തിരുവനന്തപുരം: എൽ.ഡി.എഫിന്റെ മേഖലാജാഥകൾ പൂർത്തിയായതിനുശേഷം സ്ഥാനാർഥികാര്യങ്ങളിലേക്ക് കടക്കാൻ സി.പി.ഐ.യിലും ധാരണ. രണ്ടുടേം മത്സരിച്ചവർ മാറിനിൽക്കണമെന്നാണ് സി.പി.ഐ.യിലെ നിലവിലെ വ്യവസ്ഥ. അനിവാര്യ സാഹചര്യത്തിൽ ഒരുടേംകൂടി അനുവദിക്കാമെന്നതും നിലവിൽ പിന്തുടരുന്ന രീതിയാണ്. ഇത്തവണ വിജയം പ്രധാനപരിഗണനയാക്കി ചില മാറ്റങ്ങൾ ഈ വ്യവസ്ഥയിലുണ്ടാകുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.
25 സീറ്റിലാണ് കഴിഞ്ഞതവണ സി.പി.ഐ. മത്സരിച്ചത്. 17 ഇടത്ത് ജയിച്ചു. 2016-ൽ 27 സീറ്റിലാണ് സി.പി.ഐ. മത്സരിച്ചത്. കേരള കോൺഗ്രസ് മാണിവിഭാഗം ഇടതുമുന്നണിയിലെത്തിയതോടെയാണ് രണ്ടുസീറ്റ് സി.പി.ഐക്ക് വിട്ടുകൊടുക്കേണ്ടിവന്നത്.
പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ പൊതുവോട്ടുകൾ നേടാനാവുന്ന സ്ഥാനാർഥിയെ നിർത്തും. മുൻമന്ത്രികൂടിയായ വി.എസ്. സുനിൽകുമാറിനെ പറവൂരിൽ മത്സരിപ്പിക്കാനുള്ള ആലോചന ശക്തമാണ്. എന്നാൽ, സുനിൽകുമാറിന് താത്പര്യമില്ല. അദ്ദേഹം തൃശ്ശൂരിൽ സ്ഥാനാർഥിയാകാനാണ് സാധ്യത. സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രൻ ഒരുതവണ മാത്രമാണ് തൃശ്ശൂരിനെ പ്രതിനിധാനംചെയ്തിട്ടുള്ളത്. എങ്കിലും മാറ്റിയേക്കും. എം.എൽ.എ.മാരായ സി.കെ. ആശ, ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, പി.എസ്. സുപാൽ എന്നിവരെല്ലാം മാറിയേക്കും. കരുനാഗപ്പള്ളിയിൽ വനിതാമുഖമാണ് പരിഗണനയിൽ.
ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിൽനിന്ന് അകലുന്നു
ഇടതുമുന്നണിക്ക് മൂന്നാംതവണയും അധികാരത്തിലെത്തണമെങ്കിൽ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസം ചേർന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ക്രിസ്ത്യൻ-മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തോട് മുൻപുണ്ടായിരുന്ന അടുപ്പമില്ലെന്ന് ഗൃഹസന്ദർശനം നടത്തിയതിന്റെ വിലയിരുത്തലായി നേതാക്കൾ റിപ്പോർട്ട് ചെയ്തു. മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയധ്രുവീകരണ പരാമർശം ദോഷംചെയ്തെന്നും വിലയിരുത്തലുണ്ടായി.
ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം ഉലഞ്ഞുപോകാൻപാടില്ല
മുസ്‌ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് ആശ്രയിക്കാവുന്ന രാഷ്ട്രീയമുന്നണി ഇടതുപക്ഷം തന്നെയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം പാർട്ടി ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇടതുമുന്നണിയെപ്പറ്റി ജനങ്ങൾക്ക് മതിപ്പുണ്ട്. എന്നാൽ, ചില വിമർശനങ്ങളുമുണ്ട്. അതുകൊണ്ടുകൂടിയാകാം പ്രതീക്ഷിച്ച വിജയം ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: cpi assembly election kerala 2026
Published: 25 Jan 2026, 06:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented