കാസർകോട്: തിരഞ്ഞെടുപ്പ് ചർച്ചകൾ ജില്ലയിലും സജീവമാകുന്നു. ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്. മഞ്ചേശ്വരത്ത് എൻഡിഎ ശക്തമായ സാന്നിധ്യമിറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാനപനം വരാൻ സമയമുണ്ടെങ്കിലും മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടമുണ്ടാക്കാനായതിന്റെ ആവേശത്തിലാണ് യുഡിഎഫ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ മിന്നുന്ന വിജയവും അവർ ഉയർത്തിക്കാട്ടുന്നു. എൽഡിഎഫിനും എൻഡിഎയ്ക്കും കഴിഞ്ഞതവണത്തെയത്ര നേട്ടമുണ്ടാക്കാനായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം വേറെയാണെന്ന നിലപാടിലാണവർ.
സ്ഥാനാർഥി ചർച്ച സജീവമാക്കി എൽഡിഎഫ്
എൽഡിഎഫിൽ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സിപിഎമ്മും കഞ്ഞങ്ങാട് സിപിഐയും മത്സരിക്കും. കാസർകോട് ഐഎൻഎല്ലിന് നൽകാനാണ് സാധ്യത. കാഞ്ഞങ്ങാട്ട് പാർട്ടി ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിലിനെ സ്ഥാനാർഥിയാക്കാൻ സിപിഐയിൽ ധാരണയായതായാണ് വിവരം. നിലവിലുള്ള എംഎൽഎയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ മൂന്നു ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി മത്സരിക്കാനിടയില്ലാത്ത സാഹചര്യത്തിലാണിത്. മൂന്നുതവണ സിപിഐ കാസർകോട് ജില്ലാ സെക്രട്ടറിയായിരുന്ന ഗോവിന്ദൻ പള്ളിക്കാപ്പിൽ നിലവിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയും ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.
ഉദുമയിൽ നിലവിലുള്ള എംഎൽഎ സി.എച്ച്. കുഞ്ഞമ്പുവിന് ഒരു ടേം കൂടി നൽകാനാണ് സാധ്യത. മഞ്ചേശ്വത്തുനിന്നും ഉദുമയിൽനിന്നുമായി രണ്ടുതവണ അദ്ദേഹം എംഎൽഎയായിട്ടുണ്ട്. പക്ഷേ, തുടർച്ചയായിട്ടല്ലെന്നുമാത്രം. ജില്ലാ സെക്രട്ടേറിയറ്റംഗം ഇ. പദ്‌മാവതിയുടെ പേരും ഉദുമയിലേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. തൃക്കരിപ്പൂരിൽ ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. കുറേനാളായി മണ്ഡലത്തിലെ പരിപാടികളിൽ അദ്ദേഹം പതിവുസാന്നിധ്യമാണ്. സംസ്ഥാന സമിതിയംഗമായ കെ.പി. സതീഷ് ചന്ദ്രന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. മുമ്പ് രണ്ടുതവണ എംഎൽഎയായിരുന്ന അദ്ദേഹം പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താനോട് പരാജയപ്പെട്ടിരുന്നു. മഞ്ചേശ്വരത്ത് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ. ജയാനന്ദയുടെ പേരും കേൾക്കുന്നുണ്ട്.
ഉദുമയും നോട്ടമിട്ട് യുഡിഎഫ്
യുഡിഎഫിൽ കഴിഞ്ഞതവണ കാഞ്ഞങ്ങാട്ടും ഉദുമയിലും കോൺഗ്രസും കാസർകോട്ടും മഞ്ചേശ്വരത്തും മുസ്‌ലിം ലീഗും തൃക്കരിപ്പൂരിൽ കേരളാ കോൺഗ്രസ് (ജെ) യുമാണ് മത്സരിച്ചത്. തൃക്കിരിപ്പൂർ സീറ്റ് തിരികെ വേണമെന്ന ആവശ്യവുമായി കോൺഗ്രസും പറ്റില്ലെന്ന നിലപാടുമായി കേരളാ കോൺഗ്രസ് (ജെ)യും രംഗത്തുണ്ട്. സീറ്റ് ഇത്തവണയും കേരളാ കോൺഗ്രസ് (ജെ)ക്ക് നൽകാനാണ് സാധ്യത കൂടുതൽ. കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവരുടെ പേരുകൾ പട്ടികയിലുണ്ട്.
കാഞ്ഞങ്ങാട്ട് ഡിസിസി ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി. നായർ, പി.വി. സുരേഷ് എന്നിവരുടെ പേര് യുഡിഎഫിന്റെ പരിഗണനയിലുണ്ട്. ജില്ലയിൽ കടുത്ത പോരാട്ടം ഉറപ്പിച്ച ഉദുമയിൽ യുഡിഎഫിൽ ഒട്ടേറെ പേരുകൾ ഉയരുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടിൽ മുന്നിലെത്താനായതാണ് അവരുടെ പ്രതീക്ഷ. ഡിസിസി മുൻ പ്രസിഡന്റ് ഹക്കിം കുന്നിൽ, കെപിസിസി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ, രാജൻ പെരിയ, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ തുടങ്ങിയ പേരുകൾ ഇവിടെ പരിഗണനയിലുണ്ട്. പോരാട്ടം കടുപ്പിക്കാൻ ജില്ലയ്ക്ക് പുറത്തുനിന്ന് ഒരു സംസ്ഥാന നേതാവിനെ ഉദുമയിൽ മത്സരിപ്പിച്ചാലോയെന്നും കോൺഗ്രസ് നേതൃത്വത്തിന് ആലോചനയുണ്ട്. ഭരണം കിട്ടിയാൽ അതുവഴി ഒരു മന്ത്രിയെയും ജില്ലയ്ക്ക് കിട്ടിയേക്കും.
എൻ.എ. നെല്ലിക്കുന്ന് മൂന്നുടേം പൂർത്തിയാക്കിയതിനാൽ കാസർകോട്ട് സീറ്റിൽ അഴീക്കോട് മുൻ എംഎൽഎ കെ.എം. ഷാജി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകൾ മുസ്‌ലിം ലീഗ് പരിഗണിക്കുന്നുണ്ട്. ഒത്തുതീർപ്പ് സ്ഥാനാർഥിയായി എൻ.എ. നെല്ലിക്കുന്ന് ഒരുവട്ടം കൂടി വന്നാലും അദ്‌ഭുതപ്പെടാനില്ല. മഞ്ചേശ്വരത്ത് എ.കെ.എം. അഷ്‌റഫ് സീറ്റ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. മണ്ഡലത്തിൽ എല്ലാവിഭാഗം ജനങ്ങളിലും അദ്ദേഹത്തിനുള്ള സ്വാധീനം കണക്കിലെടുത്ത് മറ്റൊരാളേക്കുറിച്ച് ലീഗ് നേതൃത്വം ഇതുവരെ ചിന്തിച്ചിട്ടില്ല.
മഞ്ചേശ്വരത്ത് കണ്ണുനട്ട് എൻഡിഎ
ജില്ലയിൽ രണ്ട് മണ്ഡലങ്ങളിലാണ് എൻഡിഎയ്ക്ക് ശക്തമായ സ്വാധീനമുള്ളത്. മഞ്ചേശ്വരത്തും കാസർകോട്ടും. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രൻ 745 വോട്ടിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.കെ.എം. അഷ്‌റഫിനോട് പരാജയപ്പെട്ടത്. അതിനാൽ, ബിജെപി ഇത്തവണയും മഞ്ചേശ്വത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കാസർകോടിന്റെ കാര്യവും അങ്ങനെതന്നെ. കെ. സുരേന്ദ്രൻ ഇക്കുറി മഞ്ചേശ്വരത്തേക്കില്ലെന്നാണ് വിവരം. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സംസ്ഥാന സമിതി അംഗം സതീഷ്ചന്ദ്ര ഭണ്ഡാരി, കോഴിക്കോട് മേഖലാ പ്രസിഡന്റ് കെ. ശ്രീകാന്ത് തുടങ്ങിയവരാണ് ഈ മണ്ഡലങ്ങളിലേക്ക് പരിഗണനയിലുള്ളതെന്നാണ് സൂചന. മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്താനുള്ള ചർച്ചകളും തുടങ്ങിയിട്ടുണ്ട്.
Content Highlights: Explore the latest election updates from Kasaragod. Discover candidate discussions, seat allocations, and strategies of LDF, UDF, and NDA for the upcoming polls.
Published: 17 Jan 2026, 11:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented