ള മതനിരപേക്ഷ മനസ്സാണ്. ഇന്ത്യയിൽ ഏറ്റവുമധികം ആർഎസ്എസ് ശാഖകളുള്ള സംസ്ഥാനമായിട്ടും ആർഎസ്എസിനും അതിന്റെ രാഷ്ട്രീയരൂപത്തിനും അധികാരത്തിൽ വരാൻ കഴിയാത്തതിനു കാരണം ഈ പ്രതിരോധം തന്നെയാണ്. അവർ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിൽക്കുമ്പോൾ സ്വാഭാവികമായിട്ടും കുറച്ച് മാറ്റം വരുന്നുണ്ട്. നമ്മൾ കാണേണ്ട കാര്യം, നിയമസഭയിലായാലും തദ്ദേശ തിരഞ്ഞെടുപ്പിലായാലും ബിജെപിയെ പരാജയപ്പെടുത്തിയിരിക്കുന്നത് ഇടതുപക്ഷമാണ്.

* തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടട വാർഡിലെ വൈഷ്ണ എന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് വോട്ടർപട്ടികയിൽനിന്നു നീക്കിയത് വിവാദമായിരുന്നു. അത് സിപിഎമ്മിന് തിരിച്ചടിച്ചു, തിരഞ്ഞെടുപ്പിൽ അവർ ജയിച്ചു. പ്രതിപക്ഷനേതാവ് സതീശിനെതിരായ പുനർജനി കേസ് അതുപോലെ തിരിച്ചടിക്കാനുള്ള സാധ്യതയില്ലേ..

ഇല്ല. അഴിമതി ഇല്ല, പിണറായി വിജയൻ കുറ്റം ചെയ്തിട്ടില്ല എന്ന വിജിലൻസ് റിപ്പോർട്ട് മന്ത്രിസഭയുടെ മുന്നിൽ ഇരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ടുമുൻപ് യുഡിഎഫ് ലാവലിൻ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. അതാണ് കോൺഗ്രസിന്റെ രീതി. നമ്മൾ അങ്ങനെ ഒരു സമീപനം അല്ലല്ലോ സ്വീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന് പറയാം, ഇതാണ് വീട്, ഇതാണ് വന്നിരിക്കുന്നത് എന്നെല്ലാം. വിരോധമുള്ള ആളുകളെ വേട്ടയാടാൻ സർക്കാർ നിയമസംവിധാനങ്ങളെയോ ഭരണസംവിധാനത്തെ ഉപയോഗിക്കുകയോ ചെയ്യുന്നില്ല.

* സിപിഎം ഒരു പ്രോ ഹിന്ദുത്വ ലൈൻ പിടിക്കുന്നുണ്ടോ? ഉദാഹരണത്തിന് എ.കെ. ബാലന്റെ മാറാട് പരാമർശം. മുഖ്യമന്ത്രി അതിനെ പിന്താങ്ങുകയും ചെയ്തു. ലീഗിനെ ആ രീതിയിൽ മാറാടുമായിട്ട് ബന്ധിപ്പിച്ചതു കടന്നുപോയില്ലേ?

നമ്മുടെ പാർട്ടിയുടെയും മുന്നണിയുടെയും ഗവൺമെന്റിന്റെയും നിലപാട് വളരെ സുവ്യക്തമാണ്. ഒരു വർഗീയതയോടും വിട്ടുവീഴ്ചയില്ല. നേരത്തെ പറഞ്ഞിരുന്നത് സിപിഎം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നു എന്നായിരുന്നു നരേറ്റീവ്. ഇപ്പോൾ അതു മറിഞ്ഞു- ഹിന്ദുത്വത്തെ പ്രീണിപ്പിച്ചു. അപ്പോ നേരത്തെ പറഞ്ഞ നരേറ്റീവ് എവിടെ പോയി? മാറാട് എ.കെ. ആന്റണി പോയപ്പോൾ അദ്ദേഹത്തോടൊപ്പമുള്ള മന്ത്രി അങ്ങോട്ട് ചെല്ലരുതെന്ന് ആർഎസ്എസ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി എന്തുകൊണ്ട് ചെല്ലണ്ട എന്ന് പറഞ്ഞു? അദ്ദേഹത്തിന്റെ പേര് തന്നെ പ്രശ്നം. ആന്റണി അത് അംഗീകരിച്ചു, മുസ്ലിം ലീഗ് വഴങ്ങി, അവിടിരുന്നു...

പിണറായി പോയപ്പോൾ ഒപ്പംപോയ എളമരം കരീം ഉൾപ്പെടെയുള്ളവരെ ആരും തടഞ്ഞില്ല. ആ നിശ്ചയദാർഢ്യം ഇവർ കാണിക്കുന്നില്ല. കഴിഞ്ഞ പത്തുവർഷം ഒരു വർഗീയകലാപവും കേരളത്തിൽ ഉണ്ടായിട്ടില്ല. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ഈ ഗവൺമെന്റ് ഹിന്ദുക്കൾക്ക് വേണ്ടി മാത്രം, അല്ലെങ്കിൽ മുസ്ലിങ്ങളെ പ്രീണിപ്പിക്കാൻ ഒരു തീരുമാനമെടുത്തെന്ന് പറയാൻ പറ്റില്ല. വർഗീയ ശക്തികൾക്കുള്ള ഒരു പ്രശ്നം, ഇടതുപക്ഷം ശക്തമായ സ്ഥലങ്ങളിൽ വർഗീയശക്തികൾക്കും മതമൗലികവാദ ശക്തികൾക്കും ഇടം കിട്ടില്ല എന്നതാണ്. അതുകൊണ്ടാണ് എല്ലാ വർഗീയ, മതമൗലികവാദ ശക്തികളും ഇടതുപക്ഷത്തെ എതിർക്കുന്നത് യഥാർത്ഥത്തിൽ ഹിന്ദുത്വപ്രീണനം പറയേണ്ടത് ആരെക്കുറിച്ചാണ്? ഏറ്റവും ശക്തമായി ആർഎസ്എസിന്റെ നയങ്ങളെ അനുകൂലിക്കുകയും മോദിയെ പുകഴ്ത്തുകയും ജവഹർലാൽ നെഹ്റുവിനെ തന്നെ തള്ളിപ്പറയുകയും ചെയ്തതിനാൽ ശശി തരൂർ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഒരു പോറലുമില്ലാതെ തുടരുന്നു. ദിഗ്‌വിജയ് സിങ്ങും ഗണഗീതം നിയമസഭയിൽ പാടിയ ഡി.കെ. ശിവകുമാറും തുടരുന്നു. ഇതാണ് യഥാർത്ഥത്തിൽ ഹിന്ദുത്വപ്രീണനം. അത് തമസ്‌കരിച്ചുകൊണ്ട് നിർമ്മിതകഥകൾ വഴി 'ഇതാ ഒരു മൃദു ഹിന്ദുത്വ ഇടതുപക്ഷം' എന്ന രീതിയിൽ ഒരു നറേറ്റീവ് സൃഷ്ടിക്കുന്നു.

* വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വിവാദമായിരുന്നു. സിപിഐക്കും അതിൽ എതിർപ്പുണ്ടായിരുന്നു.. 

ഈ വിഷയത്തിൽ സിപിഎമ്മിന്റെയും ഗവൺമെന്റിന്റെയും അഭിപ്രായം പറഞ്ഞല്ലോ. സിപിഐയും തങ്ങളുടെ അഭിപ്രായം പറഞ്ഞു. ഇപ്പോൾ അത്തരം കാര്യങ്ങളിൽ വിവാദങ്ങൾ നിലനിൽക്കില്ല. ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളെയും എല്ലാവരും ചേർന്ന് തന്നെയാണ് പ്രതിരോധിക്കുന്നത്. ഞങ്ങൾ എല്ലാ വർഗീയ പ്രചാരകർക്കും എതിരായ നിലപാടാണ് സ്വീകരിക്കുന്നത്.

* മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞതിനെ അനുകൂലിക്കുന്നുണ്ടോ?

വി.ഡി. സതീശനാണ് വെള്ളാപ്പള്ളിക്കും മുൻപ് അത് പറഞ്ഞത്. അവിടെ അവർക്ക് 35 സ്ഥാപനങ്ങൾ കൊടുത്തത് ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തും എന്ന് വെള്ളാപ്പള്ളിയെക്കാൾ ശക്തമായി പറഞ്ഞത് സതീശനാണ്. ആ സതീശനാണ് ഇപ്പോൾ വെള്ളാപ്പള്ളി അതു പറയുമ്പോൾ വർഗീയതയാണെന്ന് പറയുന്നത്. അദ്ദേഹമല്ലേ ആദ്യം ഈ വർഗീയത പറഞ്ഞത്? എ.കെ. ആന്റണിയുടെ പ്രസ്താവന മുഖ്യമന്ത്രി ഓർമ്മിപ്പിച്ചല്ലോ. എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിൽ കിടക്കുന്നുണ്ട്. ബാബ്റി മസ്ജിദ് തകർത്തത് ആരാ? അതിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തത് കോൺഗ്രസ് ഗവൺമെന്റല്ലേ? അദ്വാനിയെ വി.പി. സിങ് അറസ്റ്റ് ചെയ്തപ്പോൾ ബിജെപിക്കൊപ്പം വോട്ട് ചെയ്തിട്ടല്ലേ വി.പി. സിങ്ങിനെ കോൺഗ്രസ് താഴെയിറക്കിയത്?

* സിപിഎമ്മിന്റെ അടിസ്ഥാന വോട്ട്ബാങ്ക് ആയിരുന്ന ഈഴവസമുദായത്തിൽ വിള്ളലുകൾ ഉണ്ടാകുന്നതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അത് പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

തൊഴിൽ മേഖലയ്ക്കകത്ത് പ്രധാനമായും ഉണ്ടായിരുന്നത് ഈഴവാദി പിന്നാക്ക സമൂഹങ്ങളാണല്ലോ. അടിസ്ഥാന വിഭാഗങ്ങളുടെ, തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങൾ മുൻനിർത്തിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. പിന്നാക്കവിഭാഗത്തിൽപെട്ട തൊഴിലാളി, വർഗ്ഗപരമായ ചൂഷണവും സാമൂഹ്യമായ വിവേചനവും നേരിടും. ഈ രണ്ടു പ്രശ്നവും അഭിമുഖീകരിക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നത്. അതിന്റെ ഭാഗമായി ആ മേഖലയിൽ ഞങ്ങൾക്ക് നല്ല പിന്തുണയുണ്ടായി. എന്നാൽ വർഗീയശക്തികൾ ജാതീയമായി ഭിന്നിപ്പിച്ച് വർഗീയമായി യോജിപ്പിക്കുന്ന പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പിന്നാക്കം നിൽക്കുന്ന ആളുകളോട് ഹിന്ദു ഐക്യം പറയുന്നു. യഥാർത്ഥത്തിൽ ഈ ജാതിവ്യവസ്ഥയാണ്, മനുസ്മൃതിയാണ് ഹിന്ദുത്വയെ നയിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ പ്രചാരവേലകൾക്ക് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത്തരം കാര്യങ്ങളിലെല്ലാം രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായി തുടർച്ചയായി നന്നായി ഇടപെട്ടുകൊണ്ടുള്ള പ്രവർത്തനരീതിയാണ് പാർട്ടി ആവിഷ്‌കരിച്ചത്. അത്തരം മേഖലകളിലെല്ലാം നല്ല പിന്തുണ ഉള്ളതുകൊണ്ടാണല്ലോ ഈ ഭരണത്തുടർച്ച സംഭവിച്ചത്.

കേരളത്തിൽ കോൺഗ്രസ് 100 സീറ്റ് എന്നൊക്കെ പറയുന്നുണ്ടല്ലോ. 2001-ൽ അവർക്ക് 99 സീറ്റ് കിട്ടി. അന്ന് കോൺഗ്രസിന് 67 ഉം ലീഗിന് പതിനേഴോ മറ്റോ ആയിരുന്നു. ഏകദേശം അമ്പതു സീറ്റിന്റെ വ്യത്യാസമായിരുന്നു കോൺഗ്രസും ലീഗും തമ്മിൽ. 2006-ൽ ഞങ്ങൾ അധികാരത്തിൽ വന്നു. 2011-ൽ അവർ അധികാരത്തിൽ വരുംമുൻപ് നടന്ന 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇപ്പോൾ ഉള്ളതിനേക്കാൾ നൂറിലധികം പഞ്ചായത്തുകൾ അവർക്ക് കിട്ടിയിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്ത് യുഡിഎഫിന് കിട്ടിയത് 2010 ലാണ്. 2011-ലും ലക്ഷ്യം നൂറുസീറ്റ് ആയിരുന്നു. പക്ഷേ അവർ 72- ലേക്ക് ഒതുങ്ങി. അന്ന് കോൺഗ്രസ്സിന് 38 ഉം ലീഗിന് 20-ഉം ആയിരുന്നു കിട്ടിയത്. സീറ്റ് വ്യത്യാസം 18 ആയി ചുരുങ്ങി. 2016-ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസ് യുഡിഎഫ് 43 സീറ്റിലേക്ക് ചുരുങ്ങി. കോൺഗ്രസിന് കേവലം 22 സീറ്റായി. ലീഗിന് 18-ഉം. നാല് സീറ്റായി രണ്ടു പാർട്ടിയും തമ്മിലെ വ്യത്യാസം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് 99 സീറ്റ് കിട്ടിയപ്പോൾ യുഡിഎഫിന് 41 സീറ്റ്. കോൺഗ്രസിന് 21-ഉം ലീഗിന് 15-ഉം. 2001-നു ശേഷമുള്ള കേരളത്തിന്റെ രാഷ്ട്രീയചരിത്രം നോക്കിയാൽ യുഡിഎഫ് ദുർബലമായികൊണ്ടിരിക്കുന്നു. ലീഗും കോൺഗ്രസ്സും തമ്മിലെ അകലം കുറയുന്നു. അത് ലീഗിന്റെ ശക്തി കൂടിയതുകൊണ്ടല്ല, കോൺഗ്രസ് വല്ലാതെ ദുർബലമായതുകൊണ്ടാണ്.

* അധികാരം കിട്ടിയാൽ ലീഗിന് ആഭ്യന്തര മന്ത്രിസ്ഥാനം കിട്ടുമെന്ന് എ.കെ. ബാലൻ പറഞ്ഞത് അതുകൊണ്ടാണോ..

അല്ല, അത് വി.ഡി. സതീശനാണ് ആദ്യം പറഞ്ഞത്. മന്ത്രിസഭയിൽ അഞ്ച് സീറ്റ് കൊടുക്കുന്നതിന്റെ വർഗീയവും സാമൂഹികവുമായ പ്രശ്നങ്ങൾ അന്ന് വി.ഡി. സതീശനാണ് പറഞ്ഞത്. കോൺഗ്രസിന്റെ നിയമസഭാബലം 67, 38, 22, 21 എന്ന ക്രമത്തിൽ ചുരുങ്ങി. ലീഗിന്റെ കാര്യത്തിൽ അത്ര പ്രശ്നമില്ല- 20, 18, 15 എന്ന ചെറിയ ചുരുക്കം. ഇതാണ് കേരളത്തിന്റെ 2001-നു ശേഷമുള്ള രാഷ്ട്രീയ ചിത്രം. അതിനുശേഷം മാണി കോൺഗ്രസ് യുഡിഎഫ് വിട്ടു. പത്തുവർഷത്തെ ഗവൺമെന്റിന്റെ ഭരണത്തിൽ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രമേ സമൂഹത്തിൽ വന്നിട്ടുള്ളൂ. ഞങ്ങൾ 110 എന്ന് പറയുന്നത് എല്ലാ വിഭാഗത്തിന്റെയും കൂടുതൽ പിന്തുണ ആർജിക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിന്റെ കൂടി പിൻബലത്തിലാണ്.

* റെജി ലൂക്കോസും ഹസ്‌കറും പോലുള്ള പാർട്ടി സഹയാത്രികരെ ചാനൽ ചർച്ചയ്ക്കു നിയോഗിക്കുന്നത്

അവരെ ഞങ്ങൾ ഒരിക്കലും നിയോഗിച്ചിട്ടില്ല. ചില ചർച്ചകളിൽ ചിലപ്പോൾ ഞങ്ങൾ പോകേണ്ടതില്ല എന്ന് തീരുമാനിക്കും. അങ്ങനെ ഞങ്ങൾ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുമ്പോൾ ചാനലുകാർ അവർക്ക് പരിചയമുള്ള ആരെയെങ്കിലും വിളിച്ചിട്ട് ഇടതുപക്ഷ സഹയാത്രികൻ എന്ന് അവതരിപ്പിക്കും. അതൊന്നും ഞങ്ങൾ അലോട്ട് ചെയ്യുന്ന ആളുകളല്ല. ഇവിടെ നമ്മൾ കാണേണ്ടത് എ.കെ. ആന്റണിയുടെ മകനാണ് പോയത്, കെ. കരുണാകരന്റെ മകളാണ് പോയത്, പ്രധാനപ്പെട്ട കോൺഗ്രസിന്റെ നേതാക്കന്മാരാണ് പോയത് എന്ന കാര്യമാണ്. കോൺഗ്രസിന്റെ ഇന്ത്യയിലെ പല മുഖ്യമന്ത്രിമാരും നേരെ ബിജെപിയിൽ പോയി. അരുണാചലിൽ 43 സീറ്റാണ് കോൺഗ്രസിന് കിട്ടിയത്. അതിൽ 42 പേര് കോൺഗ്രസിൽ നിന്നും രാജിവെച്ച് വേറെ പാർട്ടി ഉണ്ടാക്കി. ഒരു മാസം കഴിഞ്ഞപ്പോൾ ആ പാർട്ടി ബിജെപിയിൽ ലയിച്ചു, അതേ മുഖ്യമന്ത്രി തന്നെ ബിജെപി മുഖ്യമന്ത്രിയായി. ഇത് ചർച്ച ചെയ്യാതെ ഏതെങ്കിലും സഹയാത്രികർ എന്ന് പേര് വെക്കുന്ന ഒരാൾ പോയി എന്നത് ചർച്ച ചെയ്യുന്നു. ഇപ്പൊ മറ്റത്തൂരിൽ എട്ടുപേർ കോൺഗ്രസിൽ നിന്ന് രാജിവച്ച് അരുണാചൽ മോഡലിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലേ? കോൺഗ്രസ് കുമരകത്ത് ബിജെപിയെ പിന്തുണച്ചില്ലേ? ശശി തരൂരിനെ പോലുള്ള ആളുകൾ, അല്ലെങ്കിൽ ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽ നിന്നത് ശരി എന്ന് പറയുന്ന ആളുകൾ... കോൺഗ്രസിനകത്ത് ബിജെപി മനസ്സുള്ളവരുടെ എണ്ണം വല്ലാതെ കൂടുന്നുണ്ട്.

* ഇത്തവണ ഒരു വർഗീയകക്ഷിയുമായും എൽഡിഎഫ് കൂട്ടുകൂടില്ല എന്ന് ഉറപ്പാണോ

ആ നിലപാട് നമ്മൾ സ്ഥിരമായി സ്വീകരിക്കുന്നതാണല്ലോ. കേരളത്തിനകത്തെ വർഗീയ സ്വഭാവമുള്ള രണ്ടു സംവിധാനങ്ങളുമായി ഒരുതരത്തിലുള്ള കൂട്ടുകെട്ടിനും ഇടതുപക്ഷം നിൽക്കുന്നില്ല. മതനിരപേക്ഷ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിക്കും. എല്ലാ മതത്തിലും ജാതിയിലും പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിപാടിക്കാണ് ഞങ്ങൾ മുൻഗണന കൊടുക്കുന്നത്.